വീണ്ടും നിയമ ഭേദഗതികള്‍ ഒപ്പം അനീതിയും വിവേചനവും

അഡ്വ. പി. അബുസിദ്ദീഖ്

കേന്ദ്ര സര്‍ക്കാറിന്റെ ‘നിയമ നിര്‍മ്മാണശാല’ വീണ്ടും സജീവമായിരിക്കുന്നു. പുതിയ നിയമങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. ഹതഭാഗ്യരായ ഭാരതീയന് ഉടന്‍ പ്രതീക്ഷിക്കാം, മോദി-അമിത്ഷാ കമ്പിനിയില്‍ നിന്നും അനീതി നിറഞ്ഞതും വിവേചനപരുവമായ ഏതാനും നിയമങ്ങള്‍ കൂടി. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനല്‍ നടപടിക്രമം (സി.ആര്‍.പി.സി), സിവില്‍ നടപടിക്രമം (സി.പി.സി), തെളിവ് നിയമം (എവിഡന്‍സ് ആക്ട്) മയക്കുമരുന്ന് സംബന്ധിച്ച നിയമം (എന്‍.ഡി.പി.എസ് ആക്ട്) എന്നീ അഞ്ച് നിയമങ്ങളും ഭേദഗതി വരുത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.
‘സബ്കാ സാത്ത് – സബ്കാ വികാസ്’ എന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ മന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളുടെയും അനുബന്ധ നിയമങ്ങളുടെയും ചട്ടക്കൂട്ടിലും പ്രവര്‍ത്തനങ്ങളിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്കും കത്തയച്ചുകഴിഞ്ഞു. ഈ ആവശ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഇതുവരെ കൊണ്ടുവന്ന ഒട്ടുമിക്ക നിയമങ്ങളും നിയമ ഭേദഗതികളും വിവേചനപരവും ഭരണഘടനാതത്വങ്ങള്‍ പാലിക്കാത്തവയുമാകയാല്‍ പുതിയ നിയമ ഭേദഗതികളും വിവാദപരവും വിവേചനപരവുമായിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.
ഇപ്പോള്‍തന്നെ ഇന്ത്യയില്‍ ചില കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ മതം നോക്കി നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കികഴിഞ്ഞു. പലതും നാം അറിഞ്ഞില്ല. അറിഞ്ഞതിനോട് ശക്തമായി പ്രതികരിച്ചതും ഇല്ല. ഫലമോ അനീതി തുടരുന്നു. വിവേചനവും. വിവേചനപരമായ നിയമനിര്‍മ്മാണങ്ങളില്‍ ചിലത് നോക്കാം. 1. 1946 ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം വിസാനിയമം ലംഘിച്ചാലുള്ള ശിക്ഷയില്‍ വരുത്തിയ ഭേദഗതി.
ഫോറിനേഴ്‌സ് ആക്ട് പ്രകാരം വിദേശ പൗരന് ഇന്ത്യയിലേക്ക് വരണമെങ്കില്‍ വിസ ആവശ്യമാണ്. ഇപ്രകാരം വിസയുമായിവന്ന വിദേശ പൗരന് വിസാകാലാവധി കഴിഞ്ഞും ഇന്ത്യയില്‍ താമസിച്ചാല്‍ അയാള്‍ ഇന്ത്യാ ഗവണ്‍മെന്റ് നിശ്ചയിക്കുന്ന പെനാല്‍ട്ടി ഒടുക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 2019 ജനുവരി 9 ന് പുറത്തിറക്കിയ പുതിയ ഭേദഗതി പ്രകാരം പെനാല്‍ട്ടി പുതുക്കി നിശ്ചയിച്ചു. അതുവഴി പാകിസ്താന്‍, ബംഗ്ലാദേശ,് അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മൈനോറിറ്റി കമ്യൂണിറ്റികളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ അഥവാ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ സമുദായങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ വിസാകാലാവധി കഴിഞ്ഞ് 90 ദിവസംവരെ ഇന്ത്യയില്‍ താമസിച്ചാല്‍ 100 രൂപയും 90 ദിവസം മുതല്‍ രണ്ട് വര്‍ഷംവരെ താമസിച്ചാല്‍ 200 രൂപയും രണ്ടു വര്‍ഷത്തില്‍ അധികം കഴിഞ്ഞാല്‍ 500 രൂപയും പെനാല്‍ട്ടി അടച്ചാല്‍ മതിയെന്നും എന്നാല്‍ മറ്റുള്ളവര്‍ ഇത് യഥാക്രമം 300, 400, 500 യു.എസ് ഡോളര്‍ അടക്കണമെന്നും പുതുക്കി നിശ്ചയിച്ചു. ഇപ്രകാരം പാകിസ്താന്‍, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആറ് മത വിഭാഗത്തില്‍പെട്ടവര്‍ വിസാനിയമം ലംഘിച്ച് ഇന്ത്യയില്‍ താമസിച്ചാല്‍ നൂറോ, ഇരുനൂറോ, പരമാവധി അഞ്ഞൂറോ ഇന്ത്യന്‍ രൂപ പെനാല്‍ട്ടി അടച്ചാല്‍ മതി. എന്നാല്‍ മുസ്‌ലിംകള്‍ ഇതേ കുറ്റത്തിന് 300 മുതല്‍ 500 വരെ യു.എസ് ഡോളര്‍, ഡോളറായി തന്നെ, പെനാല്‍ട്ടി അടക്കേണ്ടതാണ്. രാജ്യവും മതവും നോക്കി ശിക്ഷ നിശ്ചയിക്കുന്ന രീതിയാണ് അവലംബിക്കപ്പെടുന്നത്.

 1. ആര്‍.ബി.ഐ. നിയമത്തില്‍ വരുത്തിയ ഭേദഗതി: 2018 നവംബര്‍ 9 ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (ഡെപ്പോസിറ്റ്-അമെന്റ്‌മെന്റ്) റഗുലേഷന്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന, ദീര്‍ഘകാല വിസ ഉള്ളവരോ, ദീര്‍ഘകാല വിസക്ക് അപേക്ഷിച്ച് പരിഗണനയില്‍ ഉള്ളവരോ ആയ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ മത വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇന്ത്യയില്‍ നോണ്‍ – റസിഡന്റ് ഓര്‍ഡിനറി റുപ്പീ എക്കൗണ്ട് സ്‌കീം പ്രകാരം എന്‍.ആര്‍.ഒ എക്കൗണ്ട് ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു. ഇത്തരം അക്കൗണ്ടുകള്‍ അവര്‍ക്ക് പൗരത്വം ലഭിക്കുന്ന മുറക്ക് റസിഡന്റ് എക്കൗണ്ട് ആക്കി മാറ്റുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള നീക്കങ്ങളായിരുന്നു. എന്നാല്‍ മൂന്ന് രാജ്യങ്ങളില്‍നിന്നും വന്ന മറ്റ് മത വിഭാഗക്കാര്‍ക്കും ഇത്തരത്തില്‍ എക്കൗണ്ട് ആരംഭിക്കാന്‍ അനുവാദം ഇല്ല.
 2. മുത്തലാഖ് നിയമം: പുതിയ മുത്തലാഖ് നിയമപ്രകാരം മുസ്‌ലിം സമുദായത്തിലെ മൂന്ന് തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കി മാറ്റിു. എന്നാല്‍ മറ്റൊരു സമുദായത്തിലെയും ഒരു തരത്തിലുള്ള വിവാഹമോചനവും ക്രിമിനല്‍ കുറ്റമല്ല.
 3. കശ്മീര്‍ സംബന്ധിച്ച നിയമം: ഭരണഘടനയുടെ 370-ാം അനുഛേദ പ്രകാരമുള്ള കശ്മീരിന്റെ പ്രത്യേക പദവിയും അധികാരവും എടുത്തുകളഞ്ഞു. കാരണം പറഞ്ഞത് ഒരു സംസ്ഥാനത്തിനും പ്രത്യേക പദവിയോ അധികാരമോ പരിഗണനയോ പാടില്ലാത്തതാണെന്നും ‘ഒരു രാജ്യം ഒരു നിയമം’ എന്നതാണ് നയം എന്നുമാണ്. എന്നാല്‍ ഭരണഘടനയുടെ അനുഛേദം 371 എ പ്രകാരം നാഗാലാന്റിനും 371 ബി പ്രകാരം അസമിനും 371 സി പ്രകാരം മണിപ്പൂരിനും 371 ഡി പ്രകാരം ആന്ധ്രാപ്രദേശിനും 371 ഇ പ്രകാരം സിക്കിമിനും 371 ജി പ്രകാരം മിസോറാമിനും 371 എച്ച് പ്രകാരം അരുണാചല്‍പ്രദേശിനും 371 ഐ പ്രകാരം ഗോവക്കും 371 ജെ പ്രകാരം കര്‍ണാടകക്കും പ്രത്യേക അധികാരവും പരിഗണനയും നല്‍കിയിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന്റെ അവകാശം എടുത്തുകളഞ്ഞു. മറ്റു സംസ്ഥാനങ്ങളുടെ അവകാശം നിലനിര്‍ത്തികൊടുക്കുകയും ചെയ്തു.
 4. പൗരത്വ നിയമ ഭേദഗതി (സി.എ.എ): ഇന്ത്യയില്‍ പൗരത്വം നിശ്ചയിക്കുന്നതിനും തീരുമാനിക്കുന്നതിനും തിരിച്ചെടുക്കുന്നതിനുംവേണ്ടി 1955ല്‍ പാസാക്കിയ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവരികയും 2020 ജനുവരി 10 മുതല്‍ നിയമമായി നിലവില്‍ വരുത്തുകയും ചെയ്തിരിക്കുന്നു. മേല്‍പറഞ്ഞ മൂല നിയമത്തിന്റെ 2-ാം വകുപ്പില്‍ വരുത്തിയ ഭേദഗതി പ്രകാരം പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നും 2014 ഡിസംബര്‍ 31 നോ അതിനു മുമ്പോ ഇന്ത്യയില്‍ വന്ന ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ മത വിഭാഗത്തില്‍പെട്ടവരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കാണരുത് എന്നും 6-ാം വകുപ്പില്‍ വരുത്തിയ ഭേദഗതിപ്രകാരം അനധികൃത കുടിയേറ്റക്കാര്‍ എന്ന കാരണം പറഞ്ഞ് മേല്‍പറഞ്ഞ വിഭാഗത്തിന്റെ പൗരത്വത്തിനായുള്ള അപേക്ഷ നിരസിക്കരുത് എന്നും അവര്‍ക്കെതിരായ എല്ലാ തുടര്‍നടപടികളും പൗരത്വ അപേക്ഷയിന്‍മേല്‍ തീരുമാനം കൈകൊള്ളുന്നതുവരെ നിര്‍ത്തിവെക്കണമെന്നും മൂല നിയമത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ വരുത്തിയ ഭേദഗതിപ്രകാരം പൗരത്വം ലഭിക്കാന്‍ 11 വര്‍ഷം ഇന്ത്യയില്‍ താമസിക്കണമെന്നത് ഈ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം എന്നാക്കി കുറച്ചുകൊടുത്തുകൊണ്ടും ഭേദഗതി വരുത്തിയിരിക്കുന്നു.
  ഭേദഗതികള്‍ വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 3-ാം പാര്‍ട്ട് അനുഛേദം 12 മുതല്‍ 35 വരെയുള്ള ഭാഗം വ്യക്തിക്കും പൗരനും നല്‍കുന്ന മൗലികാവകാശങ്ങള്‍ വിശദീകരിക്കുകയും വിവക്ഷിക്കുകയും വിവരിക്കുകയും ചെയ്യുന്ന പാര്‍ട്ടാണ്. ഈ പാര്‍ട്ടില്‍ പറയുന്ന ഏതെങ്കിലും അവകാശം എടുത്തു കളയുന്നതോ, കുറച്ചു കളയുന്നതോ ആയ ഒരു നിയമവും ഭരണകൂടങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലെന്ന് ഭരണഘടനയുടെ അനുഛേദം 13 വ്യക്തമാക്കുന്നുണ്ട്. അത്തരത്തില്‍ ഉണ്ടാക്കുന്ന നിയമം മേല്‍ അനുഛേദപ്രകാരം നിയമവിരുദ്ധവുമായിരിക്കും. ഇപ്പോള്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിലെ ഭേദഗതി ഭരണഘടനയുടെ മൂന്നാം പാര്‍ട്ടില്‍ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്ന 14-ാം അനുഛേദം ഉറപ്പുതരുന്ന നിയമത്തിന് മുമ്പിലെ തുല്യത, തുല്യ നിയമ സംരക്ഷണം എന്നീ അവകാശങ്ങള്‍ നിഷേധിക്കുന്നതും കുറച്ചുകളയുന്നതും, മതം, വര്‍ഗം, ജാതി, ലിംഗം, ജന്‍മസ്ഥലം എന്നിവയെ അടിസ്ഥാനപ്പെടുത്തി ഒരു പൗരനോടും ഒരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന ഭരണഘടനയുടെ 15-ാം അനുഛേദത്തിന്റെ നിഷ്‌കര്‍ഷത്തിന് പൂര്‍ണ്ണമായും വിരുദ്ധവുമാകയാല്‍ നിലവിലെ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും അതുവഴി അസാധുവുമാണ്.
  കേന്ദ്രസര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന എല്ലാ നിയമങ്ങളും ഭേദഗതികളും വിവേചനപരവും വിവാദവുമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നിരീക്ഷിക്കുമ്പോള്‍ ശിക്ഷാനിയമത്തിലും തെളിവ്-നടപടി ക്രമ നിയമങ്ങളിലും കൊണ്ടുവരാന്‍ പോകുന്ന ഭേദഗതികളും വിവേചനപരമായിരിക്കാനേ തരമുള്ളൂ. ഇപ്പോള്‍ വിസാനിയമ ലംഘനത്തിന് ഈടാക്കുന്ന പെനാല്‍ട്ടിയുടെ കാര്യത്തില്‍ ചെയ്തതുേപോലെ ശിക്ഷാനിയമ ഭേദഗതിയിലൂടെ ഒരേ കുറ്റത്തിന് ഓരോ മതവിഭാഗങ്ങള്‍ക്കും വ്യത്യസ്ത ശിക്ഷ എന്ന രീതി കൊണ്ടുവന്നേക്കാം. തെളിവ് നിയമ ഭേദഗതിയിലൂടെ തെളിവ് നല്‍കുന്ന വ്യക്തിയുടെ മതവും ജാതിയും ലിംഗവും ജന്‍മ സ്ഥലവും നോക്കി തെളിവിന്റെ എവിഡന്‍ഷറി വാല്യൂ കണക്കാക്കിയേക്കാം. ക്രിമിനല്‍ നടപടിക്രമം ഭേദഗതി ചെയ്ത് ഓരോ സംസ്ഥാനത്തിനും അല്ലെങ്കില്‍ ഓരോ വിഭാഗത്തിനും വ്യത്യസ്ത നടപടിക്രമങ്ങള്‍ നിശ്ചയിച്ചേക്കാം. മയക്കുമരുന്ന് സംബന്ധിച്ച് നിയമം ഭേദഗതി ചെയ്ത് മയക്കുമരുന്ന് കടത്ത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കി കുറ്റം ചെയ്യുന്നവരെ രാജ്യദ്രോഹികളായി വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചേക്കാം. സിവില്‍ നടപടിക്രമം ഭേദഗതി ചെയ്ത് രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചേക്കാം. എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍ എന്തും നടപ്പിലാക്കാനുള്ള അധികാരവും സൗകര്യവും സാഹചര്യവും കയ്യിലുള്ളവര്‍ നടത്തുന്ന ഓരോ നിയമ നിര്‍മ്മാണങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയും പൂര്‍ണ്ണമായ ലീഗല്‍ സ്‌ക്രൂട്ടിനിക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
  ഭരണാധികാരം വെച്ചാണ് മോദി അമിത്ഷാ കൂട്ടുകെട്ട് നിയമനിര്‍മ്മാണങ്ങളെല്ലാം നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനതക്ക് സംഭവിച്ച രാഷ്ട്രീയാബദ്ധത്തിന്റെ ഉപോല്‍പന്നമാണ് മോദി ഭരണകൂടം. ഈ അബദ്ധം തിരുത്താനുള്ള രാഷ്ട്രീയ അവബോധം ഇന്ത്യന്‍ ജനതയില്‍ ഉണ്ടാക്കിയെടുക്കാന്‍കൂടി ഇപ്പോഴത്തെ പോരാട്ടങ്ങള്‍ ഉപകരിക്കേണ്ടതുണ്ട്.
  സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടത്തില്‍ അഭിമാനംകൊള്ളുന്നതോടൊപ്പം അവരുടെ സമര രീതി സ്വാംശീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അതികഠിനമായ പീഢന-മര്‍ദ്ദനമുറകള്‍ ബ്രിട്ടീഷ് ഭരണകൂടം നടപ്പിലാക്കിയപ്പോഴും അതിനെയെല്ലാം സഹനസമരത്തിലൂടെ ചെറുത്ത് തോല്‍പ്പിച്ചും ഭജനമിരുന്നും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും നിസ്സഹകരിച്ചും നാടും അവസാനം ജീവനും ത്യാഗം ചെയ്തുമാണ് സ്വാതന്ത്ര്യ സമര പോരാളികള്‍ നാടിന് സ്വാതന്ത്ര്യം സമ്പാദിച്ച് നല്‍കിയത്. ജനതയില്‍ ആശങ്കയും ആകുലതയും പടര്‍ത്തിയല്ല മറിച്ച് ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയാണ് അവര്‍ സമരം നയിച്ചത്. രണ്ടാം സ്വാതന്ത്ര്യസമരം വേണ്ടിവരും എന്നിടത്തേക്കാണ് രാഷ്ട്രീയ ഇന്ത്യ എത്തിനില്‍ക്കുന്നത്. സാഹചര്യം അത്രമേല്‍ ഗൗരവതരമാണ്. വിഷയം രാഷ്ട്രത്തിന്റെ നിലനില്‍പ്പിന്റേതാണ്. അതിനാല്‍ ഇപ്പോഴത്തെ സമരം രാഷ്ട്ര നേതാക്കള്‍ അഥവാ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ നേരിട്ട് ഏറ്റെടുത്ത് ഒന്നിച്ച്‌നിന്ന് നേതൃത്വം നല്‍കണം. തെരുവില്‍ ചെറു സംഘങ്ങളായി ആടിയും പാടിയും നൃത്തംവെച്ചും പോര്‍വിളിച്ചും ‘സമരചടങ്ങുകള്‍’ നടത്തുന്നതിന്പകരം ജനപ്രതിനിധികള്‍ അഥവാ ഇന്ത്യയിലെ മുഴുവന്‍ പ്രതിപക്ഷ എം.പിമാരും എം.എല്‍.എമാരും കൂട്ടായിചേര്‍ന്ന് പ്രക്ഷോഭത്തിന് കരുത്ത് പകരണം. എങ്കിലേ നിലവിലെ പ്രക്ഷോഭം ബലവത്താകൂ, ഉദ്ദേശിച്ച ഫലം ലഭിക്കുകയുമുള്ളൂ.
  വലിയ ജുഡീഷ്യല്‍ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ നിയമ വഴിയിലെ പോരാട്ടം ഏറെ പ്രസക്തവും പ്രതീക്ഷയര്‍പ്പിക്കാവുന്ന സംവിധാനവുമാണ്. എന്നാല്‍ ജുഡീഷ്യറിയെ അവിശ്വസിച്ചുകൊണ്ടും പഴിചാരിക്കൊണ്ടുമല്ല നിയമപോരാട്ടം നടത്തേണ്ടത്. മറിച്ച് പൂര്‍ണ്ണ വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ്. മഹിത പാരമ്പര്യമുള്ള നമ്മുടെ ജുഡീഷ്യറിയുടെ അവസാന വാക്കായ സുപ്രീംകോടതിയില്‍നിന്നും നിലവിലെ പൗരത്വ നിയമഭേദഗതി നിയമത്തിലും അനുബന്ധ വിഷയങ്ങളിലും ഉചിതമായ ഇടപെടലും ഉത്തമ ഉത്തരുവകളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം, അതിനായി പ്രാര്‍ത്ഥിക്കാം.
  പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയും അവിടെനിന്ന് വരുന്ന ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ മത വിഭാഗങ്ങളെ മുന്നില്‍നിര്‍ത്തി കേന്ദ്ര ഭരണകൂടവും ഒപ്പം ബി.ജെ.പിയും അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പൗരത്വ നിയമ ഭേദഗതിക്ക് എതിരായി രാജ്യവ്യാപകമായി പ്രതിഷേധ-പ്രക്ഷോഭങ്ങള്‍ നടന്നുവരുമ്പോള്‍തന്നെ 5 നിയമങ്ങള്‍ (ഐ.പി.സി, സി.ആര്‍.പി.സി, സി.പി.സി, എന്‍.ഡി.പി.എസ് ആക്ട്, എവിഡന്‍സ് ആക്ട്) ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഇതിലും ജാതിയും മതവും രാജ്യവും അടിസ്ഥാനമാക്കിയുള്ള വിവേചനവും അസമത്വവും അനീതിയും അനുവദിച്ചുകൂട. കാരണം ഇനിയും ഇത് അനുവദിച്ചാല്‍ ഇന്ത്യ ഉണ്ടാകില്ല; ഇന്ത്യക്കാരും.
SHARE