വീണ്ടുമൊരു സ്വാതന്ത്ര്യസമരം

ഡോ. ഷാജി

ഇന്നലത്തെ രാഷ്ട്രീയം ഇന്ന് ചരിത്രമാണ്. അതിനാല്‍തന്നെ ഗവേഷകര്‍ക്ക് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരവും 2019-ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും ഇന്ന് ചരിത്രത്തിന്റെ ഭാഗവും താരതമ്യപഠന വിധേയവുമാണ്. അന്നും ഇന്നും ഡല്‍ഹി സമരമുഖം തന്നെയായിരുന്നു. അന്ന് ഭരണഘടന നിലവില്‍ വരാനാണ് എങ്കില്‍ ഇന്ന് അതിന്റെ സംരക്ഷണാര്‍ത്ഥമാണ് ജനങ്ങളുടെ ജീവത്യാഗം. കാലങ്ങളായി ജനങ്ങളിലുള്ള രോഷമായിരുന്നു ബ്രിട്ടീഷ് ഭരണത്തിനെതിരായി പെട്ടെന്നുള്ള ഒരു കാരണത്തിലൂടെ 1857-ലെ കലാപമായി മാറിയത്. അതുപോലെ ഇന്ത്യാരാജ്യത്ത് കഴിഞ്ഞ കുറേ നാളുകളായി ഉണ്ടായിട്ടുള്ള ജനവിരുദ്ധ നയങ്ങളായ നോട്ട് നിരോധനം, ജി.എസ്.ടി, തൊഴിലില്ലായ്മ, വിലക്കയറ്റം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്, ബാബരി മസ്ജിദ് നീതിനിഷേധം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം എന്നിങ്ങനെ വിവിധ വിഷയങ്ങളാല്‍ അസംതൃപ്തമായ ജനങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള യുവജന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയും പിന്‍ബലവുമായി അണിചേരുകയുണ്ടായി.
അസം പൗരത്വ രജിസ്റ്ററില്‍നിന്നും 19 ലക്ഷത്തോളം പേര്‍ ഒഴിവാക്കപ്പെട്ടു. 1980-81 കാലയളവില്‍ അസമിന്റെ ആദ്യ വനിത മുഖ്യമന്ത്രിയായ സൈദാഅന്‍വറതൈമൂര്‍, മംഗല്‍യാന്‍, ചാന്ദ്രയാന്‍ ദൗത്യങ്ങളുടെ ഉപദേശകനായിരുന്ന ഡോ. ജി. ജിതേന്ദ്രനാഥഗോസ്വാമി, കാര്‍ഗില്‍ യുദ്ധസൈനികനായ സനാഉള്ളാഖാന്‍, മുന്‍ പ്രസിഡന്റ് ഫക്രുദീന്‍അലി അഹമ്മദിന്റെ പൗത്രന്‍ സാജിദ് അലി അഹമ്മദ് എന്നിവരെല്ലാം പൗരത്വ പട്ടികക്കു പുറത്തായ പ്രമുഖരാണ്. ഇത് ഈ സമരത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജയില്‍ മോചിതനായ സൈനികനായ സനാഉള്ളഖാന്‍ പറഞ്ഞത് തടങ്കല്‍ പാളയങ്ങളല്ല അവ സാക്ഷാല്‍ നരകം തന്നെയാണ് എന്നാണ്. ഒന്നാം സ്വാത്രന്ത്യസമരം പട്ടാളക്കാര്‍ക്കിടയിലാണ് ആരംഭിച്ചതെങ്കില്‍ പൗരത്വപ്രക്ഷോഭങ്ങള്‍ക്ക് തുടക്കംകുറിച്ചതും ലോകപ്രസിദ്ധി നേടിക്കൊടുത്തതും സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ്, പ്രത്യേകിച്ച് ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ മുന്നണി പോരാളികളായി. മലയാളി വിദ്യാര്‍ത്ഥികള്‍ ത്യാഗോജ്വലമായ പ്രതിരോധത്തിന്റെ പ്രതീകമായാണ് നിലകൊണ്ടത്. തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ അലിഗര്‍, നെഹ്‌റു, ഡല്‍ഹി, ആസാദ്, ബനാറസ് സര്‍വകലാശാല വിദ്യാര്‍ത്ഥികളും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹുജനങ്ങളും സമരരംഗത്തിറങ്ങി. രാജ്യത്തെ മിക്കവാറും കലാശാലകളും ഐ.ഐ.ടികളും പിന്നീട് സമരകേന്ദ്രങ്ങളായി. എങ്കിലും സര്‍വകലാശാലകള്‍ അവധി പ്രഖ്യാപിച്ച് സമരത്തെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ വിഫലശ്രമം നടത്തി. എന്നാല്‍ അതുകൊണ്ടൊന്നും സമരത്തെ ഒതുക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല ‘പഴശ്ശിയുടെ സമരങ്ങള്‍ കമ്പനി കാണാന്‍ പോകുന്നതേയുള്ളു’ എന്ന രീതിയില്‍ രാജ്യമെമ്പാടും പ്രക്ഷോഭം വ്യാപിക്കുകയാണുണ്ടായത്.
ഒന്നാം സ്വാതന്ത്ര്യസമരത്തെ കേവലം ‘ശിപായി ലഹള’ എന്ന് വിളിച്ചാക്ഷേപിച്ചതുപോലെ ഇപ്പോള്‍ സമരക്കാരെ ഭരണകൂടം ‘അര്‍ബന്‍ നക്‌സല്‍’ എന്നും ‘വിഭജന ശക്തികള്‍’ (തുക്കടെ തുക്കടെ ഗാംഗ്) ‘ജിഹാദി സമരം’ എന്നൊക്കെ നാസിസത്തെ അനുസ്മരിപ്പിക്കുമാറ് സമരത്തെ സാമുദായികമായി വിശേഷിപ്പിച്ച് തകര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ‘ഭിന്നിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ ഒരുമിക്കാനാണ് തീരുമാനം.’ ‘സ്വാതന്ത്ര്യസമരം പുനരാവിഷ്‌കരിക്കാന്‍ സമയമായി’ എന്നിങ്ങനെയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പ്രധാനമന്ത്രി പ്രതികരിച്ചത് അരാജകത്വത്തിനെതിരെ യുവാക്കളുടെ പ്രതികരണം സ്വാഭാവികം മാത്രം എന്നാണ്.
ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഉത്തരേന്ത്യയുടെ വിവിധ പട്ടണങ്ങള്‍ സമരകേന്ദ്രങ്ങളായി എങ്കില്‍ ഇപ്പോള്‍ ഉത്തരേന്ത്യന്‍ പട്ടണങ്ങള്‍ മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യന്‍ പട്ടണങ്ങളിലും ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിലും പ്രതിഷേധം ശക്തമായി. അന്ന് ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്നാണെങ്കില്‍ ഇന്ന് എല്ലാ നാവുകളിലും ഒരേ ഒരു മുദ്രാവാക്യം -‘ആസാദി’ ഇന്ത്യയിലെമ്പാടും മുഴങ്ങിക്കേള്‍ക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും മാത്രമല്ല, ഭരണത്തിലുള്ള ഘടകക്ഷികള്‍പോലും സമരത്തെ ന്യായീകരിക്കുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, യുവജനങ്ങള്‍, ബുദ്ധിജീവികള്‍, കവികള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, സുപ്രീംകോടതിയിലേത് ഉള്‍പ്പടെയുള്ള വക്കീലന്മാര്‍ വിവിധ മതസംഘടനകള്‍, പുരോഹിതര്‍, പണ്ഡിതന്മാര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി സമൂഹത്തിലെ മിക്കവാറും എല്ലാ വിഭാഗങ്ങളും പ്രതിഷേധ സമരത്തിലാണ്. സുപ്രീംകോടതി അഡ്വക്കേറ്റുമാരായ ഹാരിസ് ബീരാന്‍, ഹരീഷ് വാസുദേവന്‍ തുടങ്ങി നിരവധി നിയമ വിദഗ്ധരുടെ സേവനങ്ങളും ശ്രദ്ധേയമാണ്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, മാംഗ്ലൂര്‍, കൊല്ലം, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഹൈദ്രാബാദ് തുടങ്ങി രാജ്യത്തെ പ്രധാന പട്ടണങ്ങളിലെല്ലാം ലക്ഷങ്ങള്‍ സമര കാഹളം മുഴക്കി സമരരംഗത്തിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സംസ്ഥാനം ഉള്‍പ്പെടെ 60 ലധികം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തെ പിന്തുണച്ചതിന് നടന്‍ സുശാന്ത് സിങ് ‘സാവധാന്‍ ഇന്ത്യ’ എന്ന ചാനല്‍ പരമ്പരയില്‍നിന്നും പുറത്താക്കപ്പെട്ടു.
ബ്രിട്ടീഷുകാരെ വെല്ലുന്ന രീതിയില്‍ യു.പിയിലും മറ്റും സര്‍വശക്തിയും സര്‍വസന്നാഹങ്ങളും ഒരുക്കിയും ആള്‍ക്കൂട്ടാക്രമണങ്ങള്‍ പ്രോത്സാഹിപ്പിച്ചും സമരക്കാരേയും നിരപരാധികളേയും പ്രത്യേകിച്ച് മുസ്‌ലിം, ദലിത് വിഭാഗങ്ങളേയും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും അംഗവൈകല്യം വരുത്തുകയോ, സമ്പത്ത് കൊള്ളയടിച്ച് നശിപ്പിക്കുകയോ ചെയ്ത് സമരക്കാരുടെ ആത്മവീര്യം നശിപ്പിക്കാനും സമരം അടിച്ചമര്‍ത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. മൗലാനാ ആബിദ് ഹുസൈന്‍ എന്ന പണ്ഡിതന്‍ ശിഷ്യരുടെ മുന്നില്‍വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. ബാല്യങ്ങളെ പീഡിപ്പിച്ചു സ്വത്വബോധം തകര്‍ക്കാന്‍ ശ്രമിച്ചു. യു.പിയില്‍ മുസ്‌ലിം വംശഹത്യക്ക് ശ്രമം നടത്തി. ഇത്തരം അടിച്ചമര്‍ത്തലുകള്‍ ജനങ്ങളെ കൂടുതല്‍ രോഷാകുലരും സമരോത്സുകരുമാക്കുകയാണ് ചെയ്യുന്നത് എന്ന് കാണാന്‍ കഴിയും. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന മുന്നേറ്റമാണ് ലക്ഷങ്ങള്‍ അണിനിരന്ന കൊച്ചിയില്‍ നടന്ന പൗരത്വ പ്രക്ഷോഭം. ‘ആസാദി’ കൂടാതെ ‘ഇല്ല നിങ്ങള്‍ക്കാവില്ല, ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ല’ എന്നതും ഇവിടെ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ്. ഫാസിഷത്തിനെതിരെ ‘മതേതരത്വവും ഭരണഘടനയും’ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഒരു സമൂഹത്തെ അങ്ങനെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെ ന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായവരുടെ പേരുവിവരം ന്യൂഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ കൊത്തിവെച്ചിട്ടുള്ളതു പരിശോധിച്ചാല്‍ 90,000 ത്തിലധികമുള്ള രക്തസാക്ഷികളില്‍ 60,000 ത്തിലധികം മുസ്‌ലിം കളാണെന്ന് കാണാന്‍ കഴിയും. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഗാന്ധിയന്‍ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കി, ‘ആധുനിക ഗാന്ധി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദലിത് നേതാവും ‘ഭീം ആര്‍മി’ തലവനുമായ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാമസ്ജിദിലെ സമരക്കാര്‍ക്ക് നേതൃത്വം നല്‍കി അറസ്റ്റ്‌വരിച്ചു. എന്നാല്‍ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ജയിലില്‍നിന്നും അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം അംഗീകരിച്ച് കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി. വിദ്യാര്‍ത്ഥിനികളും സമരത്തില്‍ നിസ്തുലമായ പങ്ക് വഹിച്ചു. ലാത്തിയും തോക്കും ഏന്തി നില്‍ക്കുന്ന പൊലീസുകാര്‍ക്ക് റോസാപ്പൂക്കള്‍ നല്‍കി സമാധാനത്തിന്റെ വെള്ളരിപ്രാവ് ആവുന്നതുമുതല്‍ ആയുധധാരികള്‍ കൂട്ടത്തില്‍ ഒന്നിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ വിരല്‍ചൂണ്ടി ‘ക്വിറ്റ് ഇന്ത്യ’ സമരത്തെ അനുസ്മരിപ്പിക്കുമാറ് ‘ഗോബാക്ക്’ വിളിക്കാനും അവര്‍ ധൈര്യം കാട്ടി. ജാമിയ സര്‍വ്വകലാശാലയിലെ പൊലീസ് അക്രമം ‘ജാലിയന്‍ വാലാബാഗിന് സമം’ എന്നും ജെ.എന്‍.യു ആക്രമണം ‘മുംബൈ ഭീകരാക്രമണത്തിന് സമം’ എന്നുമാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ആധുനിക ഇന്ത്യയിലെ ഝാന്‍സിറാണി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രക്ഷോഭങ്ങള്‍ക്ക് മുന്‍നിരയില്‍നിന്ന് നേതൃത്വം നല്‍കി. പൗരത്വ നിയമഭേദഗതിയിന്മേല്‍ ഹിതപരിശോധന നടത്തണമെന്നും ഐക്യരാഷ്ട്ര സംഘടനയോ മറ്റ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടേയോ മധ്യസ്ഥതയില്‍ അഭിപ്രായ സര്‍വെ നടത്തണമെന്നും പരാജയപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട മമത തന്റെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു ഉറക്കെ പ്രഖ്യാപിച്ചു. തുടര്‍ന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, ഉത്തരപൂര്‍വ്വ ദേശം ഉള്‍പ്പെടെ 11 ല്‍പരം സംസ്ഥാനങ്ങള്‍ പുതിയ പൗരത്വ നിയമത്തെ എതിര്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളം നിയമത്തിനെതിരെ ഐകകണ്‌ഠ്യേന നിയമസഭയില്‍ പ്രമേയം പാസ്സാക്കി മതേതരത്വ നിലപാടും ഭരണഘടനയോടുള്ള കൂറും വ്യക്തമാക്കി, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക കാട്ടി. കോണ്‍ഗ്രസും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ സമരത്തിന് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ഈ കാലയളവില്‍ മനുഷ്യാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യപ്പെട്ടു. കരുതല്‍ തടങ്കലുകളും അറിയാനുള്ള അവകാശത്തെ തടഞ്ഞുകൊണ്ട് ഇന്റര്‍നെറ്റ് വിച്ഛേദിക്കലും പതിവായി, രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലായി. ചുരുങ്ങിയ കാലയളവില്‍ മുപ്പതിലധികം പേര്‍ സമരത്തില്‍ രക്തസാക്ഷികളായി. ഉത്തര്‍പ്രദേശില്‍ ഈ കാലയളവില്‍ ഭരണകൂട ഭീകരത കൊടികുത്തി വാണു. പൊലീസും അക്രമികളും ഒറ്റക്കും കൂട്ടായും മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് നേര്‍ക്കുനേരെ വെടിവച്ചുകൊല്ലുകയും കഠിന ദേഹോപദ്രവം ഏല്‍പിക്കുകയും വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും പള്ളികള്‍പോലും ആക്രമത്തിനിരയാകുകയും ചെയ്തു. സമരക്കാരല്ലാത്ത നിരപരാധികള്‍പോലും ആക്രമത്തിനിരയായി. യു.പി യില്‍ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ട കുടുംബങ്ങള്‍ പൊലീസ്തന്നെ കൊള്ളയടിച്ചു. മുന്‍ എം.പിയും ഇത്തരം അക്രമങ്ങളുടെ ഇരയാണ്. അദ്ദേഹത്തിന്റെ പരാതിപോലും കൈപ്പറ്റാന്‍ പൊലീസ് വിസമ്മതിച്ചു. യു.പിയില്‍ വയോവൃദ്ധരും കുട്ടികളും മൃഗീയമായ ആക്രമണങ്ങള്‍ക്ക് വിധേയരായി.
ദലിത് സംരക്ഷണത്തിനെന്ന് ഉയര്‍ത്തിക്കാട്ടിയ വിവാദ പൗരത്വ ഭേദഗതി നിയമം ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തോല്‍വി സമ്മാനിച്ചു. ഇത് സമരക്കാര്‍ക്ക് ഉത്തേജനവും ആവേശവും പകര്‍ന്നു. രാജ്യമെമ്പാടുമുള്ള സമരക്കാര്‍ ദേശീയ പതാകയുമേന്തി ഇത് ‘രണ്ടാം സ്വാതന്ത്ര്യസമരം’ എന്ന് ഉറക്കെ പറയാന്‍ തുടങ്ങി. നിസ്സഹകരണ സമരത്തെ അനുസ്മരിപ്പിക്കുമാറ് ഗാന്ധിയന്‍ രീതിയില്‍ സമാധാനപരമായി സമരം വ്യാപകമായതോടെ കേരളം സമരത്തിന്റെ ഈറ്റില്ലമായി മാറി. യു.പിയിലെ ഝാന്‍സിറാണിയായി പ്രിയങ്കഗാന്ധിയും സമരക്കാര്‍ക്ക് നേതൃത്വം നല്‍കി. ബ്രിട്ടീഷ് കാലത്തെ അനുസ്മരിപ്പിക്കുമാറ് ഭരണവര്‍ഗം ഇന്ത്യന്‍ ജനതയുടെ മനസ്സുകളില്‍ വര്‍ഗീയത പരത്തി ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന നയം സ്വീകരിച്ചിരിക്കുന്നു. ‘ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്’ എന്ന പേരില്‍ ഒരു സംസ്ഥാനത്ത്‌നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനെ തടയുന്ന കരിനിയമങ്ങളും നടപ്പാക്കാന്‍ ശ്രമിച്ചു. പൗരത്വ വിരുദ്ധവും ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമം ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല എന്ന മനീഷികളുടേയും ബഹുജനങ്ങളുടേയും തിരിച്ചറിവിലൂടെ നാനാജാതി മതസ്ഥര്‍ ഭാരതീയ പാരമ്പര്യം ഉള്‍ക്കൊണ്ട് ഈ സമരത്തിന് ശക്തി പകര്‍ന്നു നല്‍കി.
ലഭിച്ച പദവികള്‍ ടാഗോറിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വലിച്ചെറിഞ്ഞതുപോലെ കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് തൊഴിലും ജീവിതവും ഹോമിച്ച് ബുദ്ധിജീവികളായ കണ്ണന്‍ ഗോപിനാഥന്‍, ശെന്തില്‍ മുതലായവര്‍ തങ്ങള്‍ക്ക് ലഭിച്ച ഐ.എ.എസ് പദവികള്‍ വലിച്ചെറിഞ്ഞ് സമരക്കാര്‍ക്കൊപ്പംചേര്‍ന്ന് സമരത്തിന് വീറും ആവേശവും പകര്‍ന്നു. കോളനി വാഴ്ചക്കാലത്തേത് പോലയോ അതിനേക്കാളുമോ ഗുരുതരമായ പ്രതിസന്ധികാലം എന്നവര്‍ക്ക് ബോധ്യം വന്നതുകൊണ്ടാണ് പദവികള്‍ വലിച്ചെറിഞ്ഞും പാരതതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചും പൗരത്വ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയിലേക്ക് വരാന്‍ അവര്‍ തയ്യാറായത്. ജിഗ്നേഷ് മേവാനി, കനയ്യകുമാര്‍ എന്നിവരും സമരരംഗത്തുള്ള പ്രമുഖരാണ്. ഈ സമരം വിജയിപ്പിക്കേണ്ടത് ഭരണഘടനയേയും മതേതര ജനാധിപത്യ ഇന്ത്യയേയും സ്‌നേഹിക്കുന്ന പൗരന്റെ കടമയാണ്. ഭരണഘടനയും ജനാധിപത്യവും മതേതരത്വവും അപ്രസക്തമാകാതിരിക്കാനും തത്സ്ഥാനത്ത് ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ മനുസ്മൃതിയും ചാതുര്‍വര്‍ണ്യവും പുനപ്രതിഷ്ഠിക്കപ്പെടാതിരിക്കാനും, തന്മൂലം നിയമജ്ഞര്‍ പോലും തൊഴില്‍ രഹിതരാക്കപ്പെടാതിരിക്കാനും പൂര്‍വ്വികര്‍ രക്തവും ജീവനും നല്‍കി നേടിയെടുത്ത ഭരണഘടനയും മതേതര ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിച്ചേ മതിയാവൂ. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇന്ദിര ജയ്‌സിംഗ് ‘രാജ്യത്തിന്റെ ആത്മാവിന് വേണ്ടീയാണി സമരം’ ‘ഈ രണ്ടാം സ്വാതന്ത്ര്യ സമരം നിര്‍ത്തുന്നത് അത് വിജയിക്കുമ്പോഴായിരിക്കും’ എന്നും അഭിപ്രായപ്പെട്ടത്. ഇതേ സാഹചര്യത്തിലാണ് ‘ഇത് ജനാധിപത്യം നിലനിര്‍ത്താനുള്ള അവസാന പോരാട്ടം’ എന്ന് കൂടംകുളം സമരനേതാവ് എസ്.പി വിജയകുമാറും അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെമ്പാടും നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തെപ്പോലെ സ്വാതന്ത്ര്യാനന്തര ഭാരതം മറ്റൊരു സമരത്തിനും സാക്ഷ്യം വഹിച്ചിട്ടില്ല. ജനാധിപത്യവും ഫാഷിസവും തമ്മിലുള്ള പോരാട്ടത്തില്‍ അന്തിമവിജയം ജനാധിപത്യത്തിനായിരിക്കും.

SHARE