ഡല്‍ഹിയില്‍ നടന്നത് വംശീയ കലാപം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

വംശീയഹത്യയാണ് മൂന്നു ദിവസമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്നതെന്ന് പകല്‍ വെളിച്ചംപോലെ ലോകം കണ്ടുകഴിഞ്ഞു. വംശഹത്യയോട് പ്രതിബദ്ധതയുള്ള സര്‍ക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്നും. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് കൈകാര്യംചെയ്ത ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് മുരളീധരനെ ബുധനാഴ്ച പാതിരാത്രിയി ല്‍ സ്ഥലംമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകൂടി വന്നതോടെ. ജസ്റ്റിസ് മുരളീധരന്‍ അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് ഡല്‍ഹി പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോട് കേസ് കേള്‍ക്കുന്നതിനിടെ രണ്ട് കാര്യങ്ങള്‍ തറപ്പിച്ചു പറഞ്ഞിരുന്നു: ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കലാപത്തിന് ആഹ്വാനംചെയ്ത നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നകാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം അറിയിക്കണം.
1984 ഒക്‌ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഡല്‍ഹിയെ വിഴുങ്ങിയ വംശീയ കലാപത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് 3325 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. അന്ന് വംശീയകൊലക്ക് ഇരയാക്കിയത് സിഖുകാരെയായിരുന്നെങ്കില്‍ ഇപ്പോള്‍ കോപ്പുകൂട്ടിയിരിക്കുന്നത് മുസ്‌ലിംകള്‍ക്കെതിരായ വംശീയ കലാപത്തിനാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കോടതി ഖണ്ഡിതമായി ഇത് പറഞ്ഞത്. ചൊവ്വാഴ്ച അര്‍ധരാത്രി മറ്റൊരു ഹര്‍ജി കേട്ട ജസ്റ്റിസ് മുരളീധരന്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടിയന്തരമായി പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആസ്പത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ‘സെഡ്’ കാറ്റഗറി സുരക്ഷയുള്ള പ്രമുഖ വ്യക്തികള്‍ കലാപം നിയന്ത്രിക്കാന്‍ രംഗത്തിറങ്ങണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
കേസെടുക്കാന്‍പറ്റിയ സമയമല്ലെന്ന സോളിസ്റ്റര്‍ ജനറല്‍ മേത്തയുടെ ആവശ്യം അംഗീകരിച്ച് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേലും ജസ്റ്റിസ് സി ഹരിശങ്കറും ഉള്‍പ്പെട്ട ബഞ്ച് കേസ് ഒന്നരമാസത്തേക്ക് നീട്ടിവെച്ചു. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കുവേണ്ടി കക്ഷിചേരാന്‍ കേന്ദ്ര സര്‍ക്കാറിന് ഹൈക്കോടതി അനുവാദം നല്‍കുകയുംചെയ്തു. സന്ദേശം വളരെ വ്യക്തമാണ്.
1984ലെ സിഖ് വിരുദ്ധകലാപത്തിനും ഇപ്പോഴത്തെ കലാപത്തിനും ആസൂത്രണവും പ്രേരണയും നല്‍കിയത് ഭരണകക്ഷി നേതാക്കളാണ്. അതൊഴിച്ചാല്‍ രണ്ടും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ഇന്ദിരാഗാന്ധിവധം വലിയൊരളവില്‍ കേന്ദ്ര സര്‍ക്കാറിനെതന്നെ നിശ്ചലമാക്കിയിരുന്നു. അതിനിടക്കാണ് ഒരുവിഭാഗം ഇന്ദിരാഗാന്ധിയുടെ അന്ത്യദര്‍ശനം നടന്നുകൊണ്ടിരിക്കെ ‘കണ്ണിനുകണ്ണ്, ചോരയ്ക്കുചോര’ എന്ന മുദ്രാവാക്യം അനുയായികളെക്കൊണ്ട് വിളിപ്പിച്ചത്. അതൊരു വംശീയ കലാപ തീക്കാറ്റായി ഡല്‍ഹിയിലെ സിഖുകാര്‍ക്കുനേരെ വ്യാപിച്ചു. ഡല്‍ഹിയില്‍നിന്ന് കലാപം സമീപ സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിക്കുകയായിരുന്നു. മറിച്ച്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യുദ്ധസമാനമായ സുരക്ഷിതത്വ ജാഗ്രത ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച ഉത്തരപൂര്‍വ്വ ഡല്‍ഹിയിലാണ് വംശീയകലാപം ഉണ്ടായത്. ആദ്യം പൗരത്വ നിയമ വിരുദ്ധ സമരക്കാരും കപില്‍ മിശ്രയുടെ നേതൃത്വത്തിലുള്ള പൗരത്വ നിയമ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടലായി. പിന്നീട് ഉത്തര-പൂര്‍വ്വ ഡല്‍ഹിയിലാകെ വംശീയകലാപമായി വ്യാപിച്ചു.
ഞായറാഴ്ചയാണ് രാഷ്ട്രപിതാവ് അന്തിയുറങ്ങുന്ന രാജ്ഘട്ടിനു അതിരിട്ടൊഴുകുന്ന യമുനാ നദിക്കപ്പുറത്തെ ഉത്തര-പൂര്‍വ്വ ഡല്‍ഹിയില്‍ സംഘര്‍ഷവും തുടര്‍ന്ന് കലാപവും പൊട്ടിപ്പുറപ്പെട്ടത്. ഉത്തര-പൂര്‍വ്വ ഡല്‍ഹിയിലെ ജാഫറാബാദില്‍ ഒരുദിവസംമുമ്പു തുടങ്ങിയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനെതിരെ രംഗത്തുവന്ന ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണ് സംഘര്‍ഷത്തിനും കലാപത്തിനും തുടക്കമിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഫറാബാദിലും അടുത്തുള്ള ചാന്ദ്ബാദിലും നടക്കുന്ന കുത്തിയിരിപ്പുസമരം പൊലീസ് ഒഴിപ്പിക്കണം. ട്രംപ് ഇന്ത്യയിലുള്ള മൂന്നു ദിവസംവരെ ക്ഷമിക്കും- ജാഫറാബാദില്‍ പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായ പൊതുയോഗത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു കപില്‍മിശ്രയുടെ മുന്നറിയിപ്പ്. അതിന്റെ വീഡിയോയാണ് ഹൈക്കോടതിയില്‍ തുഷാര്‍ മേത്തയേയും ഡല്‍ഹി പൊലീസ് ഉപമേധാവിയെയും ജസ്റ്റിസ് മുരളീധരന്‍ കേള്‍പ്പിച്ചത്.
അമ്പത്തിയാറ് ദിവസമായി ഷാഹിന്‍ബാദ് അടക്കം യമുനാനദിക്ക് ഇക്കരെയുള്ള പ്രദേശങ്ങളില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി നടന്നുവരുന്ന സമരത്തിലല്ല സംഘര്‍ഷവും ഏറ്റുമുട്ടലുമുണ്ടായത്. പ്രസംഗം കഴിഞ്ഞതോടെ ജാഫറാബാദിലും ചാന്ദ്ബാദിലും കല്ലേറും ഏറ്റുമുട്ടലുമുണ്ടായി. തന്റെ മുന്നറിയിപ്പിലെ മൂന്നു ദിവസത്തെ ഇടവേളക്കു കാക്കാതെ കപില്‍മിശ്ര കലാപത്തിന് തുടക്കമിട്ടു. ആഗ്രയില്‍നിന്ന് ട്രംപും പരിവാരങ്ങളും വന്നിറങ്ങിയപ്പോള്‍ ചാന്ദ്ബാദില്‍നിന്ന് ആകാശത്ത് പരന്നുനിറഞ്ഞ കറുത്ത പുകയാണ് ഡല്‍ഹിയില്‍ അവരെ വരവേറ്റത്. മുസ്‌ലിം വ്യാപാരികള്‍ ഭൂരിപക്ഷമുള്ള ടയര്‍ മാര്‍ക്കറ്റിന് കലാപകാരികള്‍ തീവെക്കുകയായിരുന്നു. അവിടത്തെ പ്രധാന സ്വകാര്യ ആസ്പത്രിയിലേക്ക് ജയ് ശ്രീരാം വിളിച്ച് ഇരച്ചുകയറി എല്ലാം അടിച്ചുതകര്‍ത്തു. കുട്ടികളും സ്ത്രീകളുമടക്കമുള്ള രോഗികളും ജീവനക്കാരുമൊക്കെ പിന്‍വശത്തുകൂടെ ഓടി രക്ഷപെട്ടു. വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. സീലാംപൂര്‍, മൗസ്പൂര്‍, കാര്‍ഡാംപുരി, ബാര്‍ബാര്‍പൂര്‍, ഗോഗുല്‍പുരി, ശവപുരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വംശീയകലാപം വ്യാപിച്ചു. ഇതെല്ലാം ചെയ്തത് പ്രദേശവാസികളല്ലെന്നും ബി.ജെ. പി ഭരിക്കുന്ന യു.പിയില്‍നിന്നും ഹരിയാനയില്‍നിന്നും വരുത്തിയ ക്രിമിനല്‍ സംഘങ്ങളും കപില്‍ മിശ്രയുടെ അനുയായികളുമാണെന്നും ആക്രമത്തിനിരയായവര്‍ വിവിധ മാധ്യമ പ്രവര്‍ത്തകരോട് പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെതന്നെ വളഞ്ഞുവെക്കുകയും ഫോണും ക്യാമറകളും പിടിച്ചെടുത്ത് തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു. ഹിന്ദുക്കളാണെന്നതിനുള്ള തെളിവുകള്‍ കാണിച്ചതിനുശേഷമേ ജീവന്‍ രക്ഷിക്കാനായുള്ളൂ എന്ന് വനിതകളടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നുണ്ട്.
കലാപം തുടങ്ങി 68 മണിക്കൂറുകള്‍ക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാന അഭ്യര്‍ത്ഥന പുറപ്പെടുവിച്ചത്. ആഭ്യന്തരമന്ത്രി അമിത്ഷായുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടതിനു പിറകെ. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ അര്‍ധരാത്രി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജീവ്ഗാന്ധി അമ്മയുടെ മൃതദേഹത്തിനരികില്‍നിന്ന് പോയത് ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ സമാധാന ദൗത്യവുമായാണ്. ഇത്തവണ കലാപം നടക്കുമ്പോള്‍ ഹൈദരാബാദ് ഹൗസിലും രാഷ്ട്രപതി ഭവനിലും ട്രംപുമൊത്ത് വിരുന്നുസത്ക്കാരത്തിലായിരുന്നു ഭരണാധികാരികള്‍.
ട്രംപ് മടങ്ങിപ്പോയിട്ടും കലാപം തുടരുന്ന പ്രദേശങ്ങളിലേക്ക് മോദിയോ അമിത്ഷായോ പോയില്ല. നിശബ്ദത പുലര്‍ത്തിയ ലഫ്റ്റനന്റ് ഗവര്‍ണറും പട്ടാളത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന മുഖ്യമന്ത്രി കെജ്‌രിവാളും പുറത്തിറങ്ങിയില്ല. എത്തിയത് ടി.വി ക്യാമറകളുടെ അകമ്പടിയില്‍ ദേശീയ സുരക്ഷാഉപദേശകന്‍ അജിത് ഡോവലാണ്. അമിത്ഷായുടെ പരാജയം തുറന്നുകാട്ടുന്നതായി മുന്‍ ഇന്റലിജന്റ്‌സ് മേധാവിയുടെ പ്രകടനം. പ്രത്യേകിച്ചും സുപ്രീംകോടതിയും ഹൈക്കോടതിയും കലാപം തടയുന്നതില്‍ ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍. പ്രധാനമന്ത്രിയും അമിത്ഷായും തമ്മിലുള്ള അകല്‍ച്ചയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇത്തരമൊരു ദൗത്യം നിര്‍വഹിച്ചത് ആദ്യമാണ്.
കപില്‍ മിശ്രയുടെ വിവാദ പ്രസംഗത്തിനുപിന്നാലെ ഞായറാഴ്ച മൂന്നു മണിക്കുതന്നെ ഇന്റലിജന്റ്‌സ് ബ്യൂറോ, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ ഉത്തര-പൂര്‍വ ഡല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന് ആറുതവണ ഉന്നത പൊലീസ് മേധാവികള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. കലാപം വിലയിരുത്താന്‍ നിരവധി തവണ അമിത്ഷാ ഉന്നതതലയോഗം വിളിച്ചു. എന്നിട്ടും നടപടിയുണ്ടായില്ല. വേണ്ടതിലേറെ പൊലീസ് ഡല്‍ഹിയിലുണ്ടായിരുന്നിട്ടും. സഹായംതേടി കലാപബാധിത പ്രദേശങ്ങളില്‍നിന്ന് തിങ്കളാഴ്ച 3300 അടിയന്തര സന്ദേശങ്ങള്‍ ഡല്‍ഹി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി. ചൊവ്വാഴ്ച എണ്ണായിരത്തോളവും. സഹായത്തിന് പൊലീസ് എത്തിയില്ല. മാനസിക വളര്‍ച്ചയില്ലാത്ത ഒരു മുസ്‌ലിം യുവാവും കുട്ടികളുടെ വിശപ്പടക്കാന്‍ ആഹാര സാധനങ്ങള്‍ തേടിപ്പോയ ഒരു മുസ്‌ലിം പിതാവുമടക്കം ഏറെപ്പേര്‍ വഴിയില്‍ വെടിയേറ്റുവീണുകിടന്നു. ഇവരുടെ മൃതദേഹംപോലും ആസ്പത്രികളിലെത്തിക്കാന്‍ പൊലീസ് വാഹനങ്ങളോ ആംബുലന്‍സോ ലഭ്യമായില്ല. ഒടുവില്‍ ജസ്റ്റിസ് മുരളീധരന്‍ ഇടപെട്ടാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.
ഉത്തര-പൂര്‍വ ഡല്‍ഹിയിലെ ത്രിലോക്പുരി പോലുള്ള പ്രദേശങ്ങളില്‍ നൂറുകണക്കായ വീടുകളില്‍ സിഖ് കുടുംബങ്ങളെ കൂട്ടക്കൊല ചെയ്തതായിരുന്നു 1984ലെ ഡല്‍ഹി കലാപത്തിന്റെ ഹൃദയഭേദകമായ ദൃശ്യം. വെടിവെച്ചും പെട്രോള്‍ ബോംബെറിഞ്ഞും ജീവനോടെ തീവെച്ചും മുഖത്ത് വാളുകൊണ്ട് വെട്ടിയും ഗദകൊണ്ടും വടികള്‍കൊണ്ടും അടിച്ചുമാണ് ഇത്തവണ വര്‍ഗീയശക്തികള്‍ ആഹ്ലാദംകൊണ്ടത്. അന്ന് ഗുരുദ്വാരകളാണ് ആക്രമിച്ചതെങ്കില്‍ ഇത്തവണ പള്ളികള്‍ക്ക് തീവെച്ചും ദര്‍ഗകള്‍ തകര്‍ത്തും അവയ്ക്കുമേല്‍ കാവിക്കൊടി ഉയര്‍ത്തിയുമായിരുന്നു വിനോദം.
35 വര്‍ഷം മുമ്പത്തെ ഡല്‍ഹിയിലെയും പരിസരങ്ങളിലെയും വംശീയാക്രമണത്തിനുപിന്നില്‍ അധികാരത്തിന്റെ കാണാമറയത്തുനിന്ന സ്തുതിപാഠകരും പൈശാചിക മനസുള്ള ഒരുകൂട്ടം രാഷ്ട്രീയ നേതാക്കളുമായിരുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തില്‍നിന്നുയര്‍ന്ന ദു:ഖവും നഷ്ടബോധവും വിദ്വേഷത്തിന്റെ ഭ്രാന്താക്കി വഴിതിരിച്ചുവിടുകയായിരുന്നു. അതിനൊരു മുന്‍ മാതൃക ഉണ്ടായിരുന്നില്ല. ഏറെയും കൗമാരക്കാരുടെ ആള്‍ക്കൂട്ടങ്ങള്‍ കല്ലും വടിയും വാളും കുപ്പിയില്‍ പെട്രോളുമായി കൊലയും കൊള്ളയും തീവെപ്പും നടത്തി.
ഇത്തവണ പുറത്തുനിന്നുവന്ന യുവാക്കളും മുതിര്‍ന്നവരുമാണ് മത സൗഹാര്‍ദ്ദത്തില്‍ കഴിയുന്നവരില്‍നിന്ന് ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ചാക്രമിച്ചത്. തോക്കേന്തിയവര്‍ സംഘത്തെ നയിച്ചു. പൊലീസ് ഇടപെടാതെനിന്നു. ഇത് എഴുതുംവരെ 42 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇരുനൂറിലേറെപ്പേര്‍ ആസ്പത്രികളില്‍ ചികിത്സയിലാണ്. 50 ശതമാനത്തിലേറെപ്പേര്‍ മരിച്ചതും പരിക്കേറ്റതും വെടിയേറ്റാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കനുസരിച്ച് 79 വീടുകള്‍ 52 കടകള്‍, 2 സ്‌ക്കൂളുകള്‍, 3 ഫാക്ടറികള്‍ എന്നിവ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. കാണാതായവര്‍ക്കുവേണ്ടി നിരവധി കുടുംബങ്ങള്‍ ആസ്പത്രികളിലും മോര്‍ച്ചറികളിലുമടക്കം തിരച്ചിലിലാണ്.
2002ല്‍ ഗോധ്ര സംഭവത്തെതുടര്‍ന്ന് ഗുജറാത്തില്‍ വംശീയ കലാപത്തില്‍ രണ്ടായിരത്തിലേറെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ കൊല്ലപ്പെട്ടു. അതേ മാതൃകയാണ് ഇത്തവണ ഡല്‍ഹിയില്‍ പ്രയോഗിച്ചത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍തന്നെ ഇതിന്റെ തുടക്കം കുറിച്ചു. ‘ഗോലി മാരോ ഗദ്ദാരോം കോ’ എന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രചാരണ പ്രസംഗത്തോടെ. ഠാക്കൂറിന്റെയും കപില്‍മിശ്രയുടെയും മറ്റും വീഡിയോകള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ഞരമ്പുകളില്‍ ഹിന്ദുത്വ വികാരം പടര്‍ത്തി ബി.ജെ.പിക്ക് 9 ശതമാനം വോട്ട് വര്‍ധിപ്പിച്ചു. ജാമിഅ മില്ലിയ, ജെ.എന്‍.യു സര്‍വകലാശാലകളിലെയും ഷാഹന്‍ബാഗിലെയും സമരക്കാര്‍ക്കുനേരെ തോക്കുധാരികള്‍ വെടിവെച്ചത് ഇതിന്റെ തുടര്‍ച്ച. 2002ല്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ അമേരിക്ക വിസ നിഷേധിച്ചു. ഇത്തവണ ഡല്‍ഹിയില്‍ പതിനൊന്നു പേരെങ്കിലും കൊല്ലപ്പെട്ട ശേഷമാണ് ട്രംപ് മടങ്ങുന്നത്. അതേക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഒരു മറുപടികൊണ്ട് അതിമനോഹരമായ രണ്ടു ദിവസത്തെ ഇന്ത്യന്‍ യാത്ര തകര്‍ക്കാന്‍ തയാറില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ മറുപടി. ഡല്‍ഹിക്കുമേല്‍ പരന്ന വംശീയകലാപം തത്കാലം കെട്ടടങ്ങും. എന്നാല്‍ വംശീയ കലാപത്തിന്റെ കരിനിഴലിലാണ് രാജ്യമാകെ.

SHARE