രാജ്യം കത്തുമ്പോള്‍ സ്തുതി പാടി രസിക്കുന്നവര്‍

കെ.ബി.എ കരീം

ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം, കല്യാണം – പാലുകാച്ചല്‍. സുമതിയുടെ കഴുത്തില്‍ താലി വീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലില്‍ വിഷം കലക്കിക്കുടിച്ച് തയ്യല്‍ക്കാരന്‍ പിടയുകയാണ്, പിടയുകയാണ്…. ‘അഴകിയ രാവണന്‍’ എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച അംബുജാക്ഷന്‍ എന്ന കഥാപാത്രത്തിന്റെ ഈ ഡയലോഗ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ചേര്‍ത്തുവെക്കാവുന്നതാണ്. അമേരിക്കയില്‍ നിന്നെത്തിയ ഒരു അഴകിയ രാവണനെ സ്വീകരിക്കാനും പൊക്കിപ്പൊക്കി ആകാശം മുട്ടിക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന സൂപ്പര്‍ അഴകിയ രാവണന്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ ജനമനസ്സുകളില്‍ അറപ്പുളവാക്കുകയാണ്.
‘അഴകിയ രാവണന്‍’ സിനിമയില്‍ വളരെ തമാശാപൂര്‍വമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെങ്കില്‍ ഇന്നത്തെ ഇന്ത്യയില്‍ വളരെ ഗൗരവമായി തന്നെ ഈ അവസ്ഥാവിശേഷം സംജാതമായിരിക്കുന്നു. ശതകോടികള്‍ ചെലവിട്ട്, രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര ആര്‍ഭാടത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്വീകരണമൊരുക്കുമ്പോള്‍ മറുവശത്ത് ഡല്‍ഹി കത്തുകയാണ്. ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരം ഇല്ലാതാക്കാന്‍ പൊലീസ് സഹായത്തോടെ സംഘ്പരിവാര്‍ ശക്തികള്‍ കൊടുംക്രൂരതകള്‍ നടത്തുമ്പോഴാണ് വരേണ്യമേഖലയില്‍ വര്‍ണാഭമായ ചടങ്ങുകളോടെ മോദിയും ട്രംപും ആനന്ദനിര്‍വൃതിയില്‍ ആറാടുന്നത്. കലാപം ഡല്‍ഹിയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുമ്പോള്‍ ട്രംപിന്റെ കണ്ണും കാതും അവിടേക്കെത്താതിരിക്കാനുള്ള മതിലുകള്‍ ആഡംബരത്തിന്റെ രൂപത്തില്‍ മോദിയും കൂട്ടരും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് ഡല്‍ഹിയെ ചുട്ടുചാമ്പലാക്കി നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ മറുവശത്ത് ട്രംപുമായി മധുവിധുവിന്റെ മധുരചഷകം നുണഞ്ഞുകൊണ്ടിരിക്കുന്ന മോദി റോമാ സാമ്രാജ്യം കത്തിച്ചാമ്പലാകുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ ബഹുദൂരം പിന്നിലാക്കിയിരിക്കയാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്തിന്റെ ആത്മാവ് കത്തിയമര്‍ന്നുകൊണ്ടിരിക്കെ മുഴുവന്‍ ലോക രാജ്യങ്ങളും ഇന്ത്യന്‍ ജനതക്കൊപ്പംനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും അതിശക്തമായി വിമര്‍ശിക്കുമ്പോഴാണ് ജനവികാരത്തിന് പുല്ലുവില പോലും കല്‍പിക്കാത്ത ഡൊണാള്‍ഡ് ട്രംപ് അഹമ്മദാബാദിലും ഡല്‍ഹിയിലും വിരുന്നുകാരനായി എത്തിയിരിക്കുന്നത്. ഇന്ത്യക്കെതിരെ ലോകം വിളിച്ചുപറയുന്നത് കേള്‍ക്കാന്‍ കഴിയാത്ത ട്രംപ് അമേരിക്കന്‍ ജനതയെ തന്നെയാണ് ലോകത്തിന്മുമ്പില്‍ നാണം കെടുത്തിക്കൊണ്ടിരിക്കുന്നത്. ധാര്‍മികമൂല്യങ്ങളോ, പാവങ്ങളോടുള്ള സഹതാപമോ എന്തിന് മനുഷ്യത്വംപോലും നഷ്ടപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിനെ അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢിയാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ പര്യടനം പൂര്‍ത്തിയാകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. താന്‍ സന്ദര്‍ശനത്തിനെത്തുന്ന ഒരു രാജ്യത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ട്രംപിന് കഴിയുന്നില്ലെങ്കില്‍ ലോകം കണ്ട ഏറ്റവും വലിയ അല്‍പനായ അമേരിക്കന്‍ പ്രസിഡന്റ് എന്ന കുപ്രസിദ്ധിയിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കയാണ് അമേരിക്കയുടെ ഈ റിപ്പബ്ലിക്കന്‍ ഭരണാധികാരി.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദിലെ മൗജ്പൂര്‍, ബാബര്‍പൂര്‍, ഷാദ്ര, ചാന്ത് ബാഗ് എന്നിവിടങ്ങളിലാണ് പൗരത്വ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരെ ഇല്ലാതാക്കാന്‍ പൊലീസിന്റെ സഹായത്തോടെ സംഘ്പരിവാര്‍ ശ്രമിക്കുന്നത്. കലാപം ഗോകുല്‍പുര, ഭവന്‍പുര ചൗക്ക് തുടങ്ങി ഡല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ചോദ്യംചെയ്തുകൊണ്ട് പൊലീസും കേന്ദ്ര സേനയും ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്നു. ഗോകുല്‍പുരയിലും ഭവന്‍പുര ചൗക്കിലുമടക്കം ജാതിയും മതവും ചോദിച്ച് പോലീസുകാര്‍ പ്രതിഷേധക്കാരെ തല്ലിച്ചതക്കുകയാണ്. കശ്മീരില്‍ ഇന്റര്‍നെറ്റിനും മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി വ്യാപകമായ അക്രമം അഴിച്ചുവിട്ടത്‌പോലെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പല ഭാഗത്തുനിന്നും വാര്‍ത്തകള്‍ പുറത്തേക്ക് വരുന്നത് തടസപ്പെടുത്തിയിരിക്കയാണ്. മാധ്യമപ്രവര്‍ത്തകരെ വരെ വെടിവച്ചിടുന്ന അവസ്ഥയിലേക്ക് ഡല്‍ഹിയിലെ കലാപം എത്തിയിരിക്കുന്നു. കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയെ പോലുള്ള ബി.ജെ.പി നേതാക്കള്‍ സുരക്ഷിത താവളത്തിലിരുന്ന് ചരടു വലിക്കുമ്പോള്‍ പൊലീസും സൈന്യവും ഭരണവര്‍ഗത്തിന്റെ ചട്ടുകമായി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഈ പ്രദേശം മുഴുവന്‍ പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്ന സംഘ്പരിവാര ശക്തികള്‍ അക്ഷരാര്‍ത്ഥത്തില്‍ താണ്ഡവമാടുകയാണ്. നിരവധി വീടുകളും സ്ഥാപനങ്ങളും കത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ വീടുകളും സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് കത്തിച്ചുകൊണ്ടിരിക്കുന്നതിനെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. പല പ്രദേശങ്ങളിലും പേരിന് പോലും പൊലീസുകാരില്ല. കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് അമിത്ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവര്‍ത്തിക്കുകയും യോഗം കൂടുകയും ചെയ്യുന്നുണ്ടെങ്കിലും മുസ്‌ലിം പ്രദേശങ്ങളിലെ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ഫലത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. കലാപകാരികളെ വേഷം നോക്കി തിരിച്ചറിയാമെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജാതിയും മതവും ചോദിച്ച് ആക്രമിക്കാനും തീവെപ്പ് നടത്താനും സംഘ്പരിവാറുകാര്‍ക്ക് പ്രചോദനം നല്‍കിയതെന്ന യാഥാര്‍ത്ഥ്യം കാണാതെ രാജ്യത്തെ ഏറ്റവും വലിയ അതിഥിയായ ട്രംപും കുടുംബവും മോദി സ്തുതികള്‍ ആയിരത്തിയെട്ട് തവണ ആവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്.
ഇന്ത്യന്‍ ജനതയെ ഭരണവര്‍ഗം രണ്ടു തട്ടിലാക്കി വിഭജിച്ചിരിക്കയാണെന്ന വസ്തുത മായക്കാഴ്ചകള്‍ക്കിടയില്‍ ട്രംപ് വിസ്മരിക്കരുതായിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സംഘ്പരിവാര അക്രമങ്ങള്‍ക്ക് ശേഷം ഈ ഭിന്നത രാജ്യത്തുടനീളം കൂടുതല്‍ ശക്തമായി പടരുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരായി നിലകൊള്ളുന്ന രാജ്യത്തങ്ങളോമിങ്ങോളമുള്ള വമ്പന്‍ ജനക്കൂട്ടങ്ങളും ഇവരുടെ പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ അക്രമം അഴിച്ചുവിടുന്ന സംഘ്പരിവാറുകാരും ഇന്നിന്റെ യഥാര്‍ത്ഥ മുഖമാണ്. പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും എന്ന വേര്‍തിരിവ് അതിശക്തമായി നിലനില്‍ക്കുന്ന ഇന്ത്യയിലാണ് വിരുന്ന് സ്വീകരിക്കാനെത്തിയതെന്നത് കണ്ടില്ലെന്ന് നടിക്കാന്‍ മാത്രമേ ട്രംപിന് കഴിയുകയുള്ളൂ. ഇന്ത്യയിലെ ഭരണവര്‍ഗം ഒരു പ്രത്യേക മതവിഭാഗത്തെ ഇല്ലാതാക്കാന്‍ നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങളെ ലോകം മുഴുവന്‍ മനസിലാക്കിയിട്ടും ലോകത്തിന്റെ നെറുകയില്‍ വിരാജിക്കുന്ന അമേരിക്കക്കും അതിന്റെ പ്രസിഡന്റിനും കഴിഞ്ഞില്ലെന്നാണോ. ഇന്ത്യയുടെ സല്‍ക്കാരങ്ങളും സമ്മാനങ്ങളും സ്വീകരിച്ച് ട്രംപും കുടുംബവും മടങ്ങുമ്പോള്‍ ഇവിടത്തെ ജനത ഉറക്കെ വിളിച്ചുപറയുന്നത് യഥാര്‍ത്ഥ ഇന്ത്യ അമേരിക്കന്‍ പ്രസിഡന്റ് കണ്ടിട്ടില്ലെന്ന് തന്നെയാണ്.
ഒരു രാഷ്ട്രത്തലവന്‍ മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പരം ഉണ്ടാകുന്ന നേട്ടങ്ങളും ഒപ്പുവെക്കുന്ന കരാറുകളും പുതുക്കുന്ന സൗഹൃദങ്ങളുമാണ് മുന്‍പന്തിയില്‍ നില്‍ക്കേണ്ടതെങ്കില്‍ ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം വിസ്മയക്കാഴ്ചകളിലും അഹമ്മദാബാദിലെ മതില്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളിലും മാത്രം ഒതുങ്ങുകയായിരുന്നു. ഉഭയകക്ഷി കരാറുകള്‍ ഒപ്പിട്ടെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ മറച്ചുവെക്കാന്‍ മോദി നടത്തിയ കെട്ടുകാഴ്ചകളില്‍ കരാറുകളും സൗഹൃദങ്ങളും മാഞ്ഞുപോകുകയായിരുന്നു. 15 ലക്ഷത്തിന്റെ കോട്ടിട്ടാല്‍ വ്യക്തിത്വം ലഭിക്കുമെന്ന് കരുതി അല്‍പത്തം കാണിച്ച പാരമ്പര്യമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ഇതിലപ്പുറം കാണിച്ചാല്‍ അത്ഭുതമില്ലെന്ന് ഇവിടത്തുകാര്‍ക്ക് നല്ല നിശ്ചയമാണ്.
ഓരോ ഇന്ത്യക്കാരനും രാജ്യത്തിന് തുല്യം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കാണുന്നു. അദ്ദേഹത്തിന്റെ സബര്‍മതി സേവാശ്രമത്തില്‍ എത്തിയപ്പോള്‍പോലും ട്രംപ് പുകഴ്ത്തിയത് മോദിയെയാണ്. മോദി പറഞ്ഞുകൊടുത്ത ഇന്ത്യയെക്കുറിച്ചല്ലാതെ മറ്റൊന്നും ട്രംപിനറിയില്ലെന്നും യഥാര്‍ത്ഥ ഇന്ത്യയെ മനസിലാക്കിക്കൊടുക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നുമുള്ളതിന് ഉത്തമ ഉദാഹരണമാണ് സന്ദര്‍ശനത്തിന്റെ ആദ്യദിനത്തില്‍ ട്രംപ് കാണിച്ച ഗാന്ധിനിന്ദ.
ഡൊണാള്‍ഡ് ട്രംപ് കണ്ട അഹമ്മദാബാദും ഡല്‍ഹിയുമല്ല ഇന്നത്തെ യഥാര്‍ത്ഥ ഇന്ത്യ എന്ന വസ്തുത ഏതു കൊച്ചു കുട്ടിക്കും മനസിലാകുമെന്നിരിക്കെയാണ് പരസ്പരം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇരുരാജ്യങ്ങളിലേയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഡൊണാള്‍ഡ് ട്രംപിനെ പുകഴ്ത്തി ഉത്തരത്തില്‍ കയറ്റിയതിന്പകരം പതിന്മടങ്ങ് മോദി സ്തുതികളാണ് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത്. അമേരിക്കയില്‍ വന്ന് തന്നെ വാനോളം പുകഴ്ത്തിയ മോദിയെ ഇന്ത്യയുടെ ചാമ്പ്യനെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഈ രണ്ട് അഴകിയ രാവണന്മാരുടെ പരസ്പര പുകഴ്ത്തലുകളോട് ഇന്ത്യന്‍ ജനതക്ക് മാത്രമല്ല ലോകത്തിന് തന്നെ പുച്ഛമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊട്ടേര സ്റ്റേഡിയത്തില്‍ ട്രംപ് മോദിയെ പാടിപ്പുകഴ്ത്തുന്നത് കേള്‍വിക്കാരില്‍ അറപ്പുളവാക്കിയെന്നാണ് കാണികളുടെ വികാരത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ട്രംപിന്റെ മോദി സ്തുതി സഹിക്കവയ്യാതെ മൊട്ടേര സ്റ്റേഡിയത്തില്‍ നിന്ന് ജനം ഇറങ്ങിപ്പോകുന്നത് ലോകം മുഴുവനുമുള്ള ജനം കണ്ടതുമാണ്.
ഇന്ത്യ മുഴുവന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഉച്ചസ്ഥായിയില്‍ നില്‍ക്കുകയാണെന്ന വസ്തുത തിരിച്ചറിയാന്‍ എന്തുകൊണ്ട് ട്രംപിനാകുന്നില്ല എന്ന ആഗോള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. അഹമ്മദാബാദില്‍ ഇരുനേതാക്കളും റോഡ് ഷോ നടത്തുന്ന പാതയോരത്തുള്ള ചേരികളും ദാരിദ്ര്യവും കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ കെട്ടി മറച്ചത് പോലെ യഥാര്‍ത്ഥ ഇന്ത്യയെ, ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥയെ ട്രംപില്‍നിന്ന് മറച്ചുവെക്കാന്‍ ആഢംബരങ്ങള്‍കൊണ്ടും ആഘോഷങ്ങള്‍കൊണ്ടും മറ തീര്‍ത്തിരിക്കയാണ് മോദിയും കൂട്ടരും. ഡൊണാള്‍ഡ് ട്രംപിന്റെ ആഢംഭരഭ്രമം ശരിക്ക് മുതലെടുത്ത് അതിസമര്‍ത്ഥമായ കണ്‍കെട്ടാണ് ഇന്ത്യ ഒരുക്കിയത്. ഇത് മനസിലാക്കാനുള്ള വിവേകംപോലും ലോകത്തെ നയിക്കുന്നതെന്ന് ഊറ്റംകൊള്ളുന്ന അമേരിക്കന്‍ പ്രസിഡന്റിനില്ലാതെ പോയതില്‍ അമേരിക്ക മാത്രമല്ല ലോകം തന്നെ നാണിച്ചു തലതാഴ്ത്തുകയാണ്.

SHARE