ഗവര്‍ണറുടെ വിയോജിപ്പും സ്യൂട്ട് ഹര്‍ജിയിലെ അക്ഷരത്തെറ്റും

ലുഖ്മാന്‍ മമ്പാട്

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ‘എന്റെ സര്‍ക്കാര്‍’ എന്നു പറഞ്ഞ നാവുവായയിലേക്കിടാതെ, ‘ഇതെന്റെ നയമല്ല’ എന്ന് ഗവര്‍ണ്ണര്‍ അസാധാരണമായി കൂട്ടിച്ചേര്‍ത്തിട്ടും കയ്യടിക്കുന്ന എല്‍.ഡി.എഫ് സാമാജികരെ സമ്മതിച്ചേ മതിയാവൂ.
പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം കൊണ്ടുവന്ന ബി.ജെ.പിയുടെ ഏക അംഗം ഒ രാജഗോപാല്‍ ഉള്‍പ്പെടെ മുഴുവന്‍ കേരള എം.എല്‍.എമാരും ഐക കണ്‌ഠ്യേന പാസാക്കിയ സി.എ.എക്കെതിരായ പ്രമേയത്തെയും 131-ാം വകുപ്പിലെ വ്യവസ്ഥ ഉപയോഗിച്ച് സുപ്രീം കോടതിയില്‍ പോയതിനെയും സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിച്ചു നടക്കുന്ന ഗവര്‍ണറെ നിയമസഭയില്‍ ജനാധിപത്യപരമായി പ്രതിഷേധമറിയിച്ചപ്പോള്‍ ”പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നു.” എന്നാണ് മന്ത്രിസഭയിലെ രണ്ടാമന്‍ ഇ.പി ജയരാജന്‍ പറയുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പതാകക്ക് പകരം ചെങ്കൊടി മാത്രം വീശി എല്‍.ഡി.എഫ് സംഘടിപ്പിച്ച ശൃംഖലകഴിഞ്ഞ് മുഖ്യമന്ത്രി കുടുംബ സമേതം ഗവര്‍ണ്ണറെ വീട്ടില്‍ പോയി കണ്ട് ചായയും സൊറയുമായി ചിരിച്ചു മറിഞ്ഞപ്പോഴേ കാര്യങ്ങളുടെ പോക്ക് ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യമായിരുന്നു.
പിന്നാലെ, എന്‍.പി.ആറിന്റെ ജോലി തകൃതിയായിട്ടുണ്ട്. അമിത്ഷായുടെ കണക്കെടുപ്പെല്ലാം നിര്‍ത്തിവെച്ചെന്ന് പരസ്യമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ശേഷം രണ്ടു ചോദ്യങ്ങളിലേ പ്രശ്‌നമുള്ളൂവെന്നും ബാക്കി കണക്കെടുപ്പാവാമെന്നും തീരുമാനിച്ചത് ഇതേ പിണറായി മന്ത്രിസഭയാണല്ലോ. യോഗിയുടെ യു.പിക്ക് പിന്നാലെ എന്‍.പി.ആറിനൊരുങ്ങുന്നത് കേരളമാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ഇത്രയേറെ കേസെടുത്തൊരു സംസ്ഥാനം വേറെയില്ല. സി.പി.എമ്മോ എല്‍.ഡി.എഫോ ഇന്നേവരെ സി.എ.എക്കെതിരെ ഒരു സമരം പോലും നടത്തിയിട്ടില്ല. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ശൃംഖലപോലും ഭരണഘടനാ സംരക്ഷണത്തിന് എന്ന പേരിലായിരുന്നു. ”മുസ്്‌ലിം പള്ളികളില്‍ രാവിലെ ദേശീയ പതാക ഉയര്‍ത്തി ഭരണഘടനയുടെ ആമുഖം വായിച്ചത് പലര്‍ക്കും ശൃംഖലയില്‍ പങ്കെടുക്കാന്‍ പ്രചോദനമായി” (ദേശാഭിമാനി എഡിറ്റോറിയല്‍, 2020 ജനുവരി 28). പള്ളികളിലൊക്കെ ഇത്തവണ ദേശീയ പതാക ഉയര്‍ത്തിയതുകൊണ്ടു മാത്രം ഇപ്പോള്‍ ദേശീയ വാദികളാക്കാന്‍ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനമൊന്നും ഏറെക്കാലം ആഘോഷിക്കാതെ കരിദിനം ആചരിച്ചവര്‍ക്കായത് വലിയ കാര്യമാണ്.
കഴിഞ്ഞ വര്‍ഷവും ഏതാണ്ട് ഇതേ കാലത്ത്, സുപ്രീം കോടതി വിധിയുടെ മറപിടിച്ച് ശബരിമലയുവതീ പ്രവേശന വിളംബരത്തിലായിരുന്നു പിണറായി സഖാവ്. വിശദീകരണ പൊതുയോഗങ്ങളായും നവോത്ഥാന മതിലായും വാക്കിന് തീപിടിപ്പിച്ച നാളുകള്‍. വിശ്വാസികള്‍ക്ക് എതിരായ യുദ്ധത്തിന് സര്‍ക്കാര്‍ വിലാസം പ്രത്യേക സമിതി തന്നെ ഉണ്ടാക്കി. എസ്.എന്‍.ഡി.പി നേതാക്കളിലെ അറിയപ്പെടുന്ന വര്‍ഗീയവാദിയായി ജനം കരുതുന്ന ‘നൗഷാദ് ഫെയിം’ വെള്ളാപ്പള്ളിയായിരുന്നു മുഖ്യ മേസ്തിരി. കര്‍സേവയില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ക്ക് ബാബരി പള്ളിയുടെ കല്ലുകള്‍ വീട്ടില്‍ സൂക്ഷിച്ച സുഗുണനെ അസി.മേസ്തിരിയാക്കി, ഖലീഫ ഉമര്‍ എന്നാണ് പിണറായിയുടെ മെഗാഫോണ്‍ കെ.ടി ജലീല്‍ പരിചയപ്പെടുത്തിയത്.
ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ ഒത്തുകളിച്ച് ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചപ്പോള്‍ കരുതലോടെ പ്രതികരിക്കുകയും വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്ത യു.ഡി.എഫ് നേതാക്കളെയാകെ സങ്കിയാക്കുന്ന തിരക്കിലായിരുന്നു പലരും. നവോത്ഥാന മതിലോടെ യു.ഡി.എഫ് തീര്‍ന്നെന്നായി മാധ്യമ വിശാരദന്മാരുടെ വിധിയെഴുത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ, മതിലു മേസ്തിരിമാരെകുറിച്ച് വിവരമൊന്നുമില്ല. എന്തെങ്കിലും ലഘുലേഖയോ കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോ ഉള്‍പ്പെടെയുള്ള പുസ്‌കങ്ങളോ വീട്ടില്‍ സൂക്ഷിച്ചാല്‍ മാവോയിസ്‌റ്റെന്നോ മുസ്‌ലിം നാമമാണെങ്കില്‍ ഇസ്്‌ലാമിക തീവ്രവാദിയെന്നോ മുദ്രകുത്തി യു.എ.പി.എ ചുമത്തി എന്‍.ഐ.എക്ക് പിടിച്ചു കൊടുക്കും.
പൗരത്വത്തിന്റെ പേരിലുള്ള വേട്ടയാടലിന് എതിരെ ഇപ്പോഴത്തെ പൗരത്വ വിവേചന നിയമം വരുന്നതിന് വളരെ മുമ്പു തന്നെ നിരന്തര പോരാട്ടത്തിലാണ് മുസ്‌ലിംലീഗ്. ആസാമില്‍ നടക്കുന്ന അനീതിക്ക് എതിരെ ഡല്‍ഹിയില്‍ വന്‍ റാലിയോടെ പ്രക്ഷോഭത്തിന് തുടക്കമിട്ട മുസ്‌ലിംലീഗ് കേരളത്തില്‍ രണ്ടു മേഖലകളിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സമരാങ്കണത്തില്‍ തന്നെയായിരുന്നു. തുടര്‍ന്ന് ഉന്നത ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ആസാം സന്ദര്‍ശിക്കുകയും അഞ്ഞൂറ് അഭിഭാഷകരെ അങ്ങോട്ട് നിയോഗിക്കുകയും ചെയ്ത ശേഷമാണ് പൗരത്വ ഭേദഗതി വരുന്നത്. മറ്റാരെക്കാളും ഇക്കാര്യത്തില്‍ പഠിക്കുകയും വിവര ശേഖരണം നടത്തുകയും ചെയ്ത മുസ്്‌ലിംലീഗ് എം.പിമാര്‍ ബില്ലിനെതിരെ ലോക്‌സഭയിലും തുടര്‍ന്ന് രാജ്യസഭയിലും ഉജ്ജ്വലമായി പോരാടിയതിനെ ദേശീയ മാധ്യമങ്ങള്‍ പോലും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതാണ്.
രാജ്യസഭയില്‍ അര്‍ധരാത്രിയോടടുത്ത് ബില്ല് പാസാക്കിയപ്പോള്‍ പിറ്റേന്ന് രാവിലെ സുപ്രീം കോടതിയിലെത്തി ഭരണഘടനാ വിരുദ്ധമായ സി.എ.എ റദ്ദുചെയ്യണമെന്ന് ആദ്യമായി കേസ് ഫയല്‍ ചെയ്തതും മുസ്്‌ലിംലീഗാണ്. ഇപ്പോള്‍ നൂറ്റമ്പതോളം ഹര്‍ജികള്‍ എത്തിയത് ‘ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് വേഴ്‌സസ് കേന്ദ്ര സര്‍ക്കാര്‍’ എന്ന കേസ്സില്‍ കക്ഷിചേര്‍ന്നുകൊണ്ടാണ്. സംഘപരിവാറും പൊലീസും ചേര്‍ന്ന് കലാപഭൂമിയാക്കിയ ചോരകിനിയുന്ന ഡല്‍ഹി ജാമിഅ ക്യാമ്പസിലും ജെ.എന്‍.യു കാമ്പസിലും മാത്രമല്ല, യു.പിയില്‍ യോഗിയുടെ പൊലീസ് വീട്ടിലും വഴിയോരത്തും വെടിവെച്ച് കൊന്ന മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി അഫ്താബ് ആലം ഉള്‍പ്പെടെയുള്ള 29 പേരുടെയും വീടുകളിലും മംഗലാപുരത്ത് വെടിയേറ്റു മരിച്ചവരുടെയും പരിക്കേറ്റവരുടെയും വീടുകളിലുമെത്തി ആശ്വാസം പകരാന്‍ മുസ്‌ലിംലീഗ് ദേശീയ നേതാക്കള്‍ക്കായി.
എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിക്കുമ്പോള്‍ വ്യക്തത തേടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത് മുസ്്‌ലിംലീഗാണ്.
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവുമായി മുന്നോട്ടു പോയത് കൊണ്ട് നിയമത്തിന്റെ ഭരണഘടനാ സാധുതയില്‍ തീരുമാനമാകുന്നത് വരെ നടപടി ക്രമങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് മുസ്‌ലിം ലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. സ്റ്റേ കിട്ടില്ലെന്ന് ഉറപ്പായതോടെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെടുന്നു. ആയത് തത്വത്തില്‍ അംഗീകരിച്ച കോടതി അഞ്ചാമത്തെ ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ അത് സംബന്ധിച്ചും വ്യക്തമാക്കാമെന്നും പറയുന്നു. മുസ്‌ലിംലീഗിന്റെ മറ്റൊരു ഹര്‍ജിയിലെ, എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പരസ്പര വിരുദ്ധമായ പ്രസ്താവനകളും കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതോടെ, ഇതില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തവിടുകയായിരുന്നു.
പൗരത്വഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടാതിരുന്നത് മുസ്്‌ലിംലീഗ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നും ബുധനാഴ്ച പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ലീഗ് നേതാക്കള്‍ സന്ദര്‍ശക ഗ്യാലറിയില്‍ എത്തി അഡ്വ.ഹാരിസ് ബീരാന്‍ വഴി കുറിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കപില്‍ സിബല്‍ സ്റ്റേ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയതെന്നും (ദേശാഭിമാനി, 2020 ജനുവരി 24) കല്ലുവെച്ച നുണകള്‍ പടച്ചുവിടുന്നവര്‍, യോജിച്ച പ്രക്ഷോഭത്തിന് ക്ഷണിക്കുന്നത് വിഷം തന്നു കൊല്ലാനാണോ എന്ന് സംശയിക്കുന്നവരെ എങ്ങിനെ കുറ്റപ്പെടുത്തും. എന്നാല്‍, പൗരത്വ നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി 22ന് വാദത്തിന് പോലും എത്തിയില്ല. മൊത്തം പിശകുകളെന്ന് ചൂണ്ടിക്കാണിച്ച് സുപ്രിംകോടതി റജിസ്ട്രി ഇന്നലെ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസ് കൈപറ്റിയ കപില്‍ സിബല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പണം വാങ്ങിയെന്ന് നുണക്കഥ മെനയുന്ന സംഘപരിവാര്‍ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്ഥമല്ല, ദേശാഭിമാനിയും. കോഴിക്കോട് കടപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ നടത്തിയ 12 മണിക്കൂര്‍ ഉപവാസത്തിലേക്ക് സി.പി.എമ്മിന്റെ ക്ഷണിക്കപ്പെട്ട മൂന്ന് എം.എല്‍.എമാരിലൊരാള്‍ പോലും തിരിഞ്ഞു നോക്കിയിട്ടില്ലെങ്കിലും അങ്ങോട്ടുപോയി യോജിക്കണമെന്നാണ് തമ്പ്രാന്റെ കല്‍പന.
സോണിയാഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും അങ്ങേയറ്റം അവഹേളിച്ച്, 24ന് ദേശാഭിമാനിയില്‍ പി.വി തോമസ് എഴുതിയ ‘കോണ്‍ഗ്രസ്സിലെ ആശയക്കുഴപ്പം’ എന്ന ലേഖനത്തോടൊപ്പം നല്‍കിയ കാര്‍ട്ടൂണ്‍ മാത്രം മതി ഇവരുടെ മനസ്സിലിരിപ്പ് ബോധ്യപ്പെടാന്‍. ജനുവരി 13ന് ഡല്‍ഹിയില്‍ സോണിയാഗാന്ധി വിളിച്ച യോഗത്തില്‍ 20 പാര്‍ട്ടികള്‍ പങ്കെടുത്തത് എടുത്തു പറയുമ്പോഴും നുണക്കഥകള്‍ രചിച്ച് ദേശീയ പ്രക്ഷോഭത്തെ തുരങ്കം വെക്കുന്നതിന്റെ ബാക്കിപത്രമാണ് ബേപ്പൂരിലെ പ്രാദേശിക ലീഗ് നേതാവിനെ ഒന്നാം പേജില്‍ മഹത്വപ്പെടുത്തുന്നത്. പൗരത്വവിവേചനത്തിന് എതിരായി യു.ഡി.എഫും മുസ്‌ലിംലീഗും കോഴിക്കോട് കേന്ദ്രീകരിച്ച് മാത്രം നടത്തിയ വമ്പന്‍ പ്രക്ഷോഭങ്ങള്‍ പത്തിലേറെയുണ്ട്. അതിലൊന്നില്‍പോലും എത്താത്ത ഒരു പ്രാദേശിക മുസ്‌ലിംലീഗ് നേതാവ് ശൃംഖലയില്‍ പോയി മാധ്യമങ്ങളോട് പഴയപാര്‍ട്ടിയിലാണെന്ന ധാരണയില്‍ സംസാരിച്ചാല്‍ അക്കാര്യത്തില്‍ സംഘടനാപരമായി ഇടപെടാന്‍ പോലും മുസ്‌ലിംലീഗിന് പാടില്ലത്രെ.
ലീഗിനെ പറഞ്ഞാല്‍ ചില മാധ്യമങ്ങളില്‍ ആളാവാമെന്ന് ധരിക്കുന്ന ചില അഭിനവ തലയില്‍കെട്ടുകാര്‍ക്ക് സസ്‌പെന്‍ഷനും അന്വേഷണവുമൊന്നും സഹിക്കുന്നില്ല. ബി.ജെ.പിയുടെ സി.എ.എ അനുകൂല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത കൊടുവള്ളി എം.എല്‍.എയെയൊക്കെ ആനയിച്ചു നടക്കുന്നവരാണ് കേന്ദ്രസര്‍ക്കാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന മുസ്‌ലിംലീഗിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരുന്നത്. പൗരത്വ വിവേചന നിയമത്തിന് എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സഹകരിക്കാവുന്നിടത്തോളം സഹകരിക്കുക എന്നതുതന്നെയാണ് മുസ്്‌ലിംലീഗ് നിലപാട്. തെരുവിലും പാര്‍ലമെന്റിലും കോടതിയിലും ഒരുപോലെ ഒരണുവിട വിട്ടുവീഴ്ചയില്ലാതെ മുസ്്‌ലിംലീഗ് തനിച്ചും കൂട്ടായും മുന്നോട്ടു പോകുന്നു.
ബി.ജെ.പി ശക്തമല്ലാതിരുന്ന എഴുപതുകളിലും എണ്‍പതുകളിലും ഇസ്‌ലാമിക ശരീഅത്തിനെതിരെ യുദ്ധം നയിച്ചത് സി.പി.എമ്മായിരുന്നു. ശാബാനു കേസിലെ സുപ്രീം കോടതി വിധിയോട് ‘ഭരണഘടനാ സംരക്ഷണത്തിന്’ മുസ്‌ലിംലീഗ് നേതാവ് ജി.എം ബനത്ത്‌വാല അവതരിപ്പിച്ച ശരീഅത്ത് സംരക്ഷണ ബില്ല് നിയമമാക്കിയപ്പോള്‍, രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച വ്യക്തിയാണ് ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. അന്ന് കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച അദ്ദേഹത്തെ കേരളത്തില്‍ എഴുന്നളളിച്ച് നടന്നത് സി.പി.എമ്മായിരുന്നു. ഇപ്പോള്‍ സി.പി.എമ്മിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ് ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്ന അദ്ദേഹത്തെ മടക്കിവിടാന്‍ പിണറായിക്ക് വൈമനസ്യം കാണും. തോല്‍വിയാണെന്ന് വ്യക്തമായാല്‍ കേരളത്തിലെ ബി.ജെ.പി അധ്യക്ഷനെ പിടിച്ച് ഗവര്‍ണറാക്കുന്ന സ്ഥിരം പല്ലവിപോലെ, കേരള ഗവര്‍ണറെ പിടിച്ച് ബി.ജെ.പി അധ്യക്ഷനുമാക്കുന്നതിനും തടസ്സമൊന്നുമില്ല. പതിനെട്ടാം പടിയെയും പതിനെട്ടാം ഖണ്ഡികയെയും ഒത്തുകളിയുടെ ചവിട്ടുനാടകമാക്കുന്നതൊക്കെ തിരിച്ചറിയാനുളള വകതിരിവ് ജനത്തിനുണ്ട്.

SHARE