ഗുജറാത്തിനെ ഓര്‍മ്മപ്പെടുത്തുന്ന ഡല്‍ഹി

പ്രകാശ് ചന്ദ്ര

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളും കൊള്ളിവയ്പ്പും ഗുജറാത്ത് കലാപത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ഗുജറാത്തില്‍ പരീക്ഷിച്ച വംശഹത്യതന്നെയാണ് ഗുജറാത്തുവഴി ഡല്‍ഹിയിലെത്തിയവര്‍ പരീക്ഷിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും എന്ന രീതിയില്‍ തുടക്കംകുറിച്ച സംഘര്‍ഷം പിന്നീട് പൂര്‍ണമായും വര്‍ഗീയ കലാപമായിമാറുകയായിരുന്നു. മുസ്‌ലിം വീടുകളും കടകളും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും തീ കൊളുത്തുകയും ചെയ്തതിനു പുറമെ മുസ്‌ലിമെന്ന് സംശയിക്കുന്ന ആര്‍ക്കെതിരെയും ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിട്ടു. മാധ്യമപ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. കലാപം അരങ്ങേറുന്ന ഡല്‍ഹിയിലെ ഭീതിദമായ സാഹചര്യം വ്യക്തമാക്കുന്നതാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേണലിസ്റ്റിനുണ്ടായ അനുഭവം. അനിന്ദ്യ ചതോപാധ്യായെന്ന മാധ്യമപ്രവര്‍ത്തകനാണ് തന്റെ മതമേതെന്ന് ചോദിച്ച് അക്രമികളെത്തിയ സംഭവം വിവരിക്കുന്നത്. മൗജ്പൂര്‍ മെട്രോ സ്റ്റേഷന്‍ പരിസരത്ത് ഏതാണ്ട് ഉച്ചക്ക് 12.15ന് എത്തിയ തന്റെയടുത്ത് വന്ന് ഒരു ഹിന്ദു സേന പ്രവര്‍ത്തകന്‍ തിലകം തൊട്ടു തരാമെന്ന് പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ ജോലി ചെയ്യല്‍ ‘എളുപ്പമാകും’ എന്ന് അയാള്‍ പറഞ്ഞു. തന്റെ ക്യാമറകള്‍ കണ്ടപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു: ‘സഹോദരാ, നിങ്ങളും ഒരു ഹിന്ദുവല്ലേ. എന്തിനാണ് അങ്ങോട്ട് പോകുന്നത്? ഹിന്ദുക്കള്‍ ഉണര്‍ന്നിരിക്കുകയാണ് ഇന്ന്’. പതിനഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയതായി അനന്ദ്യ പറയുന്നു. മോദി, മോദി എന്നിങ്ങനെ ഉറക്കെ അലറിക്കൊണ്ടാണ് ഒരു വിഭാഗം എത്തിയത്. താന്‍ ഫോട്ടോയെടുക്കാന്‍ തുടങ്ങിയതോടെ മുള ദണ്ഡുകളുമായി ചിലര്‍ ഓടിയെത്തി. ‘നീ നന്നായി അഭിനയിക്കുന്നുണ്ടല്ലോ. നീ ഹിന്ദുവാണോ മുസ്‌ലിമാണോ?’ അവര്‍ക്ക് ഉറപ്പ് കിട്ടാന്‍ തന്റെ പാന്റ്‌സ് അഴിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ക്യാമറ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. സ്ഥലത്ത് നിന്ന് മാറുന്നതായിരിക്കും നല്ലതെന്ന് മനസ്സിലാക്കിയ അനിന്ദ്യ ഓഫീസ് വാഹനം തെരഞ്ഞു. പക്ഷേ, വാഹനം കാണ്ടെത്താന്‍ കഴിഞ്ഞില്ല. ഓട്ടോറിക്ഷയില്‍ പോകാമെന്ന് വെച്ചു. ഒരു ഓട്ടോക്കാരന്‍ ഓഫീസിലേക്ക് എത്തിക്കാമെന്ന് പറഞ്ഞു. ഓട്ടോറിക്ഷയുടെ പേര് ശ്രദ്ധിച്ചത് പിന്നീടാണെന്ന് അനിന്ദ്യ പറയുന്നു. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കുറെപ്പേര്‍ ഓട്ടോറിക്ഷ തടഞ്ഞു. അകത്തുള്ള തങ്ങളെയെല്ലാം പിടിച്ച് പുറത്തിറക്കി. താന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും ഓട്ടോക്കാരന്‍ പാവമാണെന്നുമെല്ലാം പറഞ്ഞ് ഒരുവിധം ഒഴിവായി. തങ്ങളെ ഓഫീസില്‍വിട്ട് തിരിച്ചുപോകുമ്പോള്‍ ഓട്ടോക്കാരനെ ഭയം പിടികൂടിയിരുന്നുവെന്ന് അനിന്ദ്യ എഴുതുന്നു. ജീവിതത്തിലിന്നുവരെ എന്റെ മതത്തെച്ചൊല്ലി ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍ കുറിച്ചത്.
ഗുജറാത്ത് കലാപ മാതൃകയില്‍ സംഘടിതരായ ഹിന്ദുത്വ ഗുണ്ടകളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. അക്രമം തടയാന്‍ ഡല്‍ഹി പൊലീസ് ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, അക്രമിസംഘത്തിനൊപ്പം ചേര്‍ന്ന് പലയിടത്തും കല്ലേറു നടത്തുന്നതിനും അവര്‍ മുന്നിലുണ്ടായിരുന്നു. ഡല്‍ഹി പൊലീസിന്റെ പങ്കും ഇത്തരം സംഭവങ്ങളില്‍ അവര്‍ പുലര്‍ത്തുന്ന ഉദാസീനതകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഭരിക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത് എന്നത് നിരവധി തവണ തെളിഞ്ഞുകഴിഞ്ഞു. ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ച എ.ബി.വി.പിക്കാര്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും തലയടിച്ചു പൊളിച്ചിട്ട് മാസം രണ്ടാകുന്നു. ആരൊക്കെയാണ് ആക്രമണം നടത്തിയതെന്ന് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും പൊലീസ് അനങ്ങിയിട്ടില്ല. ജാമിഅ യൂണിവേഴ്‌സിറ്റിയില്‍ ലൈബ്രറിയില്‍ അടക്കം കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്ത ഡല്‍ഹി പൊലീസിനെയും എല്ലാവരും കണ്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് ആക്രമണം അഴിച്ചുവിടുന്നത് ആദ്യമല്ല. കഴിഞ്ഞ ഞായറാഴ്ച ദക്ഷിണ ഡല്‍ഹിയിലെ ഹൗസ്ഖാസ് റാണിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകള്‍ അടക്കമുള്ള ഡല്‍ഹിയിലെ പൗരസമൂഹത്തെ അതിക്രൂരമായാണ് പൊലീസ് തല്ലിച്ചതച്ചത്. അതേസമയം, ഡല്‍ഹി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരന്ത വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി എം.പി പര്‍വേഷ് സാഹിബ് സിങ്‌വര്‍മ, മുന്‍ എം.എല്‍.എ കപില്‍ മിശ്ര, പ്രതിഷേധക്കാരെ വെടിവച്ച് കൊല്ലാന്‍ മുദ്രാവാക്യം വിളിച്ചു കൊടുത്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തുടങ്ങിയവര്‍ക്ക് നേരെ യാതൊരു നടപടികളും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ദേശദ്രോഹികളും തുക്‌ടേ തുക്‌ടേ ഗ്യാങ് എന്നുമൊക്കെ പ്രതിഷേധക്കാരെയും വിദ്യാര്‍ത്ഥികളെയും അധിക്ഷേപിക്കുകയും ‘പാഠം പഠിപ്പിക്കണ’മെന്നും ആക്രോശിക്കുകയുമാണ് അമിത്ഷാ. രാജ്യം മുഴുവന്‍ കലാപക്കളമായിട്ടും ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത്ഷായും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്യുന്ന കാര്യങ്ങളാണ് ഇവ. കലാപത്തിന് തിരി കൊളുത്തിയതില്‍ കപില്‍ മിശ്രയ്ക്കുള്ള പങ്ക് ചെറുതല്ല. ഞായറാഴ്ച വടക്കുകിഴക്കന്‍ മേഖലാ ഡി.സി.പിയെ ഒപ്പംനിര്‍ത്തിയാണ് ഡല്‍ഹി പൊലീസിന് തങ്ങള്‍ മൂന്നു ദിവസത്തെ സമയം നല്‍കുകയാണെന്നും അതു കഴിഞ്ഞാല്‍ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്നും കപില്‍ മിശ്ര പ്രസംഗിച്ചതും പിന്നീട് ഇതേ കാര്യം ട്വീറ്റ് ചെയ്തതും. കപില്‍ മിശ്രയ്‌ക്കെതിരെ എന്തെങ്കിലും നടപടി എടുക്കാന്‍ സര്‍ക്കാരോ ബി.ജെ.പിയോ തയാറായിട്ടില്ല. അതിനിടെ, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് കാരണം ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളാണെന്ന് ആരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത് ആശ്വാസം നല്‍കുന്നതാണ്. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്. അക്രമം നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ജി.എസ് സിസ്താനി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് അടിയന്തര വാദം കേള്‍ക്കാനുള്ള അപേക്ഷ നല്‍കിയത്. ഡല്‍ഹിയുടെ പല ഭാഗങ്ങളില്‍നിന്നും തൊഴിലില്ലാതെ നടക്കുന്ന ചെറുപ്പക്കാരെ ‘സി.എ.എ അനുകൂല സമക്കാര്‍’ എന്ന വ്യാജേനെ കൊണ്ടുവന്നിറക്കുന്നതും ഹെല്‍മറ്റ് ധരിച്ച അവര്‍ ആക്രമണം അഴിച്ചുവിടുന്നതും കടകളും വീടുകളും കത്തിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യമൊട്ടാകെ പൗരത്വ നിയമ ഭേദഗതിക്കും എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നവേളയാണിത്. തുടക്കത്തില്‍ ഉത്തര്‍പ്രദേശ് പോലെ ചില പ്രദേശങ്ങള്‍ ഒഴിച്ചാല്‍ പ്രതിഷേധങ്ങള്‍ പൂര്‍ണമായും സമാധാനപൂര്‍ണമായിരുന്നു. ദേശീയ പതാകയും കൈയിലേന്തി, ദേശീയ ഗാനം പാടി, ഭരണഘടനയുമായി തെരുവില്‍ നില്‍ക്കുന്ന ജനങ്ങളുടെ ചിത്രം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതുന്നതുമാണ്.
ഷാഹിന്‍ബാഗിലെ സ്ത്രീകള്‍ ബി.ജെ.പിയും സംഘ്പരിവാറും ഡല്‍ഹി പൊലീസും ഒരുക്കിയ കെണിയില്‍ വീഴാതെ പിടിച്ചുനില്‍ക്കുന്നത് അവര്‍ മുന്നോട്ടുവെക്കുന്ന സമരമാതൃക കൊണ്ടാണ്. എന്നാല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അതല്ല ഉണ്ടായതെന്നത് വ്യക്തമാണ്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മിക്ക സ്ഥലങ്ങളും ഹിന്ദു-മുസ്‌ലിം സമുദായക്കാര്‍ ഒരുമിച്ച് താമസിക്കുന്ന മേഖലകളാണ്. എന്നാല്‍ ഹിന്ദു വീടുകള്‍ക്ക് മുകളില്‍ കാവിക്കൊടി കെട്ടുന്നതും ക്ഷേത്രത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റുമൊക്കെ ഗുജറാത്ത് മോഡലിന്റെ അതേ ഓര്‍മപ്പെടുത്തലാണ് ഉണ്ടാക്കുന്നത്. വാഹനങ്ങളില്‍ കല്ലുകള്‍ കൊണ്ടുവന്ന് ഇറക്കുന്നതും അക്രമികളെ അയല്‍ പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവന്ന് ഹെല്‍മെറ്റും ധരിപ്പിച്ച് ജയ് ശ്രീറാം വിളികളോടെ കൊള്ളക്കും കൊലക്കും ഇറക്കിവിടുന്നതും മുമ്പു കണ്ടിട്ടുള്ളതാണ്. അതേ മാതൃകയാണ് ഇവിടെയും സംഭവിക്കുന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സാമുദായിക ചേരിതിരിവിലേക്ക് വഴിതിരിച്ചുവിടാന്‍ കപില്‍ മിശ്രയെപ്പോലുള്ളവരും ഗിരിരാജ് സിങിനെപ്പോലുള്ള തീവ്രവര്‍ഗീയവാദികളായ നേതാക്കളുമൊക്കെ ശ്രമിച്ചിട്ടും ഇന്നും പൗരസമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളുടേയും വലിയ പിന്തുണ ഈ സമരങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് അവസാനിപ്പിച്ച്, പ്രതിഷേധം ഭൂരിപക്ഷ സമുദായത്തിന് എതിരാണ് എന്ന രീതിയിലേക്ക് കൊണ്ടുവരാന്‍ വലതുപക്ഷ സംഘടനകള്‍ നടത്തുന്ന നീക്കം വിജയിക്കുന്നു എന്നു കൂടിയാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ബീഹാര്‍, കിഴക്കന്‍ യു.പിയില്‍ നിന്നുള്ളവരായ പൂര്‍വാഞ്ചലികള്‍ താമസിക്കുന്ന മേഖലകള്‍ കൂടിയാണ് ഇപ്പോള്‍ കലാപമുണ്ടായ പ്രദേശം. അടുത്തു നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിലേക്കുള്ള ധ്രുവീകരണമായി കൂടി ഇപ്പോഴത്തെ കലാപത്തെ കാണുന്നതിലും തെറ്റില്ല. അതിനുള്ള വഴിമരുന്നിടലാണോ കപില്‍ മിശ്രയപ്പോലുള്ളവരെ മുന്‍നിര്‍ത്തി ആസൂത്രണം ചെയ്തിരിക്കുന്നത് എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.
ജനാധിപത്യ സമൂഹത്തില്‍ പുലരേണ്ട സാമാന്യ മര്യാദകള്‍ പോലും കാറ്റില്‍പ്പറത്തിയാണ് കേന്ദ്ര സര്‍ക്കാരും പൊലീസുമൊക്കെ, സമാധാനപരമായ സമരങ്ങളെ നേരിടുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും പേരില്‍ ആശങ്കയുള്ളവര്‍ തന്നെയാണ് പ്രതിഷേധിക്കാനായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. കാരണം, രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുമെന്ന് നിരവധി തവണ ആവര്‍ത്തിച്ചത് അമിത്ഷാ തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പറയുമ്പോഴും വസ്തുതകള്‍ അങ്ങനെയല്ല. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിന്റെ ഫലം കാണുന്ന, 19 ലക്ഷം മനുഷ്യര്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് പോകാന്‍ നാളെണ്ണി കഴിയുന്നത് കാണുന്ന മനുഷ്യര്‍ തന്നെയാണ് പ്രതിഷേധിക്കാനിറങ്ങിയത്. അവരുടെ ആശങ്കകളെ ഏതെങ്കിലും വിധത്തില്‍ തള്ളിക്കയാനാകില്ല. എന്നാല്‍ ഒരുവിധത്തിലും ഇവരെ കേള്‍ക്കില്ല എന്നാണ് സര്‍ക്കാരിന്റെ വാശി. മറിച്ച് പൊലീസിനെ കയറൂരിവിട്ട് സമരം അടിച്ചമര്‍ത്താനും രാജ്യദ്രോഹ കുറ്റം ചുമത്താനും വസ്തുവകകള്‍ പിടിച്ചെടുക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വിധത്തില്‍ സമരം പൂര്‍ണമായി ഇല്ലാതായിക്കൊള്ളും എന്നായിരുന്നു സര്‍ക്കാരിന്റെ ധാരണ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന സമയത്ത് പ്രശ്‌നമുണ്ടാക്കി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ ഗൂഡാലോചനയാണ് കലാപമെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയും കപില്‍ മിശ്രയുമൊക്കെ ആരോപിക്കുന്നത്. ഇത് ബി.ജെ.പി ഉപയോഗിച്ച് പഴകിപ്പൊളിഞ്ഞ ഒരു വാദം തന്നെയാണ്. കുറ്റക്കാര്‍ സ്വന്തം കൂട്ടത്തില്‍ തന്നെ ഉള്ളപ്പോള്‍, അതിനെ മറച്ചുവെക്കാനും ആവലാതികള്‍ ഉള്ളവര്‍ ഉയര്‍ത്തുന്ന കാര്യങ്ങളെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടത്തിയതുകൊണ്ട് കാര്യമില്ല. കേന്ദ്രം ഭരിക്കുന്നവര്‍ക്കാണ് ഡല്‍ഹിയിലെ ക്രമസമാധാനത്തിന്റെ ചുമതല. അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയിലുള്ളപ്പോള്‍ അവിടെ കലാപം നടക്കുകയെന്നാല്‍ രാജ്യതലസ്ഥാനം പോലും സംരക്ഷിക്കാന്‍ കെല്‍പ്പില്ലാത്തവരാണ് ഭരിക്കുന്നത് എന്നാണര്‍ത്ഥം. രാജ്യത്ത് കഴിഞ്ഞ കുറെ മാസങ്ങളായി നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് പ്രധാനമായും അമിത്ഷാക്കാണ്. മറ്റേതെങ്കിലും സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ആഭ്യന്തര മന്ത്രി എന്നേ പദവി ഒഴിയേണ്ടി വരുമായിരുന്നു. അരവിന്ദ് കെജ്‌രിവാള്‍ എന്ന നവരാഷ്ട്രീയക്കാരന്‍ ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിച്ചവച്ചു നടക്കുന്ന ആളല്ല. മൂന്നാം തവണയും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ കെജ്‌രിവാള്‍ അക്രമസംഭവങ്ങളെ അപലപിച്ച് കരയ്ക്കിരുന്നു കളി കാണുന്നത് ഒട്ടും ഉചിതമല്ല. ഡല്‍ഹിയിലെ പൊലീസും ക്രമസമാധാനപാലനും കേന്ദ്രത്തിന്റെ ചുമതലയാണെങ്കില്‍ ഡല്‍ഹി അദ്ദേഹത്തിന്റെ ചുമതലയിലാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് കെജ്‌രിവാളിനെയാണ് എന്നതു കൊണ്ടാണ് അവര്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. കലാപ സമയത്ത് തന്റെ മന്ത്രിമാരെയും എം.എല്‍.എമാരെയുംകൂട്ടി അവിടങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും കെജ്‌രിവാളിനെ ആരെങ്കിലും തടഞ്ഞിരുന്നോ? അതോ, ഹിന്ദു സമൂഹത്തിന്റെ വോട്ട് നഷ്ടപ്പെടും എന്നു കരുതി, ഡല്‍ഹി പൊലീസ് ജാമിഅയിലും ജെ.എന്‍.യുവിലും ജുമാമസ്ജിദിലും ഡല്‍ഹിയിലെ മറ്റ് ഭാഗങ്ങളിലുമൊക്കെ അഴിഞ്ഞാടിയപ്പോള്‍, ഭീരുവിനെപോലെ ഒളിച്ചിരുന്ന രാഷ്ട്രീയക്കാരനെയല്ല ഡല്‍ഹിക്ക് ആവശ്യം.
കലാപമുണ്ടായിരിക്കുന്നത് രാജ്യതലസ്ഥാനത്താണ്. രാജ്യതലസ്ഥാനത്ത് ഈവിധം കലാപങ്ങളുണ്ടാകുന്നത് തടയാന്‍ പോലും കഴിയുന്നില്ല എങ്കില്‍ വലിയ നാണക്കേടു തന്നെയാണ്. ഇത് രാഷ്ട്രീയ മുതലെടുപ്പാക്കാന്‍ നോക്കുന്നതിനു പകരം, കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അഭിസംബോധന ചെയ്യുകയും ജനങ്ങളുടെ ആശങ്കയകറ്റുകയുമാണ് ചെയ്യേണ്ടത്.

SHARE