ഷഹീന്‍ ബാഗിലെ പ്രക്ഷോഭം

എം ഉബൈദുറഹ്മാന്‍

പുതിയ മിത്തുകള്‍ രൂപപ്പെടുമ്പോള്‍ നിലവിലെ പ്രചാരക സംഘം ഹാലിളകുന്നത് സ്വാഭാവികം. ഇന്ത്യയിലെ പ്രചാരക സംഘങ്ങളും മാധ്യമങ്ങളും ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഉപായങ്ങള്‍ കണ്ട് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഭരണകൂടത്തിന്റെ പഴയ മിത്തുകളിലൂന്നിയ പരിപാടികള്‍ മുമ്പേ പോലെ ഫലം കാണുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അമിത് ഷായും നരേന്ദ്ര മോദിയും രാജ്യസ്‌നേഹത്തിന്റെയും, ക്രമസമാധാന പ്രശ്‌നങ്ങളുടെയും മുദ്രാവാക്യങ്ങളാണ് ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷാധിഷ്ഠിത സമുദായത്തിന്റെ അംഗങ്ങളാകട്ടെ, പുരുഷ കേന്ദ്രീകൃത , പൗരുഷ ബലിഷ്ഠതയുടേതായ അക്രമണോത്സുകതയുടെ പഴയ ശൈലി തോക്കുകള്‍ ചുഴറ്റിയും മറ്റും നടപ്പാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നു. പക്ഷെ ഇതൊന്നും മുമ്പെത്തെതു പോലെ ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. ഇന്ത്യന്‍ ജനാധിപത്യം ഒരു പുതിയ ഇതിഹാസം പിറവി കൊള്ളുന്നത് കൗതുകത്തോടെ നോക്കിയിരിക്കുകയാണിപ്പോള്‍. ഷഹീന്‍ ബാഗില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങള്‍ നോക്കുന്ന ആരും സാക്ഷിയാവുന്നത് ഈ മിത്ത് പിറവിയെടുക്കുന്നതാണ്. പൗരത്വത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു ചെറിയ പെണ്‍ കൂട്ടത്തിന് ജനാധിപത്യ ചരിത്രത്തിന്റെ ഗതി തന്നെ മാറ്റാനും , രാജ്യ സ്‌നേഹത്തിനും, സുരക്ഷാ സങ്കല്‍പങ്ങള്‍ക്കും തങ്ങളുദ്ദേശിക്കുന്ന സങ്കുചിത വ്യാഖ്യാനങ്ങള്‍ കല്പിക്കുന്ന ഒരു ഭരണകൂടത്തെ വെല്ലുവിളിച്ച് ജനാധിപത്യത്തിന് ഒരു പുതു ജീവ ദായകമായ മിത്ത് സൃഷ്ടിക്കാനും കഴിയുമെന്ന് ആരും കരുതിക്കാണില്ല. ഭൂരിപക്ഷാധിഷ്ഠതയുടെ വേദോപദേശങ്ങളെയും, പൗരോഹിത്യ ഭരണത്തെയും വെല്ലു വിളിക്കുന്ന ജനാധിപത്യത്തിന്റെ ഒരു നവ ഇതിഹാസമായി വേണം ഷഹീന്‍ ബാഗിനെ വായിക്കപ്പെടേണ്ടത്.
ഞാനിത് ആദ്യമായി മനസിലാക്കിയത് അക്കാദമിക പണ്ഡിതനായ എന്റെ ഒരു സുഹൃത്ത് ആഹ്ലാദം പൂണ്ട് എന്നെ സന്ദര്‍ശിച്ച വേളയിലാണ്. പൊതുവെ ലോകത്തെത്തന്നെ വിമര്‍ശനാത്മകമായി കാണുന്ന അദ്ദേഹം ആവേശപൂര്‍വമായിരുന്നു എന്റെയടുത്ത് വന്നതും ഒരു കഥാ ആഖ്യാനത്തിന് നമ്മുടെ രാജ്യത്ത് തുടക്കമിട്ടെന്ന് അവകാശപ്പെട്ടതും. താന്‍ ഷഹീന്‍ ബാഗില്‍ പോവുകയും തനിക്കും ഇപ്പോള്‍ ജനാധിപത്യത്തെ ക്കുറിച്ചുള്ള ഒരു ‘കഥ’ ആരംഭിക്കുക മാത്രമല്ല ജനാധിപത്യത്തിന്റെ ‘അറേബ്യന്‍ രാവുകള്‍’ സൃഷിടിക്കുകയോ, പുനരാഖ്യാനം നടത്തുകയോ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഞാന്‍ ആദ്യം കരുതിയത് എന്റെ സുഹൃത്ത് ഒരു സ്വപ്‌ന ജീവിയായി തീര്‍ന്നിരിക്കുന്നു എന്നാണ്. പക്ഷെ കാല്പനികത്വവും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഏതൊരു മിത്തിന്റെയും ഉള്ളടക്കം വൈരുധ്യങ്ങളും, ദ്വയങ്ങളും , അനുരജ്ഞനങ്ങളുമാണ്. ഷഹീന്‍ ബാഗ് ചെയ്യുന്നതും. മറിച്ചല്ല. പൗരത്വം എന്നത് ഇന്നൊരു മധ്യവര്‍ഗ ആശയമാണെന്നാണ് എന്റെ സുഹൃത്ത് പറഞ്ഞത്. പൗരത്വത്തില്‍ ന്യൂനപക്ഷത്തിന്റെ ദുര്‍ബലതക്ക് ഒട്ടും തന്നെ ഇടമില്ല താനും. ഷഹീന്‍ ബാഗില്‍ ഇന്ത്യയിലെ ന്യൂനപക്ഷം കാണിച്ചു കൊടുത്തത് ന്യൂനപക്ഷങ്ങള്‍ ന്യൂനപക്ഷാധിഷ്ഠിതമാവേണ്ടതില്ലെന്നാണ്. അതായത് അവര്‍ നിഷ്‌ക്രിയത്വത്തിന്റെ ചെളിക്കുഴിയില്‍ വീണ് ഉരുളേണ്ടവരല്ല എന്നത് തന്നെ. ജനാധിപത്യത്തിന്റെ പേരില്‍ , ജനാധിപത്യത്തിന്റെ സര്‍വസ്വത്തിനും വേണ്ടി, അവര്‍ക്ക് തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയുമെന്നാണ് ഷഹീന്‍ ബാഗ് കാട്ടിത്തരുന്നത്. എന്റെ സുഹൃത്ത് പറഞ്ഞ തൊക്കെയും എന്നെ ആകര്‍ഷിച്ചെന്ന് മാത്രമല്ല, ഞാന്‍ പോയി ഷഹീന്‍ ബാഗിലേക്ക് ‘തീര്‍ത്ഥാടനം’ നടത്തുന്നവരെ കാണുകയും ചെയ്തു. ഒരു മിത്ത് നില നില്‍ക്കാനാവശ്യം വിശ്വാസവും ശക്തമായ ഒരു കഥയുമാണെങ്കില്‍ ഷഹീന്‍ ബാഗിന് ഇതു രണ്ടും നിശ്ചയമായും ഉണ്ട്.
ഞാനൊരു കണിശക്കാരനായതു കൊണ്ടാവാം ഷഹീന്‍ ബാഗിന്റെ മിത്ത് പുന:സൃഷ്ടിക്കുന്ന ജനക്കൂട്ടവുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയത്. ഐതിഹാസിക പ്രതിഷേധം നടത്തിയ ഒരു പറ്റം മുസ്ലിം വീട്ടമ്മമാരുടെ കഥകളുടെ സമാഹാരമല്ല ഷഹീന്‍ ബാഗെന്നും മറിച്ച് അതൊരു ‘കാരിസ് മാറ്റിക്’ ശക്തിയാര്‍ജിച്ച ഒരു പ്രാദേശിക സംഭവമാണെന്നും വ്യക്തം.
വിരോധാഭാസമെന്ന് പറയട്ടെ , ഈ പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക വഴി മാധ്യമങ്ങളും, അവരറിയാതെ ആണെങ്കിലും,പ്രക്ഷോഭത്ത സഹായിക്കുകയാണ് ചെയ്തത്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ പറഞ്ഞത് എങ്ങനെ ഒരു ദുര്‍ബല വിഭാഗത്തിന് അധികാരത്തെ വെല്ലുവിളിക്കാന്‍ കഴിയുമെന്നതാണ്. വക്ലാവ് ഹാവല്‍സിന്റെ പ്രശസ്തമായ ‘അധികാരമില്ലാത്തവരുടെ അധികാരം’ എന്ന പ്രബന്ധത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള ഇന്ത്യന്‍ ആവിഷ്‌കാരം.
രസകരമെന്ന് പറയട്ടെ, സ്ത്രീകളുടെ ഈ പ്രക്ഷോഭം അവര്‍ പോലും നിനക്കാത്ത ഒരു ഗതിയാണ് എടുത്തത്. പലപ്പോഴും ദുര്‍ബലമായി പോവുന്ന സ്ത്രീ ശരീരം ഇന്ന് പ്രതിഷേധത്തിന്റെ ശക്തമായ പ്രതീകമാണ്. കഴിഞ്ഞ ഏതാനും ശതകങ്ങളായി ബലാല്‍സംഗം,കലാപം, തുടങ്ങിയവയോടെല്ലാം നിസ്സംഗമായിരുന്ന സ്ത്രീ ശരീരം ഇന്ന് സക്രിയതയുടെ ഒരു കൊട്ടകമായി മാറിയിരിക്കുന്നു. അത് ഇന്ന് പ്രതിഷേധമാധ്യമത്തിന്റെ ഒരു വേദിയാണ്. കലാപകാരികളായ ജനക്കൂട്ടം എളുപ്പത്തില്‍ കൈ അടക്കിയിരുന്ന തെരുവുകള്‍ ഇന്ന് വൈവിധ്യത ഉദ്‌ഘോഷിക്കുന്ന ജനാധിപത്യ വേദികളായി മാറിയിരിക്കുന്നു. മുത്തശ്ശിമാരും, അമ്മമാരും അവരുടെ കുട്ടികളും ഒരുമിച്ച് അണിനിരക്കുന്ന സമരവേദി പ്രായത്തിന് അതീതമായ തലമുറകളുടെ ഒരു സംഗമ വേദിയായി മാറിയിരിക്കുന്നു.
ഈ അരങ്ങില്‍ പൗരന്‍മാര്‍ കേവലം കാഴ്ചക്കാരല്ല, മറിച്ച് അഭിനേതാക്കള്‍ കൂടിയാണ്. ഷഹീന്‍ബാഗ് സൃഷ്ടിക്കുന്നത് ഇരകളാക്കപ്പെടുന്നത് എങ്ങനെ എന്നുള്ള പഠനത്തില്‍ നിന്നും പൗരത്വത്തിന്റെതായ സര്‍ഗാത്മകത എങ്ങനെ എന്നതിലേക്കുള്ള ഒരു മാറ്റമാണ്. രാഷ്ട്രീയമായി ശരിയാണെങ്കിലും, ഭൂരിപക്ഷാധിഷ്ഠിത വര്‍ഗത്തിന്റെ ഭീഷണിക്ക് വശംവദരായി രാഷ്ട്രീയമായി ശരിയായതും ന്യായമായതുമായ കാര്യങ്ങളില്‍ പോലും ന്യൂനപക്ഷങ്ങള്‍ മൗനമവലംബിക്കുന്ന ഒരു രീതിയും ഷഹീന്‍ ബാഗ് തകര്‍ത്തെറിയുന്നു. ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലൂടെയും പൗരത്വം എന്നത് അധികാരികള്‍ നല്കുന്ന കേവലം ഒരു സാക്ഷ്യപത്രമല്ല മറിച്ച് ഭരണഘടനാപരമായ ഒരു പുണ്യാവകാശമാണെന്ന് സ്ഥാപിക്കുന്നതിലൂടെയും വ്യക്തമാവുന്നത് മുസ്ലിം സ്ത്രീകള്‍ അവരുടെഇരട്ട ന്യൂനപക്ഷതയെയാണ് വലിച്ചെറിയുന്നത്
ഇവിടെ പഠനത്തിന് വിധേയമാക്കേണ്ടത് രണ്ട് മിത്തുകള്‍ തമ്മിലുള്ള സംഘട്ടനത്തെയാണ്. അധികാരത്തിലേക്കുയര്‍ന്ന ബി ജെ പി യുടെ മേല്‍കോയ്മയുടെതായ മിത്താണ് ഒന്നെങ്കില്‍ രണ്ടാമത്തത്, ഷഹീന്‍ ബാഗിലെ പൗരത്വത്തിന്റെ തായ മിത്താണ്. ബി ജെ പി യുടെ അധികാരത്തിലേക്കുള്ള വരവിന്റെ നാന്ദി കുറിക്കപ്പടുന്നത് ഗുജറാത്ത് കലാപത്തോടെയാണ്. മതനിരപേക്ഷത എന്നത് വൈവിധ്യത ആണെന്നത് ഭൂരിപക്ഷാധിഷ്ഠിതക്ക് വഴി മാറി. ഷഹീന്‍ ബാഗ് വീട്ടമ്മമാരുടെ സമാധാനപരമായ പ്രക്ഷേഭമാണെങ്കില്‍ ഗുജറാത്ത് ആള്‍ക്കൂട്ടവും ഹിന്ദുത്വകേഡര്‍മാരും ഒരുമിച്ച് നടത്തിയ കലാപമായിരുന്നു. 2002 വംശഹത്യയുടെ ദുര്‍ഗന്ധമാണ് പേറുന്നതെങ്കില്‍ ഷഹീന്‍ ബാഗ് ഓര്‍മപ്പെടുത്തുന്നത് ഉപ്പുസത്യാഗ്രഹത്തെയാണ്. രണ്ടാമതായി, ഇന്നത്തെ ഭരണകൂടം ഭൂരിപക്ഷാധിഷ്ഠതയും , ഏകത്വവുമാണ് ഉദ്‌ഘോഷിക്കുന്നതെങ്കില്‍ ഷഹീന്‍ ബാഗ് വിളിച്ചോതുന്നത് നാനാത്വത്തിന്റെ സര്‍ഗാത്മകതയും, ഏകശിലാരൂപത്തെ വൈവിധ്യതക്കൊണ്ട് എങ്ങനെ നേരിടാം എന്നതും, സമൂഹത്തെ മൊത്തം തന്നെ എങ്ങനെ കേഡറുകള്‍ക്കെതിരെ അണിനിരത്താം എന്നത് സംബന്ധിച്ചുമാണ്. ഷഹീന്‍ ബാഗ് ഒരു പ്രതിഷേധ സമരരൂപമായി ശരീരത്തിന്റെ വാചാലതയെ ആഘോഷിക്കുമ്പോള്‍ 2002 ലെ കലാപത്തില്‍ ശരീരം മൗനത്തിലേക്ക് നിപതിക്കുന്ന കാഴ്ചക്കായിരുന്നു നാം സാക്ഷ്യം വഹിച്ചത്. ഷഹീന്‍ ബാഗ് നാനാത്വത്തിന്റെ കാവ്യമാണ് രചിക്കുന്നത്. അതിന്റെ പ്രതീകാത്മക വളരെ സ്പഷ്ടമായത് കൊണ്ട് തന്നെയാണ് അമിത് ഷാ അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നത്. ഷഹീന്‍ ബാഗിലെ അമ്മമാരുടെയും കുട്ടികളുടെയും മുമ്പില്‍ പകച്ചു പോയ പുരുഷാധിഷ്ഠിത ഭരണകൂടത്തിന്റെ സ്ത്രീ വിരോധമാണ് തെരുവില്‍ കേട്ട വെടിയൊച്ചകള്‍ തെളിയിക്കുന്നത്. ബി ജെ പി ചാണക്യന്‍മാര്‍ ഷഹീന്‍ ബാഗിനെയും, ഭീകരവാദവുമായും നഗര നക്‌സലുകളുമായെല്ലാം ബന്ധപ്പെടുത്തുന്നു. മാത്രമല്ല അത് പൗര ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായും, വാഹന ഗതാഗത്തെ തടസപ്പെടുത്തുന്നതായും വിമര്‍ശിക്കപ്പെടുന്നുമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നിന്ദ്യമായ, അരസികമായ ആഖ്യാനങ്ങളൊന്നും തന്നെ ഒരു മിത്തിന് പകരം വെക്കാനാകില്ല.
ഭരണകൂടത്തിനും മനസിലായിരിക്കുന്നു തോക്കുണ്ടകളും കലാപങ്ങളുമൊന്നും തന്നെ സമാധാനപരമായ പ്രക്ഷോഭത്തിന്റെ ശാന്തതയെ ഭഞ്ജിക്കാന്‍ പര്യാപ്തമാവില്ലെന്ന് . ഇപ്പോള്‍ ഷഹീന്‍ ബാഗിലെ മിത്തിന് ഇന്ത്യന്‍ ജനാധിപത്യന്റെ തെരുവോരങ്ങളിലെല്ലാം പ്രതിമിത്തുകള്‍ തീര്‍ക്കപ്പെടുന്ന കാഴ്ചക്കും നാം സാക്ഷ്യം വഹിക്കുന്നു. പക്ഷെ ഷഹീന്‍ ബാഗിന് കുഞ്ഞുങ്ങളുടെ സാന്നിധ്യം കൂട്ടിച്ചേര്‍ക്കുന്നതായ ഒരു നൈര്‍മല്യമുണ്ട്, ശൈശവത്തിന്റെ നൈര്‍മല്യമാണ് പൗരബോധ പഠനത്തിന്റെ ആമുഖമെന്ന് അവരുടെ ശിശുസഹജമായ നിഷ്‌കളങ്കതയിലൂടെ കാണിച്ചു കൊണ്ടിരിക്കുന്നു. ഷഹീന്‍ ബാഗ് മിത്തിന്റെ സ്വാഭാവികത, സാമൂഹികതാബോധം, ഉദ്ദേശശുദ്ധി മുതലായവയാണ് ബി ജെ പി യുടെ പ്രബല മിത്തിനെ പതിയിരുന്നാക്രമിക്കുന്നത്. ഷഹീന്‍ ബാഗിനെ കേവലം ഒരു വാര്‍ത്താ ശകലമായല്ല അഭിമുഖീകരിക്കേണ്ടത് , മറിച്ച് ഒരു മിത്ത് ആയിട്ടാണ്. അതുകൊണ്ട് തന്നെ ഒരു ആശയ, ആദര്‍ശ സംഘട്ടനത്തിനാണ് ഇവിടെ തുടക്കം കുറിക്കപ്പെടുന്നതും.
കടപ്പാട്: ദി ടെലഗ്രാഫ്‌

SHARE