പുതുവര്‍ഷം പകരുന്ന കാലചിന്തകള്‍

ടി.എച്ച് ദാരിമി

ഇമാം ബുഖാരി സ്വഹീഹില്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ സുബൈര്‍ ബിന്‍ അദിയ്യ്(റ) ഒരു സംഘത്തോടൊപ്പം പ്രമുഖ സ്വഹാബി അനസ് ബിന്‍ മാലിക്(റ)വിനെ കാണാന്‍ ചെന്ന അനുഭവം പറയുന്നുണ്ട്. നബി(സ) തിരുമേനിയുടെ ഭൃത്യനും ഉന്നത സ്വഹാബിയുമായിരുന്നു അനസ്(റ). അദ്ദേഹവുമായി അവര്‍ക്കു പങ്കുവെക്കാനുണ്ടായിരുന്നത് ഒരു വേദനയും പരാതിയുമായിരുന്നു. അത് അമവീഗവര്‍ണ്ണറായിരുന്ന ഹജ്ജാജ് ബിന്‍ യൂസുഫ് തങ്ങളോടു ചെയ്യുന്ന ക്രൂരതകളെ കുറിച്ചായിരുന്നു. എല്ലാം കേട്ട ശേഷം നിശ്വാസത്തോടെ അനസ്(റ) പ്രതിവദിച്ചു: ‘ക്ഷമിക്കുക, നിങ്ങള്‍ക്കുവരുന്ന ഒരോകാലത്തേക്കാളും മോശമായിരിക്കും അതിനുശേഷം വരുന്ന കാലം’.
കാലം മുന്നോട്ടുപോയിക്കൊണ്ടിരിക്കുംതോറും മോശമായിക്കൊണ്ടേയിരിക്കും എന്ന ഈ തത്വം സത്യത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം കാഴ്ചപ്പാടായിരുന്നില്ല. അത് അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘ഇത് ഞാന്‍ നിങ്ങളുടെ പ്രവാചകനില്‍നിന്നും കേട്ടതാണ്’. ഈ ഹദീസ് നല്‍കുന്ന മഹത്തായ സന്ദേശത്തിന്റെ സാംഗത്യം കാലത്തിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. കാരണം പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്ന ഇത്തരമൊരു മുഹൂര്‍ത്തത്തില്‍ കടന്നുവരുന്നതുംകടന്നുപോകുന്നതുമായ വര്‍ഷങ്ങളെകുറിച്ച് മനസ്സിനുള്ളില്‍ ഒരു താരതമ്യം നടക്കുമ്പോള്‍ അതിന്റെ ഫലം ഈ തത്വത്തെ ശരിവെക്കുന്നതായിരിക്കും എന്നതാണല്ലോ മനുഷ്യരുടെ അനുഭവം.
ഇതു ബോധ്യപ്പെടാന്‍ വിഗഹ വീക്ഷണം നടത്തി വര്‍ത്തമാന ലോകത്തിന്റെ മുകളിലൂടെ ഒന്നുവട്ടമിട്ടു പറന്നാല്‍ മാത്രം മതി. അപ്പോള്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-സാമ്പത്തിക മേഖലകളിലൊക്കെ എല്ലായിടത്തും ഒരു പണത്തൂക്കത്തിന്റെയെങ്കിലും കുറവാണ് കാണാന്‍ കഴിയുക. സാമൂഹ്യ രംഗത്തില്‍ നിന്നു തുടങ്ങിയാല്‍ അവിടെ നിന്നും കുറേകാലമായി ഉയരുന്നത് യുദ്ധത്തിന്റെ ആക്രോശമാണെന്ന് മനസ്സിലാക്കാം. അതിപ്പോള്‍ കൂടുതല്‍ ക്രൗര്യത പൂണ്ടിരിക്കുന്നു. ഒരു നാട്ടിലെ രണ്ടു വിഭാഗം ജനങ്ങളോ ഒരു നാടുംഅയല്‍ നാടും തമ്മിലോ ഉള്ള വിയോജിപ്പിന്റെ ഭാവം എന്ന നിര്‍വചനം തിരുത്തി ഇപ്പോള്‍ അത് ഒരര്‍ഥത്തില്‍ ലോക മഹായുദ്ധത്തിന്റെ പരിധിയിലെത്തി സാമ്രാജ്യ ശക്തികളുടെ ബലപരീക്ഷണമായി വളര്‍ന്നിരിക്കുന്നു. സിറിയ പ്രകടമായ ഉദാഹരണമാണ്. രണ്ടാം ലോക യുദ്ധത്തിനുശേഷംരൂപപ്പെട്ട ചേരികളെ നയിച്ച അമേരിക്കന്‍ സഖ്യങ്ങള്‍ ഒരു ഭാഗത്തും പഴയ സോവിയറ്റ് യൂണിയന്റെ ഭാഗത്ത് റഷ്യ മറുഭാഗത്തുമായി അവിടെ കൊമ്പുകോര്‍ക്കുകയാണ്. ആറ് കോടിയോളം ജനങ്ങള്‍ ഇതിനകം അഭയാര്‍ഥികളായിക്കഴിഞ്ഞു. മരിച്ചുവീണ ലക്ഷങ്ങളുടെ കണക്കാണെങ്കില്‍ കൃത്യമായി ലഭ്യവുമല്ല. തൊട്ടപ്പുറത്ത് തെക്കേ അറേബ്യ പുതിയൊരു യുദ്ധക്കളമായി മാറിയിരിക്കുന്നു. അവിടെ യെമനിലെ ഹൂഥികളും സഊദിയും തമ്മിലാണ് പോരാട്ടം. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ലോക വിഹായസ്സിലേക്ക് ചിറകടിച്ചുയര്‍ന്ന ആ മണ്ണില്‍ എന്തു സംഭവിക്കും എന്ന ആശങ്കയില്‍ വിറച്ചുനില്‍ക്കുകയാണ് മനുഷ്യര്‍ മുതല്‍ എണ്ണക്കിണറുകള്‍ വരെ.
ഇപ്പുറത്ത് ലബനാന്‍ കുന്നുകള്‍ ഇപ്പോഴും ശക്തമായ ആക്രമണ-പ്രത്യാക്രമണങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. പതിറ്റാണ്ടുകളായി അവിടെ രണ്ടു പക്ഷത്തും ക്ഷമവും മടുപ്പും പോലുമില്ലാതെ പോരാട്ടം തുടരുന്നു. ഇസ്രാഈല്‍ തങ്ങളുടെ യുദ്ധത്തില്‍ ഫലസ്തീനിനെ ഏതാണ്ട് പൂര്‍ണ്ണമായും വിഴുങ്ങിക്കളഞ്ഞു. ലോക ഭൂപടത്തില്‍ഇപ്പോള്‍ ഫലസ്തീന്‍ ഒരുവര മാത്രമായിത്തീര്‍ന്നിരുക്കുന്നു. ആ വെറും വരയിലാവട്ടെ ഫലസ്തീനികള്‍ക്ക് ഒരു അധികാരവുമില്ല, അവകാശവുമില്ല. ഇറാഖിലും അഫ്ഗാനിലും ചാരക്കൂനകള്‍ ഇപ്പോഴും ഇടക്കിടെ പൊട്ടുന്നുണ്ട്.
അസ്വസ്ഥത പുകയുന്ന ലോകമാണ് നമ്മുടെ മുന്നിലുള്ളത്. അത് അനുദിനം വര്‍ധിച്ചുവരികയാണെന്നും സമ്മതിക്കാതെ വയ്യ. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കനുസരിച്ച് 20 മില്യണ്‍ ജനങ്ങള്‍ വിവിധ കാരണങ്ങളാല്‍ ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നത്. സഭ രൂപീകൃതമായ 1945നുശേഷമുണ്ടായ ഏറ്റവും വലിയ പീഢിതരുടെ കണക്കാണിത്. നാലു രാജ്യങ്ങള്‍ യുദ്ധത്തിന്റെ അനന്തരഫലമായ പട്ടിണിയിലും ദുരിതത്തിലുമാണെന്ന് കണക്കുകള്‍ പറയുന്നു. ലോകം കണ്ട ഏറ്റവും വലിയ ഭക്ഷ്യക്ഷാമമാണ് ഇപ്പോള്‍ ഈ രാജ്യങ്ങള്‍ അനുഭവിക്കുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി മേധാവി സ്റ്റീഫന്‍ ഓബ്രയാന്‍ പറയുന്നുണ്ട്. യെമന്‍, ദക്ഷിണ സുഡാന്‍, സോമാലിയ, നൈജീരിയ എന്നിവയാണ് ആ നാലു രാജ്യങ്ങള്‍. ഈ കൂട്ടത്തില്‍ കൊടും യാതനകളുടെ ശവപ്പറമ്പുകളായ സിറിയയുംഇറാഖും ഉള്‍പ്പെടാത്തത് എന്തോ ഗൂഢ ലക്ഷ്യങ്ങള്‍ കാരണമായിരിക്കാം. എങ്കിലും അതൊരുയാഥാര്‍ഥ്യമാണ്. യെമനിലെ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും കൊടും പട്ടിണിയിലാണ്. ഇത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ദുര്‍ഗതിയായി ചുരുക്കിക്കെട്ടുന്നവരുണ്ട്. എന്നാല്‍ അവര്‍ മാത്രമല്ല പല യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ ആഭ്യന്തര കുഴപ്പങ്ങളുടെ ഹസ്തങ്ങളിലാണ്. ഇതിന്റെ അടയാളവും സൂചനയുമാണ് അഭയാര്‍ഥികളുടെ ഒഴുക്ക്. വെനസ്വലയില്‍ നിന്ന് ബ്രസീലിലേക്കുള്ള അഭയാര്‍ഥി പ്രവാഹം അവിടെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിവെക്കുന്ന അത്ര വലുതായത് ലോകം കണ്ടതാണ്. അഭയാര്‍ഥികളുമായി വരുന്ന ജര്‍മ്മന്‍ വിമാനങ്ങളെ തങ്ങളുടെ രാജ്യത്ത് ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി ഇയ്യിടെ പറഞ്ഞത് അതിന്റെ രൂക്ഷതയാണ് സൂചിപ്പിക്കുന്നത്. മെക്‌സിക്കന്‍ അഭയാര്‍ഥികളെ തടയാന്‍ വേണമെങ്കില്‍ ഒരു വന്‍മതില്‍ പണിയുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മ്യാന്‍മറില്‍ നിന്നുള്ള മുസ്‌ലിം അഭയാര്‍ഥികളെ സ്വീകരിക്കുകയില്ലെന്ന് ബംഗ്ലാദേശ് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനു പുറമെ കടുത്ത ദാരിദ്ര്യത്തിലും രാഷ്ട്രീയ അരാചകത്വത്തിലും കഴിയുന്ന ആഫ്രിക്കന്‍ ജനത ബോട്ടുകളില്‍ കയറി എത്തുന്നിടത്തേക്കെല്ലാം കടന്നുകൊണ്ടിരിക്കുകയാണ്.
ഇതെല്ലാം സാമ്യഹ്യവും രാഷ്ട്രീയവുമായ കാര്യങ്ങള്‍. അതില്‍ നിന്നും ഒട്ടും ഭിന്നമല്ല മനുഷ്യന്റെ ജീവിതത്തിന്റെ നട്ടെല്ലായ സാമ്പത്തിക രംഗം. പലതരം വിദ്യകളും മാറിമാറി പ്രയോഗിച്ചിട്ടും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ ആശങ്കപ്പെട്ടു നില്‍ക്കുകയാണ്. സാമ്പത്തിക മാന്ദ്യം എന്ന വാക്ക് കുലംകേട്ടതിനു ശേഷം ഇന്നുവരേക്കും ആ നിഴല്‍ നീങ്ങിപ്പോയിട്ടില്ല എന്നത് വസ്തുതയാണ്. ഈ വൃദ്ധിക്ഷയം സത്യത്തില്‍ മനുഷ്യനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ്‌സത്യം. അവന്റെ പ്രപഞ്ചത്തിനും ഈ പ്രത്യേകതയുണ്ട്. അഥവാ അവന്റെ മണ്ണും അന്തരീക്ഷവുമെല്ലാം കാലം ചെല്ലുംതോറും ക്ഷയിച്ചുകൊണ്ടിരിക്കും. പ്രകൃതിദുരന്തങ്ങള്‍ മുതല്‍ ആഗോള താപനത്തില്‍വരെ കാണുന്നതതാണ്. പ്രപഞ്ചത്തിനും മനുഷ്യനുമെല്ലാം അന്ത്യം നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നതില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതെല്ലാംതികച്ചും സ്വാഭാവികമായി മനസ്സിലാക്കാന്‍ കഴിയും. ആ അന്ത്യത്തിലേക്കുംഅവസാനത്തിലേക്കും എത്തിച്ചേരുന്ന ചുവടുകള്‍ മാത്രമാണ് അതനുസരിച്ച് ഈ ക്ഷയം.
ഇതിങ്ങനെ പറഞ്ഞുതുടങ്ങിയാല്‍ അവസാനിക്കാത്ത പട്ടികയായി നീണ്ടുപോകും. ഇതിന്റെ പിന്നിലെ കാര്യകാരണങ്ങള്‍ തിരക്കും മുമ്പ് പരിഹാരം കണ്ടെത്താന്‍ വേണ്ടിയാണ് എന്നു കരുതേണ്ടതില്ല. കാരണം ഇത് മനുഷ്യ കുലത്തിന് സ്രഷ്ടാവ് വിധിച്ചതും കല്‍പ്പിച്ചതുമാണ്. അതു മാറ്റാന്‍ മാത്രം അവനു കെല്‍പ്പുണ്ടായി എന്നു വരില്ല. ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്നത് അന്വേഷിക്കുന്നതും കണ്ടെത്തുന്നതും മനുഷ്യനില്‍ പലതരം നന്‍മകളും ഗുണങ്ങളും ഉണ്ടാക്കിയെന്നുവരും. ഏറ്റവും കുറഞ്ഞത് അതൊരു അവബോധത്തിന് വഴിവെച്ചേക്കും. കാരണം ഒന്നുമാത്രമാണ്. മനുഷ്യന്‍ അവന്റെ സ്രഷ്ടാവില്‍ നിന്ന് അകലുകയും അവനിലേക്കുതന്നെ അടുക്കുകയും ചെയ്യുന്നതാണത്. സ്രഷ്ടാവിന്റെ താല്‍പര്യങ്ങളേക്കാള്‍ അവനു താല്‍പര്യം സ്വന്തം കാര്യങ്ങളോടാണ്. അത് കുലത്തില്‍ പണ്ടേയുള്ളതാണെങ്കിലും ഇപ്പോള്‍ പ്രത്യേകിച്ചും സോഷ്യന്‍ മീഡിയയുടെ വളര്‍ച്ചയും സാംസ്‌കാരികത മുഴുവനും ഇഛകളിലേക്കു തിരിച്ചുവിട്ടതുമെല്ലാം പുതിയ കാലത്ത് ഇത് ശക്തമാകാന്‍ കാരണമായിട്ടുണ്ട്. അതിന്റെ മറ്റൊരു അടയാളമാണ് മനുഷ്യനില്‍ അനുനിമിഷം ശക്തമായിവരുന്ന സ്വാര്‍ഥത. മനുഷ്യന്റെ ഓരോ അനക്കങ്ങളുടെയും അടക്കങ്ങളുടെയുംലക്ഷ്യം സ്വന്തം നേട്ടമാണ്. എന്നല്ല, അവന്‍ നേരത്തെ പറഞ്ഞ യുദ്ധങ്ങള്‍ ചെയ്യുന്നതിനുപിന്നില്‍ പോലും സൂക്ഷ്മമായി പറഞ്ഞാല്‍ ഈ സ്വാര്‍ഥതയാണ്. തങ്ങളുടെ അധീശാധികാരം സ്ഥാപിച്ചുകിട്ടാന്‍ സാമ്രാജ്യശക്തികള്‍ യുദ്ധം ചെയ്യുന്നത് വളരെ ദൃശ്യമാണിന്ന്. അല്ലാഹുവിനോടും അവന്റെ ആശയലോകത്തോടും ശരിക്കും അടുത്തുനില്‍ക്കുമ്പോള്‍ ഈ വക ഒരുദുരന്തവുംഉണ്ടാവില്ല. കാരണം അവനു സ്വാര്‍ഥത തുടങ്ങിയവയൊന്നും ഉണ്ടാവില്ല. മാത്രമല്ല അല്ലാഹുവിനോട് അടുത്തുനില്‍ക്കുമ്പോള്‍ അവന്റെ അഭീഷ്ടം കൂടെയുണ്ടാകും. ഇല്ലാതെവന്നാല്‍ അവന്റെ പരീക്ഷണവും ഉണ്ടാകും. അല്ലാഹു പറയുന്നു: ‘എന്റെ സ്മരണയെതൊട്ട് തിരിഞ്ഞുകളയുന്നവര്‍ക്ക് സങ്കുചിത ജീവിതമാണുണ്ടാവുക. പുനരുദ്ധാന നാളില്‍ അവനെ നാം അന്ധനായി സംഗമിപ്പിക്കുന്നതാണ്. അവന്‍ ചോദിക്കും: ‘നാഥാ എന്തുകൊണ്ടാണ് എന്നെ നീ അന്ധനായി എഴുനേല്‍പ്പിച്ചത്?’. അല്ലാഹു പ്രതികരിക്കും: ‘അതു ശരിതന്നെ; പക്ഷേ എന്റെ ദൃഷ്ടാന്തങ്ങള്‍ നിനക്കുവന്നെത്തിയിരുന്നു. എന്നിട്ട് നീയതു വിസ്മരിച്ചു. അതുപോലെ ഇന്നു നീയും വിസ്മരിക്കപ്പെടുകയാണ്’ (ത്വാഹാ: 124-126).

SHARE