വേലിയിറക്കത്തില്‍ പെട്ട കാവി രാഷ്ട്രീയം

ഇയാസ് മുഹമ്മദ്

രാഷ്ട്രീയ മാറ്റങ്ങളുടെ വര്‍ഷമാണ് 2019. അതിന്റെ തുടര്‍ച്ച പുതുവര്‍ഷത്തില്‍ ഏതുവിധമാകുമെന്നത് രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. യാഗാശ്വം പോലെ പാഞ്ഞ ബി.ജെ.പിയെ ജനങ്ങള്‍ പിടിച്ചുകെട്ടിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. വേലിയിറക്കത്തില്‍ തുഴനഷ്ടപ്പെട്ട വള്ളം പോലെ, ഗതി നിയന്ത്രിക്കാനാകാതെ ഒഴുകുകയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി. അമരക്കാരനില്‍ വിശ്വാസം നഷ്ടപ്പെട്ടവരാണ് വള്ളത്തിലെ യാത്രക്കാര്‍. ഇതിന്റെ പ്രത്യക്ഷാനുഭവമാണ് കഴിഞ്ഞ 12 മാസത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ കൃത്യമായ വേര്‍തിരിവ്. ബി.ജെ.പി അനുകൂലി, അല്ലെങ്കില്‍ വിരുദ്ധന്‍ എന്നിങ്ങനെ രണ്ട് കള്ളികളിലായി ഇന്ത്യന്‍ ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം മതേതരത്ത ചേരി, മുന്നുപാധികളില്ലാതെ കണ്ണിചേര്‍ന്നുവെന്നതാണ് പോയ വര്‍ഷത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ മാറ്റം.
ഹിന്ദി ഭൂമികയില്‍ വെന്നിക്കൊടി പാറിച്ച ബി.ജെ.പിക്ക് ഗംഗാസമതലത്തിലൊഴികെ ബാക്കിയിടങ്ങളില്‍ തിരിച്ചടിയുടെ കാലമാണിപ്പോള്‍. 12 മാസത്തിനിടെ അഞ്ച് സംസ്ഥാനങ്ങളില്‍ അധികാരം വിട്ടൊഴിയേണ്ടി വന്ന, ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെടുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ലോക്‌സഭയിലേക്ക് വന്‍ വിജയം നേടിയ ശേഷം തിരിച്ചിറക്കത്തിന്റെ അവരോഹണ രാഗം പാടിത്തീര്‍ക്കുകയാണിപ്പോള്‍ കാവിപാര്‍ട്ടി. രാജ്യത്തെ 71 ശതമാനത്തോളം പ്രദേശങ്ങളുടെ ഭരണം കയ്യാളിയിരുന്ന ബി.ജെ.പിക്ക് പകുതിയിലധികം പ്രദേശങ്ങളില്‍ ഭരണം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 35 ശതമാനം സ്ഥലങ്ങളില്‍ മാത്രമേ ഇപ്പോള്‍ ബി.ജെ.പിയുടെ ഭരണം നിലനില്‍ക്കുന്നുള്ളൂ. 2017 ല്‍ ഹിന്ദി ഹൃദയ ഭൂമി മുഴുവന്‍ ബി.ജെ.പിയുടെ ഭരണത്തിലായിരുന്നു. ജമ്മുകശ്മീരില്‍ ഭരണ പങ്കാളിത്തവും സിക്കിമിലും നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്ധ്രാപ്രദേശിലും ഉള്‍പ്പെടെ ഭരണമോ ഭരണപങ്കാളിത്തമോ ഉണ്ടായിരുന്നു ബി.ജെ.പിക്ക്.
ഉത്തര്‍പ്രദേശും ഗുജറാത്തുമാണ് ഇപ്പോള്‍ ബി.ജെ.പിയുടെ കയ്യിലുള്ള വലിയ സംസ്ഥാനങ്ങള്‍. കുതിരക്കച്ചവടത്തിലെ മിടുക്കിലാണ് കര്‍ണാടകയില്‍ ബി.ജെ.പി ഭരണം മുന്നോട്ടു പോകുന്നത്. കന്നഡ ജനതയുടെ പിന്തുണയില്ലാത്ത ഭരണം പണവും അധികാരവും കൊണ്ട് വിലക്കുവാങ്ങിയകാപട്യം മാത്രമാണ്.
2018 ന്റെ അവസാനത്തിലാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും ബി.ജെ.പി കൈവിട്ടത്. മൂന്ന് പ്രധാന സംസ്ഥാനങ്ങള്‍ കയ്യൊഴിഞ്ഞ ബി.ജെ.പി പക്ഷേ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചു വന്നു. എന്നാല്‍ ബി.ജെ.പിയുടെ വിജയം സംബന്ധിച്ച് അഭ്യൂഹങ്ങളും കോടതി ഇടപെടലുകളും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. മൂന്ന് സംസ്ഥാനങ്ങളില്‍ തകര്‍ന്നടിഞ്ഞ ബി.ജെ.പി മാസങ്ങള്‍ക്കുള്ളില്‍ വിശ്വാസം പുനരാര്‍ജ്ജിച്ചുവെന്ന് വിശ്വസിക്കാന്‍ ആരും കൂട്ടാക്കുന്നില്ല. ബി.ജെ.പിയുടെ നേതാക്കളെ മാത്രമല്ല, ആ പാര്‍ട്ടിയെ തന്നെ ഇന്ത്യന്‍ ജനത വിശ്വാസത്തിലെടുക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള ആശങ്കയും അവിശ്വാസവും.
ഈ വര്‍ഷം പ്രധാന തെരഞ്ഞെടുപ്പ് നടന്നത് മഹാരാഷ്ട്രയിലാണ്. ശിവസേനയുമായി സഖ്യത്തിലാണ് ബി.ജെ.പി ജനവിധി തേടിയത്. നാഗ്പൂരിന്റെ മണ്ണില്‍ ഒറ്റക്ക് ഭരണത്തിലേറാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. കാവിപ്പാര്‍ട്ടിയുടെ ഈ വിശ്വാസം തകര്‍ന്നപ്പോള്‍, ശിവസേനക്ക് ബി.ജെ.പിയിലുള്ള വിശ്വാസവും തകര്‍ന്നു. മൂന്ന് പതിറ്റാണ്ടിലേറെയുള്ള ബന്ധം മുറിച്ച് ശിവസേന ബി.ജെ.പി രഹിത സര്‍ക്കാരിന് കോപ്പു കൂട്ടി. കോണ്‍ഗ്രസും എന്‍.സി.പിയും ബി.ജെ.പിയെന്ന പൊതുശത്രുവിനെ അടിക്കാനുള്ള ഉഗ്രന്‍ കമ്പായി ശിവസേനയെ കണ്ടപ്പോള്‍ സംഘപരിവാരത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ ബി.ജെ.പി ഭരണത്തിന് പുറത്തായി.
ബി.ജെ.പിയുടെ ഏറ്റവുമവസാനത്തെ തോല്‍വി ജാര്‍ഖണ്ഡിലാണ്. 55 ശതമാനം വോട്ട് നല്‍കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് ജാര്‍ഖണ്ഡ് ജനത ബി.ജെ.പിക്ക് നല്‍കിയത്. തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷത്തില്‍ കുറഞ്ഞതൊന്നും ബി.ജെ.പിയുടെ കണക്കുകൂട്ടലില്‍ വന്നതേയില്ല. ജെ.എം.എം., കോണ്‍ഗ്രസ് സഖ്യം തൊഴിലില്ലായ്മയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയവും മുഖ്യവിഷയമാക്കി ജനവിധി തേടിയപ്പോള്‍ ജാര്‍ഖണ്ഡ് ജനത ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. 55 ല്‍ നിന്ന് 33.6 ശതമാനമായാണ് വോട്ട് ശതമാനം കുറഞ്ഞത്. മോദിയും അമിത്ഷായും പ്രസംഗിച്ച മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടു. ഇന്ത്യയിലെ മതേതര പാര്‍ട്ടികള്‍ക്ക് വലിയ പാഠങ്ങള്‍ ജാര്‍ഖണ്ഡില്‍ നിന്ന് പഠിക്കാനുണ്ട്.
അയോധ്യ വിഷയത്തിന്റെ തേരിലേറി എല്‍.കെ അദ്വാനി നയിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും മോശപ്പെട്ട പരിണാമദശയിലാണ് ഇപ്പോള്‍ ബി.ജെ.പി. ഭരണഘടനക്കപ്പുറം നീങ്ങുന്ന നവദേശീയതയിലും ഹിന്ദുത്വത്തിലും ഊന്നിയ അതിതീവ്ര അജണ്ടകളുടെ തേരാണ് ഇപ്പോള്‍ മോദിയും അമിത്ഷായും നയിക്കുന്നത്. മോദിയില്‍ നിന്ന് അധികാര ദണ്ഡ് ഏറ്റുവാങ്ങാന്‍ അന്തംവിട്ട ഏത് ക്രിയക്കും ഒരുക്കമാണ് അമിത്ഷാ. അഞ്ച് സംസ്ഥാനങ്ങളിലെ തിരിച്ചടി എന്തുകൊണ്ടുണ്ടായി എന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. വരാന്‍ പോകുന്ന ഡല്‍ഹി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം വളരെ കുറവാണ്.
ജന പിന്തുണ കുറയുന്നതിന് പ്രധാന കാരണം രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയുമാണ്. ജനങ്ങളുടെ ജീവിക്കാനുള്ള പോരാട്ടത്തിന് മുന്നില്‍ വര്‍ഗീയ രാഷ്ട്രീയത്തിന് പ്രസക്തി ഇല്ലാതാകുന്നുവെന്നാണ് വര്‍ത്തമാന രാഷ്ട്രീയാനുഭവം. ജാര്‍ഖണ്ഡ് ഒരു പാഠം മാത്രമാണ്. വിഭജന തന്ത്രം വിജയമന്ത്രമായി മാറ്റിയ ബി.ജെ.പിയെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കാണ് പോയവര്‍ഷം സാക്ഷ്യമാകുന്നത് ജാര്‍ഖണ്ഡുകള്‍ ഒറ്റപ്പെട്ടതല്ലെന്നുള്ളതു കൊണ്ടാണ്.
പ്രധാനമന്ത്രിയെ പെരുംനുണയനായി കാണുന്ന ജനതക്ക് സര്‍ക്കാരിലും കാവി രാഷ്ട്രീയത്തിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കര്‍ഷകരും തൊഴിലാളികളും മധ്യവര്‍ഗവും ജീവിത വഴികളില്‍ തളരുമ്പോള്‍ കോര്‍പറേറ്റുകളുടെ സ്വപ്‌ന ഭൂമികയായി ഇന്ത്യ മാറുകയാണ്.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്നത്. സാമ്പത്തിക തകര്‍ച്ചയാകട്ടെ ചരിത്രത്തില്‍ ഇതുവരെ പരിചിതമല്ലാത്ത വിധം ഭീതിദമാണ്. ഇപ്പോഴത്തെ സാമ്പത്തിക കെടുതിയില്‍ നിന്ന് കരകയറാന്‍ ഏറ്റവും കുറഞ്ഞത് 20 വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നല്‍കുന്നത്. പരിമിതികള്‍ ഉണ്ടെന്ന മുന്നറിയിപ്പാണ്.
12 മാസത്തിനുള്ളില്‍ അഞ്ച് സംസ്ഥാനങ്ങള്‍ കൈവിട്ടുപോയതിന് കാരണം ബി.ജെ.പിയുടെ ജനദ്രോഹ ഭരണത്തെക്കുറിച്ചുള്ള പൊതുജന തിരിച്ചറിവ് തന്നെയാണ്. ജനങ്ങളുടെ തിറിച്ചറിവ് മതേതര കക്ഷികള്‍ ഉള്‍ക്കൊള്ളുകയാണെങ്കില്‍ വിഭജന തന്ത്രവും വര്‍ഗീയതയും കൊണ്ട് ഇനിയും കളം നിറയാന്‍ ബി.ജെ.പിക്ക് അവസരമൊരുങ്ങില്ല തന്നെ.

SHARE