കേരളം കാണാത്ത കണക്കുമായി ധനമന്ത്രി

പി.പി മുഹമ്മദ്

‘ഈ സര്‍ക്കാരിന്റെ കാലത്ത് 17,614 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.വളരെയേറെ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തസ്തികകള്‍ക്ക് അനുവാദം നല്‍കിയത്.എന്നാല്‍ ഇങ്ങനെയൊരു പരിശോധനയോ സര്‍ക്കാരിന്റെ അറിവോ ഇല്ലാതെ 18,119 തസ്തികളാണ് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ സൃഷ്ടിക്കപ്പെട്ടത്.13,255 പേര്‍ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുകയും ചെയ്യുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തെ തുടര്‍ന്ന് അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ ഒരു അധ്യാപകന് 45 കുട്ടികളില്‍ നിന്നും 30 കുട്ടികളായും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 35 കുട്ടികളായും കുറച്ചു. എന്നു മാത്രമല്ല ഈ അനുപാതത്തേക്കാള്‍ ഒരുകുട്ടി കൂടുതലുണ്ടെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കാമെന്ന് വ്യാഖ്യാനമുണ്ടായി. ഉപജില്ലാ തലത്തില്‍ എ.ഇ.ഒ അംഗീകരിച്ചാല്‍ തസ്തികയായി. തസ്തികകള്‍ സൃഷ്ടിച്ചതിനെകുറിച്ച് അനേകം പരാതികള്‍ ലഭിച്ചിട്ടുണ്ട്.ഈ പരാതികളില്‍ പരിശോധന നടത്തിയേ തീരൂ.ഒരു കുട്ടി വര്‍ധിച്ചാല്‍ ഒരു തസ്തിക എന്ന സ്ഥിതി മാറ്റണം.സര്‍ക്കാര്‍ അറിഞ്ഞേ തസ്തികകള്‍ സൃഷ്ടിക്കാവു.ഇതിനുതകുന്ന രീതിയില്‍ കെ.ഇ.ആര്‍ ഭേദഗതി ചെയ്യും’. സംസ്ഥാന ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച 2020-21 ബജറ്റ് പ്രസംഗത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശമാണിത്. 194 പേജുള്ള ബജറ്റ് പ്രസംഗത്തിന് എട്ട് ഭാഗങ്ങളാണുള്ളത്. ഏഴാമത്തെ ഭാഗത്തുള്ള നികുതി നിര്‍ദ്ദേശങ്ങളിലെ ചെലവ് ചുരുക്കല്‍ വിഭാഗത്തിലാണ് വിവാദ വിഷയമുള്ളത്.
നമ്പര്‍ 205 അധിക ചെലവുകള്‍ നിയന്ത്രിക്കണമെന്നും നമ്പര്‍ 206 ക്ഷേമ-സേവന പ്രവര്‍ത്തനങ്ങളില്‍ അനര്‍ഹരെ ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു. നമ്പര്‍ 207 മുകളില്‍ കൊടുത്തിരിക്കുന്നത് നിയമനാംഗീകാരം കാത്തുകഴിയുന്ന നാലായിരത്തോളം അധ്യാപകരെ ബാധിക്കുന്നതാണ്. ഈ നിര്‍ദേശമാണ് സര്‍ക്കാറും എയ്ഡഡ് സ്‌കൂള്‍ മേനേജ്‌മെന്റും തമ്മിലുള്ള പോരിന് കാരണമായതും. ഇതില്‍ പറയുന്ന സംരക്ഷിത അധ്യാപകരുടെ (പ്രൊട്ട്ക്റ്റഡ്) കണക്ക് കേരളം ഇതുവരെ കേള്‍ക്കാത്തതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് പറയാതെ പറയുകയാണ് ധനമന്ത്രി. പരിശോധനയോ സര്‍ക്കാരിന്റെ അറിവോ ഇല്ലാതെ 18,119 തസ്തികളാണ് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ സൃഷ്ടിച്ചതെന്നാണ് ബജറ്റില്‍ പറയുന്നത്. തസ്തിക സൃഷ്ടിക്കാനുള്ള അധികാരം നിലവില്‍ വിദ്യാഭ്യാസ വകുപ്പിനാണ്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസിലേക്കാവശ്യമായ അധ്യാപകരെ എയ്ഡഡ് സ്‌കൂളാണെങ്കില്‍ മാനേജര്‍മാര്‍ നിയമിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസ വകുപ്പ് പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്നും നിയനം നടത്തും. നിയമനാംഗീകാരവും തസ്തിക നിര്‍ണ്ണയവും നടത്തേണ്ടത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (എ.ഇ.ഒ), ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡി.ഇ.ഒ) എന്നിവരാണ്. തസ്തിക നിര്‍ണ്ണയത്തിലും നിയമനാംഗീകാരത്തിലും പരാതിയുണ്ടെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ (ഡി.ഡി.ഇ), ഡയരക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍(ഡി.ജി.ഇ), പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി തുടങ്ങിയ ഉന്നതാധികാരികള്‍ക്ക് അപ്പീല്‍ അപേക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ട്. 163 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും (എ.ഇ.ഒ), 41 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും (ഡി.ഇ.ഒ) 14 ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍മാരും (ഡി.ഡി.ഇ) തസ്തിക ഉണ്ടാക്കിയത് അനധികൃതവും നിയമവിരുദ്ധമാണെന്നല്ലെ ഇതിന്റെ അര്‍ത്ഥം.
13,255 പേര്‍ പ്രൊട്ടക്റ്റഡ് അധ്യാപകരായി തുടരുന്നുണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍. 18,119 അധിക തസ്തിക ഉണ്ടാക്കിയത് വെറെയും. ഇത് രണ്ടും പൊരുത്തപ്പെടുന്നില്ല. 13,255 പ്രൊട്ടക്റ്റഡ് (സംരക്ഷിതരായ) അധ്യാപകര്‍ നിലവിലുള്ളപ്പോള്‍ എന്തിനാണ് 18,119 പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ചതെന്നാണ് ധനം കണ്ടെത്തേണ്ട മന്ത്രിയുടെ ചോദ്യം. മന്ത്രി ബജറ്റില്‍ പറയുന്ന പ്രൊട്ടക്റ്റഡ് അധ്യാപകരുടെ എണ്ണം തെറ്റാണെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രേഖകള്‍ പരസ്യപ്പെടുത്തുന്നു. അധ്യയന വര്‍ഷം, ബ്രാക്കറ്റില്‍ അധ്യാപകുടെ എണ്ണം. 1996-97 (2239), 1998-99 (2195), 2000-01 (3926), 2001-02 (5053), 2003-04 (3738), 2018-19 (3815), 2019-20 (3438). വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം സംരക്ഷിത അധ്യാപകരെ അതത് ജില്ലകളിലെ മാതൃ സ്‌കൂളുകളില്‍ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചില വിഷയാധ്യാപകരെ ജില്ലകളിലെ മറ്റ് സ്‌കൂളുകളിലും ജോലി ചെയ്യുന്നുണ്ട്. വസ്തുത ഇതായിരിക്കെ ഇല്ലാത്ത കണക്കിന്റെ ബലത്തില്‍ നിയമിച്ചവരുടെ അംഗീകാരം പിടിച്ചെടുക്കാനുള്ള നീക്കമാണിത്. (സംരക്ഷിത അധ്യാപകരുടെ ജില്ല തിരിച്ച് ഏഴ് വര്‍ഷത്തെ കണക്ക് പട്ടിക കാണുക)
വിദ്യാഭ്യാസത്തിന് കേന്ദ്ര- സംസ്ഥാന ഭരണ കൂടങ്ങള്‍ തുക നീക്കിവെക്കുന്നത് ലാഭ-നഷ്ട കണക്ക് നോക്കിയിട്ടല്ല. വിദ്യാഭ്യാസ ചെലവ് നിക്ഷേപമാണ്. വിദ്യാഭ്യാസമുണ്ടെങ്കിലേ പുരോഗതി ഉണ്ടാവൂ. ഇന്ത്യന്‍ ഭരണഘടന ആറ് വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ഉറപ്പ്‌നല്‍കുന്നത്. പഠനത്തിനാവശ്യമായ സൗകര്യമൊരുക്കലും അധ്യാപകരെ നിയമിക്കലും ഭരണകൂടത്തിന്റെ ബാധ്യതയാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചാണ് കുട്ടികളുടെ എണ്ണം നിജപ്പെടുത്തിയത്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം എല്‍.പി സ്‌കൂള്‍ 1:30, യു.പി സ്‌കൂള്‍ 1:35 എന്നാക്കിയതോടെ നിരവധി അധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളില്‍ തസ്തികയുണ്ടായി, നിയമനമായി. സംരക്ഷിത അധ്യാപകരെ മാതൃസ്‌കൂളുകളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും തസ്തികയുണ്ടാക്കി നിയമിച്ചിട്ടുണ്ട്. ബജറ്റ് പ്രസംഗം പ്രാവര്‍ത്തികമായാല്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ നാലായിരത്തോളം അധ്യാപകരെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാര്‍ അറിയാതെയാണ് അധ്യാപക തസ്തിക ഉണ്ടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണം ധനകാര്യവകുപ്പ് ഏറ്റെടുക്കുകയാണിത്. സംസ്ഥാന തലത്തിലുള്ള അനുമതിയും അംഗീകാരവും ഇല്ലാതെ താഴെയുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഫയലുകളില്‍ തീരുമാനമെടുക്കാനാവില്ല. നല്‍കിയത് പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. ഇടത് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടനെ ചെയ്തത് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ നിയമനാധികാരത്തില്‍ കൈവെക്കുകയായിരുന്നു. വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി കൊണ്ട്‌വന്നതോടെ നിയമനാധികാര തര്‍ക്കം കോടതിയിലെത്തി. ഇപ്പോഴും തീര്‍പ്പായിട്ടില്ല. 2016 മുതല്‍ നിയമനാംഗീകാരം കാത്ത് കഴിയുന്ന പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള പതിനായിരത്തോളം അധ്യാപകര്‍ നാല് വര്‍ഷമായി വേതനമില്ലാതെ പണിയെടുക്കുന്നു. ഇല്ലാത്ത കണക്കുകള്‍ കാട്ടി പ്രശ്‌നങ്ങള്‍ക്കിടയിലൂടെ സ്‌കൂള്‍ അധ്യാപക നിയമനത്തിന് മുന്‍കൂര്‍ അനുമതിയും ശമ്പളത്തിന് സംസ്ഥാനതല അംഗീകാരവും വേണമെന്നായാല്‍ വിദ്യാഭ്യാസ വകുപ്പ് ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാവും.

SHARE