ഗ്രാമീണ-കാര്‍ഷിക മേഖലയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും

ഫഹീം ഫറാസ്

ഗ്രാമീണ മേഖലയും കാര്‍ഷികരംഗവും എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നുവോ എന്നതിനെ ആശ്രയിച്ചാണ് സമത്വഭാവനയോടെയുള്ള സമ്പദ്ഘടനയെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ എന്നത് ഏറെക്കുറെ സര്‍വാംഗീകൃതമായ വസ്തുതയാണ്. ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഗ്രാമീണ-കാര്‍ഷിക മേഖലയെ എങ്ങനെയാണ് പരിഗണിച്ചതെന്നും സര്‍ക്കാറിന്റെ സമീപനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ എന്തെല്ലാം അനുരണനങ്ങളാണ് സൃഷ്ടിക്കാന്‍ പോകുകയെന്നും പരിശോധിക്കാം.
കാര്‍ഷിക മേഖലയിലെയും അനുബന്ധ മേഖലകളിലെയും വാര്‍ഷിക വളര്‍ച്ചാനിരക്ക് നിശ്ചലമാണെന്നാണ് 2020ലെ സാമ്പത്തിക സര്‍വ്വെ പറയുന്നത്. 2014-15 മുതല്‍ 2018-19 വരെയുള്ള കാലയളവില്‍ ശരാശരി 2.88 ശതമാനമാണെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.1 ശതമാനം മാത്രമാണ് വര്‍ധനവ് ഉണ്ടായത്. ഇന്ത്യയില്‍ കാര്‍ഷിക മേഖലയിലുള്ള ഭൂരിഭാഗം പേരും ചെറുകിട കര്‍ഷകരായതിനാല്‍ സ്ഥായിയായ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം സാമ്പത്തിക സര്‍വെയുടെ ഏഴാമത്തെ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ താഴെകിടയിലുള്ള 50 ശതമാനം ആളുകളുടെ സമ്പത്തില്‍ മൂന്നു ശതമാനം വര്‍ധനവ് മാത്രമാണ് ഉണ്ടായത്. ഒപ്പം ഗ്രാമീണ മേഖലയിലെ വേതന നിരക്കും നിരന്തരം താഴോട്ട് പോകുന്നതായി പല പഠനങ്ങളും പറയുന്നു. ഗ്രാമീണ മേഖലയിലെ കുറഞ്ഞ ഉപഭോഗമാണ് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ച കുറയുന്നതില്‍ പ്രധാന കാരണമെന്നാണ് ഐ.എം.എഫിലെ പ്രമുഖ സാമ്പത്തിക വിദ്ഗധ ഗീതാഗോപിനാഥ് പറഞ്ഞത്.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഒരുപരിധിവരെ പിടിച്ചുനിന്നത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഗ്രാമീണ ജനതയിലേക്ക് ചെലവഴിക്കാന്‍ പണം എത്തുകയും അതുവഴി അവര്‍ സൃഷ്ടിച്ച ഗ്രാമീണ ഡിമാന്റുമായിരുന്നു. സമാനമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കടന്നുപോകുമ്പോള്‍ ഈ പദ്ധതിക്ക് കൂടുതല്‍ ഫണ്ട് വകയിരുത്തും എന്നാണ് പ്രതീക്ഷിച്ചത്. നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജിയടക്കം ഇത് നിര്‍ദ്ദേശിച്ചിരുന്നു. ഒപ്പം പദ്ധതിയുടെ കഴിഞ്ഞ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പതിനഞ്ചോളം സംസ്ഥാനങ്ങള്‍ക്ക് ഇനിയും വിഹിതം കൊടുത്തുതീര്‍ക്കാനുണ്ട് എന്ന് പറയുന്നുണ്ട്. നിലവില്‍ പ്രസ്തുത സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ച തുകയില്‍ 96 ശതമാനവും ചെലവഴിച്ചെന്നും വരുന്ന മൂന്നു മാസത്തേക്ക് 2500 കോടി രൂപ മാത്രമാണ് ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി മിനിമം ഒരു ലക്ഷം കോടിയെങ്കിലും ആവശ്യമാണെന്നാണ് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ സംഘടനായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസംഘര്‍ഷ് മോര്‍ച്ച വ്യക്തമാക്കിയത്. പക്ഷേ നിലവിലെ സാമ്പത്തിക അവസ്ഥയെ കരകയറ്റണമെന്ന ഉദ്ദേശമൊന്നും തങ്ങള്‍ക്കില്ല എന്ന് വ്യക്തമാക്കി പദ്ധതിക്കുള്ള വിഹിതത്തില്‍ 9 ശതമാനം കുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും ഉയര്‍ന്ന പണപ്പെരുപ്പവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗ്രാമീണ ജനങ്ങള്‍ക്ക് തൊഴില്‍ നേരിട്ട് നല്‍കുന്ന ഏക പദ്ധതിയുടെ വിഹിതം കേന്ദ്രം കുറച്ചത്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന വാഗ്ദാനത്തോടെ 16 ഇന കര്‍മപരിപാടികളാണ് ബജറ്റില്‍ അവതരിപ്പിച്ചത്. നിലവില്‍ വിപണി മൂല്യത്തിന്റെ പത്തും മുപ്പതും ശതമാനം മാത്രമാണ് പച്ചക്കറി കര്‍ഷകര്‍ക്കും ധാന്യവിള കര്‍ഷകര്‍ഷകര്‍ക്കും യഥാക്രമം ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് വിപണിമൂല്യത്തിന്റെ പകുതിയെങ്കിലും ലഭിക്കുന്ന സാഹചര്യമുണ്ടായാലേ നിലവിലുള്ള സാഹചര്യത്തില്‍ കൃഷിയെ ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള പദ്ധതികളാണ് സ്വീകരിക്കേണ്ടത്. 16 ഇന പദ്ധതികളില്‍ കിസാന്‍ റയില്‍, കൃഷി ഉഡാന്‍ പദ്ധതി തുടങ്ങിയവയൊക്കെ പരമാവധി പത്തു ശതമാനം കര്‍ഷകര്‍ക്കേ പ്രയോജനപ്പെടുകയുള്ളു എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. മാത്രമല്ല ഇതൊന്നും ഹ്രസ്വകാലംകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കാരണമാവും എന്ന് കരുതാന്‍ സാധിക്കില്ല. പകരം കാര്‍ഷിക ഉത്പനങ്ങളുടെ വിപണി നൈപുണ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കില്‍ അത് സഹായകരമായേനെ. കര്‍ഷകര്‍ക്ക്15 ലക്ഷം കോടി കാര്‍ഷികവായ്പ നല്‍കുക എന്നതാണ് വേറൊരു പദ്ധതി. പലിശനിരക്ക് കുറയ്ക്കാതെ അധിക കാര്‍ഷിക വായ്പ അനുവദിക്കുന്നത് കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടാനുള്ള സാധ്യത കുറവാണ്. നിലവില്‍ ചെറുകിട കര്‍ഷകരില്‍ 41 ശതമാനത്തിന് മാത്രമാണ് വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 എഫ്.പി.ഒ (കര്‍ഷകരും ഉത്പാദകരുടെ സംയുക്ത സംഘടന)കള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമാണ് 500 എഫ്.പി.ഒകള്‍ ആരംഭിക്കും എന്ന പ്രഖ്യാപനം. ദേശീയാടിസ്ഥാനത്തില്‍ കാര്‍ഷിക വാണിജ്യത്തിന് ആരംഭിച്ച ഇ-നാം പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടില്ല. കൃഷി കണ്‍കറന്റ് ലിസ്റ്റായതുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഉള്‍പ്പെടുത്തി ഫെഡറല്‍ രീതിയില്‍ സംവിധാനം ഒരുക്കുകയാണ് വേണ്ടത്.
കര്‍ഷകര്‍ക്ക് നേരിട്ട് പണം ലഭിക്കുന്ന പ്രധാന മന്ത്രി കിസാന്‍ സമ്മാന നിധിക്ക് കഴിഞ്ഞ വര്‍ഷത്തെ അതേ തുക തന്നെയാണ് അനുവദിച്ചിട്ടുള്ളത്. പക്ഷേ കഴിഞ്ഞവര്‍ഷം ആകെയുള്ള പതിനാല് കോടിക്കടുത്ത് കര്‍ഷകരില്‍ എട്ട് കോടി പേര്‍ക്ക് മാത്രമാണ് ഇത് എത്തിക്കാന്‍ സാധിച്ചത്. പദ്ധതിയുടെ പ്രയോജനം മുഴുവന്‍ കര്‍ഷകര്‍ക്കും എത്തിക്കാന്‍ നിലവിലുള്ള പദ്ധതിയില്‍ ഒരു നവീകരണങ്ങളും നടത്തിയിട്ടില്ല. കാര്‍ഷിക വായ്പകളായി ലഭിക്കുന്ന പണം കൃഷി ആവശ്യങ്ങള്‍ക്കാണ് പരിഗണിക്കുക എന്നതിനാല്‍ ഉപഭോഗം വര്‍ധിപ്പിക്കാന്‍ നേരിട്ട് പണം നല്‍കുകയാണ് വേണ്ടത്. അതുകൊണ്ട് വര്‍ഷത്തില്‍ 6000 രൂപ എന്നതില്‍നിന്ന് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമായിരുന്നു. ഒപ്പം കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിതമായ വില ലഭ്യമാക്കാന്‍ അവതരിപ്പിച്ച പിഎം ആശ പദ്ധതിക്കുള്ള തുക 1500 കോടിയില്‍നിന്ന് 500 കോടിയായി കുറക്കുകയും ചെയ്തിട്ടുണ്ട്.
ഡീസല്‍, മണ്ണെണ്ണ ഉള്‍െപ്പടെയുള്ള ഇന്ധനങ്ങളെ ആശ്രയിക്കാതെ കര്‍ഷകര്‍ സ്വയം ഊര്‍ജ്ജം ഉത്പാദിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പ്രധാനമന്ത്രി ഊര്‍ജ്ജ സുരക്ഷ ഏവം ഉഥാന്‍ മഹാ അഭിയാന്‍ (പി.എം കുസും) പദ്ധതിക്ക് ഈ വര്‍ഷം പുതുതായി 35 ലക്ഷം സോളാര്‍ പമ്പുകളാണ് അനുവദിച്ചത്. അഞ്ച് ശതമാനം കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വിതരണ കമ്പനികളെ സഹായിക്കുന്നതിനായി മോദി സര്‍ക്കാര്‍ ആരംഭിച്ച ഉദയ് പദ്ധതി ഉള്‍പ്പടെയുള്ളവക്ക് പ്രഖ്യാപന ലക്ഷ്യങ്ങളൊന്നും നേടാന്‍ സാധിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന സാഹചര്യത്തില്‍ കുസും വഴി കൂടുതല്‍ ആളുകളില്‍ എത്തിക്കാനുള്ള ശ്രമം ഉണ്ടാവണമായിരുന്നു. പദ്ധതിയുടെ നിലവിലുള്ള മാതൃക അനുസരിച്ച് പ്രധാനലക്ഷ്യങ്ങളില്‍ ഒന്നായ ജല, ഊര്‍ജ്ജ ഉപയോഗം ഉത്തമീകരിക്കുന്നതിന് സാധ്യതയില്ല എന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ കണ്ടെത്തലിനെ മുഖവിലക്കെടുത്ത് പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള നടപടികളൊന്നും ബജറ്റില്‍ ഉണ്ടായിട്ടില്ല.
2025ഓടെ എല്ലാ വീടുകളിലും ജലവിതരണം എത്തിക്കും എന്ന വാഗ്ദാനത്തോടെ അവതരിപ്പിച്ച ജല ജീവന്‍ പദ്ധതിക്ക് രാജ്യം കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിലും പദ്ധതിവിഹതത്തിന്റെ 15 ശതമാനം മാത്രമാണ് അധികം തുക അനുവദിച്ചത്. നിലവില്‍ ഗ്രാമീണ ജനങ്ങളില്‍ 18 ശതമാനത്തിന് മാത്രമാണ് മതിയായ ജലലഭ്യതയുള്ളത്. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ ബാധിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടതാണ്. 49 ലക്ഷത്തിനടുത്ത് ഹെക്ടര്‍ ഭൂമിയിലെ വിളകളാണ് കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടത്. 2050 ആകുമ്പോഴേക്കും ആഗോളതാപനം മൂലം ഇന്ത്യയില്‍ ഗോതമ്പ്, അരി തുടങ്ങിയവയുടെ ഉത്പാദനത്തില്‍ യാഥാക്രമം 23, 16 ശതമാനം കുറവുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പുതുതായി അവതരിപ്പിച്ച ഇീമഹശശേീി ളീൃ ഉശമെേെലൃ ഞലശെഹശലി േകിളൃമേെൃൗരൗേൃല (ഇഉഞക) യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ സെപ്തംബറില്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥയുമയി ബന്ധപ്പെട്ട ഉച്ചകോടയില്‍ പ്രഖ്യാപിച്ചതായിരുന്നു. പദ്ധതിയെപറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും ബജറ്റില്‍ ഉണ്ടായിട്ടില്ല. കാലാവര്‍ഷ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള ഫണ്ട് വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കുറവാണ് അനുവദിച്ചത്.
രാസവളങ്ങളുടെ അമിതോപയോഗം മണ്ണിന്റെ ഫലഭൂയിഷ്ഠി നഷ്ടപ്പെടുത്തുന്നതായി പല പഠനങ്ങളും കണ്ടെത്തിയിരുന്നു. അതിനെ നിയന്ത്രിക്കാന്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. രാസവളങ്ങള്‍ക്കുള്ള സബ്‌സിഡി കുറക്കുക, ഒപ്പം സീറോ ബജറ്റ് കൃഷിയെ പ്രോത്സാഹിപ്പിക്കുക. ഇതിനായി യൂറിയ ഉള്‍പ്പെടെയുള്ള രാസവളങ്ങളുടെ സബ്‌സിഡി 80000 കോടിയില്‍ 70000 കോടിയായി കുറച്ചെങ്കിലും ജൈവ കൃഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കുള്ള വിഹിതത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. ജൈവ കൃഷിക്കായുള്ള ദേശീയ പദ്ധതിക്ക് 200 കോടി രൂപ മാത്രമാണ് അധികം പ്രഖ്യാപിച്ചത്. പരമ്പരാഗത കൃഷി വികാസ് യോജനക്ക് 125 കോടി രൂപ കുറവുമാണ് അനുവദിച്ചത്. രാസവളങ്ങളുടെ മാര്‍ക്കറ്റ് വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താതെ സബ്‌സിഡി കുറക്കുന്നത് ആഭ്യന്തര- രാജ്യാന്തര വിപണിയില്‍ രാസവളങ്ങളുടെ വില കൂടാനുള്ള സാധ്യതയാണുള്ളത്.
സമ്പദ്ഘടന ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍ സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാവണമായിരുന്നു. ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിച്ചും പയറ് വര്‍ഗങ്ങളും പാചക എണ്ണ അടക്കമുള്ള അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തി പൊതുവിതരണം വിപുലീകരിക്കുന്നതിന്പകരം ചുരുക്കുകയാണ് ചെയ്തത്. പദ്ധതിയുടെ വിഹിതത്തില്‍ ആറ് ശതമാനം മാത്രമാണ് അധികം അനുവദിച്ചത്. പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് ധാന്യങ്ങള്‍ നല്‍കുന്നതിനായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കുന്ന തുക 1.8 ലക്ഷം കോടിയില്‍ നിന്ന് 1.15 ലക്ഷം കോടിയായി കുറയ്ക്കുകയാണ് ചെയ്തത്. പോഷകാഹാരക്കുറവും പട്ടിണിയും ഇല്ലാതാക്കാനായി ആരംഭിച്ച ദേശീയ സമഗ്ര ശിശുവികസന പരിപാടി, ഉച്ചഭക്ഷണ പരിപാടി, ദേശീയ പോഷക അഭിയാന്‍ അടക്കമുള്ള പദ്ധതികള്‍ക്കൊക്കെ പദ്ധതിവിഹിതം ആവശ്യത്തിലും കുറവാണ്. ഇത്തരം പദ്ധതികളുടെ ഫണ്ട് വിഹിതത്തില്‍ വര്‍ധനവ് കണ്ടില്ല.
കര്‍ഷകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനക്ക് അനുവദിച്ച തുകയില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയില്‍ 40 ശതമാനത്തിനടുത്ത് കുടിശ്ശികയായി ഇന്‍ഷുറന്‍സ് കമ്പനികളുടെ കൈവശമാണ് ഉള്ളതെന്ന് പല റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഒപ്പം ഇന്‍ഷുറന്‍സ് തുക സമയത്ത് ലഭിക്കുന്നില്ല എന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ധാന്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതി വിളയിറക്കിയതിലുള്ള ചെലവ് മാത്രമാണ് നല്‍കുന്നത്. അത് സ്വാഭാവികമായും ബാങ്കിലെയും മറ്റുമുള്ള ലോണ്‍ അടയ്ക്കാനാണ് ഉപയോഗിക്കുക. ആ സമയത്തെ കര്‍ഷകരുടെ ദൈനംദിന ജീവിതവും പരിഗണിക്കേണ്ടതുണ്ട്. വിളകളുടെ വിപണിമൂല്യം അടിസ്ഥാനമാക്കി ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതികളായി നവീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗ്രാമീണ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന പല പെന്‍ഷന്‍ പദ്ധതികള്‍ക്ക് അനുവദിച്ച തുകയിലും വലിയ വര്‍ധന് ഉണ്ടായിട്ടില്ല. വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ദേശീയ കുടുംബ സഹായക പദ്ധതി, മുതിര്‍ന്ന അംഗം മരണപ്പെട്ട് നിരാശ്രയ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 10,000 രൂപ നല്‍കുന്ന പദ്ധതികള്‍ക്കൊക്കെ കഴിഞ്ഞവര്‍ഷം അനുവദിച്ച തുകയില്‍നിന്ന് നേരിയ വര്‍ധനവ് പോലും ഉണ്ടായിട്ടില്ല.
ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ടുള്ള മറ്റുപദ്ധതികള്‍ക്ക് അനുവദിച്ച ഫണ്ടിലും വര്‍ധനവില്ല. പാര്‍പ്പിട, ആജീവിത പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ തുക തന്നെയാണ് അനുവദിച്ചത്. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളെ മികച്ച റോഡുകള്‍ വഴി ബന്ധിപ്പിക്കുന്ന പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനക്ക് അനുവദിച്ച തുകയില്‍ നാല് ശതമാനം വര്‍ധനവ് മാത്രമാണ് ഉണ്ടായത്. പഞ്ചായത്തീരാജ് പ്രവര്‍ത്തനങ്ങള്‍ക്ക് 9 കോടി രൂപ മാത്രമാണ് അധികം പ്രഖ്യാപിച്ചത്. ഗ്രാമീണ മേഖലയില്‍ വലിയൊരു വിഭാഗം തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. അവരുടെ വേതനം വര്‍ധിപ്പിക്കാന്‍ സഹായകരമാവുന്ന എം.എസ് സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളൊന്നും ബജറ്റ് പരിഗണിച്ചില്ല. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഇന്ത്യയുടെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കമെന്നത് മിഥ്യാധാരണയാണ്. തകര്‍ന്ന സമ്പദ്ഘടന അവരുടെ ദീര്‍ഘകാല പദ്ധതിയായ ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ പ്രധാന ഭാഗമാണ്. ബംഗാള്‍ ധനമന്ത്രി പറഞ്ഞത് കടമെടുത്താല്‍ നിലവില്‍ ഐസിയുവിലുള്ള ഇന്ത്യന്‍ സമ്പദ്ഘടനയെ വെന്റിലേറ്ററില്‍ എത്തിക്കാന്‍ പാകത്തിലുള്ള ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്.

SHARE