പ്രതിഷേധ ഭൂമിയില്‍ കര്‍ഷകരും

കുറുക്കോളി മൊയ്തീന്‍

ലോക ജന സമൂഹങ്ങള്‍ക്ക് വലിയ അല്‍ഭുതമായിരുന്നു ഇന്ത്യ. വൈവിധ്യങ്ങള്‍ നിറഞ്ഞ മത ജാതി, വര്‍ണ, ഭാഷ സംസ്‌കാരങ്ങളാല്‍ ധന്യമായിരുന്ന രാജ്യം. അതിനെല്ലാം ആണിക്കല്ലായി മഹത്തായ ഭരണഘടന. ഭരണഘടനാവ്യവസ്ഥകള്‍ക്കനുസൃതമായി അധികാരത്തില്‍വന്ന ഭരണകൂടംതന്നെ അതിനെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത് രാജ്യത്ത് വലിയ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണിപ്പോള്‍.
സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഒറ്റപ്പെട്ട വിദ്യാര്‍ത്ഥി, യുവജന, തൊഴിലാളി, കര്‍ഷക സമരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും രാജ്യത്തെയാകെ ഇളക്കിമറിച്ച ആബാലവൃദ്ധം ജനങ്ങള്‍ അണിനിരന്ന സമരം സ്വതന്ത്ര ഭാരതത്തില്‍ ഇത് ആദ്യത്തേതാണ്. ഭരണാധികാരികള്‍ നിര്‍മിച്ച വലിയ തിന്മക്കെതിരേയുള്ള അതിശക്തമായ പ്രക്ഷോഭമാണിന്നുയര്‍ന്ന്‌കൊണ്ടിരിക്കുന്നത്. സര്‍വകലാശാലകളില്‍നിന്നു തിരികൊളുത്തിയ പ്രക്ഷോഭം സര്‍വതലങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.
മഹാത്മാജിയെ ഇകഴ്ത്തി നാഥുറാം ഗോദ്‌സെയെ പുകഴ്ത്തി ആത്മാഭിമാനത്തെതന്നെ തകര്‍ത്തുകൊണ്ടാണ് സംഘി ഭരണം മുന്നോട്ട് പോകുന്നത്. ഗോദ്‌സെയാണ് അവരുടെ പ്രതിപുരുഷന്‍. ഗോദ്‌സെ കാണിച്ച അക്രമം ഭരണകൂടവും അനുവര്‍ത്തിക്കുന്നു. രാജ്യത്തെ ദുര്‍ബലപ്പെടുത്തി, ജനങ്ങളെ തളര്‍ത്തി, മൗലിക പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിട്ട് അധികാരം നിലനിര്‍ത്താനുള്ള വൃത്തികെട്ട അടവുകളുമായി മാത്രം ഭരണക്കാര്‍ അധപ്പതിച്ച കാഴ്ചകളാണ് ജനങ്ങള്‍ കണ്ടത്. ഇവരുടെ മാതൃക ഗോദ്‌സെ തന്നെയാണ്. 1948 ജനുവരി 30ന് മഹാത്മാജി ബിര്‍ള മന്ദിരത്തില്‍ പ്രാര്‍ഥനക്കെത്തിയപ്പോള്‍ അവരുടെ മുന്നില്‍ വന്ന ഗോദ്‌സെ മഹാത്മജിയുടെ കാല്‍തൊട്ട് വന്ദിക്കുകയുണ്ടായി. നിവര്‍ന്ന് നിന്ന ഗോദ്‌സെ പിന്നീട് ആ തിരുമാറിലേക്ക് നിറയൊഴിക്കുകയായിരുന്നു. ആധുനിക ഗോദ്‌സെമാര്‍ ചെയ്യുന്നതെല്ലാം അതിനു മാതൃകയാണ്.
രാജ്യത്തെ ഇഞ്ചിഞ്ചായി തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് അധികാരം ഏറ്റെടുത്ത നാള്‍മുതല്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ലോക രാജ്യങ്ങള്‍ ഭാരതത്തെയും ഭരണഘടനെയും വളരെ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടുവരുന്നത്. എന്നാല്‍ അതിന്റെ സര്‍വ്വ മേന്‍മകളും ഒന്നൊന്നായി വലിച്ചു കീറുകയാണ് സര്‍ക്കാര്‍. അയല്‍ രാജ്യമായ നേപ്പാള്‍ നിലവിലെ സംവിധാനങ്ങളെ മാറ്റാനും മതേതരത്വവും ജനാധിപത്യവും അംഗീകരിച്ച് മുന്നോട്ട് പോകാനും തീരുമാനമെടുത്തു. അതിന്റെ ഭാഗമായി അയല്‍ രാജ്യങ്ങളിലേക്കെല്ലാം അഭിപ്രായം തേടി അവര്‍ കത്തുകളയച്ചു. ഇന്ത്യ വളരെ പെട്ടെന്നുതന്നെ മറുപടി കത്തു നല്‍കി. നിങ്ങള്‍ ഈ മാര്‍ഗം അഥവാ മതേതരത്വം അംഗീകരിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് നിയമ വകുപ്പ് കത്തു നല്‍കിയത്. നമ്മുടെ മഹത്തായ പാരമ്പര്യവും അന്തസ്സും കെടുത്തുന്ന ഹീനമായ നയമാണിത്. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായില്ല. അത് ഗൗരവത്തിലെടുത്തതുപോലുമില്ല. ഭരണഘടനയെ ചുംബിച്ച് അധികാരമേറ്റ പ്രധാനമന്ത്രി ഗോദ്‌സെ ഗാന്ധിജിയെ ചെയ്ത മാതൃകയില്‍ ഭരണഘടനയെ തന്നെ നശിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നു. അതിന്റെ തുടക്കമാണ് പൗരത്വ ഭേഗഗതി നിയമം. ബഹുമുഖ ലക്ഷ്യങ്ങളാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിക്കുന്നത്. സ്ഥിരഭരണം നേടുക, നിലവിലെ ഭരണ പരാജയങ്ങള്‍ മറച്ചുപിടിക്കുക തുടങ്ങിയവയാണ് അതില്‍ പ്രധാനം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമൊന്നും പരിഗണിച്ചില്ല. കര്‍ഷക പ്രക്ഷോഭങ്ങളെ കണ്ട ഭാവം നടിച്ചില്ല. പതിനായിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും തിരിഞ്ഞുനോക്കിയില്ല. യുവാക്കളുടെ അമര്‍ശം കാണാനായില്ല. നാലര പതിറ്റാണ്ടു കാലത്തിനിടയിലെ വലിയ തൊഴിലില്ലായ്മ പ്രധാന ചര്‍ച്ച പോലുമായില്ല. സാമ്പത്തിക മാന്ദ്യം നിസ്സാരവത്കരിച്ചു, നോട്ടുനിരോധനത്തിലൂടെ വലിയ കൊള്ള നടത്തി. ജനങ്ങളെ മൗനികളാക്കി വരികളില്‍ നിര്‍ത്തി. കാര്യക്ഷമതയില്ലാതെ ജി.എസ്.ടിയും കൊണ്ടുവന്നു. പാവങ്ങളുടെയും ഇടത്തരക്കാരുടെയും ശബ്ദത്തിന് വിലയില്ലാതെ പോയി. മുത്തലാഖ് നിയമം മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായി ലഘൂകരിക്കപ്പെട്ടു. രാജ്യത്തിന്റെ അവിഛിന്നതയെ തന്നെ വെല്ലുവിളിച്ച് കശ്മീരിനെ വെട്ടിപ്പൊളിച്ചും പ്രത്യേക പദവി എടുത്തുകളഞ്ഞും ഒറ്റപ്പെട്ട പ്രതിരോധങ്ങളില്‍ ഒതുക്കി. നിയമ നിര്‍മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളുടെ നാമനിര്‍ദേശം ചെയ്യല്‍ എടുത്തുകളഞ്ഞു. ക്രൂരമായ കൊലപാതകങ്ങള്‍ വ്യാപകമായി നടന്നു.
രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്നതാണീ നിയമം എന്ന തിരിച്ചറിവാണ് ജനാധിപത്യ മതേതര വിശ്വാസികളെ പ്രക്ഷോഭ രംഗത്തേക്ക് നയിച്ചത്. രാജ്യവ്യാപകമായി എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കുന്ന സമരങ്ങളാണ് തുടരുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരത്യപൂര്‍വ്വ സംഭവമാണിത്.രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ദിയിലെന്ന പോലെ ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തിലും കര്‍ഷകരുടെ പങ്ക് ചെറുതല്ല. ഒന്നര നൂറ്റാണ്ടുകാലം നീണ്ടു നിന്ന ബ്രിട്ടീഷ് മേല്‍കോയ്മക്കെതിരേ രാജ്യത്തുടനീളം സര്‍ക്കാരിന്റെയും ജന്മിമാരുടെയും ക്രൂര മര്‍ദനങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ശക്തമായ ചെറുത്തു നില്‍പ്പുതന്നെ നടത്തിയിട്ടുണ്ട്. കര്‍ഷക പ്രശ്‌നങ്ങളില്‍ ഉയര്‍ന്ന ശക്തമായ സമരരംഗത്തുള്ളപ്പോള്‍തന്നെ കര്‍ഷക സമൂഹത്തെ പ്രതിനിധീകരിച്ച് വേറിട്ടൊരു സമരത്തിലാണ് സ്വതന്ത്ര കര്‍ഷക സംഘം. രാജ്ഭവന് മുന്നില്‍ നടത്തിയ25 മണിക്കൂര്‍ നീണ്ടുനിന്ന രാപ്പകല്‍ സത്യഗ്രഹവും അതിന്റെ ഭാഗമായാണ്.

SHARE