ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്

കെ.കുട്ടി അഹമ്മദ്കുട്ടി

പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടന നശിപ്പിക്കലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മോദി ഭരണകൂടം ഈ ശിഥിലീകരണ പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നത് രാജ്യത്തെയാകെ വിഴുങ്ങിയ സാമ്പത്തിക അരാജകത്വത്തെ മറച്ചുവെക്കലാണ്. ഭരണത്തിലേറിയ ആദ്യനാള്‍ മുതല്‍തന്നെ സാമ്പത്തിക നയങ്ങളില്‍ ലക്ഷ്യബോധത്തിന്റെ അഭാവവും അജ്ഞതയും പ്രകടമായിരുന്നു. 2014 മുതല്‍ സാമ്പത്തിക നയങ്ങളില്‍ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തെ തളര്‍ത്തുന്നതും തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതുമായ നയങ്ങളാണ്. ഈ പോരായ്മ മറച്ച്‌വെക്കാനായി മോദി ഭരണകൂടം നടപ്പിലാക്കിയ കുതന്ത്രങ്ങള്‍ ഏറെയുണ്ട്. അതിലൊന്ന് ഇന്ത്യ പരമ്പരാഗതമായി പിന്തുടര്‍ന്നിരുന്ന എമരീേൃ രീേെ യമലെറ ഫോര്‍മുല മാറ്റി ങമൃസല േരീേെ യമലെറ രീതിയാക്കിയെന്നതാണ്. തുടര്‍ന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പിന്തുടര്‍ന്നുപോന്ന അടിസ്ഥാന സാമ്പത്തിക വര്‍ഷം (ആമലെ ഥലമൃ) 2004-05 നെ 2011-12 ആക്കിമാറ്റി. ഇതുമൂലം മോദി ഉദ്ദേശിച്ചത് യു.പി.എ സര്‍ക്കാര്‍ നേടിയെടുത്ത 10.08 ശതമാനം എന്ന സാമ്പത്തിക വളര്‍ച്ചയെ 8.86 ശതമാനം എന്നു കുറച്ചുകാട്ടി ആക്ഷേപിക്കുകയെന്നതായിരുന്നു. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുംപോലെ മോദിയുടെ ആദ്യ അഞ്ച് വര്‍ഷ ഭരണകാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.05 ശതമാനമായി കൂപ്പുകുത്തി. ഈ ഭരണകാലത്താണ് മോദി തന്റെ കുപ്രസിദ്ധമായ നോട്ട് നിരോധനം നടപ്പിലാക്കിയതും ആലോചനയില്ലാതെ ചരക്കു സേവന നികുതി നടപ്പിലാക്കിയതും. ഇവ രണ്ടും ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിക്ക് നല്‍കിയ ആഘാതം ചെറുതല്ല. അതിന്റെ രണ്ട് പ്രധാന അനുരണനങ്ങളാണ് ഇന്ത്യ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന വളര്‍ച്ചാമുരടിപ്പും തൊഴിലില്ലായ്മയും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 1980 കളുടെ അവസാനം വരെ നേടിയിരുന്ന കുപ്രസിദ്ധിയാര്‍ജ്ജിച്ച ‘ഹിന്ദു വളര്‍ച്ചാനിരക്കായ 3.5 ശതമാനം’ എന്നതിനോടടുത്തുവെന്നത് മോദി ഭരണകൂടത്തിന്റെ സംഭാവനയാണ്. അന്താരാഷ്ട്ര നാണ്യനിധി പറഞ്ഞത് ഇന്ത്യക്ക് ഈ വളര്‍ച്ചാനിരക്കില്‍നിന്നും വേഗത്തില്‍ പുറത്തുകടക്കുക ശ്രമകരമാണെന്നാണ്. ഇതിനു പ്രധാന കാരണം കാര്‍ഷിക, വ്യാവസായിക, പശ്ചാത്തല സൗകര്യ വികസന മുരടിപ്പാണെന്ന് 2019-20 സാമ്പത്തിക സര്‍വേ വെളിവാക്കുന്നു. കൃഷി, വനം, മത്സ്യമേഖല എന്നിവയില്‍ രാജ്യം നേടിയ വളര്‍ച്ചാനിരക്ക് 2.1 ശതമാനമായി കുറഞ്ഞുവെന്ന് സര്‍വേ വെളിവാക്കുന്നു. യു.പി.എ ഭരണകാലത്ത് പ്രതിശീര്‍ഷ വരുമാന വളര്‍ച്ച 12 ശതമാനമായിരുന്നുവെങ്കിലിപ്പോഴത് 5.8 ശതമാനമായി കുറഞ്ഞു. ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തില്‍നിന്നു താഴെ പോകുന്നത് കഴിഞ്ഞ 11 വര്‍ഷത്തില്‍ ആദ്യമാണ് എന്നതും മോദി സര്‍ക്കാറിന്റെ സംഭാവനയാണ്. ലോകം സാമ്പത്തിക മാന്ദ്യത്തില്‍ കൂപ്പുകുത്തിയ 2009 ലാണ് ഇന്ത്യന്‍ ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനമായത്.
ഇതുമാത്രമല്ല, നിര്‍മ്മാണ മേഖലയും ഇല്ലാതായി എന്നു പറയാം. യു.പി.എ ഭരണകാലത്ത് നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചാനിരക്ക് 13.7 ശതമാനമായിരുന്നുവെങ്കില്‍ 2020 സര്‍വേ കണക്കുപ്രകാരം 3.2 ശതമാനമായി ഇടിഞ്ഞു. തൊഴില്‍ മേഖലയായ നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച കുറയുന്നതാണ് ജനങ്ങളുട വരുമാനം കുറയ്ക്കുന്നതും ചോദനം ശോഷിക്കുന്നതും. തന്മൂലം രാജ്യത്തിന്റെ ഉപഭോഗ മേഖലയുടെ വളര്‍ച്ചാനിരക്ക് ഗണ്യമായി കുറയുന്നതും. മോദിയുടെ രണ്ടാം ഭരണ കാലയളവിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 3/5 ഭാഗമായ മേഖല വളര്‍ച്ചാമുരടിപ്പ് നേരിടുന്നത്. കാറുകളുടെ ചോദനം 2019-20 കാലയളവില്‍ 23.3 ശതമാനത്തിന്റെ ഇടിവ് നേരിട്ടതുമൂലം വാഹന പണം കടമെടുക്കുന്നതില്‍ 5.1 ശതമാനത്തിന്റെ കുറവാണുണ്ടായത്. വാഹന നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സൃഷ്ടിപ്പില്‍ ക്രമാതീതമായ ഇടിവുണ്ടായി എന്നാണിതിനര്‍ത്ഥം. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും 19.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ട്രാക്ടറുകള്‍ കൃഷിയുടെ വളര്‍ച്ചയെ കാണിക്കുന്നുവെങ്കില്‍ ട്രാക്ടറിന്റെ ചോദനത്തില്‍ ചരിത്രത്തിലുണ്ടാകാത്തവിധം 14.1 ശതമാനത്തിന്റെ ഇടിവാണ് 2019-20 ല്‍ ഉണ്ടായതെന്നു കാണാം. ഏറ്റവും രസകരമായ വിരോധാഭാസം 2018 മാര്‍ച്ച് മുതല്‍ നിര്‍മ്മിച്ചുനല്‍കുന്ന വീടുകളുടെ വില്‍പ്പനയില്‍ ഏഴു ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ്. എന്നാല്‍ ബാങ്കില്‍നിന്നും എടുക്കുന്ന ഹൗസിങ് ലോണില്‍ 17.9 ശതമാനത്തിന്റെ വര്‍ധനവ് 2019-20ല്‍ രേഖപ്പെടുത്തിയെന്നതാണ്. ഈ വിരോധാഭാസത്തില്‍ വലിയൊരു സാമ്പത്തിക തന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പമാണത്. ലോണെടുത്ത് തൊഴിലാളികളെവെച്ച് വീടുണ്ടാക്കുക വളരെ ശ്രമകരമാകയാല്‍ നിര്‍മ്മിച്ച വില്ലകള്‍ പോലുള്ള വീടുകള്‍ വാങ്ങുന്നതാണ് ലാഭം എന്നു കണ്ട് ഹൗസിങ് ലോണെടുത്ത് വീട് വാങ്ങുന്നു. അതിനാല്‍ നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ വില്‍പ്പന വര്‍ധിക്കുന്നു. രാജ്യത്തെ വളരെ വേഗത്തില്‍ വില്‍പ്പന നടക്കുന്ന ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വില്‍പ്പനയില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവും ഡാബറിന്റെ വില്‍പ്പനയില്‍ ആറ് ശതമാനത്തിന്റെ ഇടിവും ബ്രിട്ടാനിയയുടെ വില്‍പ്പനയില്‍ 21 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണ, സ്വര്‍ണ്ണം, വെള്ളി ഇതര ഇറക്കുമതിയിലും 6.3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഭോഗ മേഖലയിലെ ഇടിവിനെ ഒന്നുകൂടി വെളിവാക്കുന്നതാണ് റെയില്‍ ചരക്കുഗതാഗത വരുമാനത്തിലുണ്ടായ ഇടിവ്. ഇന്ത്യന്‍ റെയില്‍ ചരക്കു വരുമാനത്തിന്റെ നട്ടെല്ലാണ് കല്‍ക്കരി, ഇരുമ്പ്, സിമന്റ്, പെട്രോളിയം, വളം, ഇരുമ്പയിര് തുടങ്ങിയ ചരക്കു ഗതാഗത വരുമാനം. എന്നാല്‍ ഇതിന്റെ വരുമാന വളര്‍ച്ചാനിരക്ക് 9.4 ശതമാനത്തില്‍നിന്നു 2.7 ശതമാനമായി 2019-20ല്‍ കുറഞ്ഞു. ഉരുക്ക് ചോദനത്തിലുണ്ടായ ഇടിവ് 6.6 ശതമാനമാണ്. ഇത് കഴിഞ്ഞവര്‍ഷം 8.8 ശതമാനമായിരുന്നു. ഉരുക്കു ചോദന ഇടിവ് വ്യാവസായിക നിക്ഷേപത്തിന്റെ ഇടിവിനെ വിളിച്ചോതുന്നു.
ചോദനത്തിലുണ്ടാകുന്ന ഇടിവ് ജനങ്ങളുടെ വരുമാനമില്ലായ്മയെയാണ് കാണിക്കുന്നത്. വരുമാനമില്ലായ്മ തൊഴില്‍ ഇല്ലായ്മയെ കാണിക്കുന്നു. തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനം നടത്തി സാമ്പത്തിക മുരടിപ്പിനെ ഇല്ലാതാക്കാനുള്ള ഉത്തേജന നടപടികളും ഇല്ലെന്നത് സങ്കടകരമായ വസ്തുതയാണ്. പൂര്‍ത്തീകരിക്കപ്പെട്ട നിക്ഷേപങ്ങളിലുണ്ടായ ഇടിവും വളരെ വലുതാണ്. 48 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൂര്‍ത്തീകരിക്കപ്പെട്ട നിക്ഷേപക തുക 69494 കോടിയാണെന്നുകാണാം. കഴിഞ്ഞ അഞ്ചുവര്‍ഷമായി നെഗറ്റീവ് വളര്‍ച്ചാനിരക്കാണെന്നു സാരം. ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് രാജ്യത്തെ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്നു 22 ശതമാനമായി കഴിഞ്ഞ സെപ്തംബറില്‍ കുറച്ചത്. തന്മൂലം സര്‍ക്കാര്‍ വരുമാനത്തിലുണ്ടായ സമ്പദ്ഘടന തകര്‍ച്ചയില്‍നിന്നു രക്ഷിക്കാനുള്ള കുറവ് 1.45 ലക്ഷം കോടി രൂപയുടേതാണ്. അതാണ് 20 ബില്യണ്‍ ഡോളറിന്റെ കുറവ്. ഈ രൂപ നഷ്ടപ്പെടുത്തി കോര്‍പറേറ്റുകളെ സഹായിച്ച മോദിയാണ് കഴിഞ്ഞ ആഗസ്തില്‍ 1.76 ലക്ഷം കോടി രൂപ ആര്‍.ബി.ഐല്‍ നിന്നു കരുതല്‍ പണം കടമെടുത്തതെന്നോര്‍ക്കണം. ഈ മാന്ദ്യത്തില്‍നിന്നും കരകയറണമെങ്കില്‍ രാജ്യം 11 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 2020-21 ല്‍ നേടണമെന്ന് ഐ.എം.എഫ് പ്രവചിച്ചപ്പോഴാണ് 6.1 വളര്‍ച്ച 2020-21 ല്‍ ഇന്ത്യ കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ പ്രവചിച്ചത്. എന്നാല്‍ അതുപോലും നേടിയെടുക്കാനുതകുന്ന ബജറ്റ് വിഭാവനം ചെയ്യാന്‍ മോദി ഭരണകൂടത്തിനു കഴിഞ്ഞില്ലയെന്നത് രാജ്യം കടന്നുപോകുന്ന അപകടത്തെ സൂചിപ്പിക്കുന്നു.
ബജറ്റില്‍ പ്രകടമായ മറ്റൊന്ന് ബന്ധനാവസ്ഥയിലായ റിസര്‍വ് ബാങ്കാണ്. ഇന്ത്യയുടെ പണപ്പെരുപ്പം 10 വര്‍ഷത്തില്‍ ആദ്യമായി 7.35 ശതമാനമായി ഉയര്‍ന്നു. രാജ്യം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതിനെ രക്ഷപ്പെടുത്താനുതകുന്ന ഒരു പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായില്ലയെന്നത് വാസ്തവം. റിസര്‍വ് ബാങ്കിനാകട്ടെ പലിശനിരക്ക് ഒരു പോയിന്റ്‌പോലും കുറയ്ക്കാനുമാകില്ല. കാരണം രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാന്‍ പലിശ കൂട്ടാനുള്ള സ്ഥിതിയില്‍ റിസര്‍വ്ബാങ്ക് മാന്ദ്യത്തില്‍നിന്നും കരകയറാനായി നിക്ഷേപങ്ങളെ പ്രോല്‍സാഹിപ്പിച്ച് തൊഴില്‍ സൃഷ്ടിക്കേണ്ട ആവശ്യകതയുണ്ട്. എന്നാല്‍ ഇതിനായുണ്ടാകേണ്ട ക്രിയാത്മക നിക്ഷേപ പ്രോത്സാഹന പദ്ധതികള്‍ ബജറ്റിലില്ലാത്തതിനാല്‍ അടുത്തപടി പലിശ കുറഞ്ഞ ലോണാണ്. അതാകട്ടെ കേന്ദ്ര ബാങ്കിന് കഴിയുകയുമില്ല.
കേന്ദ്ര സര്‍ക്കാര്‍ ഈ ന്യായം പറഞ്ഞുകൊണ്ടു നടപ്പിലാക്കാന്‍ പോകുന്ന ഒന്നാണ് വിറ്റഴിക്കല്‍ നയം. ബജറ്റില്‍ പറയുന്നത് എയര്‍ഇന്ത്യ, ബി.പി. സി.എല്‍, എല്‍.ഐ.സി എന്നിവ 100 ശതമാനം സ്വകാര്യവത്കരിക്കുമെന്നതാണ്. മോദി അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞതിന്റെ ഇരട്ടിയായ 2.1 ലക്ഷം കോടി രൂപയായാണ് വിറ്റഴിക്കല്‍ പണത്തെ ലക്ഷ്യംവച്ചിട്ടുള്ളത്. ഇതുംകൂടി ചേര്‍ത്താണ് ധനമന്ത്രി 2020-21 ലെ വരുമാനം 22.46 ലക്ഷം കോടിയായും ചിലവ് 30.42 ലക്ഷം കോടിയായും പറഞ്ഞത്. ഇതില്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം വില്‍പ്പനയാണ് പറയുന്നത്. തന്മൂലം സ്വന്തമായി വിമാന സംവിധാനമില്ലാത്ത ആദ്യ രാജ്യമാകുകയാണ് ഇന്ത്യ. രണ്ടാമത്തേതായിവരുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയും തൊഴില്‍ സുരക്ഷിതത്വവുമാണ്. 2018 ലെ കണക്കനുസരിച്ച് എയര്‍ഇന്ത്യയില്‍ 16834 തൊഴിലാളികളുണ്ട്. ഇതില്‍ 11214 സ്ഥിരം തൊഴിലാളികളും ബാക്കി താല്‍ക്കാലിക ജീവനക്കാരുമാണ്. ഇവരില്‍ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരായ പൈലറ്റുമാര്‍ മുതല്‍ ഗ്രൗണ്ട് സ്റ്റാഫ് വരെയുണ്ട്. സ്വകാര്യവത്കരണം നടന്നാല്‍ സ്ഥിര-താല്‍ക്കാലിക വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തൊഴില്‍ സുരക്ഷിതത്വ പ്രശ്‌നമുണ്ടാകുമെന്നതാണ് ആദ്യ ഫലം. അടുത്തതായി ഉണ്ടാകാനുള്ള അപകടം യാത്രാ നിരക്കാണ്. എയര്‍ഇന്ത്യ നിലനില്‍ക്കുമ്പോള്‍ വിമാനയാത്രാനിരക്ക് ഇത്ര ഭാരമാണെങ്കില്‍, പൊതുമേഖലയില്‍ വിമാന കമ്പനിയില്ലാത്ത പൂര്‍ണ്ണമായി സ്വകാര്യ വല്‍കൃത മേഖല വരുമ്പോള്‍ ലാഭേച്ഛ ലക്ഷ്യമാക്കുന്ന കമ്പനികള്‍ ജനത്തെ പിഴിയുമെന്നതില്‍ സംശയമില്ല. വിദേശത്ത് പഠനാവശ്യത്തിനും തൊഴില്‍ ആവശ്യത്തിനുമായി പോകുന്ന സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത രീതിയില്‍ ജീവിതം ദുസ്സഹപൂര്‍ണ്ണമാകും.
എല്‍.ഐ.സിയാണ് സ്വകാര്യവത്കരണത്തിന് വിധേയമാകുന്നത് മറ്റൊന്ന്. എല്‍.ഐ.സി സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കുമ്പോള്‍ ആദ്യമായി ഉയരുന്ന ചോദ്യം തീര്‍ച്ചയായും നൈതികതയാണ്. നിരവധി സാധുക്കള്‍ ജീവിതത്തെ ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍ അത് അപകടം, അസുഖം, കല്യാണം, ബന്ധുസഹായം തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ്. ഇവയെല്ലാം ചെയ്തതാകട്ടെ സര്‍ക്കാറിനോടുള്ള വിശ്വാസ കാരണങ്ങളാലായതിനാല്‍ തന്നെ ദീര്‍ഘവീക്ഷണമില്ലാതെയും ചര്‍ച്ച നടത്താതെയുമുള്ള ഈ വിറ്റഴിയ്ക്കല്‍ തീരുമാനം തീര്‍ച്ചയായും സര്‍ക്കാരും ഇന്‍ഷൂര്‍ ചെയ്യുന്ന വ്യക്തിയും തമ്മിലുള്ള ഉടമ്പടിയാണ് എന്നതിന്റെ നഗ്‌ന ലംഘനമാകയാല്‍ ഇവ പുനര്‍വിചിന്തനത്തിന് തയ്യാറാക്കേണ്ടതുണ്ട്.
ബജറ്റ് നിരാശപ്പെടുത്തുകയും സാമ്പത്തിക സര്‍വേ ആശങ്കപ്പെടുത്തുകയും ചെയ്ത വസ്തുതയാണ് തൊഴിലില്ലായ്മ. തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ കണക്ക് ഭീകരമാണെന്ന് മനസ്സിലാക്കിയ കേന്ദ്രം കഴിഞ്ഞ രണ്ടു വര്‍ഷമായി തൊഴിലില്ലായ്മ നിരക്ക് വെളിവാക്കുന്നില്ല. എന്‍.എസ്.എസ്. ഒ കണക്ക് പുറത്ത്‌വിടുന്നില്ല. ഇന്ത്യയുടെ നഗര തൊഴിലില്ലായ്മ നിരക്ക് 8.9 ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനവും എന്ന ഉയര്‍ന്ന നിലയിലാണെന്നാണ് ഐ.എല്‍.ഒ പുറത്തുവിട്ട കണക്കുകളിലുള്ളത.് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ വിളിച്ചത് ഇന്ത്യയുടെ തൊഴിലില്ലായ്മ അപകടമെന്നാണ്. ഉപഭോഗം ക്രമാതീതമായി കുറയുകയും ബജറ്റില്‍ ഇതിനെമറികടന്ന് നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച് തൊഴില്‍ കൂട്ടുന്ന പദ്ധതികള്‍ ഇല്ലാത്തതിനാലും ചെറുപ്പക്കാര്‍ വരും വര്‍ഷങ്ങളിലും തൊഴിലില്ലാത്തവരായി അലയേണ്ടിവരുമെന്നാണ് ഐ.എല്‍.ഒ പ്രവചിക്കുന്നത്. സ്വകാര്യവത്കരിക്കപ്പെടുന്നതുമൂലം തൊഴില്‍ നഷ്ടപ്പെട്ടേക്കാവുന്നവരുടെ എണ്ണം കൂടി ചേരുമ്പോള്‍ തൊഴിലില്ലായ്മ ഇന്ത്യയുടെ പേടിസ്വപ്‌നമായി മാറും.
വളരെ മോശമായ മറ്റൊരു പദ്ധതി ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത് പ്രവാസ പണത്തിനുമേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ്. നാട്ടിലെ തൊഴിലില്ലായ്മയെതുടര്‍ന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ നികുതി ചുമത്തുന്നില്ലെന്നിരിക്കെ മാതൃ രാജ്യമായ ഇന്ത്യതന്നെ പിഴിയാന്‍ ശ്രമിക്കുന്നത് പ്രവാസം അവസാനിപ്പിക്കാല്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നുമാത്രമല്ല രാജ്യത്തിന്റെ തൊഴിലില്ലായ്മ കൂട്ടുകയും വിദേശ നാണ്യ ശേഖരത്തില്‍ ഇടിവുണ്ടാവുകയും ഇത് രാജ്യത്തെ കരകയറാന്‍ സാധിക്കാത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്യും.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് ബജറ്റിലെ സാമൂഹിക പ്രതിബദ്ധയുടെ കുറവ്. ബജറ്റ് കണക്കുകള്‍പ്രകാരം പട്ടിക ജാതി-ദലിത് വിഭാഗങ്ങള്‍ക്ക് നല്‍കിവന്നിരുന്ന പ്രതിവര്‍ഷ സാമ്പത്തിക സഹായം 26000 കോടി രൂപയില്‍ നിന്നു 3000 കോടി രൂപയായി കുറയുകയും ഇതില്‍ തന്നെ 6824.5 കോടി രൂപ വിവിധ വര്‍ഷങ്ങളിലായി കെട്ടിക്കിടക്കുകയും ചെയ്യുന്നുവെന്നത് മോദി സര്‍ക്കാരിന്റെ പിന്നാക്ക സമുദായങ്ങളോടുള്ള സമീപനങ്ങളെ തുറന്നുകാട്ടുന്നവയാണ്.
കേന്ദ്ര ബജറ്റില്‍ തീര്‍ത്തും ഇല്ലാതെപോയത് സാമ്പത്തിക മാന്ദ്യത്തില്‍നിന്നും സാമ്പത്തിക രംത്തെ കരകയറ്റാനുള്ള ഉത്തേജക നടപടികളാണ്. രാജ്യത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മയും ഇതിനു ആക്കംകൂട്ടി. തൊഴില്‍ ദേശവത്കരണംമൂലം നിര്‍ബന്ധിതമായി മടങ്ങയെത്തുന്ന പ്രവാസികളുടെ പുനരുദ്ധാരണവും അവരുടെ നൈപുണ്യ വികസനവും അതുവഴി അവര്‍ക്ക് വീണ്ടും വിദേശത്ത് തൊഴില്‍ ലഭിക്കാനുതകുന്ന പദ്ധതികള്‍, അല്ലെങ്കില്‍ സ്വയംതൊഴില്‍ വിഭാവനചെയ്യാനുള്ള സാമ്പത്തിക പശ്ചാത്തല സൗകര്യം ഇവയൊന്നും ബജറ്റിലില്ല.
നികുതി ഇളവ് പ്രഖ്യാപിച്ചു എന്നു തോന്നുമാറ് കണ്‍കെട്ട് വിദ്യയും നിര്‍മ്മല സീതാരാമന്‍ ചെയ്യുകയുണ്ടായി. അടിസ്ഥാന ആദായ നികുതി സ്ലാബില്‍ മാറ്റംവരുത്താതെ ആദായ നികുതിയില്‍ ഇളവിനെക്കുറിച്ച് സ്പഷ്ടീകരിക്കാതെ മന്ത്രി ചെയ്ത നടപടി ആഡംസ്മിത്ത് നികുതിയുടെ അടിസ്ഥാന പ്രമാണമായി അവതരിപ്പിച്ച (ഇമിിീി ീള രലൃമേശി്യേ) യുടെ നഗ്നമായ ലംഘനമാണ.് നികുതിയെക്കുറിച്ച് വ്യക്തമാവുന്ന രീതിയില്‍ സ്പഷ്ടവും സുതാര്യവുമായിരിക്കണമെന്നാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ പ്രൊഫ. സ്മിത്ത് പറഞ്ഞത്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുമ്പൊന്നും നേരിട്ടിട്ടില്ലാത്ത അപകടവസ്ഥയിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വളര്‍ച്ചാനിരക്ക് കുറഞ്ഞുവെന്നു മാത്രമല്ല രാജ്യത്ത് തൊഴിലില്ലായ്മ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. 2018 മാര്‍ച്ച് 21ലെ ഇന്ത്യന്‍ റെയില്‍വേ വിളിച്ച തൊഴിലവസരങ്ങളിലേക്ക് 2.8 കോടി ആളുകള്‍ ഓണ്‍ലൈന്‍ പരീക്ഷയെഴുതി യെന്നതാണ്. ഈ തൊഴിലവസരങ്ങളാകട്ടെ ക്ലാസ ്‌നാല് തൊഴിലവസരങ്ങളും. മഹാരാഷ്ട്രയില്‍ 2018 ഏപ്രില്‍ 8ന് വിളിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതിയതില്‍ 167 എം.ബി.എക്കാരും 423 എഞ്ചിനിയര്‍മാരും 543 പി.ജിക്കാരും മൂന്ന് അഭിഭാഷകരും 167 ബി.ബി.എക്കാരുമായിരുന്നു. ഹരിയാനയില്‍ പൊലീസ് കോണ്‍സ്റ്റബിളായ 150 പേര്‍ എം.ടെക് ധാരികളായിരുന്നു എന്നത് ഇന്ത്യയുടെ തൊഴിലില്ലായ്മയുടെ തീവ്രത വിളിച്ചോതുന്നു. ലോകത്തിന് മാതൃകയായി കുതിച്ചുകൊണ്ടിരുന്ന ലോകത്തിലെ അതിവേഗം വളരുകയായിരുന്ന രാജ്യത്തെ ഏഴു വര്‍ഷത്തെ ചുരുങ്ങിയ ഭരണംകൊണ്ട് ബ്രിട്ടീഷ് കോളണിവത്കരണ കാലത്തെ സാമ്പത്തിക സ്ഥിതിയോളം താഴ്ത്തിയ മോദി ഭരണകൂടത്തിന് വരുംതലമുറ മാപ്പ് തരില്ല. രാജ്യത്തിന്റെ വളര്‍ച്ചക്കുതകുന്ന സാമ്പത്തിക നയം രൂപപ്പെടുത്താന്‍ ശേഷിയുള്ള ഇന്ത്യന്‍ ജനതയെ സാഹോദര്യ-മാതേതരത്വ പാതയില്‍ ഒരുമിപ്പിക്കാന്‍ കഴിയുന്ന പുതിയ ഭരണകൂടം എത്രയും വേഗം ഉണ്ടായില്ലെങ്കില്‍ രാജ്യം പരിപൂര്‍ണ്ണ നാശത്തിലെത്തിച്ചേരും.

SHARE