കേന്ദ്രത്തിന് അടുത്ത തിരിച്ചടി സാമ്പത്തിക പ്രതിസന്ധി

പ്രകാശ് ചന്ദ്ര

സമീപകാലത്തൊന്നുമുണ്ടാകാത്ത രാഷ്ട്രീയ പ്രക്ഷോഭത്തിലൂടെയാണ് ഇന്ത്യ പുതുവര്‍ഷ ത്തിലേക്ക് കടന്നത്. എന്നാല്‍ 2020ല്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും കേന്ദ്ര സര്‍ക്കാറിന് മറുപടി പറയേണ്ടിവരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് ഇന്ത്യയെ 2022 ഓടുകൂടി അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കുമെന്നതാണ്. പ്രഖ്യാപനത്തിന് പിന്നിലെ സാമ്പത്തിക യുക്തി മോദിയെ അനുകൂലിക്കുന്നവര്‍പോലും അംഗീകരിച്ചിട്ടില്ല. എന്നു മാത്രമല്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എല്ലാ സൂചികകളിലും പിറകോട്ട് പോകുന്ന സാഹചര്യമാണ് ഉണ്ടായതും. സാധാരണ ഗതിയിലുള്ള മുരടിപ്പില്ല, വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്. മൊത്തം ആഭ്യന്തര ഉത്പാദാനം ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.5 ശതമാനമായി കുറഞ്ഞു. കാറുകളുടെ വിപണനത്തില്‍ 18 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജി.എസ്.ടി വരുമാനത്തിലും കുറവുണ്ടായി. ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രത്യക്ഷത്തില്‍ കാണുന്നതിനേക്കാള്‍ വലിയ പ്രതിസന്ധിയിലാണെന്നാണ് ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയത്. ഈ പ്രതിസന്ധി രൂക്ഷമാകുകയാണെങ്കില്‍ വലിയ പ്രത്യാഘാതം രാഷ്ട്രീയ രംഗത്തും ഉണ്ടാക്കും. മോദിയുടെ പിന്തുണക്കാരില്‍ വലിയ വിഭാഗം മധ്യവര്‍ഗക്കാരെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കി യു.എസ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച് രംഗത്തെത്തിയത് ഇയ്യിടെയാണ്. രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചാഅനുമാനം 4.6 % ആശതമാനമാക്കി ഫിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 5.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ 2020 മാര്‍ച്ചില്‍ സമാപിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പി 4.6 ശതമാനമെണെന്ന് ഫിച്ച് വ്യക്തമാക്കി. നിലവില്‍ മൂഡിസ്, എ.ഡി.ബി, ആര്‍.ബി.ഐ റിപ്പോര്‍ട്ടുകളേക്കാള്‍ ശതമാനം താഴ്ത്തിയാണ് ഫിച്ചിന്റെ റിപ്പോര്‍ട്ട് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം നഷ്ടമായതും ബിസിനസുകള്‍ക്ക് നേരിട്ട് കൊണ്ടിരിക്കുന്ന കനത്ത തകര്‍ച്ചയും വായ്പാ ആവശ്യകത വന്‍തോതില്‍ ഇടിഞ്ഞതുമാണ് സമ്പദ് വളര്‍ച്ചാഅനുമാനം ഇടിയാന്‍ കാരണമെന്ന് ഫിച്ച് അക്കമിട്ട് പറയുന്നു. ആര്‍.ബി.ഐ 2020ല്‍ മുഖ്യവായ്പാ നിരക്കായ റിപോയില്‍ 0.65 ശതമാനം കുറവ് വരുത്തുമെന്നും ഫിച്ച് പ്രവചിക്കുന്നു.
ആഗോള റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാനിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു. ഉപഭോഗ നിക്ഷേപ മേഖലയിലും കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണമാകുക എന്നാണ് വിലയിരുത്തല്‍.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തകയാണെന്ന് വിവിധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നോട്ട് നിരോധനവും ജി.എസ്.ടിയുടെ അശാസ്ത്രീമായ നടപ്പലാക്കലും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ തകര്‍ത്തു എന്ന യാഥാര്‍ത്ഥ്യം ഇത്രയും കാലം മൂടിവക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അവസാനം സാമ്പത്തിക മുരടിപ്പ് ആശങ്കാജനകമെന്നു ആസൂത്രണകമ്മീഷനു പകരമായി രൂപീകരിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ തന്നെ മാസങ്ങള്‍ക്കുമുമ്പ് തുറന്നു സമ്മതിച്ചതോടെയാണ് ഗൗരവം സാധാരണക്കാരറിഞ്ഞത്. ‘കഴിഞ്ഞ 70 വര്‍ഷം അനുഭവപ്പെട്ടിട്ടില്ലാത്ത ഭീഷണിയാണ് സാമ്പത്തിക രംഗം നേരിടുന്നത്. ആര്‍ക്കും ആരെയും വിശ്വാസമില്ലാതായി’ എന്നാണ് രാജീവ് കുമാര്‍ പറഞ്ഞിരുന്നത്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ വീണ്ടും ഏഴാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ നാളിതുവരെ ജനങ്ങളില്‍നിന്നും മറച്ചു പിടിച്ച യാഥാര്‍ഥ്യമാണ് ഓരോന്നോരോന്നായി മറനീക്കി പുറത്തുന്നത്. 2008ല്‍ ലോകം നേരിട്ട വന്‍ സാമ്പത്തിക മാന്ദ്യത്തെ വലിയ പരിക്കു കൂടാതെ അതിജീവിച്ച് മറ്റ് രാജ്യങ്ങള്‍ക്കെല്ലാം വിസ്മയമായി തീര്‍ന്ന ഇന്ത്യയാണ് തികച്ചും അപ്രതീക്ഷിതമായി സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയത്.
വലിയ സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ കഴിഞ്ഞ ബജറ്റില്‍ ചില നടപടികള്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നും രാജീവ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിനര്‍ത്ഥം പെെട്ടന്നുണ്ടായ പ്രതിഭാസമല്ല സാമ്പത്തിക തകര്‍ച്ച എന്നും വളര്‍ച്ചാനിരക്ക് കുറയുന്നതടക്കം കടുത്ത പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത് എന്നുമാണ്. സാമ്പത്തിക തളര്‍ച്ച അതീവ ഗുരുതരമാണ് മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജനും വിരല്‍ ചൂണ്ടുന്നത് ഇതിലേക്ക് തന്നെയാണ്. രാജ്യത്തെ വാഹനവിപണി നഷ്ടത്തിലാണെന്ന വാര്‍ത്ത പുറത്തു വന്നോതോടെയാണ് ഇന്ത്യ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക ശക്തമായത്. ആഭ്യന്തര വാഹന വില്‍പന 18.71 ശതമാനം ഇടിഞ്ഞത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണ് കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ടത്. വാഹന രംഗത്ത് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും തൊഴില്‍ നഷ്ടത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇത് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. വില്‍പന നഷ്ടം മൂലം വാഹന നിര്‍മ്മാണ വില്‍പന രംഗത്തെ 2.30 ലക്ഷത്തോളം പേര്‍ക്കാണ് ജോലി നഷ്ടമായതെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇനിയും ഈ പ്രവണത തുടര്‍ന്നാല്‍ കുറഞ്ഞത് 10 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുമെന്നും ഇത് വന്‍ ദുരന്തത്തിലേക്ക് വഴിതുറക്കുമെന്നുമാണ് അവര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ മുന്നറിയിപ്പ്. ഇന്ത്യന്‍ ജി.ഡി.പിയുടെ നട്ടെല്ലായ മാനുഫാക്ചറിങ് വിഭാഗത്തില്‍ പകുതിയോളം സംഭാവന ചെയ്യുന്നത് വാഹന നിര്‍മ്മാണ മേഖലയാണ്. തുടര്‍ച്ചയായുള്ള വാഹന വില്‍പന നഷ്ടം ഉത്പാദനത്തെയും തളര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യന്‍ ജി.ഡി.പി അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഏതാണ്ട് 3.5 കോടിയോളം പേര്‍ വാഹന രംഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ നേരിട്ടോ അല്ലാതെയോ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 10 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ അത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ വടക്കേ ഇന്ത്യയില്‍നിന്ന് ഇറങ്ങുന്ന പതിപ്പുകളുടെ മൂന്നാം പേജില്‍ ഒരു പരസ്യം വന്നിരുന്നു. ‘ഞങ്ങളെ രക്ഷിക്കൂ… ഞങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്’ എന്നായിരുന്നു പരസ്യം. നോര്‍ത്തേണ്‍ ഇന്ത്യ ടെക്‌സ്റ്റൈല്‍ മില്‍സ് അസോസിയേഷന്‍ (എന്‍.ഐ.ടി.എം.എ) നല്‍കിയതായിരുന്നു പരസ്യം. പത്തു കോടിയിലേറെ പേര്‍ നേരിട്ടും അല്ലാതേയും തൊഴില്‍ കണ്ടെത്തുന്നിടമാണ് തുണി വ്യവസായം. ആ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതികളും ചുങ്കവും താങ്ങാന്‍ കഴിയുന്നില്ല. അതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കാന്‍ കഴിയുന്നില്ല. അസംസ്‌കൃത സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പലിശനിരക്ക് വന്‍ ഉയരത്തിലാണ്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തങ്ങളുടെ വ്യവസായങ്ങള്‍ നിഷ്‌കൃയമാകാന്‍ പോവുകയാണ്. അതിനാല്‍ ഞങ്ങളെ രക്ഷിക്കണമെന്നായിരുന്നു നോര്‍ത്തേണ്‍ ഇന്ത്യ ടെക്സ്റ്റൈല്‍ മില്‍സ് അസോസിയേഷന്‍ പരസ്യം വഴി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. അടിവസ്ത്ര നിര്‍മാണ കമ്പനികളും പൂട്ടലിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതും അടുത്തിടെയാണ്. ടെക്സ്റ്റൈല്‍ മേഖലയില്‍ മൂന്ന് കോടിയിലേറെ ജോലികള്‍ ഉടന്‍തന്നെ നഷ്ടമാകാനിടയുണ്ടെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ടെക്‌സ്റ്റൈല്‍ മില്ലുകളുടെ സംഘടനയായ ‘നിറ്റ്മ’ വിവിധ കാരണങ്ങളാല്‍ വസ്ത്ര ഉത്പാദന മേഖല തകര്‍ച്ച നേരിടുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ രംഗമാണ് തകര്‍ച്ചയെ നേരിടുന്ന മറ്റൊരു പ്രധാന മേഖല. ഈ മേഖലയില്‍ നേരിട്ടുണ്ടായ തൊഴില്‍ നഷ്ടം മൂന്നു ലക്ഷമാണ്. പരോക്ഷ തൊഴില്‍ നഷ്ടം അതിന്റെ പത്തിരട്ടിയെങ്കിലും വരും. കണ്‍സ്ട്രക്ഷന്‍ മോഖലയുടെ തകര്‍ച്ച ഇരുമ്പ്, സിമന്റ് തുടങ്ങിയ വ്യവസായങ്ങളേയും ബാധിക്കാന്‍ തുടങ്ങികഴിഞ്ഞു. പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ജി 10,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ പോകുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. പാര്‍ലെ ജിയുടെ അഞ്ചുരൂപ ബിസ്‌കളുടെ വില്‍പന പോലും കുത്തനെ കുറഞ്ഞിരിക്കുന്നു എന്നാണ് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിവിധ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടി തുടരുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതും കഴിഞ്ഞ വര്‍ഷമാണ്. ജനങ്ങള്‍ ഒന്നും അറിയാനോ പ്രതികരിക്കാനോ പാടില്ല എന്ന ഗൂഢ ലക്ഷ്യത്തോടെ അമിത ദേശീയതയിലും ദേശഭക്തിയിലും ജനങ്ങളെ ബന്ധിച്ചിടാനുള്ള കരുക്കള്‍ നീക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പക്ഷേ, തുടരുന്ന തൊഴില്‍ നഷ്ടംമൂലം പണ ലഭ്യത വിപണിയില്‍ വല്ലാതെ കുറയുന്നു. ജനങ്ങളുടെ ക്രയവിക്രയ ശേഷി കുത്തനെ കുറയുന്നു. വ്യാപാരം കുറയുന്നു. ഇത് ഉത്പാദനം കുറക്കാന്‍ കൂടുതല്‍ കമ്പനികളെ നിര്‍ബ്ബന്ധിതരാക്കും. പല സ്ഥാപനങ്ങളും പൂട്ടിപോകുന്നതിലേക്കായിരിക്കും എത്തുക. ഫലം സമ്പൂര്‍ണ്ണ സാമ്പത്തിക തകര്‍ച്ചയും. ഈ നില തുടര്‍ന്നാല്‍ ഗ്രാമീണ ഇന്ത്യയില്‍ 2020 ഓടെ ആഘാതം അതിരൂക്ഷമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടയിലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറു കോടിക്കുമുകളില്‍ കടമുള്ള 416 കുടിശ്ശികക്കാരുടെ 1.76 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് എഴുതിത്തള്ളിയത്. വിവരാവകാശ അപേക്ഷ പ്രകാരം ആര്‍.ബി.ഐ ആണ് വിവരങ്ങള്‍ നല്‍കിയതെന്ന് പ്രമുഖ മാധ്യമമായ സി.എന്‍.എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുടിശ്ശികക്കാരനില്‍ നിന്ന് ശരാശരി 424 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇത്രയും വലിയ കുടിശ്ശികകള്‍ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദ്യമായാണ് പുറത്തുവന്നത്. 2015നും 2018നും ഇടയില്‍ 2.17 ലക്ഷം കോടി രൂപയും വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയിട്ടുണ്ട്. നോട്ടു നിരോധത്തിന്‌ശേഷമുള്ള രണ്ടു വര്‍ഷങ്ങളില്‍ എഴുതിത്തള്ളിയ കടങ്ങളില്‍ വന്‍ വര്‍ധനയുണ്ടായി എന്നും ആര്‍.ടി.ഐ രേഖകള്‍ പറയുന്നു. വാണിജ്യ ബാങ്കുകള്‍ 2015 മാര്‍ച്ച് 31 വരെ 109 കുടിശ്ശികക്കാരില്‍ നിന്ന് 40,798 കോടി രൂപയാണ് എഴുതിത്തള്ളിയത്. 2016ല്‍ അത് 69,976 കോടിയായി. 199 കുടിശ്ശികക്കാരാണ് ഉണ്ടായിരുന്നത്.
നോട്ടുനിരോധനത്തിന് ശേഷമുള്ള 2017ല്‍ 343 കുടിശ്ശികക്കാരില്‍ നിന്ന് 1,27,797 കോടിയാണ് എഴുതിത്തള്ളിയത്. 2018ല്‍ ഇത് 2,17,121 കോടിയായി വര്‍ധിച്ചു. 525 പേരുടെ വായ്പയാണ് എഴുതിത്തള്ളിയത്. പൊതുമേഖലാ ബാങ്കുകള്‍ 2018ല്‍ 88 പേരില്‍ നിന്ന് എഴുതിത്തള്ളിയത് 1.07 ലക്ഷം കോടിയാണ്. 2019 മാര്‍ച്ച് 31 വരെ എസ്.ബി.ഐ എഴുതിത്തള്ളിയത് 76,611 കോടി രൂപയാണ്. പി.എന്‍.ബി 27,025 കോടി രൂപയും ഐ.ഡി.ബി.ഐ 26,219 കോടിയും എഴുതിത്തള്ളി. കനറ ബാങ്ക് എഴുതിത്തള്ളിയത് 19,991 കോടിയും ബാങ്ക് ഓഫ് ഇന്ത്യ 11,654 കോടിയും എഴുതിത്തള്ളി. കോര്‍പറേഷന്‍ ബാങ്ക് എഴുതിത്തള്ളിയത് 11,084 കോടിയും. ബാങ്ക് ഓഫ് ബറോഡ 10,308 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 10831 കോടിയും വേണ്ടെന്നുവെച്ചു. ധനകാര്യ മന്ത്രാലയത്തെ നോക്കുകുത്തിയാക്കി രാജ്യത്തെ ബാങ്കിങ് സംവിധാനത്തിനെ തകര്‍ക്കുന്ന വിധത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് യാതൊരു മാനദണ്ഡവുമില്ലാതെ നടത്തുന്ന നിഷ്‌ക്രിയ ആസ്തികളുടെ ഈ എഴുതിതള്ളലുകള്‍.
പൗരത്വ പ്രശ്‌നത്തില്‍ തെരുവിലിറങ്ങിയ ജനം ഈ വര്‍ഷം സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും കാരണമായിരിക്കും പ്രതിഷേധത്തിലേക്ക് നീങ്ങുക. പൗരത്വ പ്രശ്‌നത്തില്‍ ക്യാമ്പസുകളില്‍ നിന്നാണ് പ്രതിഷേധം പൊട്ടിമുളച്ചതെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ ലഭിക്കാത്തവരുമായ ലക്ഷക്കണക്കിന് യുവാക്കളായിരിക്കും പുതിയ പ്രതിഷേധത്തില്‍ മുന്‍നിരയിലുണ്ടാവുക. കര്‍ഷകരും മധ്യവര്‍ഗവും അവരോടൊപ്പം ചേരും. പുതിയ തൊഴില്‍ നയവും പ്രതിഷേധങ്ങളുടെ അലകള്‍ തീര്‍ക്കും. നിരവധി പ്രശ്‌നങ്ങളാല്‍ ജീവിതം വഴിമുട്ടിയ ഇന്ത്യന്‍ ജനതയുടെ പോരാട്ടവീര്യം ഈ വര്‍ഷംതന്നെ അനുഭവിച്ചറിയാനാകും.

SHARE