ശുഭാപ്തിവിശ്വാസത്തിന്റെ രാഷ്ട്രീയമുഖം


വാസുദേവന്‍ കുപ്പാട്ട്

നഗരസഭാകൗണ്‍സിലില്‍ മത്സരിക്കാന്‍ വനിതാ സ്ഥാനാര്‍ത്ഥികളെ കിട്ടാത്ത കാലം. 1946ല്‍ എം. കമലത്തെ നേതാക്കള്‍ വീട്ടില്‍വന്ന് കുതിരവണ്ടിയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭര്‍ത്താവ് സാമിക്കുട്ടിക്കും കൈക്കുഞ്ഞിനും ഒപ്പം നഗരസഭാഓഫീസില്‍ എത്തി നോമിനേഷന്‍ കൊടുത്തു. അന്ന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രണ്ടുതവണ കൂടി കൗണ്‍സിലറായി. രാഷ്ട്രീയ ജീവിതത്തിലും പൊതുജീവിതത്തിലും ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകമായിരുന്നു ഇന്നലെ അന്തരിച്ച എം. കമലം. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ജീവിതത്തില്‍ കഷ്ടപ്പാടുകളുടെ അടയാളങ്ങള്‍ എമ്പാടും ഉണ്ടായിരുന്നു. പിന്നീട് കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. കെ. കരുണാകരന്റെ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായി. ഇങ്ങനെ ഉയര്‍ച്ചയില്‍ എത്തിയപ്പോഴും കമലം സാധാരണക്കാരോടുള്ള അടുപ്പവും പ്രീതിയും ഉപേക്ഷിച്ചില്ല. എല്ലാവിധ പ്രശ്‌നങ്ങളെയും അവര്‍ സുസ്‌മേരവദനയായി നേരിട്ടു.
മുന്‍മന്ത്രി, വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, കെ.പി.സി.സി വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം തുടങ്ങിയ നിലകളില്‍ ഏഴ് പതിറ്റാണ്ടിലേറെക്കാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം. കമലം. സംഘാടക എന്ന നിലയിലും പാര്‍ട്ടിയിലെ സമുന്നതയായ നേതാവ് എന്നതിലും കമലം കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നു. കെ.സി അബ്രഹാം കെ.പി.സി.സി പ്രസിഡണ്ടായപ്പോള്‍ കമലം ജനറല്‍ സെക്രട്ടറിയായി. കെ. കരുണാകരന്‍ പോലും അന്ന് കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തിയിട്ടുണ്ടായിരുന്നില്ല. ആ സമയത്താണ് സംസ്ഥാനത്ത് ഉയര്‍ന്ന പദവിയിലേക്ക് കമലം അവരോധിക്കപ്പെട്ടത്.
ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികള്‍ എം. കമലത്തിന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശ്വാസത്തിന്പിറകില്‍ അവരുടെ നേതൃപാടവം തന്നെയായിരുന്നു. 1969 ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് വി.വി ഗിരിയെ സംഘടനാതീരുമാനത്തിന് വിപരീതമായി ഇന്ദിരാഗാന്ധി പിന്തുണച്ചപ്പോള്‍ കെ. സി അബ്രഹാമിനൊപ്പം ജനറല്‍ സെക്രട്ടറിയായിരുന്ന കമലവും സംഘടനാകോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നത് ഇതിനുള്ള തെളിവാണ്. സി.കെ ഗോവിന്ദന്‍ നായര്‍, എ.വി കുട്ടിമാളു അമ്മ തുടങ്ങിയ നേതാക്കളെയാണ് കമലം രാഷ്ട്രീയ ഗുരുക്കന്മാരായി കണ്ടിരുന്നത്. മഹിളാ സഹകരണസംഘങ്ങള്‍ക്ക് രൂപം നല്‍കിയതാണ് സംഘടനാരംഗത്തെ കമലത്തിന്റെ ശ്രദ്ധേയമായ നേട്ടം. 1954 ല്‍ കണ്ണൂര്‍ കേന്ദ്രമായി 200 മഹിളാസഹകരണ സംഘങ്ങളാണ് രൂപീകരിച്ചത്. പാര്‍ട്ടി തന്നെയാണ് ഈ ദൗത്യം കമലത്തെ ഏല്‍പ്പിച്ചത്. രാവിലെ തന്നെ വടക്കേ മലബാറിലേക്ക് പുറപ്പെടും. ഓരോ മുക്കിലും മൂലയിലുമുള്ള ഗ്രാമങ്ങളിലേക്ക് ചെന്ന് സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചു. ചര്‍ക്കയില്‍ നൂല്‍ക്കാനും മറ്റുമുള്ള പരിശീലനം നല്‍കി. രാത്രി മലബാര്‍ എക്‌സ്പ്രസിനാണ് തിരിച്ചെത്തുക- അക്കാലത്തെപ്പറ്റി കമലം അനുസ്മരിച്ചിട്ടുണ്ട്. 1958 ല്‍ കണ്ണൂരില്‍ നടന്ന കെ.പി.സി.സി സമ്മേളനത്തില്‍ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസില്‍ ഇടംനേടാനും കമലത്തിന് സാധിച്ചു. കോണ്‍ഗ്രസ് മഹിളാ വിഭാഗത്തിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് കമലം തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കേന്ദ്രമാക്കി ഇന്ദിരാ മഹിളാസമാജം രൂപീകരിച്ചതും അക്കാലത്താണ്. ഇന്ദിരാഗന്ധി കോഴിക്കോടെത്തിയപ്പോള്‍ ദേശീയ മഹിളാസമാജം എന്നാക്കി പേര് മാറ്റി. ഇന്ദിരാഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരായി കോഴിക്കോട് സംഘടനാകോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍വാസം വരിച്ചതും ചരിത്രത്തിന്റെ ഭാഗം.
ഇതിനിടെ സംഘടനാകോണ്‍ഗ്രസ് ജനതാപാര്‍ട്ടിയായി രൂപാന്തരപ്പെട്ടു. തുടര്‍ന്ന് നടന്ന ലോക്‌സഭാതെരഞെടുപ്പില്‍ കോഴിക്കോട് ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വി.കെ സെയ്തുമുഹമ്മദിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. ജനതാപാര്‍ട്ടി വിട്ട് ജനതാ(ഗോപാലന്‍) ലും പിന്നീട് ഇത് കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തപ്പോള്‍ തിരിച്ച് കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു.
ഏതാനും വര്‍ഷങ്ങളായി കമലം സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കോഴിക്കോട്ടെ പൊതുസമൂഹത്തിന് കമലേടത്തി പ്രിയങ്കരിയായ നേതാവായിരുന്നു. വനിതാകമ്മീഷന്‍ അംഗം, അധ്യക്ഷ എന്നീ നിലകളില്‍ അവര്‍ ചെയ്ത സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടും. ഇന്ദിരാഗാന്ധിയോട് കമലത്തിനുണ്ടായിരുന്ന ആരാധനയും അടുപ്പവും പ്രസിദ്ധമായിരുന്നു. അതേ അടുപ്പം രാജീവ്ഗാന്ധിയോടും മകന്‍ രാഹുലിനോടും ഉണ്ടായിരുന്നു. രാഹുല്‍ കോഴിക്കോട്ടെത്തുന്ന വിവരം അറിയുമ്പോള്‍ സുഖമില്ലാതെ കിടക്കുമ്പോഴും രാഹുലിനെപ്പറ്റി സംസാരിക്കാന്‍ കമലത്തിന് ആവേശമായിരുന്നു. ധീരമായ നിലപാടുകള്‍, മുഖം നോക്കാതെ നടപടി ഇതായിരുന്നു മന്ത്രിയെന്ന നിലയില്‍ കമലത്തിന്റെ ശൈലി. കോഴിക്കോട്ടുകാരുടെ ഓര്‍മയില്‍ കമലം സ്ഥിരപ്രജ്ഞയായ നേതാവായി എന്നും ഉണ്ടാകും.

SHARE