ഇംപീച്ച്‌മെന്റ് കടന്നെങ്കിലും പ്രതിച്ഛായ നഷ്ടമായി ട്രംപ്

കെ. മൊയ്തീന്‍കോയ

ഇംപീച്ച്‌മെന്റ് നടപടി അമേരിക്കന്‍ സെനറ്റ് വോട്ടിനിട്ട് തള്ളിയെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് നേട്ടമെന്ന് പറയാം. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ രണ്ട് സഭകള്‍ക്ക് വ്യത്യസ്ത നിലപാട് പ്രകടമായ സംഭവമായും ഇംപീച്ച്‌മെന്റ് നടപടി മാറി. ഈ വര്‍ഷം നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ട്രംപ്രിന്റെയും എതിരാളിയുടേയും ലക്ഷ്യം. രണ്ടാം തവണയും വിജയിക്കുന്നതിനുള്ള തന്ത്രം ട്രംപ് ആസൂത്രണം ചെയ്യുമ്പോള്‍ അധികാരം തിരിച്ച്പിടിക്കാനാണ് ഡമോക്രാറ്റ് നീക്കം. 435 അംഗ ജനപ്രതിനിധി സഭയില്‍ 235 അംഗങ്ങള്‍ ഡമോക്രാറ്റിക് പക്ഷത്താണ്. ഇംപീച്ച് ചെയ്ത് പ്രസിഡന്റിനെ പുറത്താക്കണമെങ്കില്‍ 100 അംഗ സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഭരണപക്ഷത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളാണ്. സെനറ്റ് ഇംപീച്ച്‌മെന്റ് നടപടി തള്ളുമെന്ന് പ്രതീക്ഷ#ിച്ചതുതന്നെയാണ്. എന്നാല്‍ ഭരണപക്ഷത്തെ മീറ്റ് റോംനി കൂറുമാറി പ്രതിപക്ഷത്തോട് ചേര്‍ന്നത് ട്രംപിന് കനത്ത പ്രഹരമാണ്. ഇത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എല്ലാവിധ കുതന്ത്രങ്ങളും പ്രയോഗിക്കുകയാണ് ട്രംപ്. വെള്ള വംശീയതയാണ് മുഖ്യ അജണ്ട. കുടിയേറ്റ വിരുദ്ധ നിലപാടും ആകര്‍ഷക മുദ്രാവാക്യം തന്നെ. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യം ട്രംപിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായകമായി. കലാവസ്ഥാ ഉച്ചകോടിയുടെ പാരീസ് കരാറും ഇറാന്‍ ആ ണവ കരാറും തകര്‍ത്തതും ട്രംപിന്റെ ധാര്‍ഷ്ട്യമാണ്. അതേസമയം, കൊച്ചു സമൂഹങ്ങളെപോലും കൂടെനിര്‍ത്താനും ശ്രമം നടത്തുന്നു. ഇതിന്റെ ഭാഗമാണ് പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയുടെ പ്രഖ്യാപനം. തികച്ചും ഏകപക്ഷീയ പദ്ധതി പ്രഖ്യാപിച്ച് അമേരിക്കന്‍ ജൂതരുടെ വോട്ട് സ്വന്തമാക്കുകയാണ് ലക്ഷ്യം. എല്ലാ സൗകര്യവും ഇസ്രഈലിന് വാരിക്കോരി നല്‍കുന്നു. പദ്ധതി ഫലസ്തീനും അറബ് ലോകവും പൂര്‍ണ്ണമായും തള്ളിയത് ട്രംപ് ഭരണകൂടം പ്രശ്‌നമായി കരുതുന്നില്ല. ജൂത വോട്ട് ഉറപ്പാക്കുകയാണ് ഉദ്ദേശം. ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുകയാണ് ട്രംപ്. അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരെ കയ്യിലെടുക്കുകയാണ് ഈ വരവിന്റെ ഹിഡന്‍ അജണ്ട. കാലിഫോര്‍ണിയയില്‍ സംഘടിപ്പിച്ച ‘ഹൗഡി മോദി’ പരിപാടിയില്‍ മണിക്കൂറുകളോളം വേദിയിലിരുന്ന ട്രംപിന്റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. ഇറാന്‍ സൈനിക മേധാവി സുലൈമാനിയെ വധിച്ചതും ഭരണ നേട്ടമാക്കി ഉയര്‍ത്തിക്കാണിക്കുന്നു. ഇവയെല്ലാം പ്രചാരണായുധമാക്കി ഒരിക്കല്‍കൂടി ജയിച്ചുകയറാമെന്നാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെങ്കിലും ഡമോക്രാറ്റിക് തിരിച്ചടിയെ അതിജീവിക്കാന്‍ ഇനിയും അത്യധ്വാനം ചെയ്യേണ്ടി വരും.
ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ 2019 ഡിസംബര്‍ 18നാണ് ഇംപീച്ച്‌മെന്റ് പാസാക്കിയത്. ഫിബ്രവരി 6 ന് സെനറ്റ് തള്ളി. ഇതോടെ നടപടി ക്രമം പൂര്‍ത്തിയായി. ട്രംപ് സാങ്കേതികമായി കുറ്റവിമുക്തനായെങ്കിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നാണ് ഡമോക്രാറ്റ് അവകാശവാദം. അവര്‍ ലക്ഷ്യമാക്കിയും ഇതുതന്നെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എതിരാളിയാകുമെന്ന് പ്രതീക്ഷിച്ച മുന്‍ വൈസ് പ്രസിഡന്റ്കൂടിയായ ജോ ബൈഡനെ ബിസിനസ്സ് സംബസമായി കേസില്‍ കുടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റ്, വഌദ്മിര്‍ സെലന്‍സ് കിക്കുമേല്‍ രാഷട്രീയ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ വര്‍ഷം ജൂലൈ 25 നായിരുന്നു സംഭവം. വിചാരണ വേളയില്‍ തെളിവ് നല്‍കാന്‍ എത്തിയ പ്രമുഖര്‍ക്കെതിരെ പ്രതികാര നടപടിയുമായി നീങ്ങിയതോടെ ട്രംപിന് എതിരാളികള്‍ വര്‍ധിച്ചു. ലഫ്.കേണല്‍ അലക്‌സാണ്ടര്‍ വിന്‍ഡ്മാര്‍, യൂറോപ്യന്‍ യൂണിയനിലെ അംബാസിഡറായിരുന്ന ഗോള്‍ഡന്‍ സോണ്ട് ലാന്‍ഡ് എന്നിവരെ ട്രംപ് പുറത്താക്കി. ഉക്രൈന് സൈനിക സഹായം നല്‍കുന്നതിന് പകരമായി കള്ളക്കേസ് ചുമത്തണമെന്ന ആവശ്യം രാഷ്ട്രാന്തരീയ നയതന്ത്ര രംഗത്ത് നാണംകെട്ട നടപടിയായി.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുന്തോറും പോര് മുറുകുകയാണ്. ധാര്‍ഷ്ട്യത്തോടും പ്രതികാര ചിന്തയോടും എതിരാളികളെ നേരിടുന്നു. നയതന്ത്ര രംഗത്ത് ഡോണാള്‍ഡ് ട്രംപ് നടത്തിയ സുപ്രധാന നീക്കങ്ങള്‍ പരാജയപ്പെട്ടു. ഉത്തര കൊറിയയുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് കിമ്മിനെ രണ്ട് തവണ കണ്ടുവെങ്കിലും ഫലമുണ്ടായില്ല. ഇറാനുമായി നേരിട്ട് ചര്‍ച്ചക്ക് തയാറായെങ്കിലും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി സമ്മതിച്ചില്ല. സൈനിക മേധാവിയെ വധിച്ചതിന് ഇറാന്‍ നല്‍കിയ തിരിച്ചടിയില്‍ 50ലേറെ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടും സൈനിക നടപടിക്ക് തയാറായില്ല. അഫ്ഗാനിസ്താനില്‍ താലിബാന് കീഴടങ്ങി സൈനികരെ തിരിച്ചുകൊണ്ടുവരികയാണ്. ഇവയൊക്കെയാണ് ഡമോക്രാറ്റ് പ്രചാരണം. അറബ് ലോകവുമായും യൂറോപ്പുമായും പല വിഷയങ്ങളിലുമുള്ള അകല്‍ച്ചയും അമേരിക്കയില്‍ ചര്‍ച്ചയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള ഡമോക്രാറ്റിക് പ്രാഥമിക തെരഞ്ഞെടുപ്പ് തുടങ്ങക്കഴിഞ്ഞു. ഇതില്‍ ഏറ്റവും വിചിത്രം ബൈഡന്‍ മൂന്നാം സ്ഥാനത്താണ് എന്നതാണ്. ബെര്‍ണി സാന്‍ഡേഴ്‌സ്, പിറ്റിബുട്ടി ഗെംഗ്, എലിസബത്ത് വാരന്‍, അമികോല്‍ ബോചല്‍ എന്നിവരും മത്സരരംഗത്തുണ്ട്. അമ്പത് സംസ്ഥാനങ്ങളില്‍ ഡമോക്രാറ്റിക് പ്രൈമറി ഇലക്ഷന്‍ നടത്തിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക. അവസാനഘട്ടം ബൈഡന്‍ മുന്നിലെത്തുമെന്ന് പ്രതീക്ഷയുണ്ട്. പ്രൈമറികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 3979 ദേശീയ പ്രതിനിധികളുടെ യോഗമാണ് അവസാന തീരുമാനം കൈക്കൊള്ളുക. പ്രസിഡന്റിനോടൊപ്പം 435 ജനപ്രതിനിധി സഭയിലേക്കും സെനറ്റില്‍ ഒഴിവ്‌വരുന്ന 35 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ് ട്രംപിന് മറ്റൊരു ലക്ഷ്യവുമില്ല. വെള്ള വംശീയതയും സങ്കുചിത ദേശീയ വാദവുമാണ് അദ്ദേഹത്തിനുള്ളത്. ഇസ്രാഈലില്‍ പ്രധാനമന്ത്രി നെതന്യാഹുവും മുന്‍ഗാമികളും കൊണ്ട്‌നടക്കുന്ന വംശീയ വിഭജന രാഷ്ട്രീയത്തെയാണ് എല്ലാ തീവ്ര ദേശീയ, വംശീയതയും മാതൃകയാകുന്നത്. ഇംപീച്ച്‌മെന്റ് നടപടിയെ അതിജീവിക്കാന്‍ ട്രംപിന് കഴിഞ്ഞത് രാഷ്ട്രീയ വിജയം തന്നെ. യു.എസ് കോണ്‍ഗ്രസ്സിന്റെ രണ്ട് സഭകള്‍ രണ്ട് തട്ടിലായി. പ്രസിഡന്റിന്റെ വാര്‍ഷിക പ്രസംഗത്തിന്റെ കോപ്പി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍തന്നെ സ്പീക്കര്‍ നാന്‍സി പെലോസി വലിച്ച് കീറിയെറിഞ്ഞു. അമേരിക്കന്‍ മാധ്യമ ലോകവും രണ്ട് പക്ഷത്ത്. ഇംപീച്ച്‌മെന്റ് നടപടിയിലൂടെ രാജ്യത്തെ വിഭജിച്ചു എന്ന് ന്യൂയോര്‍ക്ക് ടൈംസ് മുഖ ലേഖനം എഴുതിയത് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പൂര്‍ണ്ണമായും ശരിവെക്കുന്നു.

SHARE