ചണ്ഡീഗഡിലേക്കുള്ള നീതിയുടെ വണ്ടി

കെ.പി ജലീല്‍

‘സംഭവങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങള്‍ സമ്മര്‍ദം അനുഭവിക്കുകയാണ്. സംഭവം ഉണ്ടായതിനുശേഷംമാത്രമേ ഒരു കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് കഴിയൂ. ഒരുതരംസമ്മര്‍ദമാണത്. അത് കൈകാര്യംചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല. കോടതിയാണ് ഉത്തരവാദികള്‍ എന്നാണ് പറയുന്നത്. പത്രങ്ങള്‍ വായിച്ചപ്പോള്‍ ചില അഭിപ്രായപ്രകടനങ്ങള്‍ അറിയാന്‍ കഴിഞ്ഞു. സംഭവങ്ങള്‍ നടന്നതിനുശേഷമാണ് കോടതികള്‍ രംഗത്തേക്ക്‌വരുന്നത്. കോടതിക്ക് അവ തടയാന്‍ കഴിയില്ല. മനുഷ്യര്‍ മരിക്കണമെന്ന് ഞങ്ങള്‍ പറയില്ല’. ഇന്ത്യയുടെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനും ഭരണഘടനാപദവിയിലെ മുഖ്യഅധികാരികളിലൊരാളുമായ ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെയുടെ തിങ്കളാഴ്ചത്തെ വാക്കുകളാണിവ. ഒരു ചീഫ്ജസ്റ്റിസില്‍നിന്ന് ലോകമൊരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളാണിവയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച നടന്ന വംശീയ ആക്രമണത്തില്‍ 49 പേരാണ് മരിച്ചുവീണിരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെങ്ങും ഭരണകൂടത്തിനെതിരായി ശക്തമായ വികാരം അലയടിച്ചുകൊണ്ടിരിക്കവെയാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ മേലുദ്ധരിക്കപ്പെട്ട വാചകങ്ങള്‍ രാജ്യത്തിന്റെ അത്യുന്നത നീതിപീഠത്തിന്റെ കൊത്തളത്തിനകത്ത് പ്രതിധ്വനിച്ചത്. ഇതിനുമുമ്പൊരിക്കലും ഇന്ത്യന്‍ നീതിപീഠമോ ഇന്ത്യന്‍ ജനതയോ കേള്‍ക്കാത്ത തികഞ്ഞ നിസ്സംഗത നിറഞ്ഞ വാക്കുകളാണിവ.
ജനാധിപത്യത്തില്‍ കോടതികളുടെ പങ്ക് നിസ്തുലവും നിസ്തര്‍ക്കിതവുമാണ്. ഭരണകൂടവും നിയമ നിര്‍മാണസഭയും പരാജയപ്പെടുന്നിടത്താണ് മറ്റൊരു ‘സേഫ്റ്റിവാള്‍വാ’യി കോടതികള്‍ നിലയുറപ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ നിയമ നിര്‍മാണ സഭകളാണ് നിയമങ്ങള്‍ നിര്‍മിക്കുക. അതാകട്ടെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാലും. ഈ നിയമങ്ങളെ നടപ്പാക്കേണ്ട ബാധ്യതയാണ് ഭരണകൂടത്തിന് അഥവാ എക്‌സിക്യൂട്ടീവിനുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഇവ രണ്ടും സുഗമമായും താന്താങ്ങളുടെ ഉത്തരവാദിത്വം അക്ഷരംപ്രതി പാലിച്ചുകൊണ്ടും പ്രവര്‍ത്തിക്കുമ്പോള്‍ സത്യത്തില്‍ ജനാധിപത്യത്തിന് മൂന്നാമതൊരു സംവിധാനത്തെ ആവശ്യമേ വരുന്നില്ല. അതായത് ജനാധിപത്യത്തിന്റെ ഒന്നും മൂന്നും തൂണുകളായ ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും തങ്ങളുടെ ഉത്തരവാദിത്തങ്ങളും കടമകളും ബാധ്യതകളും അനുസരിക്കുമ്പോള്‍ അവിടെ ജുഡീഷ്യറി എന്ന രണ്ടാം തൂണിന് സാംഗത്യം വരുന്നില്ലെന്നര്‍ത്ഥം. എന്നാല്‍ മേല്‍പറഞ്ഞ രണ്ട് സംവിധാനങ്ങളും പരാജയപ്പെട്ടുനില്‍ക്കുന്ന കാലഘട്ടത്തില്‍ ജുഡീഷ്യറി അതിന്റെ കടമ മറക്കുന്നുവെന്ന് വരുന്നത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ തന്നെ പരാജയമാണ്. വാസ്തവത്തില്‍ അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഭയാനകമാംവിധം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ ഭീതിയെ ഉത്തരോത്തരം ശരിവെക്കുകകൂടിയാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ ഡല്‍ഹി കലാപം സംബന്ധിച്ച പ്രതികളുടെ കാര്യത്തിലുള്ള മേലുദ്ധരിച്ച വാക്കുകളോരോന്നും. തങ്ങളുടെമേല്‍ സമ്മര്‍ദമുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ തന്റെ പ്രസ്താവനയില്‍ ആവര്‍ത്തിച്ചുതന്നെ പറയുന്നുണ്ട്. ഡല്‍ഹി കലാപത്തിനിരയായവര്‍ക്ക് ആസ്പത്രികളില്‍ പോകാന്‍ വഴിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹര്‍ജിയില്‍ വാദികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ഗോണ്‍സാല്‍വസിനോട് ജസ്റ്റിസ് ബോബ്‌ഡെ പറയുന്നതു കേട്ടാല്‍ തോന്നുക, കോടതികള്‍ക്ക് ജനാധിപത്യത്തില്‍ കാര്യമായൊന്നും ചെയ്യാനാകില്ലെന്നാണ്. സമൂഹത്തില്‍ എന്തെങ്കിലും അരുതായ്മ നടന്നാല്‍ അതിനുശേഷം മാത്രമേ കോടതിക്ക് ഇടപെടാനാകൂ എന്ന് പറയുന്ന ജസ്റ്റിസ് പറയാതെ പറയാന്‍ ശ്രമിക്കുന്നത് തങ്ങളുടെ ജനാധിപത്യത്തിലെ പങ്ക് പരിമിതമാണെന്നാണ്. അവര്‍ സ്വയംകുഴിക്കുന്ന കുഴിയാണിത്. അതും ജുഡീഷ്യറിയുടെ തലതൊട്ടസ്ഥാനത്തിരുന്നുകൊണ്ടൊരു വ്യക്തി.
സംഭവങ്ങളുണ്ടാകുമ്പോള്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്ന ജസ്റ്റിസ് ബോബ്‌ഡെയുടെ വാചകത്തിലെ സദുദ്ദേശ്യം അംഗീകരിക്കപ്പെട്ടാല്‍തന്നെ സംഭവത്തിനുശേഷംവരുന്ന പരാതികള്‍ എങ്ങനെയാണ് കോടതികള്‍ കൈകാര്യംചെയ്യുന്നതെന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇവിടെ ഡല്‍ഹി കലാപം സംബന്ധിച്ച പരാതി വന്നതുതന്നെ അത് നടന്നുതുടങ്ങിയതിനുശേഷമാണെന്ന് കോടതിക്കും ജനങ്ങള്‍ക്കും ഭരണകൂടത്തിനുമെല്ലാം അറിയാം. എന്നാല്‍ നിയമം അനുസരിച്ച് അതിലെ പ്രതികളെ ശിക്ഷിച്ചില്ല എന്നതാണ് പരാതിക്കാര്‍ ഉന്നയിച്ച മുഖ്യ ആക്ഷേപം. അതിലാണ് കോടതിയുടെ ഇടപെടല്‍ പരാതിക്കാര്‍ തേടിയതും. നിര്‍ഭാഗ്യവശാല്‍ കോടതി പറയാന്‍ മടിച്ചത് കുറ്റക്കാരെ എത്രയും വേഗം ശിക്ഷിക്കണമെന്നായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, തങ്ങള്‍ നിസ്സഹായരാണെന്ന കൈമലര്‍ത്തലും.
എന്നാല്‍ ഇതേ ജുഡീഷ്യറിയുടെ ഭാഗമായ ഡല്‍ഹി ഹൈക്കോടതിയിലേക്ക് പോകാം. അവിടെ ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രി വടക്കുകിഴക്കന്‍ ഡല്‍ഹി കത്തിയെരിയുമ്പോള്‍ രണ്ട് പരാതികളുമായി അഭിഭാഷകര്‍ ചെല്ലുകയുണ്ടായി. ജസ്റ്റിസ് മുരളീധറായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്. അദ്ദേഹം പറഞ്ഞു: ഡല്‍ഹി കലാപത്തിന് കാരണക്കാരായ, പ്രകോപനപരമായി പ്രസംഗിച്ചവര്‍ക്കെതിരെ പൊലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യമാണ് ജസ്റ്റിസ് ഉയര്‍ത്തിയത്. 1984ല (സിഖ് വിരുദ്ധകലാപം) ആവര്‍ത്തിക്കാന്‍ ഇനി ഡല്‍ഹിയില്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. അന്ന് രാത്രിയാണ് ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിക്കുവേണ്ടി കേന്ദ്ര നിയമകാര്യമന്ത്രാലയം പുറത്തിറക്കിയത്. അപ്പോള്‍ സംഭവങ്ങള്‍ നടന്നുകഴിഞ്ഞശേഷവും കോടതിക്ക് വേണമെങ്കില്‍ ചിലതെല്ലാം ചെയ്യാന്‍ കഴിയുമെന്ന് വരുന്നു. അന്ന് ഡല്‍ഹി പൊലീസിനും കേന്ദ്ര സര്‍ക്കാരിനും ശക്തമായ താക്കീത് നല്‍കിയ ഡല്‍ഹി ഹൈക്കോടതിയുടെ അതേ ബെഞ്ചില്‍ പിറ്റേന്ന് ഇരുന്ന ജസ്റ്റിസുമാരായ പാണ്ഡേയും രവിശങ്കറും പറഞ്ഞ വിധിയും ഇതുമായി കൂട്ടിവായിക്കണം. ജസ്റ്റിസ് മുരളീധര്‍ ചണ്ഡിഗഡിലേക്ക് വണ്ടി കയറുമ്പോള്‍ ജുഡീഷ്യറിയുടെ നീതിയും നീതിബോധവും അതോടൊപ്പം വണ്ടി കയറുകയായിരുന്നു. രാവിലെ പ്രതികള്‍ക്കെതിരെ കേസെടുത്തുവെന്ന് പറയുമെന്ന് ധരിച്ച ജനങ്ങള്‍ക്കാണ് അമളി പറ്റിയത്. ചിലര്‍ക്കെതിരെ മാത്രമായി തിരഞ്ഞുപിടിച്ച് കേസെടുക്കാനാവില്ലെന്നും എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടന്നശേഷം കേസെടുക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ ആറാഴ്ച സമയം വേണമെന്നുമുള്ള ഡല്‍ഹി പൊലീസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്റെയും വാദമുഖങ്ങള്‍ അപ്പടി അനുസരിക്കുകയായിരുന്നു ഇരു ജഡ്ജിമാരും. ജസ്റ്റിസ് ബോബ്‌ഡെ പറയുന്നതുപോലെയാണ് കാര്യങ്ങളെങ്കില്‍, ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിന്് വേണമെങ്കില്‍, 1984 ആവര്‍ത്തിക്കാമെന്നും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും എക്‌സിക്യൂട്ടീവിനാണ് അതിന് അധികാരമെന്നുമൊക്കെ ഒഴുക്കന്‍മട്ടില്‍ പറഞ്ഞൊഴിയാമായിരുന്നു. അതിന് അദ്ദേഹം തയ്യാറല്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ അന്നേദിവസത്തെ രാഷ്ട്രപതി ഭവന്റെ ട്രാന്‍സ്ഫര്‍ ചീട്ട്.
രാജ്യത്തിന്റെ മുഖ്യന്യായാധിപന്റെ അവസ്ഥ ഇതാണെങ്കില്‍, അതേ സുപ്രീംകോടതിയിലെ മറ്റൊരു മുതിര്‍ന്ന ജഡ്ജിയുടെ വികൃതമുഖം ഇന്ത്യന്‍ ജനത കണ്ടിട്ട് അധിക നാളായില്ല. എക്‌സിക്യൂട്ടീവിന് തിരുത്തല്‍ നല്‍കേണ്ട ഒരു ന്യായാധിപനാണ് ബംഗളൂരുവിലെ ന്യായാധിപ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, രാജ്യത്തിന്റെ പ്രധാനമന്ത്രിക്കുമേല്‍ അദ്ദേഹത്തെ ഇരുത്തിക്കൊണ്ട് സ്വന്തം അധികാരപരിധികള്‍ മറന്നുകൊണ്ട് പ്രശംസാവാചകങ്ങള്‍ ചൊരിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബഹുമുഖ പ്രതിഭയാണെന്നും ആഗോളമായി ചിന്തിച്ച് പ്രാദേശികമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നയാളാണെന്നും ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞത് ന്യായാധിപ-നിയമവൃത്തങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥക്ക് കാരണക്കാരനായ വ്യക്തികളിലൊരാളെയാണ് ഒരു ന്യായാധിപന്‍ പ്രശംസിച്ചത്. ഇതേപോലെതന്നെയാണ് രാജ്യത്തിന്റെ പൗരത്വനിയമ പ്രശ്‌നത്തിലെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ഗോഗോയിയുടെയും ജസ്റ്റിസ് നരിമാന്റെയും നിലപാടുകള്‍. ഇവരുടെ വിധികളാണ് അസമിന്റെ കാര്യത്തില്‍ ആദ്യം പൗരത്വ രജിസ്റ്ററുടെ രൂപത്തില്‍ രൂപപ്പെട്ടത്. അസമില്‍ ആവശ്യമായിരുന്നെങ്കിലും ആ വിധി ഉണ്ടാക്കിവിട്ട അനുരണനങ്ങളും പ്രത്യാഘാതങ്ങളുമാണ് ഇന്ന് കാണുന്ന രീതിയിലുള്ള ഭീതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത്. കാര്യങ്ങളെയും വസ്തുതകളെയും കോടതി വിധികളെയും എങ്ങനെ തങ്ങളുടെ അജണ്ടക്ക് അനുകൂലമായി വ്യാഖ്യാനിച്ച് നിയമ നിര്‍മാണങ്ങള്‍ നടത്താമെന്നും ഹിന്ദുത്വ രാഷ്ട്രവാദത്തിന് മുതല്‍കൂട്ടാമെന്നും പഠിച്ച് ഗവേഷണം നടത്തുന്നൊരു വന്‍ ബുദ്ധികേന്ദ്രം സുപ്രീംകോടതി വിധികളെയും ജഡ്ജിമാരെയും തങ്ങളുടെ ഇച്ഛക്കൊത്ത് ചൂഷണം ചെയ്യുന്നതിന്റെ പരിണതിയാണിത്.
തിങ്കളാഴ്ച ജസ്റ്റിസ് ബോബ്‌ഡെ നടത്തിയ പ്രസ്താവനയിലെ ‘ജനങ്ങള്‍ മരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ എന്ന വാചകം തന്നെ തീര്‍ത്തും അനുയോജ്യമല്ലെന്ന് തോന്നിയാലും കുറ്റം പറയേണ്ടതില്ല. അത്തരത്തില്‍ ആരെങ്കിലും കോടതിയെക്കുറിച്ച് ചോദിക്കുകയോ ആശങ്കപ്പെടുകയോ ചെയ്തിരുന്നോ? എന്തിനാണ് ഇത്തരമൊരു പരാമര്‍ശം മുഖ്യന്യായാധിപന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ചിന്തിക്കുമ്പോഴാണ് എത്രകണ്ട് മലീമസമാണ് ഇന്ത്യന്‍ ജുഡീഷ്യറിയിന്ന് എന്ന് ബോധ്യമാകുക. മൊബൈല്‍ കമ്പനികള്‍ 1.47 ലക്ഷം കോടി രൂപ സര്‍ക്കാരിന് കുടിശിക വരുത്തിയ കേസില്‍ വിധി പറയവെ അതേ ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞ വാചകങ്ങളാണിവിടെ ഇപ്പോള്‍ ഓര്‍മ വരുന്നത്: ഈ നാട് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്?! സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്നത് കോടതിക്കാണെങ്കില്‍ എത്രമാത്രം സമ്മര്‍ദമാണ് ജനത അുഭവിക്കുന്നതെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. സമ്മര്‍ദങ്ങളെ അയച്ചുവിടുകയാണ് നീതിപീഠത്തിന്റെ ജോലി. അവ കൊണ്ടുനടന്ന് വിലപിക്കുയല്ല.

SHARE