നാം ജയിക്കേണ്ടതിന്റെ ആവശ്യകത

പി.കെ.അന്‍വര്‍ നഹ

1901-ല്‍ ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍ പുരാതന ബാബിലോ നഗരത്തില്‍ ഖനനം നടത്തിയപ്പോള്‍ ഒരു ശിലാഫലകം കണ്ടെത്തി. അതില്‍ 282 പൗരനിയമങ്ങള്‍ ക്യൂണിഫോം ലിപിയില്‍ രേഖപ്പെടുത്തിവെച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ ആ നിയമസംഹിതയില്‍ അതിന്റെ ഉപജ്ഞാതാവായ ഹമുറാബി (1754 ആഇ), ഭരണകൂടത്തിന്റെ ഘടന നിര്‍വഹിക്കു രീതിയും പൗരന്‍മാരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യങ്ങളും മാര്‍ഗങ്ങളും ഉണ്ടായിരുന്നു. ഇന്ത്യ ഉള്‍പ്പടെ പരിഷ്‌കൃത സമൂഹങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനമായ എല്ലാ നിയമവ്യവസ്ഥകളുടേയും തുടക്കം അവിടെ നിന്നായിരുന്നു. ഇവിടെ നിലനില്‍പ്പ് എന്ന പദത്തിന് പ്രത്യേക പ്രസക്തിയുണ്ട്. ചരിത്രബന്ധിയായ ഇക്കാര്യം ഇപ്പോള്‍ പറയുന്നത് ഇന്ത്യന്‍ ഭരണകൂടം പൗരത്വത്തിന്റെ പേരില്‍ നടത്തുന്ന നടത്താനിരിക്കുന്ന, പൗരന്‍മാര്‍ എന്നാല്‍ എന്താണെന്ന് മനസിലാക്കാത്ത നടപടിയുടെ വിലയിരുത്തലായാണ്.
സംഘപരിവാര്‍ രാഷ്ട്രീയത്തിനു ഒരു അജണ്ടയുണ്ട്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണത്. സുവിദിതവും സനാതനവുമായ ഹിന്ദുമതത്തിന് അവര്‍ എതിരുമാണ്. ഏതൊരു രാഷ്ട്രവും പുരോഗതി പ്രാപിക്കുന്നത് രാഷ്ട്രത്തിലെ പൗരസഞ്ചയത്തിന്റെ ഒരുമയും ക്ഷേമവും മൂലമാണ്. ഇവിടെ തകരുന്നതും തകര്‍ക്കപ്പെടുന്നതും അതുതന്നെ. മതേതരത്വത്തിന് നിലവില്‍ പകരം വെക്കാവു ഒരു സംവിധാനമില്ല. ഇന്ത്യയെ സംബന്ധിച്ച് അതിന്റെ ആവശ്യകതയുമില്ല. എന്നിട്ടും, ഭരണ ദ്വന്ദങ്ങള്‍ ക്രൂര ദംഷ്്രടകാട്ടി ചാടിവീഴുന്നത് എന്തുകൊണ്ടാണ്. പൊളളയായ വാഗ്ദാനങ്ങളല്ലാതെ, ക്ഷേമത്തിനുപകരിക്കുന്ന യാതൊന്നും കൈയ്യിലില്ലെന്ന് മനസിലായപ്പോള്‍ ഉളളില്‍ കൂടുകൂട്ടിയിരുന്ന അന്യമതവിദ്വേഷവും ക്രൗര്യവും പുറത്തുചാടിയതാണ്്.
രാഷ്ട്രത്തെ മതപരമായി വിഭജിക്കുക. വിഭജനത്തിന്റെ മുറിവില്‍ നിന്ന് ഉയരുന്ന ഇരയുടെ രോദനങ്ങളെ അധികാരം ഉറപ്പിക്കാന്‍ ഉപയോഗിക്കുക. കൊല്ലപ്പെടുന്നത് ഒരു വിഭാഗം മാത്രമാകുമ്പോള്‍ അവരുടെ സ്വത്തും വാസസ്ഥലവും യഥേഷ്ടം കൈയ്യേറുക. ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുവരെ തടങ്കല്‍ പാളയങ്ങളിലെത്തിച്ച് ക്രമേണ കൊല്ലുക. വംശാറുതി വരുത്തുക, ശുദ്ധീകരണ പ്രക്രിയ തന്നെ. ശുദ്ധത എത് ബ്രാഹ്മണ തത്ത്വശാസ്ത്രപ്രകാരം ഒരു ന്യൂനപക്ഷത്തിനുമാത്രം അവകാശപ്പെട്ടതാണ്. അവര്‍ക്കുവാഴാന്‍ ഇവര്‍ എല്ലാം തകര്‍ക്കുകയാണ്..
രാജ്യം ഈ നിലയിലെത്തിയത് എത്രമാത്രം കഷ്ടപ്പാടുകള്‍ കണ്ട് ദീര്‍ഘവീക്ഷണമുളള മഹാമനീഷികളുടെ ത്യാഗോജ്വലമായ ജീവിതം കൊണ്ടാണെന്നതൊന്നും അവര്‍ക്ക് അറിയേണ്ട. രാഷ്ട്രീയ നേതാക്കളെ അവര്‍ക്ക് പുച്ഛമാണ്. ഭരണഘടന ഏതോ പരിഹാസ പുസ്തകം പോലെയാണെന്ന് അവര്‍ കരുതുന്നു. നിയമങ്ങള്‍ കളിപ്പാട്ടം പോലെ . നിയമം പരിഷ്‌ക്കരിക്കുന്നു എന്നാണ് പറയുന്നത്. ആ പദത്തിനു പകരം നിയമത്തെ പ്രാകൃതമാക്കുന്നു എന്നു പറയുതാവും ഉചിതം. കുളിപ്പിച്ച ശേഷമുളള അഴുക്കുവെളളത്തോടൊപ്പം, കുട്ടിയെയും വലിച്ചെറിയുന്ന അവസ്ഥയിലായി ഭാരതം. അന്തസ്, ഉളുപ്പ്, തുടങ്ങിയ വാക്കുകള്‍ മോദി അമിത്ഷാമാര്‍ക്ക് അന്യമായി. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മിണ്ടാതിരിക്കല്‍ ഭൂഷണമാണെന്നും, തങ്ങളുടെ ചെയ്തികള്‍ പഞ്ചപുച്ഛമടക്കി ജനങ്ങള്‍ സ്വീകരിക്കുമെന്നും ഇവര്‍ കരുതിയിരുന്നു. കാപട്യം മുഖമുദ്രയാക്കുന്നതില്‍ വിജയിച്ചവരാണിവര്‍. അക്കൗണ്ടിലെ 15 ലക്ഷം മുതല്‍ ഭരണഘടനാ പുസ്തകത്തിലെ പരസ്യചുംബനം വരെ അതിന് ഉദാഹരണമാണ്. രാജ്യം ഒന്നാകെ ഒരു പക്ഷത്തും, സംഘപരിവാര്‍ മറുപക്ഷത്തും നില്‍ക്കുന്നു. എന്‍.വി.കൃഷ്ണവാര്യര്‍ തന്റെ പ്രസിദ്ധമായ ബാക്കിവല്ലതുമുണ്ടോ? എന്ന കവിതയില്‍ ചോദിച്ച ചോദ്യം രാജ്യത്താകെ സംഘപരിവാറിനെതിരെ ആഞ്ഞടിക്കുന്നു. ഹിമാലയം കീഴടക്കിയ ജേതാവിനെ പോലെയാണ് മോദി നോട്ടു നിരോധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യം ക്ഷേമ ഐശ്വര്യത്തില്‍ ആറാടാന്‍ അറുപതു ദിവസവും ചോദിച്ചു. ആര്‍ എസ്.എസ്സിന്റെ പൂര്‍ണ രൂപം റൂമര്‍ സ്‌പ്രെഡിംഗ് സൊസൈറ്റി എന്നാണെന്നത് അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുന്നു. വര്‍ണവ്യവസ്ഥപ്രകാരം നാലു വര്‍ണങ്ങള്‍ക്കു പുറമേ ദാസന്‍മാര്‍ എന്നൊരു വര്‍ഗം കൂടിയുണ്ട്്. അവര്‍ തങ്ങളെ സുരക്ഷിതരാക്കിക്കൊളളും എന്നാണ് ഭരണകൂടം കരുതുന്നത്. ഫീസ് കുറയ്ക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്നിടത്ത് ദാസ്യപ്പടകാട്ടിയ ക്രൂരതകള്‍ ഒടുവിലത്തേതാകാന്‍ ഇടയില്ല. തമ്പ്രാന്റെ തുപ്പല്‍ കോളാമ്പി താന്‍മാത്രമേ കഴുകാവു എന്ന് വാശിപ്പിടിക്കു ദാസന്‍മാരുളളപ്പോള്‍ അവര്‍ക്ക് എന്തുപേടിക്കാന്‍.

ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോഴൊരു
ജാതിയിലുളളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുളളതന്തരം നരജാതിയില്‍ ?

1914 ല്‍ ശ്രീനാരായണ ഗുരുദേവന്‍ എഴുതിയ ‘ജാതിനിര്‍ണയം’ എന്ന കവിതയിലെ വരികളാണ്. ഗുരുദേവന്റെ ആരാധകര്‍പോലും ദാസ്യരാകാന്‍ തളളിക്കയറുമ്പോള്‍ മറ്റെന്ത് അപചയത്തെക്കുറിച്ച് പറയാനാണ്. അക്കാര്യത്തില്‍ അയ്യങ്കാളിയുടെ അനുയായികള്‍ ഭേദമെന്നേ പറയേണ്ടു. അച്ചിപ്പുടവ സമരവും, മാറുമറയ്ക്കല്‍ സമരവും കുറുപടിപടയുമൊക്കെ ഈഴവരാദികള്‍ മറക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അമ്പലത്തിന്റെ ഏഴയലത്ത് തങ്ങളെ പ്രവേശിപ്പിക്കാതിരുന്നവര്‍ വട്ടംകൂടി വിസിലടിച്ചപ്പോള്‍ ഓടിച്ചെന്ന് ഏത്തമിടുമെന്ന് എങ്ങനെ കരുതാന്‍?
ഉത്തരേന്ത്യ അങ്ങനെതന്നെ നിലനില്‍ക്കുന്നത് അവിടെ ഗുരുദേവനും, ചട്ടമ്പിസ്വാമിയും, അയ്യന്‍കാളിയും, വക്കം മൗലവിയുമൊക്കെ ജനിക്കാതെ പോയതിനാലാണെ് നാം പറയുമായിരുന്നു. ഇതാ ഇപ്പോള്‍ പഴമയിലേക്ക് മടങ്ങാനുളള ആഹ്വാനവുമായി ആള്‍ നിയമസഭയില്‍ പോലും എത്തിയിരിക്കുന്നു. ജാതിയും വര്‍ഗവും യാഥാര്‍ത്ഥ്യമാണെും ചണ്ഡാളന്‍ മുന്‍ ജന്മ പാപം കൊണ്ടാണ് അപ്രകാരമായതെന്നും ഒ. രാജഗോപാല്‍ പറഞ്ഞത് അടുത്തകാലത്താണ്. വഴിമാറിക്കൊടുത്തില്ലെങ്കില്‍ മരണശിക്ഷവരെ ഏര്‍പ്പെടുത്തിയിരുന്ന മേല്‍ക്കോയ്മ ഇനിയും വരാന്‍ പരവതാനി വിരിക്കുന്നവരില്‍ കണ്ടന്‍കോരന്റെ മകനുമുണ്ട്.
നിലാവെട്ടത്തില്‍ തുടങ്ങിയ മോഷണം നേരം വെളുത്തത് മനസിലാക്കാതെ തുടരുകയാണ് കേന്ദ്രഭരണകൂടം. ഇപ്പോള്‍ എതിര്‍ ശബ്ദങ്ങള്‍ക്ക് കാറ്റുപിടിച്ചു തുടങ്ങിയിരിക്കുന്നു. ശാന്തത മുകളില്‍ മാത്രമാണ്.സമരം വരാനിരിക്കുന്നേയുളളു.പൗരബോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1832ലെ കോല്‍കലാപം, 55ലെ സന്താള്‍ കലാപം, 60ലെ ത്രിപുര സമരം, 80ലെ സര്‍ദാരി പ്രക്ഷോഭം, 90 ലെ മിര്‍സാമുണ്ടാ പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടില്‍ ഭില്‍ കലാപം , കുക്കികലാപം, 1914 ലെ ഭഗത് പ്രസ്ഥാനങ്ങള്‍, 35 ലെ ഗ്രോത്ര പ്രസ്ഥാനങ്ങള്‍, 1946 ലെ തഭൊഗ സമരം, 1946 ലെ തെലങ്കാന കലാപം, 1967 ലെ നക്‌സല്‍ബാരി , ഝാര്‍ഖണ്ട് കലാപം, ചിപ്‌ക്കോ, മുത്തങ്ങ, അതെ ആദിബോധം അണഞ്ഞിട്ടില്ല. ഗോത്രങ്ങള്‍ അടങ്ങുന്നില്ല, അണയുന്നില്ല. ഒരു കൂട്ടര്‍ക്കുമാത്രം പ്രളയക്കെടുതി പരിഹാരത്തിന് സഹായം നിഷേധിച്ചത് കേന്ദ്രത്തിന്റെ അഹന്തയുടെ ഒടുവിലത്തെ തെളിവാണ്. പൗരന്‍മാരുടെ നികുതിപ്പണം അര്‍ഹതയുളളവര്‍ക്ക് കൊടുക്കാതിരിക്കലാണ് എന്നും നിങ്ങളുടെ രീതി. പട്ടിണിയും തൊഴിലില്ലായ്മയും, നിരക്ഷരതയൊന്നും നിങ്ങെള വിഷമിപ്പിക്കില്ല. നിങ്ങളുടെ ജനുസ് വേറെയാണ്. ഗുജാറാത്തിലെ മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് കൊന്നപ്പോള്‍ മാത്രമല്ല അത് മനസിലായത്. നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെട്ടപ്പോള്‍ മുതല്‍ മനസ്സിലായതാണ്. രാഷ്ട്രത്തിന്റെ ശ്രേഷ്ഠ ബ്രാഹ്മണ്യം അധികാരത്തിലേറുക അതിനായി കമ്മ്യൂണിസ്റ്റ്, മുസ്‌ലിം, അധ:കൃത വര്‍ഗത്തെ ഉന്മൂലനം ചെയ്യുക എന്ന തത്വം അറിഞ്ഞതുമാണ്.ആ പരിപ്പ് പാകപ്പെടുത്താന്‍ വൃഥാ ശ്രമിക്കേണ്ടതില്ല എന്ന മുറിയിപ്പാണ് രാജ്യത്തെങ്ങും ദൃശ്യമാകുത്.
ചരിത്രത്തെ വികലമാക്കിയും യാഥാര്‍ഥ്യത്തെ ഭാവനകൊണ്ടു മറച്ചും ഇസ്രാഈലിനെ പിന്തുടര്‍ന്നും, യുദ്ധം രക്ഷയാണെന്നു പറഞ്ഞും ദേശരക്ഷാപോരാട്ടം നടക്കുമ്പോള്‍ വിദേശികള്‍ക്ക് കുഴലൂത്ത് നടത്തിയും ഗാന്ധിയെ കൊണ്ടും രക്തസാക്ഷികളുടെ പാരമ്പര്യത്തെ അധിക്ഷേപിച്ചും, സംഘ്പരിവാര്‍ ഓഫീസുകളില്‍ ഗോഡ്‌സെ ചരിത്രം തൂക്കിയും മനുസമൃതിയെ ഭരണഘടനായാക്കിയും, മനുഷ്യ വിശുദ്ധിയെ അധിക്ഷേപിച്ചും, മുസ്‌ലിംകളും ക്രിസ്ത്യാനികളും ആഭ്യന്തര ഭീഷണിയാണെന്ന് പറഞ്ഞുപരത്തിയും ഹിന്ദുരാജ് യാഥാര്‍ഥ്യമാക്കാന്‍ സംഘപരിവാര്‍ ഒരു വശത്തും, സംഘത്തിന്റെ രാജ്യസ്‌നേഹമുഖം മൂടി വലിച്ചു ചിന്തി രാജ്യത്തെ പൗരന്‍മാര്‍ മറുവശത്തും അണിനിരു തുടങ്ങിയിരിക്കുന്നു. ഇന്ത്യക്ക് ജയിച്ചേ പറ്റൂ.

SHARE