കസറിയത് നടന്മാര്‍


വാസുദേവന്‍ കുപ്പാട്ട്

ചടുലമായ ആഖ്യാനം;
സത്യസന്ധമായ സമീപനം
വന്‍താരനിരയും പ്രശസ്ത ബാനറും ഇല്ലാതെ തന്നെ സിനിമകള്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതിന്റെ കഥയാണ് 2019ന് പറയാനുള്ളത്. എന്നാല്‍ വിജയിച്ച ചിത്രങ്ങള്‍ കുറവായിരുന്നു എന്ന വാസ്തവം അവശേഷിക്കുകയും ചെയ്യുന്നു. 192 സിനിമകളാണ് 2019ല്‍ റിലീസ് ചെയ്തതെങ്കില്‍ പ്രദര്‍ശനവിജയം നേടിയത് 23 എണ്ണം മാത്രമാണ്. ശരിയായ രീതിയില്‍ തിയേറ്ററുകള്‍ ലഭിക്കാത്തതും റിലീസിങ് സംബന്ധമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളും സിനിമാലോകത്തെ വലക്കുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കാവതല്ല. ഇങ്ങനെയെല്ലാമാണെങ്കിലും യുവസംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും അഭിനേതാക്കളുടെയും ആത്മാര്‍ത്ഥമായ പരിശ്രമത്തിന് ഫലം ലഭിച്ചു എന്ന് കാണാവുന്നതാണ്. മനു അശോകിന്റെ ‘ഉയരെ’, ആസിഫ് അലി നായകനായി വന്ന ‘വിജയ്‌സൂപ്പറും പൗര്‍ണമിയും’, മധു. സി നാരായണന്‍ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്‌സ്’, എ.ഡി ഗിരീഷിന്റെ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും മുഖ്യവേഷങ്ങളില്‍ എത്തിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, നിസാം അഹമ്മദിന്റെ ‘കെട്ട്യോള്‍ എന്റെ മാലാഖ’, ആഷിക് അബുവിന്റെ ‘വൈറസ’്, അഷറ്ഫ് ഹംസയുടെ ‘തമാശ’ എന്നിവ വിജയം നേടിയ ചിത്രങ്ങളാണ്. അള്ള് രാമചന്ദ്രന്‍, അഡാറ് ലൗ, ജൂണ്‍, കോടതിസമക്ഷം ബാലന്‍ വക്കീല്‍, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രണയകഥ, ഇഷ്ഖ്. ഉണ്ട, പതിനെട്ടാം പടി, പൊറിഞ്ഞുമറിയം ജോസ് തുടങ്ങിയ ചിത്രങ്ങള്‍ സാറ്റലൈറ്റ് വിനിമയം വഴി വിജയം നേടുകയുണ്ടായി.

നടന്മാര്‍ കസറിയ വര്‍ഷം
മുന്‍നിരയെ മറികടന്ന് മറ്റു നടന്മാര്‍ കടന്നുകയറിയ വര്‍ഷം കൂടിയായിരുന്നു 2019. അഭിനയത്തികവിലൂടെ സൂരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍, ആസിഫ് അലി എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മുന്നിട്ടുനിന്നു. ഹാസ്യതാരം എന്ന പതിവ് ശൈലിയില്‍ നിന്ന് മാറി പൂര്‍ണമായും ഇരുത്തംവന്ന കഥാപാത്രങ്ങളെ ശക്തമായി അവതരിപ്പിക്കുകയാണ് സൂരാജ് വെഞ്ഞാറമൂട് ചെയ്തത്. ഫൈനല്‍സിലെ വര്‍ഗീസ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്‌കരപ്പൊതുവാള്‍ എന്ന വൃദ്ധന്‍, ഡ്രൈവിങ് ലൈസന്‍സിലെ ഇന്‍സ്‌പെക്ടര്‍ കുരുവിള, എന്നിങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വെഞ്ഞാറമൂട് തിളങ്ങി.
ഉയരങ്ങളിലെ നെഗറ്റീവ് കഥാപാത്രത്തെ മികവുറ്റതാക്കിയ ആസിഫ് അലി വിജയ് സൂ്പ്പറും പൗര്‍ണമിയിലും കെട്ട്യോള്‍ എന്റെ മാലാഖയിലും ഗ്രാഫ് ഉയര്‍ത്തി. വൈറസ്, ചോല, ജൂണ്‍, പൊറിഞ്ചുമറിയം ജോസ് എന്നീ ചിത്രങ്ങളില്‍ ജോജു ജോര്‍ജ്ജ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സ്ത്രീപക്ഷ സിനിമകളും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളും കൂടുതല്‍ കടന്നുവന്ന വര്‍ഷമായിരുന്നു ഇത്. ഉയരെയാണ് ഇതില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം. പാര്‍വതി തിരുവോത്ത് എന്ന നടിയുടെ കരിയറില്‍ മികച്ച വേഷമാണ് ഈ ചിത്രത്തിലെ പല്ലവി രവീന്ദ്രന്‍. വൈറസ് എ്ന്ന ചിത്രത്തില്‍ അനുവിനെ അവതരിപ്പിച്ചതും പാര്‍വതിയായിരുന്നു. ജൂണ്‍, ഫൈനല്‍സ്,സ്റ്റാന്റ് അപ്പ് എന്നീ ചിത്രങ്ങളില്‍ രജിഷ വിജയന്‍ ശ്രദ്ധിക്കപ്പെട്ടു. സ്റ്റാന്റ് അപ്പിലെ കീര്‍ത്തിയും ചോലയിലെ ജാനുവും 41ലെ ഭാഗ്യസൂയവും നിമിഷ സജയന്റെ വിജയവേഷങ്ങളായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളെ അവതരിപ്പിച്ച അന്ന ബെന്‍ ഹെലനില്‍ ടൈറ്റില്‍ കഥാപാത്രമായി മികച്ച പ്രകടനം നടത്തി.

അംഗീകാരങ്ങളുടെ നിറവില്‍
ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ജിയോ മാമി ഫിലം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച വര്‍ഷമായിരുന്നു 2019. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്‍ എന്ന ചിത്രത്തിനൊപ്പം ജല്ലിക്കെട്ടും പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കെട്ട് പുരസ്‌കാരം നേടി. മികച്ച സംവിധായകനുള്ള രജതമയൂരം പുര്‌സാകാരം ജല്ലിക്കെട്ടിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി കരസ്ഥമാക്കി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള തിരുവനന്തപുരം ഐ.ഐ.എഫ്.കെ പുരസ്‌കാരവും ജല്ലിക്കെട്ടിനായിരുന്നു. ഡോ. ബിജുവിന്റെ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് സിംഗപൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര പുരസ്‌കാരമാണിത്. കാനഡയിലെ ആല്‍ബര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സലിം അഹമ്മദിന്റെ ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ്ടു പുരസ്‌കാരങ്ങള്‍ നേടി. ഇതിലെ അഭിനയത്തിന് ടൊവിനോ തോമസ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സലിം അഹമ്മദ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.
മമ്മൂട്ടിയും മോഹന്‍ലാലും ശക്തമായ സാന്നിധ്യമായി അവരുടെ ചിത്രങ്ങളില്‍ എത്തി. മമ്മൂട്ടിയുടെ ഉണ്ട ശ്രദ്ധിക്കപ്പെട്ടത് നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം കാരണമാണ്. ലൂസിഫര്‍ എന്ന സിനിമയെ ഹിറ്റാക്കി മാറ്റിയതും മോഹന്‍ലാലിന്റെ മികച്ച പ്രകടമാണെന്ന് വിലയിരുത്തപ്പെടുന്നു. നടന്‍ പൃഥീരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലായിരുന്നു മോഹന്‍ലാല്‍. മമ്മൂട്ടിയുടെ മാമാങ്കം തിയേറ്ററുകളില്‍ എത്തിയെങ്കിലും എത്രത്തോളം ലാഭം കൊയ്യുമെന്ന് പറയാറായിട്ടില്ല. ഒരു വടക്കന്‍ വീരഗാഥ പോലുള്ള ചിത്രങ്ങളുടെ റേഞ്ചിലേക്ക് മാമാങ്കം എത്തുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും ചരിത്രസിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ മമ്മൂട്ടിക്ക് അഭിമാനിക്കാം. വന്‍കിട താരങ്ങളെ ആശ്രയിക്കാതെ തന്നെ മനസ്സിലുള്ള സിനിമയെ യാഥാര്‍ത്ഥ്യമാക്കുക എന്ന നയമാണ് സംവിധായകര്‍ക്കിടയില്‍ നടപ്പാക്കപ്പെടുന്നത്.

ഷെയിന്‍ നിഗം തര്‍ക്കം
യുവനടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തതീര്‍പ്പാകാനുള്ള സാഹചര്യത്തിലേക്ക് കടക്കുമ്പോഴാണ് 2019 അവസാനിക്കുന്നത്. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്ന ഘട്ടത്തിലാണ് നിര്‍മാതാക്കളും ഷെയിന്‍ നിഗവുമായി തര്‍ക്കം തുടങ്ങിയത്. ഹെയര്‍ സ്‌റ്റൈല്‍ മാറ്റം വരുത്തിയ ഷെയിന്‍നിഗം ചിത്രീകണവുമായി സഹകരിച്ചില്ല എന്നായിരുന്നു നിര്‍മാതാക്കളുടെ പരാതി. അതേസമയം, തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ഷെയിന്‍നിഗം ആരോപിച്ചിരുന്നത്. നിര്‍മാതാക്കളെ മനോരോഗികളായി ചിത്രീകരിക്കുന്ന വിധത്തില്‍ ഷെയിന്‍ പ്രസ്താവന നടത്തിയത് വീണ്ടും വിവാദമായി. ഒടുവില്‍ കഴിഞ്ഞ ദിവസം പ്രസ്താവന പിന്‍വലിച്ച് ഷെയിന്‍നിഗം മാപ്പു പറഞ്ഞു. ഇതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം വിഷയം ചര്‍ച്ച ചെയ്യും. യോഗത്തിലേക്ക് ഷെയിന്‍നിഗത്തെ വിളിച്ചിട്ടുണ്ട്. ഷൂട്ടിങ് വേളയിലും മറ്റും സിനിമാരംഗത്തുള്ളവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു എന്നൊരു ആക്ഷേപവും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരികയുണ്ടായി.ഏതായാലും ഷെയിന്‍ നിഗം മാപ്പു പറഞ്ഞതോടെ പ്രശ്‌നത്തില്‍ മഞ്ഞുരുകുമെന്നാണ് സൂചന.

വിയോഗം
പ്രശസ്ത ഛായാഗ്രാഹകരായ എം.ജെ രാധാകൃഷ്ണന്‍, രാമചന്ദ്രബാബു എന്നിവരുടെ വിയോഗം 2019ന്റെ വേദനയായി. എം.ടി, കെ.ജി ജോര്‍ജ്ജ്, ഭരതന്‍, ഐ.വി ശശി, ജോണ്‍ ഏബ്രഹാം, ലോഹിതദാസ് തുടങ്ങിയ ചലച്ചിത്രകാരന്മാര്‍ക്കുവേണ്ടി ക്യാമറ കൈകാര്യം ചെയ്ത രാമചന്ദ്രബാബു സങ്കേതികമായി ചലച്ചിത്രനിര്‍മാണം വളര്‍ച്ച നേടുന്ന കാലഘട്ടത്തിനു മുമ്പുതന്നെ ഈ രംഗത്ത് എത്തിയ കലാകാരനാണ്. ഡിസംബറില്‍ കോഴിക്കോട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രഫ. ഡിങ്കന്‍ എന്ന തന്റെ ആദ്യചിത്രത്തിന്റെ ലൊക്കേഷന്‍ നോക്കുന്നതിനുവേണ്ടി കോഴിക്കോട്ടെത്തിയ രാമചന്ദ്രബാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 21നായിരുന്നു അന്ത്യം. അര്‍പ്പണബോധമുള്ള ക്യാമറാമാന്‍ എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധനേടിയ എം.ജെ രാധാകൃഷ്ണനും വലിയ വാഗ്ദനമായിരുന്നു. ആറു തവണ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. ഹൃദയസ്തംഭനത്തെതുടര്‍ന്ന്് ജൂലൈ 12ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

SHARE