കാര്‍ഷിക വായ്പയും അന്യമാക്കി ഇടതു സര്‍ക്കാര്‍

കുറുക്കോളി മൊയ്തീന്‍

കേരളത്തിലെ കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ അങ്ങേയറ്റമെത്തിയിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നേടിയെടുത്ത സൗകര്യങ്ങള്‍കൂടി ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. അവസാനമായി പാവപ്പെട്ട കര്‍ഷകര്‍ക്ക് വളരെ പെട്ടെന്ന് ലഭ്യമായിരുന്ന സ്വര്‍ണപ്പണയത്തില്‍മേല്‍ നേടിയെടുത്തിരുന്ന കാര്‍ഷിക ലോണ്‍ ഇല്ലാതാക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ കാരണക്കാരായി. സ്വര്‍ണപണയത്തിന്‍മേല്‍ ലഭിച്ചിരുന്ന കാര്‍ഷിക വായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട രാജ്യത്തെ ഒരേ ഒരു വ്യക്തി പിണറായി സര്‍ക്കാരിലെ കൃഷിമന്ത്രിയാണ്.
ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഒന്‍പതു കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവമുണ്ടായി. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഫെബ്രുവരി അവസാനം സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി തയ്യാറായി. അതിനുശേഷം നടത്തിയ പ്രസ്താവനയില്‍ കര്‍ഷകരുടെ മുഴുവന്‍ വായ്പകള്‍ക്കും മൊറൊട്ടോറിയം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗം അത് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും 2019 ജൂലൈ 31 വരെ നിലനില്‍ക്കുന്ന മൊറൊട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാനും തീരുമാനമുണ്ടായി. അതൊരു ഇലക്ഷന്‍ സ്റ്റണ്ട് മാത്രമായിരുന്നു. ജൂലൈ 31 വരേ തീരുമാനം നിലനില്‍ക്കുന്നതിനാല്‍ മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ നീട്ടിയാല്‍ മതിയായിരുന്നു. തെരഞ്ഞെടുപ്പില്‍ കര്‍ഷക സ്‌നേഹം വിളമ്പാന്‍ വേണ്ടി മാത്രം പുതിയ പ്രഖ്യാപനം വന്നു. വാര്‍ത്തകള്‍ പത്രങ്ങള്‍ നന്നായി പ്രസിദ്ധീകരിച്ചതിനാല്‍ സര്‍ക്കാരും മുന്നണിയും സംതൃപ്തരായി. അതുകൊണ്ട് തന്നെ ആ തീരുമാനത്തിന്‌മേല്‍ മറ്റു തുടര്‍ നടപടികള്‍ക്കൊന്നും സര്‍ക്കാരോ മന്ത്രിയോ തുനിഞ്ഞതുമില്ല. ആ തീരുമാനത്തിന് പുതിയ ഉത്തരവുകളൊന്നും ഇറങ്ങിയതുമില്ല. എന്നാല്‍ ഉത്തരവിറങ്ങിയത് സര്‍ക്കാരിന് പ്രത്യേകം താല്‍പര്യമുള്ളവക്ക് മാത്രം. അതേ മന്ത്രി സഭയില്‍ അംഗീകരിച്ച ഖനനവുമായി ബന്ധപ്പെട്ട തീരുമാനത്തിന് രണ്ടു ദിവസത്തിനകമാണ് ഉത്തരവിറങ്ങിയത്. സാധാരണ ഗതിയില്‍ ഇത്രയും എളുപ്പത്തില്‍ ഉത്തരവിറങ്ങല്‍ പതിവില്ല. അവിടെയാണ് ഖനനത്തിനുള്ള സര്‍ക്കാരിന്റെ താല്‍പര്യവും കര്‍ഷകര്‍ക്കുള്ള വായ്പകള്‍ക്ക് നല്‍കുന്ന മൊറൊട്ടോറിയത്തില്‍ താല്‍പര്യമില്ലായ്മയും മനസ്സിലാക്കേണ്ടത്. ഖനനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതും മൊറൊട്ടോറിയത്തിന്റെ കാര്യത്തില്‍ ഉത്തരവിറക്കാത്തതും വലിയ വിവാദമായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയൊക്കെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖം മിനുക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി കൃഷി മന്ത്രി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ വരെ പോയികണ്ടു. നാഷണലൈസ്ഡ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ മൊറൊട്ടോറിയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചിരുന്നില്ല. അതുകൂടി നേടിയെടുക്കാനാണ് മന്ത്രി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ കണ്ടത്. കൂട്ടത്തില്‍ ഒരു നിവേദനവും നല്‍കി. സ്വര്‍ണപ്പണ്ടത്തിന്‍മേല്‍ നല്‍കുന്ന കാര്‍ഷിക വായ്പകള്‍ ഭൂരിപക്ഷവും വാങ്ങുന്നത് അനര്‍ഹരാണ്. അതുകൊണ്ട് അര്‍ഹര്‍ക്കായി പരിമിതപ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായത്. രാജ്യത്തെ മറ്റു 27 സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാര്‍ക്കും തോന്നാത്ത അതിസാമര്‍ഥ്യം കളിക്കല്‍ ഇപ്പോള്‍ വലിയ ദുരന്തമായാണ് വരുത്തിവെച്ചിരിക്കുന്നത്. തുടരെ തുടരെ വന്നുപെട്ട പ്രളയ ദുരന്തത്തിന് പിന്നാലെയാണ് ഈ അനുഭവംകൂടി കൃഷി മന്ത്രി ഒരു സമ്മാനം കണക്കെ കര്‍ഷകരുടെ തലയില്‍ പതിപ്പിച്ചിരിക്കുന്നത്.
മൊത്തം കൃഷി വായ്പകള്‍ 74 ലക്ഷമാണ്. അതില്‍ 46.73 ലക്ഷം മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് (കെ.സി.സി) കീഴിലുള്ളത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഒരോ കൃഷിക്കും കണക്കാക്കിയ അളവില്‍ ഭൂമി വേണം. കരം അടച്ച രസീറ്റും കൈവശ സര്‍ട്ടിഫിക്കറ്റും വേണം. അങ്ങനെ കെ.സി.സി ലഭിച്ചാല്‍തന്നെ ഒരു സെന്റിന് 2000 രൂപ മാത്രമാണ് വായ്പ ലഭിക്കുക. ഒരു ലക്ഷം രൂപ അവശ്യമുള്ളയാള്‍ക്ക് 50 സെന്റ് ഭൂമി വേണം. പാട്ടത്തിന് ഭൂമി വാങ്ങി കൃഷി ചെയ്യുന്ന വ്യക്തിക്ക് കെ.സി.സി ലഭിക്കാന്‍ തരമില്ല. കുറഞ്ഞ അളവ് ഭൂമിയില്‍ വലിയ ചെലവുള്ള കൃഷിക്കും ആവശ്യമുള്ള പണം വായ്പയായി ലഭിക്കില്ല. അത്തരം കര്‍ഷകര്‍ ഇനി എന്തു ചെയ്യും. കെ.സി.സി നിലവില്‍ വന്നത് 1998ലാണ്. വലിയ മേളകള്‍ നടത്തിയാണ് അവ വിതരണം ചെയ്തത്. പുതിയ സര്‍ക്കാര്‍ തീരുമാനം വന്നതോടെ കെ. സി.സിയുടെ പരിധിയില്‍വരാത്ത കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് കൊണ്ടത്. മാത്രമല്ല കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ കാല പ്രാബല്യവും നല്‍കിയിരിക്കുന്നു. ഇതു കാരണം കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ തരത്തില്‍ വായ്പ വാങ്ങിയ കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശ എന്നത് 9 ശതമാനമായി മാറി. കൃഷി ആവശ്യത്തിനല്ലാതെ വായ്പ എടുക്കുന്നത് തടയാന്‍ വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത് എന്നവകാശപ്പെടുന്ന മന്ത്രിക്കും സര്‍ക്കാരിന്നും പുതിയ സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത്. മുന്നണി നേതാക്കളോ മന്ത്രിമാരോ ചുമതല ഏറ്റശേഷം പ്രകടന പത്രിക ഒരാവര്‍ത്തി വായിച്ചു നോക്കിയിട്ടുപോലുമില്ലെന്നാണ് അനുമാനിക്കേണ്ടത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവും വാഗ്ദാനങ്ങളും തമ്മില്‍ ഒരു പൊരുത്തവുമില്ല. സര്‍ക്കാര്‍ അവതരിപ്പിച്ച പ്രഥമ ബജിറ്റിലെ (2016 ജൂണ്‍ 8) പ്രഖ്യാപനങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കാതെ കിടക്കുകയാണ്. സര്‍ക്കാരിന്റെ മൂന്നരക്കൊല്ലവും പിന്നിട്ടിരിക്കുന്നു. വേഴാമ്പലിനെപോലെ കേഴുക മാത്രമാണ് കര്‍ഷകന്റെ വിധി. നല്ലതുപോലെ നടന്നിരുന്ന നാളികേര സംഭരണം സര്‍ക്കാര്‍ വന്നതോടെ മുടങ്ങി. ആറു മാസംമുമ്പ് സംഭരണം പുനഃരാരംഭിക്കാന്‍ തീരുമാനിക്കുകയും ഉദ്ഘാടന മഹാമഹം കോഴിക്കോട്ടുവെച്ച് സംഘടിപ്പിക്കുകയും ചെയ്തു. നാളികേരം മാത്രം സംഭരിച്ചില്ല. റബ്ബര്‍ സംഭരണം ഉലഞ്ഞു. നെല്ലുസംഭരിച്ചതിന്റെ വില കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവന്നു. അവസാനം സംഭരിച്ചതിന്റെ വിലയില്‍ 170 കോടി എന്നു ലഭിക്കുമെന്നറിയില്ല.
കര്‍ഷക പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നില്ല. വല്ല തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കുറച്ചു നല്‍കും. ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.

SHARE