ഹൗഡി ട്രംപ് ‘മേള’ക്ക് അഹമ്മദാബാദ് വേദിയാകുമ്പോള്‍

എം ഉബൈദുറഹ്മാന്‍

ഈ മാസം 24ന് ഇന്ത്യ സന്ദര്‍ശിക്കാനായി തയ്യാറെടുത്തുനില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെയും ആതിഥേയയത്വമരുളാന്‍ ചുവപ്പ് പരവതാനി വിരിച്ച് ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയുടെയും ശിശുസഹജമായ ആവേശം കാണുമ്പോള്‍ അറിയാതെ പറഞ്ഞുപോകുന്നു, ‘ചേരേണ്ടതേ ചേരൂ’. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് ഈ രണ്ട് രാഷ്ട്രത്തലവന്‍മാരുടെയും ആദര്‍ശ ജനുസ്സില്‍പെട്ട ബ്രസീലിയന്‍ പ്രസിഡണ്ട് ജൈര്‍ ബെല്‍സനാറോ ആയിരുന്നു എന്നത് രാജ്യം ഓര്‍ക്കുന്നുണ്ടാവണം. തീവ്ര ദേശീയത, വംശീയത, അപര വിദ്വേഷം, പാരിസ്ഥിതിക വിരുദ്ധത തുടങ്ങി നിഷേധ ഗുണങ്ങളുടെയെല്ലാം മൂര്‍ത്തീഭാവങ്ങളായ രണ്ടു രാഷ്ട്രത്തലവന്‍മാര്‍ക്കും സമാന ആശയങ്ങളില്‍ വിശ്വസിക്കുകയും അത് തന്റെ രാജ്യത്ത് ‘മാതൃകാപരമായി’ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചുവപ്പ് പരവതാനി വിരിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. മോദിക്ക് ബല്‍സനാറോയും ട്രംപും ‘ആത്മ മിത്രങ്ങള്‍’ ആകാന്‍ കാരണം മൂന്ന് പേരുടെയും പ്രത്യയശാസ്ത്ര ജനിതക ഘടന ഒന്നാണ് എന്നത് തന്നെ.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മൂന്ന് ദശാബ്ദത്തോളം ആഗോള വേദികളിലെ ആദരണീയ സാന്നിധ്യമായിരുന്ന ഭാരതം ഇന്ന് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയിലെന്നല്ല, പുരോഗമന, മതനിരപേക്ഷ മൂല്യങ്ങളുള്‍ക്കൊള്ളുന്ന രാജ്യങ്ങളിലെല്ലാം തന്നെ പൗരത്വനിര്‍ണയത്തിന് മതത്തെ മാനദണ്ഡമാക്കുന്ന പ്രാകൃത ദേശമെന്ന ശകാരമുദ്ര പേറേണ്ടിവരുന്നു എന്നത് രാജ്യത്തിന്റെ യശസ്സിന് ചെറുതല്ലാത്ത കളങ്കമാണ് ചാര്‍ത്തുന്നത്. 2019 സപ്തംബറില്‍റില്‍ ഹൂസ്റ്റനില്‍ നടന്ന ‘ഹൗഡി മോദി’ മാമാങ്കത്തെ തന്റെ ‘മഹനീയ സാന്നിധ്യംകൊണ്ട് അനുഗ്രഹിച്ചതിന്’ സമുചിത മറുപടിയായാണ് ഡൊണാള്‍ഡ് ട്രംപിന് ഗുജറാത്തിലെ കൂറ്റന്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ‘കെം ചോ ട്രംപ്’ അഥവാ ‘ഹൗഡി ട്രംപ്’ എന്ന പേരില്‍ വന്‍ വരവേല്‍പ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയം വരെ കോടികള്‍ ഒഴുക്കി റോഡുകള്‍ റീടാറിങ് ചെയ്ത് മിനുസ്സപ്പെടുത്തുകയും പാതയുടെ ഇരു വശങ്ങളിലുമായി അലങ്കാര വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘ഗുജറാത്ത് മോഡല്‍ വികസനം’ തന്റെ അമേരിക്കന്‍ പ്രതിരൂപത്തിന്റെ കണ്ണില്‍ പെടരുത് എന്ന് കരുതിയായിരിക്കണം അഹമ്മദാബാദിലെ പട്ടിണി പാവങ്ങള്‍ അധിവസിക്കുന്ന ചേരിപ്രദേശങ്ങള്‍ക്ക് ചുറ്റും തിരക്കിട്ട് വന്‍മതില്‍ പണി കഴിപ്പിക്കുന്നത്. ഏഴടി ഉയരത്തില്‍ സുമാര്‍ 600 മീറ്റര്‍ നീളത്തിലായി ട്രംപ് കടന്നുപോകുന്ന പാതക്ക് ഒരു വശത്തായാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മതില്‍ കെട്ടിയുയര്‍ത്തുന്നത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ മതില്‍ കഥ പുറത്ത്‌കൊണ്ടുവന്നതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലാണിപ്പോള്‍. പൗരത്വ രജിസ്റ്റര്‍ പോലെ രാജ്യത്തെ വെട്ടിമുറിക്കുന്ന പരിപാടികള്‍ക്ക് വേണ്ടി നിര്‍ലോഭം പണം ചെലവഴിക്കുന്നതിന് പകരം സ്വന്തം സംസ്ഥാനത്തെങ്കിലും ചേരി നിര്‍മാര്‍ജനത്തിനും ചേരി നിവാസികളുടെ പുനരധിവാസത്തിനും ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ഈ അപമാനം ഏറ്റുവാങ്ങേണ്ടിവരില്ലായിരുന്നു.
പ്രദേശത്തെ തെരുവുപട്ടികളെയും ഉടമകളില്ലാതെ അലയുന്ന കന്നുകാലികളെയും ട്രക്കുകളില്‍ കയറ്റി നാടുകടത്തിയപോലെ തങ്ങളെ ചെയ്തില്ലല്ലോ എന്ന ആശ്വാസത്തിലായിരിക്കും മതിലുകള്‍ക്കപ്പുറത്ത് വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഗാന്ധിജിയുടെ സ്വന്തം നാട്ടിലെ ദരിദ്രനാരായണന്‍മാര്‍. സ്വയം ബ്രാന്‍ഡ് ചെയ്യുന്നതില്‍ ഭ്രാന്തമായ ആവേശം കാട്ടുന്ന പ്രധാനമന്ത്രി മോദിക്ക് താന്‍, ട്രംപ് അടക്കമുള്ള ലോക നേതാക്കളുടെ സമശീര്‍ഷനാണ് എന്ന് ലോകസമക്ഷം വരുത്തിതീര്‍ത്തു നിര്‍വൃതി കൊള്ളാനുള്ള അവസരം സാധ്യമാകുമ്പോള്‍, ഈ വിഷയത്തില്‍ ഒട്ടും പിന്നിലല്ലാത്ത അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യാസന്ദര്‍ശനത്തിലൂടെ ‘ആത്മസായൂജ്യ’ത്തിനപ്പുറം മറ്റു പലതും ലക്ഷ്യമിടുന്നുണ്ടാവണം. ഏകദേശം 50 – 70 ലക്ഷം പേര്‍ തന്റെ ഇന്ത്യന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ട്രംപ് ബഡായി പറയുമ്പോള്‍ ഓര്‍മ വരുന്നത് ‘അഴകിയ രാവണനി’ല്‍ മമ്മൂട്ടി അതരിപ്പിച്ച കഥാപാത്രത്തെയാണ്.
മോദി-ട്രംപ് രസതന്ത്രം ഒരു സുപ്രഭാതത്തില്‍ രൂപപ്പെട്ടതല്ല. 2019ല്‍ നാല് തവണയായിരുന്നു പ്രധാനമന്ത്രി മോദി ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്പുറമെ, സൗഹൃദം ഊട്ടി ഉറപ്പിക്കാന്‍ അമേരിക്ക പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങള്‍ ഓരോന്നോരോന്നായി നരേന്ദ്ര മോദി അനുസരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വാഷിംഗ്ടണ്‍ ശത്രുത വെച്ചുപുലര്‍ത്തുന്ന ഇറാന്‍, വെനിസ്വേല മുതലായ രാഷ്ട്രങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്നത് കേവലം രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധമല്ല, മറിച്ച് രണ്ട് ചിരപുരാതന സാംസ്‌കാരങ്ങള്‍ തമ്മിലുള്ള ‘നാഗരിക ബന്ധ’മാണെന്ന് മോദി പ്രസ്താവന നടത്തിയിട്ട് അധിക നാളായിട്ടില്ല. അപ്പോഴേക്കും ഇറാറില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി സര്‍ക്കാര്‍ പാടെ നിര്‍ത്തിക്കളഞ്ഞു. അമേരിക്കയുടെ കണ്ണിലെ എക്കാലത്തെയും കരടായിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ വെനിസ്വേലക്കും ക്യൂബക്കുംമേല്‍ അമേരിക്കന്‍ സാമ്പത്തിക ഉപരോധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വാഷിങ്ടണില്‍ നിന്ന് ‘ആജ്ഞ’ വരേണ്ട താമസമേ ഉണ്ടാകൂ വിനീതവിധേയനായി പ്രധാനമന്ത്രി അത് ശിരസാവഹിക്കാന്‍. തിരു വായ്ക്ക് എതിര്‍ വായ് പാടില്ലല്ലോ.
2009ല്‍ രൂപീകൃതമായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ നിലവിലെ പോക്കും വാഷിങ്ടണ് അത്ര ദഹിക്കുന്നില്ല. ചൈന, അമേരിക്കയെ വെല്ലുന്ന സാമ്പത്തിക ശക്തിയാവുമോ എന്ന ആശങ്ക അമേരിക്കയെ ഈയിടെയായി വല്ലാതെ ഗ്രസിച്ച മട്ടാണ്. ബ്രസീലും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കഴിയുന്നത്ര പോത്സാഹിപ്പിച്ചുകൊണ്ട് ചൈനക്ക് ഭീഷണിയാകത്തക്കവിധം ഈ രണ്ടു രാഷ്ട്രങ്ങളെയും ഉയര്‍ത്തുക എന്ന അജണ്ടയും ട്രംപ് ഭരണകൂടത്തിനുണ്ടെന്നത് തീര്‍ച്ച. ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിന് തെരഞ്ഞെടുത്ത സമയവും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. തനിക്കെതിരെ ഡമോക്രാറ്റുകള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് തള്ളിക്കളയുകയും ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ നിന്നെല്ലാം കുറ്റവിമുക്തനാക്കപ്പെട്ടതിന്റെയും ആശ്വാസത്തിലാണ് ട്രംപ്. ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെട്ടതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ‘മോദി’ യായി മാറിയിരിക്കുന്നു ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അവസ്ഥ ഏറെക്കുറെ ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ അവസ്ഥക്ക് തുല്യമാണിപ്പോള്‍. 2020 നവമ്പര്‍ 3 ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ഒരു നോമിനിയെ തെരഞ്ഞെടുക്കാനാവാതെ ഡമോക്രാറ്റുകള്‍ കുഴങ്ങുന്ന ഒരവസ്ഥാവിശേഷമാണ് ഇയോവയിലും ന്യൂ ഹാംഷെയറിലും കണ്ടത്. പ്രതിപക്ഷ ദൗര്‍ബല്യവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്റെ ആധിപത്യവും ട്രംപിന് നേടിക്കൊടുത്ത ആത്മബലം ചെറുതല്ല. ഈ ആശ്വാസത്തിലാണ് ഒരു ഇന്ത്യന്‍ വിനോദ യാത്രക്ക് അദ്ദഹം ഇറങ്ങിതിരിക്കുന്നതെന്നും വ്യാഖ്യാനിക്കാം.
സന്ദര്‍ശനവേളയില്‍ ധാരാളം വാണിജ്യ, പ്രതിരോധ ഉടമ്പടികള്‍ ഒപ്പ്‌വെക്കാനുള്ള വന്‍ തയ്യാറെടുപ്പുകളുമായാണ് പ്രസിഡണ്ടും പരിവാരങ്ങളും എത്തുന്നത്. ഇന്ത്യയില്‍ സ്വതന്ത്ര വ്യാപാരത്തിനുള്ള അനുമതിയാണ് വാഷിങ്ടന്റെ മോഹമെങ്കിലും പ്രതിഷേധം ഭയന്ന് സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കാന്‍ സാധ്യതയില്ല. പക്ഷേ അമേരിക്കയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന മാംസം, ക്ഷീരം, ക്ഷീരോത്പന്നങ്ങള്‍ എന്നിവക്ക് ചുമത്തിയിരുന്ന ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അണിയറയില്‍ നീക്കം നടത്തുന്നതായാണ് ചില മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇത് ഇന്ത്യയിലെ ക്ഷീര കര്‍ഷകരുടെയും മാംസ വ്യാപാരികളുടെയും നട്ടെല്ലൊടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിരോധ മേഖലയില്‍ ഇന്തോ അമേരിക്കന്‍ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരാളം ഉടമ്പടികള്‍ ട്രംപ് സന്ദര്‍ശന വേളയില്‍ ഒപ്പ്‌വെക്കപ്പെടും. 2.6 ബില്യന്‍ ഡോളര്‍ ചെലവ് വരുന്ന സീഹോക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പ്‌വെക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
മോദി – ട്രംപ് ബന്ധം ഊഷ്മളമായി തുടരുന്നുണ്ടെങ്കിലും ഭാരത സര്‍ക്കാറിന്റെ തീവ്ര വലതുപക്ഷ നിലപാടുകളും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളില്‍നിനുള്ള പ്രകടമായ വ്യതിചലനവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ അടക്കമുള്ള അമേരിക്കന്‍ സെനറ്റര്‍മാരിലും പ്രതിനിധി സഭാ അംഗങ്ങളിലും മോദി സര്‍ക്കാറിനെക്കുറിച്ച് അവമതി ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്കയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള പ്രസിഡണ്ടാണ് അധികാരത്തിലെത്തുന്നതെങ്കില്‍ ഇന്ത്യയോടുള്ള നിലപാടില്‍ ട്രംപ് സ്വീകരിക്കുന്നതില്‍ നിന്നും വിഭിന്നമായ സമീപനമായിരിക്കും സ്വീകരിക്കുക എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇനി അതല്ല, ട്രംപ് തന്നെ അധികാരത്തില്‍ തിരിച്ചുവന്നാലും അമേരിക്കന്‍ പ്രതിനിധി സഭയുടെ എതിര്‍പ്പ് മൂലം മോദിയുമായുണ്ടാക്കിയ ഈ അന്തര്‍ധാര അതേപടി നിലനിര്‍ത്തല്‍ ആയാസകരമാകുകയും ചെയ്യും.

SHARE