ഇഖ്ബാല്‍ കല്ലുങ്ങല്‍
ലൈഫ് മിഷന് പദ്ധതി പ്രകാരം കേരളത്തില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് ഇടത്സര്‍ക്കാര്‍. എല്ലാ ജില്ലകളിലും 2019 ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 15 വരെ കുടുംബ സംഗമങ്ങളും അദാലത്തും സംഘടിപ്പിച്ച് 2020 ജനുവരി 26 ന് സംസ്ഥാനതലത്തില്‍ രണ്ട് ലക്ഷം വീടുകള്‍ ലൈഫ് പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കാനിരിക്കുകയാണ്. കുടുംബസംഗമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ലൈഫില്നിന്നും പുറത്തായ അനേകായിരങ്ങളോടുള്ള അവഹേളനമാകുകയാണ്. എല്ലാര്ക്കും ഭവനമെന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലായിരുന്നു ഈ കെങ്കേമമെങ്കില് അതൊരു നാടിന്റെ ആഘോഷമാകുമായിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടന്ന വേളയില്‍ നടത്തുന്ന കുടുംബസംഗമങ്ങള്‍ സര്‍ക്കാറിന്റെ മറ്റൊരു തട്ടിപ്പ് നാടകമായേ ജനങ്ങള്‍ കാണുന്നുള്ളൂ. ലൈഫില്നിന്നും പുറത്തായവര്‍ ആത്മഹത്യാവക്കിലെത്തി. നിരവധി പരാതികളാണ് എങ്ങും. എത്രയെത്ര കുടുംബങ്ങളാണ് ലൈഫ് ഭവന പദ്ധതിയില്‍നിന്നും തെറിച്ചുവീണത്. പുറത്തേക്ക് എടുത്തെറിയപ്പെട്ടത് അവരുടെ കുഴപ്പം കൊണ്ടായിരുന്നില്ല. അനാവശ്യമായ വാളുകളുണ്ടാക്കി പാവങ്ങളെ വെട്ടി നിരത്തുകയായിരുന്നു. വളരെ നല്ല നിലയില്‍ വര്‍ഷങ്ങളായി തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിവന്ന ഭവന പദ്ധതിയെ കിട്ടാത്ത പദ്ധതിയാക്കിമാറ്റുകയായിരുന്നു. വീടെന്ന സുന്ദര സ്വപ്നത്തിനു കുരുക്കിട്ടതാണ് ലൈഫിന്റെ മെച്ചം. വീട് ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് വേണം. അതില്‍ തന്നെ ഒരു അംഗത്തിനു മാത്രമേ ലഭിക്കൂവെന്ന നിബന്ധനയില്‍ വീട് ലഭിക്കാതെ അനേകായിരങ്ങളാണ് കേരളത്തില്‍ വീട് ഇല്ലാതെ നില്‍ക്കുന്നത്. ഇവരുടെ കണ്ണീര് കാണാതെ കുടുംബ സംഗമങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ച സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കൊരു പോംവഴികൂടി പറഞ്ഞുനല്കണമായിരുന്നു. അന്തിയുറങ്ങാന്‍ ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഓരോ തദ്ദേശ സ്ഥാപനത്തിനുകീഴിലും നല്‍കിയത് വളരെ കുറഞ്ഞ എണ്ണം വീടുകള്‍ മാത്രമാണ്. ഓരോ വര്‍ഷവും നൂറുകണക്കിനു വീടുകള്‍ നല്‍കിയിരുന്ന ഗ്രാമ പഞ്ചായത്തുകളില്‍ നാല് വര്‍ഷമായി ആകെ നല്‍കിയത് നൂറില്‍ എത്രയോ താഴെയാണ്. അപേക്ഷകള്‍ അംഗീകരിക്കുന്നതില്‍ സര്‍ക്കാറിനു സംഭവിച്ച വീഴ്ചയാണ് ഇതിനു കാരണം. പ്രത്യേക സോഫ്റ്റ്വെയറുണ്ടാക്കിയ സര്‍ക്കാര്‍ അപേക്ഷകരുടെ അര്‍ഹത നിര്‍ണയിക്കുന്നത് സങ്കീര്‍ണമാക്കിയപ്പോള്‍ വളരെ പാവപ്പെട്ടവര്‍ പോലും പട്ടികക്ക് പുറത്താവുകയായിരുന്നു. വീടിനു വേണ്ട അപേക്ഷ സമര്‍പ്പിച്ചാല്‍ ഗ്രാമ സഭ അംഗീകരിക്കുന്നവര്‍ക്ക് ഭവനം അനുവദിക്കുകയെന്ന സാമ്പ്രദായിക രീതി മാറ്റിമറിച്ച് ഗ്രാമസഭയെ നോക്കുകുത്തിയാക്കുകയായിരുന്നു ഇടത് സര്‍ക്കാര്‍. സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റ് ഗ്രാമസഭക്ക് വിടുന്ന രീതിയാണ് പയറ്റിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ടായിരുന്നില്ല. വെബ്സൈറ്റ് പ്രകാരം അപേക്ഷ നല്‍കിയതില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് അംഗീകരിക്കലേ തദ്ദേശസ്ഥാപനങ്ങള്ക്കുണ്ടായിരുന്നുള്ളൂ.
നഗരസഭകളില്‍ പി.എം.എ.വൈ പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് വീട് നല്‍കിയത് കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫില്‍ ചേര്ത്തിരിക്കുന്നുത്. യഥാര്‍ത്ഥത്തില്‍ പി.എം.എ.വൈ പദ്ധതിയുടെയും ലൈഫിന്റെയും ഭാരം മുഴുവന്‍ വന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഓരോ വീടിനും തദ്ദേശ സ്ഥാപനത്തിനു രണ്ട് ലക്ഷം രൂപയാണ് കണ്ടെത്തേണ്ടിവരുന്നത്. നഗരസഭകളുടെ പേരില്‍ വായ്പയെടുത്ത സര്‍ക്കാര്‍ അത്രയും സംഖ്യ ഓരോ വര്‍ഷത്തെയും പ്ലാന്‍ ഫണ്ടില്‍ കുറവ് വരുത്തിവരികയാണ്. വലിയ ബാധ്യതയാണ് നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പി.എം.എ.വൈ പദ്ധതിയും ഇപ്പോള്‍ അട്ടിമറിക്കപ്പെടുകയാണ്. വിശദമായ പ്രൊജക്ട് തയ്യാറാക്കിയ നഗരസഭകള്‍ക്ക് അനുവദിക്കുന്ന വീടുകളുടെ എണ്ണം പാടെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. നേരത്തെ എത്രയും വീടുകള്‍ക്ക് സംസ്ഥാന തല സമിതി അനുമതി നല്കിയിരുന്നുവെങ്കില് ഇപ്പോള്‍ പുറപ്പെടുവിച്ച ഡി.പി.ആര് തയ്യാറാക്കല്‍ ലിസ്റ്റില്‍ കുറഞ്ഞപേര്ക്ക് മാത്രമേ അനുവദിക്കുന്നുള്ളൂ. 2022 ഓടെ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയില്ലെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. കേരള സര്‍ക്കാറും കേന്ദ്രസര്‍ക്കാറും ജനങ്ങളെ കബളിപ്പിക്കുയാണിപ്പോള്. വീട് പൂര്ത്തിയാക്കിയവര്തന്നെ അവസാന ഗഡു പണത്തിനുവേണ്ടി തദ്ദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങി മടുക്കുകയാണ്. ട്രഷറി വിലക്ക് കാരണം പണം മാറി കിട്ടുന്നില്ല. കടം വാങ്ങി വീട് പണിതവര്‍ എന്നു ലഭിക്കും പണമെന്നാണ് ചോദിക്കുന്നത്.
പട്ടിക ജാതി കുടുംബങ്ങളെ പോലും ലൈഫ് പദ്ധതി വലച്ചു. അന്തിയുറങ്ങാന്‍ ഭവനമെന്ന സ്വപ്നം പൊലിഞ്ഞ് പട്ടിക ജാതി കുടുംബങ്ങള്‍ പെരുവഴിയിലായി. പട്ടിക ജാതി വിഭാഗക്കാര്‍ക്ക് പട്ടികജാതി ഫണ്ട് മുഖേനെ തന്നെ വീടുകള്‍ അനുവദിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഗ്രാമസഭകള്‍ മുഖേന തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് വീട്വെക്കാന്‍ സാധ്യമായതിനെയാണ് കുരുക്കിട്ടത്. ലൈഫ് ലിസ്റ്റില്‍ പേര് ഉണ്ടെങ്കില്‍ മാത്രം ഇനി വീട് അനുവദിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഒരു റേഷന്‍ കാര്‍ഡിനെ ഒരു കുടുംബമായാണ് പരിഗണിക്കുകയെന്ന തീരുമാനം മൂലം നിരവധി പട്ടികജാതി കുടുംബങ്ങള്‍ പുറത്തായി. ഒരു റേഷന്‍ കാര്‍ഡില്‍തന്നെ ഉള്‍പ്പെട്ട വീടില്ലാത്ത പട്ടികജാതിക്കാര്‍ക്ക് ഭവന പദ്ധതി അപ്രാപ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകളും മറ്റും തുക മാറ്റിവെച്ചിരുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊടുന്നനെയാണ് ഇടിത്തീയായി ലൈഫ് ഉത്തരവിറങ്ങിയത്. പാവപ്പെട്ട പട്ടിക ജാതി വിഭാഗത്തില്‍പെട്ടവര്‍ പോലും വീടിനു വേണ്ടി കേഴുന്ന ദയനീയാവസ്ഥ കേരളത്തിലുണ്ടാക്കിയതിന്റെ ക്രെഡിറ്റ് ഇടത് സര്‍ക്കാറിനു മാത്രം.
മേനി കാട്ടാന്‍ ലൈഫ് പദ്ധതിയില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ച് ഭരണ നേട്ടമായി അവതരിപ്പിക്കുന്നത് പാവങ്ങളുടെ ഹൃദയത്തില്‍ ചവിട്ടിയാണെന്നത് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നാവും. കോടികള്‍ പൊടിച്ച് സംഗമങ്ങള്‍ നടത്തുമ്പോള്‍ പുറത്തുനില്‍ക്കുന്നവരുടെ കണ്ണീരിന്റെ കയ്പ്പ് കൂടി അറിയേണ്ടതുണ്ട്. വീട് ലഭിക്കാത്തതിനാല്‍ സ്വപ്നം ബാക്കിയാക്കി വിട പറഞ്ഞവരുടെ ഓര്‍മകളെയെങ്കിലും അയവിറക്കിവേണം ആഘോഷം പൊടിപൊടിക്കാന്‍. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയെന്നത് സര്‍ക്കാറിന്റെ കടമയാണ്. ഭവന പദ്ധതിക്ക്വേണ്ടി കോടികള്‍ നീക്കിവെച്ചുവെന്ന് പെരുമ്പറയടിക്കുന്ന സര്‍ക്കാര്‍ പാവങ്ങളെ മറന്നാണ് കഴിഞ്ഞ നാല് വര്‍ഷമത്രയും ലൈഫുമായി കളിച്ചത്. നിരവധി തവണയാണ് ലൈഫ് ഉത്തരവുകള്‍ മാറ്റിയെഴുതിയത്. നിയമസഭയില്‍ പല തവണ ലൈഫ് പദ്ധതിയിലെ പോരായ്മകളും പാളിച്ചകളും ചര്‍ച്ചക്ക് വിധേയമായി. എന്നിട്ടും ചട്ടങ്ങള്‍ മാത്രം മാറ്റിയില്ല. കുടുംബസംഗമങ്ങള്‍ വിജയിപ്പിക്കാന്‍ ആവശ്യമായ ഫണ്ട് കണ്ടെത്താനും സംഘാടകര്‍ ഓട്ടം തുടങ്ങി. പരിപാടി വിജയിപ്പിക്കാന്‍ ക്വാട്ട നിശ്ചയിച്ചു നല്കി സര്‍ക്കാര്‍ പിടിച്ചുപറി നടത്തുകയാണ്. കുടുംബസംഗമങ്ങള്‍ നടത്തി സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ നിരത്താനുള്ള വേദി ഒപ്പിച്ചെടുക്കുകയാണിതിലൂടെ. എന്നാല്‍ ഇത് വെളുക്കാന്‍ തേച്ചത് പാണ്ടായി മാറുമെന്നുറപ്പ്. സര്‍ക്കാറിനോട് ചിലത് തങ്ങള്‍ക്ക് പറയാനുണ്ടെന്ന നിശ്ചയത്തിലാണ് ഗുണഭോക്താക്കള്‍. എന്തിനാണ് ലൈഫ് പദ്ധതിയുണ്ടാക്കിയത്. അതുകൊണ്ട് പ്രത്യേകമായി എന്തുനേട്ടമാണ് ഉണ്ടായത്. നിരവധി തസ്തികകള്‍ ഉണ്ടാക്കി അതിലെല്ലാം നിയമനങ്ങള്‍ നടത്തി വന്‍ തോതില്‍ പണം ചെലഴിച്ചുവെന്നല്ലാതെ മറ്റു ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഇതില്‍ പൊളിച്ചെഴുത്ത് നടത്താതിരുന്നാല്‍ അര്‍ഹരായ പാവങ്ങള്‍ക്ക് വീട് എന്നത് സ്വപ്നമായി അവശേഷിക്കും.