വെറുതെ ഒരു വാര്‍ഡ് വിഭജനം


പി.കെ.ഷറഫുദ്ദീന്‍

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡുകള്‍ വീതം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. മാസങ്ങളായി നിലനിന്നിരുന്ന ഇതു സംബന്ധിച്ച അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമാകുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വിസ്തൃതിയോ ജനസംഖ്യയോ പൊതുജനങ്ങളില്‍ നിന്നുയര്‍ന്ന ആവശ്യങ്ങളോ പരിഗണിക്കാതെ സര്‍ക്കാര്‍ കൈകൊണ്ട ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. ഒരു വാര്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിന്റെ പേരില്‍ സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായുള്ള 21865 വാര്‍ഡുകളുടെ അതിരുകളിലും മാറ്റം വരുത്താന്‍ സാധിക്കും. ഈ സാധ്യത ഉപയോഗിച്ച് രാഷ്ട്രീയ നിറം നോക്കി വാര്‍ഡുകളുടെ അതിരുകള്‍ നിര്‍ണ്ണയിച്ച് നേട്ടമുണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2020ലെ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിച്ച് ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിനോട് മുഖം തിരിഞ്ഞ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ഉഴലുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ച് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചത്.
സംസ്ഥാനത്തെ മുന്നൂറോളം ഗ്രാമപഞ്ചായത്തുകള്‍ ജനസംഖ്യാബാഹുല്യത്താലും ഭൂ വിസ്തൃതിയാലും പ്രവര്‍ത്തന രംഗത്ത് പ്രതിസന്ധി നേരിടുന്നതായി സര്‍ക്കാര്‍ നിയോഗിച്ച സമിതി തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരമായി പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും സര്‍ക്കാറിന് മുമ്പില്‍ സമര്‍പ്പിച്ചതാണ്. ഇത് നിലനില്‍ക്കെയാണ് പുതുതായി ഒരു തദ്ദേശ സ്ഥാപനം പോലും രൂപീകരിക്കാതെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തത്. 2020ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുമ്പായി വലിയ പഞ്ചായത്തുകള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ തവണ നടത്തിയ പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരണം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ പഞ്ചായത്തുകള്‍ രൂപീകരിക്കപ്പെടും എന്ന് തന്നെയാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ല. വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതാണ് ഇതിന് കാരണം. സംസ്ഥാനത്തെ ഏറ്റവും വലിയ 300 ഗ്രാമപഞ്ചായത്തുകളില്‍ നഗരസ്വഭാവമുള്ളവ മുനിസിപ്പാലിറ്റികളാക്കി ഉയര്‍ത്തുന്നതിനും മറ്റുള്ളവ വിഭജിക്കുന്നതിനുമാണ് സര്‍ക്കാര്‍ നേരത്തെ ലക്ഷ്യമിട്ടിരുന്നത്. ഇവ അധികാരവികേന്ദ്രീകരണ പ്രക്രിയക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു. എന്നാല്‍ പിന്നീട് നൂറില്‍ താഴെ പഞ്ചായത്തുകളെ മാത്രം വിഭജിക്കുക എന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് ഈ നീക്കത്തില്‍ നിന്നും പിന്നോക്കം പോയ സര്‍ക്കാര്‍ , പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിക്കാതെ വാര്‍ഡുകളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതിലേക്ക് മാറി. ഏറ്റവുമൊടുവില്‍ നിലവിലുള്ള വാര്‍ഡുകളില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വാര്‍ഡുകളുടെ എണ്ണം മാത്രം വര്‍ദ്ധിപ്പിക്കുന്നത് ശക്തമായ പ്രതിഷേധത്തിനും നിയമപോരാട്ടത്തിനും ഇടയാക്കും എന്നതാണ് സര്‍ക്കാറിനെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്. സെന്‍സസ് പ്രവര്‍ത്തനം ആരംഭിക്കുന്നതും മതിയായ സമയം ലഭിക്കില്ല എന്നതും ഇതിന് തടസ്സമായി. എന്നാല്‍ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വാര്‍ഡ് വിഭജനം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടില്ല എന്നും തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനൊത്ത് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഓരോ വാര്‍ഡ് വീതം വിഭജിക്കുക എന്ന തീരുമാനത്തിലെത്തിയത്.
ഓരോ പഞ്ചായത്തിലെയും അംഗസംഖ്യ നിശ്ചയിക്കുന്നത് സംബന്ധിച്ച് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലും മുനിസിപ്പല്‍ നിയമത്തിലും (അംഗസംഖ്യ നിശ്ചയിക്കല്‍) ചട്ടങ്ങളിലും വ്യക്തമാക്കുന്നുണ്ട്. ഏറ്റവും അവസാനത്തെ കാനേഷുമാരിയില്‍ തിട്ടപ്പെടുത്തിയ ജനസംഖ്യ പ്രകാരമാണ് വാര്‍ഡുകളുടെ എണ്ണം നിശ്ചയിക്കേണ്ടത് എന്ന് ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2011ലെ കാനേഷുമാരി പ്രകാരമുള്ള ജനസംഖ്യ കണക്കുകളാണ് നിലവിലുള്ളത്. ഇത് പ്രകാരം സംസ്ഥാനത്തെ 24 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും ഇതുമായി ബന്ധപ്പെട്ട് പുനക്രമീകരിച്ച ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും 2015ല്‍ വാര്‍ഡ് വിഭജനം നടന്നിട്ടുള്ളതാണ്. ഈ സ്ഥാപനങ്ങളില്‍ ഇതേ ജനസംഖ്യാ കണക്ക് പ്രകാരം വീണ്ടും വിഭജനം നടത്തുന്നത് ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അവശേഷിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജിക്കുന്നതും 2011ലെ സെന്‍സസിലെ ജനസംഖ്യാ കണക്ക് പ്രകാരമല്ല എന്നതും ചട്ടത്തെ നിരാകരിക്കുന്നതാണ്. പതിനയ്യായിരത്തില്‍ കവിഴാത്ത ജനസംഖ്യയുള്ള ഒരു ഗ്രാമപഞ്ചായത്തില്‍ 13 അംഗങ്ങളും പതിനയ്യായിരത്തില്‍ കവിഴുന്ന പഞ്ചായത്തുകളില്‍ ആദ്യത്തെ പതിനയ്യായിരത്തിന് 13 ഉം ശേഷമുള്ള ഓരോ 2500 ജനസംഖ്യക്കും ഓരോന്ന് വീതവുമാണ് വാര്‍ഡുകള്‍ നിശ്ചയിക്കേണ്ടത് എന്ന് ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 2011ലെ സെന്‍സസിലെ കണക്കുകള്‍ പരിഗണിക്കാതെ എല്ലാ തദ്ദേശസ്ഥാപനത്തിനും ഒരു സീറ്റ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നര ലക്ഷം ജനസംഖ്യക്ക് 13 ഉം ശേഷമുള്ള ഓരോ 25,000 ജനസംഖ്യക്കും ഒന്ന് വീതവും ജില്ലാ പഞ്ചായത്തില്‍ 10 ലക്ഷം വരെ 16 ഉം ശേഷമുള്ള ഒരോ ഒരു ലക്ഷം ജനസംഖ്യക്കും ഓരോ വാര്‍ഡ് വീതവുമാണ് നിശ്ചയിക്കേണ്ടത്. മുനിസിപ്പാലിറ്റികളില്‍ ഇരുപതിനായിരം വരെ 25 ഉം ശേഷമുള്ള ഓരോ 2500നും ഒന്ന് വീതവുമാണ് നിശ്ചയിക്കേണ്ടത്. കോര്‍പ്പറേഷനുകളില്‍ നാല് ലക്ഷം വരെ 55 ഡിവിഷനുകളാണ് നിശ്ചയിക്കേണ്ടത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും പരമാവധി 23ഉം ജില്ലാ പഞ്ചായത്തില്‍ 32ഉം മുനിസിപ്പാലിറ്റികളില്‍ 52 ഉം കോര്‍പ്പറേഷനുകളില്‍ 100 ഉം ആണ് പരമാവധി വാര്‍ഡുകള്‍ പുതിയ ഓര്ര്‍ഡിനന്‍സ് ഇറങ്ങുന്നതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ 14 മുതല്‍ 24വരെയും ജില്ലാ പഞ്ചായത്തില്‍ 17 മുതല്‍ 33 വരെയും മുനിസിപ്പാലിറ്റിയില്‍ 26മുതല്‍ 53 വരെയും കോര്‍പ്പറേഷനുകളില്‍ 56മുതല്‍ 101 വരെയും ആയി മാറും. എന്നാല്‍ ജനസംഖ്യ പരിഗണിക്കാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ സീറ്റ് വീതം വര്‍ദ്ധിപ്പിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളിലെ ജനസംഖ്യ തമ്മില്‍ വലിയ അന്തരമാണ് രൂപപ്പെടുക. നിലവില്‍ സംസ്ഥാനത്ത് പതിനയ്യായിരത്തില്‍ താഴെ ജനസംഖ്യയുള്ള 148 ഗ്രാമപഞ്ചായത്തുകളുണ്ട്. ഇവിടങ്ങളിലെ 1924 വാര്‍ഡുകളിലെ ശരാശരി ജനസംഖ്യ 1100ല്‍ താഴെയാണ്. എന്നാല്‍ മുവ്വായിരത്തോളം ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും സംസ്ഥാനത്തുണ്ട്. 92 ഗ്രാമപഞ്ചായത്തുകളിലെ 2116 വാര്‍ഡുകളിലെ ജനസംഖ്യ രണ്ടായിരത്തിലേറെയാണ്. ഇതേ രീതിയിലുള്ള അന്തരമാണ് വിവിധ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന് എന്നിവിടങ്ങിളെ വാര്‍ഡുകള്‍ തമ്മിലും നിലനില്‍ക്കുന്നത്. ഒരേ തരം തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ തമ്മിലുള്ള ഈ അന്തരമാണ് പരിഹരിക്കപ്പെടേണ്ടത്. അതിന് നിശ്ചിത ജനസംഖ്യയില്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങള്‍ വിഭജിച്ച് പുതിയ തദ്ദേശ സ്ഥാപനം രൂപീകരിക്കുകയാണ് വേണ്ടത്. പുതിയ തദ്ദേശ സ്ഥാപനം രൂപീകരിക്കാത്ത സാഹചര്യത്തില്‍ ജനസംഖ്യക്ക് അനുസൃതമായി ഓരോ തദ്ദേശ സ്ഥാപനത്തിലും വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള ഏറ്റവും കുറഞ്ഞ വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താതെ പരമാവധി വാര്‍ഡുകളുടെ എണ്ണത്തില്‍ അഞ്ച് എണ്ണം വരെ വര്‍ദ്ധനവ് വരുത്തിക്കൊട്ട് ചട്ടം ഭേദഗതി ചെയ്താല്‍ ജനസംഖ്യയിലെ അന്തരം പരിഹരിക്കാനാവും. പരമാവധി 23 ല്‍ നിന്നും 24 മാത്രമായി വര്‍ദ്ധിപ്പിക്കുമ്പോള്‍ 40,000 ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തിലെയും 70,000ലേറെ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തിലെയും വാര്‍ഡുകളുടെ എണ്ണം 24 എന്നതായിരിക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ അവസ്ഥയും മറിച്ചല്ല. 15,000 ല്‍ താഴെ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ നിലവില്‍ തന്നെ പരിമിതമായ ജനസംഖ്യയാണുള്ളത്. ഇവിടങ്ങളില്‍ വാര്‍ഡുകള്‍ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. ഇത്തരം ഒരു ആവശ്യം ഉയര്‍ന്നുവന്നിട്ടുമില്ല. എന്നാല്‍ വാര്‍ഡ് വിഭജനത്തിന് അവസരമൊരുക്കുക എന്ന ഒരു ലക്ഷ്യം മാത്രമാണ് ചുരുങ്ങിയ വാര്‍ഡുകളിലെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ 941, ബ്ലോക്ക് പഞ്ചായത്തുകളില്‍ 152, ജില്ലാ പഞ്ചായത്തുകളില്‍ 14, മുനിസിപ്പാലിറ്റികളില്‍ 87 , കോര്‍പ്പറേനുകളില്‍ 6 എന്നിങ്ങനെ 1200 വര്‍ഡുകളാണ് സംസ്ഥാനത്ത് പുതുതായി നിലവില്‍ വരിക. ഇതിനായി 21865 വാര്‍ഡുകളുടെയും അതിരുകള്‍ പുനര്‍ നിര്‍ണ്ണയിക്കുന്നതിന് ശ്രമം നടക്കും എന്നതാണ് വിചിത്രം. 2010ലെ ഇടതു സര്‍ക്കാറും ഇതേ രീതിയിലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകളുടെ അതിരുകള്‍ പുനര്‍നിര്‍ണ്ണയിച്ചത്. ഗ്രാമ. ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 മുതല്ര്‍ 22 വരെയും ജില്ലാ പഞ്ചായത്തില്‍ 15 മുതല്‍ 31 വരെയുമുമായിരുന്നു വാര്‍ഡുകളുടെ എണ്ണം. ഇത് 2010ലാണ് ഓരോന്ന് വീതം വര്‍ദ്ധിപ്പിച്ച് ഭേദഗതി ചെയ്തത്. ഇതാണ് ഇപ്പോള്‍ വീണ്ടും ഇതേ രീതിയില്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ 2010 ല്‍ പുതുതായി 7 മുനിസിപ്പാലിറ്റുകളും ഒരു ഗ്രാമപഞ്ചായത്തും രൂപീകരിക്കുകയും 8 ഗ്രാമപഞ്ചായത്തുകളെ കോര്‍പ്പറേനുകളുമായും 7 പഞ്ചായത്തുകളെ വിവിധ മുനിസിപ്പാലിറ്റുകളുമായും സംയോജിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തവണ പുതുതായി ഒരു തദ്ദേശ സ്ഥാപനവും രൂപീകരിക്കാതെയാണ് വാര്‍ഡ് വിഭജന നീക്കം നടക്കുന്നത്. 2015ല്‍ സംസ്ഥാനത്ത് പുതുതായി 24 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും 69 ഗ്രാമപഞ്ചായത്തുകളും രൂപീകരിച്ചിരുന്നു. എന്നാല്‍ ഗ്രാമപഞ്ചായത്ത് രൂപീകരണം നടപടിക്രമത്തിലെ ന്യൂനത ചൂണ്ടിക്കാണിച്ച് ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. വിഭജിക്കാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ അന്ന് വാര്‍ഡ് വിഭജനം നടത്തിയിരുന്നില്ല. നൂറിലേറെ വലിയ പഞ്ചായത്തുകളെ വിഭജിക്കുകയോ മുനിസിപ്പാലിറ്റികളാക്കി മാറ്റുകയോ ചെയ്യുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. മുനിസിപ്പാലിറ്റി രൂപീകരണത്തെ തുടര്‍ന്ന് അതത് മേഖലയിലെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും പുനക്രമീകരിച്ചപ്പോ ജനസംഖ്യകള്‍ അടിസ്ഥാനമാക്കിയായിരുന്നു വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ചിരുന്നത്. പുതിയ തദ്ദേശ സ്ഥാപന രൂപീകരണത്തോടൊപ്പം വിഭജനം നടക്കാത്ത മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേക്കുമായി 1000 ക്ലറിക്കല്‍ തസ്തികയും അസി. സെക്രട്ടറി തസ്തിക രൂപീകരിച്ചും യു.ഡി.എഫ് സര്‍ക്കാര്‍ കരുത്ത് പകര്‍ന്നിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ ഒരു തസ്തികയും അനുവദിച്ചിട്ടില്ല. നിലവിലുള്ള 502 തസ്തിക നിര്‍ത്തലാക്കുന്ന നീക്കത്തിലാണ് ഇപ്പോള്‍ നടക്കുന്നത്.
ഒരു വാര്‍ഡ് മാത്രം വര്‍ദ്ധിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു നിലക്കും സഹായകരമാവില്ല എന്ന കാര്യം വ്യക്തമാണ്. ഇത്തരമൊരു ആവശ്യം സംസ്ഥാനത്തെ ഒരു തദ്ദേശ സ്ഥാപനവും ഉന്നയിച്ചിട്ടുമില്ല. ഒരു വാര്‍ഡ് മാത്രം വര്‍ദ്ധിപ്പിക്കുന്നതിനായി മുഴുവന്‍ വാ്ര്‍ഡുകളെടെയും വിഭജനം നടത്തേണ്ടി വരുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും. ഇതിനായി മുഴുവന്‍ കെട്ടിട നമ്പറുകളിലും മാറ്റം വരുത്തേണ്ടതുണ്ട്. കെട്ടിട നമ്പറുകള്‍ പതിക്കുന്ന പ്രവര്‍ത്തനവും രജിസ്റ്റര്‍ പുനക്രമീകരിക്കുന്ന പ്രവര്‍ത്തനവുമെല്ലാം ഇതിനോടനുബന്ധിച്ച് നടത്തേണ്ടി വരും. ജീവനക്കാരുടെ കുറവും പ്രവര്‍ത്തന ബാഹുല്യവും മൂലം തളരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിന്റെ ഈ അനാവശ്യ നീക്കം മൂലം കൂടുതല്‍ പ്രതിസന്ധിയിലാകും. സമീപ കാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതി ചെലവാണ് ഈ വര്‍ഷത്തേത്. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി പ്രവര്‍ത്തനം നിശ്ചലമായിരിക്കയാണ്. പ്രളയ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫണ്ട് ഈയിടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും 202021 വാര്‍ഷിക പദ്ധതി രൂപീകരണവും ഏറ്റെടുക്കേണ്ട ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ നടക്കുന്ന വാര്‍ഡ് വിഭജന പ്രവര്‍ത്തനം വരുത്തുന്ന വിന ചെറുതാവില്ല.
2010ലെ വാര്‍ഡ് വിഭജനം വ്യാപകമായ ആക്ഷേപത്തിനിടയാക്കിയിരുന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതേ പടി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് സമര്‍പ്പിക്കുന്ന സാഹചര്യമാണ് പലയിടത്തുമുണ്ടായത്. ഇത് മൂലം അശാസ്ത്രീയമായ വാര്‍ഡുകളാണ് രൂപീകരിക്കപ്പെട്ടത്. അതിരുകള്‍ നിശ്ചയിച്ചതിലും വോട്ടര്‍പട്ടിക തയ്യാറാക്കിയതിലുമെല്ലാം വ്യാപകമായ കൃത്രിമമാണ് അന്ന് നടന്നത്. എന്നാല്‍ ഇടതു പ്രതീക്ഷകളെ തകര്‍ത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ നേട്ടമാണുണ്ടാക്കിയത്. 2010ന് സമാനമായ രീതിയില്‍ വാര്‍ഡ് വിഭജനത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനം ഇടതുപക്ഷം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചട്ടവിരുദ്ധമായ വാര്‍ഡ് വിഭജന നീക്കം നിയമ പോരാട്ടത്തിന് വഴി വെക്കുമെന്നതില്‍ സംശമില്ല.

വാര്‍ഡ് വിഭജനം ഇങ്ങിനെ
2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള വാര്‍ഡുകളള്‍ രൂപീകരിക്കപ്പെട്ടില്ലെങ്കിലും ഈ ജനസംഖ്യയാണ് വാര്‍ഡ് വിഭജനത്തിന് ആധാരമാക്കുക. നിലവിലുള്ള ഗ്രാമപഞ്ചായത്ത് ജനസംഖ്യയെ വര്‍ദ്ധിച്ചതടക്കമുള്ള ആകെ വാര്‍ഡുകളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ഒരു വാര്‍ഡില്‍ ഉള്‍പ്പെടേണ്ട ശരാശരി ജനസംഖ്യ. ഇതില്‍ നിന്ന് 10 ശതമാനം കൂടുകയും 10 ശതമാനം വരെ കുറയുകയും ആവാം. (ഉദാ : ആകെ ജനസംഖ്യ 47700, പഞ്ചായത്തില്‍ ആകെ വാര്‍ഡുകളുടെ എണ്ണം 23, 47700 / 23= 2073) , ഇതിന്റെ പത്ത് ശതമാനം കുറയുകയും 10 ശതമാനം കൂടുകയും ചെയ്യുമ്പോള്‍ 1866-2280 വരെയാണ് ആ ഗ്രാമപഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ വരാവുന്ന ജനസംഖ്യ. ഒരു വാര്‍ഡിലെയും വീടുകളിലെയും ജനസംഖ്യ തിട്ടപ്പെടുത്തുന്നത് ഗ്രാമപഞ്ചായത്തിലെ ആകെയുള്ള വാസഗൃഹങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ്. പഞ്ചായത്തിലെ ആകെ ജനസംഖ്യയെ ആകെ വാസഗൃഹങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയാണ് ഒരു വീട്ടിലെ ജനസംഖ്യ. (ഉദാ:ആകെ ജനസംഖ്യ 47700, പഞ്ചായത്തിലെ ആകെ വീടുകളുടെ എണ്ണം 15418, 47700 / 15418: 3.09) . ഈ കണക്കുകള്‍ പ്രകാരമുള്ള വീടുകള്‍ ഉള്‍പ്പെടുന്ന രീതിയില്‍ പ്രകൃതിദത്തമായ അതിരുകള്‍ നിശ്ചയിച്ചാണ് വാര്‍ഡുകള്‍ രൂപീകരിക്കേണ്ടത്.

SHARE