ഷാഹിന്‍ബാഗ് ചില ഗാന്ധി വിചാരങ്ങള്‍


ഇ.കെ ദിനേശന്‍

ഇന്ത്യ കണ്ട എക്കാലത്തെയും മഹാപ്രതിരോധം സ്വാതന്ത്ര്യ സമരത്തിന്റേതാണ്. അതും ലോകം കണ്ട ഏറ്റവും വലിയ സാമ്രാജത്വശക്തിക്ക് എതിരായ ജനകീയ പ്രതിരോധം. അതിന്റെ രാഷ്ട്രീയം സ്വന്തം രാജ്യത്ത് അടിമകളാകാന്‍ വിധിക്കപ്പെട്ടവര്‍ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനുള്ള ധീര പോരാട്ടത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ഏതെങ്കിലും പ്രത്യേക ദേശത്തെയോ, ഭാഷയെയോ, സംസ്‌കാരത്തെയോ അല്ല അത് പ്രതിനിധാനം ചെയ്തത്. മറിച്ച്, ഇന്ത്യന്‍ പൗരത്വത്തെയാണ്. ഇന്ത്യക്കാരന്‍ എന്ന ഏകത്വം അവിടെ ഒരു രാഷ്ട്രത്തിന്റെ സ്വത്വമായിരുന്നു. പൗരത്വത്തെ അപരത്വത്തിലേക്ക് മാറ്റിമറിച്ച് അധികാരഘടനയോട് ധീരമായി, നിരന്തരമായി പൊരുതി നേടിയതാണ് ഓരോ ഇന്ത്യക്കാരനും അവന്റെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യം നേടിയശേഷം സംഭവിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ സ്വഭാവത്തെ (രാഷ്ട്രീയത്തെ) നിര്‍ണ്ണയിച്ച പ്രധാന ഘടകം മഹാത്മഗാന്ധിജിയുടെ അഹിംസാത്മക സമര രീതിയാണ്. അതൊരു സമരരീതി എന്നതിലുപരി വ്യക്തിയുടെ ചിന്തയേയും സ്വഭാവത്തെയും ആഴത്തില്‍ സ്വാധീനിച്ചവയായിരുന്നു. ഹിംസയുടെ അടിസ്ഥാന സ്വഭാവം ഒരാളിന്റെ ബോധത്തില്‍നിന്നാണ് രൂപപ്പെടുന്നത്. അത് അയാള്‍ക്ക് പെട്ടെന്ന് സമൂഹത്തിലേക്ക് വിന്യസിപ്പിക്കാന്‍ കഴിയുന്നു. ഇത് ഫാസിസത്തിന്റെ ബാല മനസ്സാണ്. എത്ര ചെറിയ തിന്മക്കും വലിയ കലാപത്തെ നിര്‍മ്മിക്കാന്‍ കഴിയും എന്നതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ ചുറ്റുവട്ടത്ത് നിരവധി തവണ കണ്ടതാണ്. അതിന്റെ അനുഭവസ്ഥര്‍ ഇപ്പോഴും ഇരകളായി ജീവിക്കുന്നുണ്ട്. അത്തരം യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ നിന്നാണ് ഒരു നൂറ്റാണ്ടിന്മുമ്പ് ആരംഭിച്ച അഹിംസ എന്ന സമരത്തിന്റെ രാഷ്ട്രീയ ജൈവികതക്ക് ഇപ്പോഴും മുന്നോട്ടു നയിക്കാന്‍ കഴിയുമെന്ന് തെളിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ തെളിമയാര്‍ന്ന കാഴ്ചയാണ് ഷാഹിന്‍ബാഗ്.
പൗരത്വ വിവേചനയുമായി ബന്ധപ്പെട്ട് രാജ്യത്തിന് അകത്തും പുറത്തും നടന്നുവരുന്ന സമരത്തിന്റെ പൊതുരീതി രണ്ട് തരത്തിലാണ് രൂപപ്പെട്ടത്. ഒന്ന് ഇന്ത്യന്‍ ഫാസിസത്തിനെതിരെയും മറ്റൊന്ന് ഇന്ത്യന്‍ ബഹുസ്വരതയുടെ വീണ്ടെടുപ്പിന്റെതുമാണ്. ഇതില്‍ ഏതാണ് പ്രധാനം എന്ന ചോദ്യത്തിന് ഒന്നാമത്തതിനെ പൂര്‍ണ്ണമായി പരാജയപ്പെടുത്തിയും രണ്ടാമത്തതിനെ പൂര്‍ണ്ണമായി സംരക്ഷിച്ചും മാത്രമാണ് ഇന്ത്യക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്നതാണ് സത്യം. ഈ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന് അതിന്റെ വംശീയത തീവ്രഹിന്ദുത്വത്തില്‍നിന്നുള്ള ബ്രാഹ്മണിക്കല്‍ ബോധമാണ്. അതിനെ ഹിന്ദു മതവുമായി കൂട്ടിക്കെട്ടികൊണ്ടാണ് ഇന്ത്യന്‍ ഫാസിസം ഇന്ന് രാജ്യത്തെ പൗരന്മാരെ മതം നോക്കി സ്വീകരിക്കുകയും പുറംതള്ളുകയും ചെയ്യുന്നത്. ഇതിനെതിരെ എങ്ങനെയാണ് ഏറ്റവും പുതിയ പ്രതിരോധം ഉയര്‍ന്നുവരേണ്ടത് എന്നതിന്റെ മികച്ച മാതൃകയാണ് ഡല്‍ഹിയിലെ ഷാഹിന്‍ബാഗ്. അതൊരു സ്ഥല നാമമാണെങ്കിലും ആ നാമത്തെ പ്രതിനിധാനം ചെയ്യുന്ന ഐഡിയോളജിക്ക് ഗാന്ധിയന്‍ സമരരീതിയുമായി അഭേദ്യമായ ബന്ധങ്ങളുണ്ട്. കാരണം, നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ വൈകാരികമായാണ് പലപ്പോഴും അതിന്റെ പ്രകടനപരത പ്രകടിപ്പിക്കുക. അതാകട്ടെ സമാധാനത്തിന്റെ വഴിയില്‍നിന്ന് വ്യതിചലിച്ച് ഏറ്റുമുട്ടലിന്റെ രീതിയിലേക്ക് തെന്നിവിഴാറുണ്ട്. വംശീയതക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ലോകത്ത് നടക്കുന്ന ജനകീയ പ്രതിരോധത്തിന്റെ പൊതു സ്വഭാവം അക്രമാത്മകമാണ്. അത് സമാധാനപരമായി ആരംഭിക്കുകയും ഭരണകൂടത്തിന്റെ ഇടപെടലിലൂടെ ഹിംസയുടെ ഭാഗമായി മാറുകയുമാണ് ചെയ്യുന്നത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതകള്‍ ഏറെയാണ്. സമരം ഏറ്റെടുത്ത വിഷയവും ആ വിഷയം പൂര്‍ണ്ണമായി ഭരണകൂടത്തിന്റെ താല്‍പര്യമായി മാറുകയും ചെയ്യുമ്പോള്‍ അഹിംസാത്മക പ്രതിരോധങ്ങള്‍ക്ക് എത്രത്തോളം മുന്നോട്ട്‌പോകാന്‍ കഴിയുമെന്നത് വലിയ ചോദ്യമാണ്. ആ ചോദ്യത്തിന്റെ ഉത്തരമാണ് ഷാഹിന്‍ബാഗ്.
ഷാഹിന്‍ബാഗ് സ്ഥലനാമത്തില്‍നിന്ന് സമര നാമമായി മാറുമ്പോള്‍ അതിന്റെ ആശയ അടിത്തറ ബലപ്പെടുത്തിനിര്‍ത്തുന്ന ഘടകങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. അവിടെ രാപ്പകല്‍ സമരത്തിന്റെ അഗ്‌നിയായി ആളിക്കത്തുന്നത് ഒരു ജനതയുടെ ഉറച്ച നിശ്ചയദാര്‍ഡ്യമാണ്. അവിടെ ചോരക്കുഞ്ഞ് മുതല്‍ പ്രായമായ ഉമ്മമാര്‍വരെ ധീരമായ ചെറുത്തുനില്‍പ്പിന്റെ ശക്തിയായി മാറിക്കഴിഞ്ഞു. വ്യത്യസ്ത ദേശങ്ങളില്‍നിന്നെത്തിയ മത വിശ്വാസികള്‍, ഭാഷകള്‍ സംസാരിക്കുന്നവര്‍, വസ്ത്രം ധരിക്കുന്നവര്‍, ഭക്ഷണം കഴിക്കുന്നവര്‍ ഒന്നിച്ച് പറയുകയാണ് എല്ലാവരുടെയുമാണ് ഇന്ത്യയെന്ന്. ഇത് രാജ്യ തലസ്ഥാനത്താണ് സംഭവിക്കുന്നത്. അതുവഴി രാജ്യത്തിന് അകത്തും പുറത്തും സമരത്തിന്റെ ആശയത്തിന് സമാന്തരമായ നിരവധി ഷാഹിന്‍ബാഗ് ഐക്യപ്പെടല്‍ ഉണ്ടായി. ഇന്ത്യയിലെ മഹാനഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ അതേ പേരില്‍ പ്രതിരോധ ശൃംഖലകള്‍ തീര്‍ത്തുക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഗ്രാമീണര്‍ക്ക് പോലും ഷാഹിന്‍ബാഗ് പ്രതിരോധത്തിന്റെ ഊര്‍ജമായി മാറിക്കഴിഞ്ഞു. വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ അവിടെ ഷാഹിന്‍ബാഗ് എന്നൊരു നാമത്തെ പൗരത്വ വിവേചനത്തെ എതിര്‍ക്കാനുള്ള സമരമാര്‍ഗമായി ഏറ്റെടുത്തുകഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തില്‍ ഇന്ത്യന്‍ ജനതയെക്കുറിച്ച് അവരുടെ ബോധത്തില്‍ ഇപ്പോഴും ജ്വലിച്ച്‌നില്‍ക്കുന്ന അഹിംസാത്മക മനസ്സിനെക്കുറിച്ച് കൂടുതല്‍ ആലോചനകള്‍ നടക്കുന്നത് പ്രസക്തമാണ്. ഷാഹിന്‍ബാഗ് പ്രതിരോധത്തിന്റെ രാഷ്ട്രീയ ജൈവികത ഗാന്ധിയന്‍ സമര മാര്‍ഗത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് പൗരത്വ വിഷയത്തില്‍ ഇന്ത്യന്‍ മനസ്സ് ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുക.
പൗരത്വ വിവേചന വിഷയത്തില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ബഹുസ്വര സമരത്തിന്റെ രീതി തികച്ചും സമാധാനപരമാണ്. അതിന്റെ പ്രഭാവ കേന്ദ്രങ്ങള്‍ ഉന്നത സര്‍വകലാശാലകളാണ്. അവിടത്തെ സമരത്തെ അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് തിരിച്ചുവിടാന്‍ നിരവധി തവണ ഭരണകൂടത്തിന്റെ മര്‍ദ്ദക ഉപകരണങ്ങള്‍ ശ്രമം നടത്തിക്കഴിഞ്ഞു. അവര്‍ക്കൊപ്പം പൊലീസ് വേഷം ധരിച്ച ഹിന്ദുത്വ തീവ്രവാദികള്‍ ഒന്നിച്ചിട്ടും സമരത്തിന്റെ രീതി മാറ്റാന്‍ കഴിഞ്ഞില്ല. നിരന്തര അക്രമണങ്ങള്‍ നടന്നിട്ടും ഇത്രമാത്രം സഹന മനസ്സ് എങ്ങനെ ഇന്ത്യന്‍ ജനത നേടി എന്ന അന്വേഷണത്തില്‍ എത്തിച്ചേരുക ഗാന്ധിയന്‍ സമര മാര്‍ഗത്തിലായിരിക്കും. അതൊരു നൈതിക വിചാരത്തിന്റെ ഭാഗം കൂടിയാണ്. ഓരോ പ്രതിരോധത്തിന്റെയും അടിത്തട്ടില്‍ രൂപം കൊള്ളുന്ന മാനവികതാബോധമുണ്ട്. ആ മാനവികതയായിരുന്നു ഗാന്ധിജിയുടെ സഹന സമരത്തിന്റെ ആത്മവീര്യത്തെ നിരന്തരം ഉത്തേജിപ്പിച്ചുകൊണ്ടിരുന്നത്. ആ സമരത്തിന്റെ രാഷ്ട്രീയം, സാമൂഹികാവസ്ഥ, കാലം, ദേശം, അതിന്റെ ഭാഗമായ മനുഷ്യരുടെ വ്യത്യസ്ത ഭൗതിക സാഹചര്യങ്ങള്‍ സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിനുമുന്നില്‍ ഒന്നായിത്തിര്‍ന്നിരുന്നു. ശത്രുവിനെ നേരില്‍ കണ്ടുള്ള ആ പോരാട്ടത്തില്‍പോലും അഹിംസയില്‍ അധിഷ്ഠിതമായ ചിന്താധാരയാണ് ജനക്കൂട്ടത്തെ ഒന്നിപ്പിച്ച്‌നിര്‍ത്തിയത്. ആ സമരരീതിക്ക് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ജനത മറ്റൊരു സഹന സമരത്തിലൂടെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ വഴിയില്‍ എത്തിനില്‍ക്കുകയാണ്. അതിനെ സൃഷ്ടിച്ചത് രാജ്യത്തെ ഭരണകൂടമാകുമ്പോള്‍, അതിന്റെ അടിസ്ഥാനകാരണം മതം ആകുമ്പോള്‍ ബഹുസ്വര സമരത്തിന്റെ രീതിയും പ്രത്യയശാസ്ത്രവും പ്രയോഗവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അവിടെ രാഷ്ട്രീയത്തേക്കാള്‍ പരസ്പരം ഉള്‍ക്കൊണ്ടുള്ള പുതിയ ഒന്നിപ്പുകളാണ് സംഭവിക്കുന്നത്. അവിടെ മതം ഒരുവിധത്തിലും വിഷയമായി, തടസ്സമായി കടന്നുവരുന്നില്ല.
ഷാഹിന്‍ബാഗിലെ അമ്മമാരും സഹോദരിമാരും കുട്ടികളും ആവശ്യപ്പെടുന്നത് ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കികൊടുക്കാനല്ല. മറിച്ച് തങ്ങള്‍ക്ക് ഭരണഘടനാനുസൃതമായി കിട്ടിയ അവകാശങ്ങളെ സംരക്ഷിക്കാനാണ്. പൗരത്വത്തിന്റെ അടിസ്ഥാനം മുസ്‌ലിം മതമാണെങ്കില്‍ മറ്റ് മതങ്ങളാണ് ഈ പോരാട്ടവീര്യത്തെ ശക്തിപ്പെടുത്തുന്നത്. അതുവഴി മതത്തിന്റെ പേരില്‍ ഒരാളെയും രാജ്യ ഭ്രഷ്ടരാക്കന്‍ അനുവദിക്കില്ല എന്നാണ് രാജ്യത്തെ ബഹുസ്വര സമൂഹം പറയുന്നത്. ഈ തരത്തില്‍ ഇന്ത്യയിലെ മത ജീവിതത്തെ സഹിഷ്ണുതയുടെ ഭാഗമാക്കിതീര്‍ക്കുന്നതില്‍ ഗാന്ധിജിക്ക് നിര്‍ണ്ണായക പങ്കുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഉന്നതമായ ആത്മീയതയായിരുന്നു ഗാന്ധിജിയുടേത്. അതില്‍നിന്നാണ് സത്യഗ്രഹത്തിന്റെ വഴിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ നിയതമായ ഒരു സിദ്ധാന്തവും തനിക്ക് വഴികാട്ടാനില്ല എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. എല്ലാത്തിനെയും ഒന്നിച്ചുനിര്‍ത്തുന്നതിലാണ് ഗാന്ധി ആനന്ദം കണ്ടത്. അത്തരത്തിലേക്ക് ഒരു ജനതയുടെ സാമൂഹ്യബോധത്തെ രൂപപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഇന്ന് ഇന്ത്യന്‍ തെരുവില്‍ കാണുന്ന സമാധനപരമായ പ്രതിരോധങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ ഉന്നതമായ രാഷ്ട്രീയ ജ്ഞാനത്തിലേക്ക് ഇന്ത്യന്‍ മനസ്സിനെ അടുപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞു എന്നിടത്താണ് ഹിംസയുടെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ബ്രഹ്മണിക്കല്‍ മനുവാദത്തിന്റെ അസഹിഷ്ണുതാവിചാരങ്ങളോട് സമാധാനപരമായി പ്രതികരിക്കാന്‍ ഇന്ത്യന്‍ ബഹുസ്വര സമൂഹത്തിന് കഴിയുന്നത്.
ഇന്ന് ഷാഹിന്‍ബാഗ് ഇന്ത്യയിലെ പൊരുതുന്ന ജനതക്ക് ആവേശം നല്‍കുന്ന ദേശ ചിഹ്നമായി തീര്‍ന്നിരിക്കുന്നു. അതിന്റെ ആന്തരിക ചാക്രികതയെ ഊര്‍ജസ്വലമാകുന്നത് അഹിംസയാണ്. അവിടെ ഹിംസക്ക് ഒരു തരി ഇടം പോലുമില്ല. പ്രായത്തെ നോക്കാതെ, ദേശത്തെ നോക്കാതെ, മതത്തെയും ജാതിയേയും നോക്കാതെ ഓരോ നിമിഷവും ഐക്യപ്പെടലിന്റെ ആനന്ദം അനുഭവിക്കുകയാണ് ആയിരക്കണക്കിന് മനുഷ്യര്‍. പാട്ട് പാടിയും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഭക്ഷണം വെച്ച്‌വിളമ്പിയും ഇതാണ് ഇന്ത്യ എന്ന വര്‍ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. അത്രമാത്രം അടുത്തുനില്‍ക്കാനും ഐക്യപ്പെടാനും കഴിയുന്നത് ആ സമരരീതിയുടെ ആത്മചൈതന്യം കൊണ്ടാണ്. ഈ ഘട്ടത്തില്‍ അഹിംസയെ കുറിച്ച് ഗാന്ധി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘മനുഷ്യവംശത്തിന്റെ അധിനതയിലുള്ളതില്‍വെച്ച് ഏറ്റവും മഹത്തായ ശക്തി അഹിംസയാണ്. മനുഷ്യബുദ്ധി രൂപം കൊടുത്തിട്ടുള്ള ഏറ്റവും ശക്തമായ മാരകയുധത്തേക്കാള്‍ ശക്തിയുള്ളതാണത്’ (ഹരിജന്‍ ജൂലൈ 20/1935). ഈ ശക്തി ഭരണകൂടത്തിന്റെ തെറ്റായ നിലപാടിനെ തിരുത്താനുള്ള ആയുധമായി മാറുമ്പോള്‍ മറ്റൊരു അര്‍ത്ഥത്തില്‍ മഹാത്മാഗാന്ധി ചേര്‍ത്ത്പിടിച്ച വൈവിധ്യങ്ങളുടെ അന്തസത്ത ഇക്കാലത്തും ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തിന് ശക്തി പകരുന്നതാണെന്ന് ഷാഹിന്‍ബാഗ് തെളിയിച്ചുകഴിഞ്ഞു. വലിയൊരു സംസ്‌കൃതിയെ മതത്തിന്റെ പേരില്‍ വിഭജിച്ച്, രാഷ്ട്രീയ അധികാരത്തെ നിലനിര്‍ത്താനുള്ള ഫാസിസത്തിന്റെ അടവ്‌നയങ്ങള്‍ക്കെതിരെ നിരായുധരായ ഇന്ത്യന്‍ ജനത ഐക്യപ്പെടുന്നത് അഹിംസാത്മക സമരമാര്‍ഗത്തിലൂടെയാണ് എന്നത് ചെറിയ കാര്യമല്ല. ആധുനിക നാഗരിക സൃഷ്ടിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ വ്യത്യസ്തരായ മനുഷ്യ മനസ്സിന്റെ ഐക്യപ്പെടല്‍ വഴി മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ അടയാള ദേശമായി ഷാഹിന്‍ബാഗ് മാറുമ്പോള്‍ അത് ലോകത്തിന് നല്‍കുന്ന സന്ദേശം യഥാര്‍ഥ്യ ഇന്ത്യന്‍ മനസ്സ് ഫാസിസത്തിന് എതിരാണ് എന്നാണ്.

SHARE