യൂടേണ്‍ ഇന്ത്യ

പി.ഇസ്മായില്‍ വയനാട്

ഗ്രീക്ക് പുരാണത്തില്‍ പിറന്ന ആദ്യ മനുഷ്യകന്യകയാണ് പണ്ടോറ. സാക്ഷാല്‍ സിയൂസ് ദേവന്റെ മകള്‍. ഒരു നാള്‍ തന്റെ മനുഷ്യപുത്രിയെ സിയൂസ് ഭൂമിയില്‍ രാപ്പാര്‍ക്കാനയച്ചു. ഒരു പാട് സമ്മാനങ്ങള്‍. ഒപ്പം അതി മനോഹരമായ ഒരു പേടകവും ദേവന്‍ മകള്‍ക്ക് നല്‍കി.ഒരു മുന്നറിയിപ്പും. ഈ പേടകം ഒരു കാരണവശാലും നീ തുറക്കരുത്. തുറന്നാല്‍ അപകടം ഉറപ്പ്. കാലം കടന്നു പോകവേ പണ്ടോ റ യുടെ മനസ്സില്‍ വല്ലാത്ത ഒരാകാംക്ഷ തുടികൊട്ടി തുടങ്ങി. എന്തായിരിക്കും സിയൂസ് ദേവന്‍ തന്ന ആ പേടകത്തില്‍.ഒടുവില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ പണ്ടോറ പേടകം തുറന്നു.പെട്ടെന്നാണത് സംഭവിച്ചത്.പെട്ടിയിലടച്ച സാധനങ്ങള്‍ അടുത്ത നിമിഷം ഭൂമിയിലേക്ക് പറന്നിറങ്ങി.വിശപ്പ്.രോഗം.യുദ്ധം.അസൂയ. അത്യാഗ്രഹം തുടങ്ങിയ ഒട്ടേറെ വിനാശകാരികളാണ് പെട്ടിയില്‍ നിന്ന് പുറത്ത് ചാടിയത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മനുഷ്യകുലത്തില്‍ അനര്‍ത്ഥങ്ങള്‍ പെയ്തിറങ്ങി.കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റിലും രാജ്യസഭയിലും പാസ്സാക്കിയെടുത്ത പൗരത്വ ഭേദഗതി നിയമമിപ്പോള്‍ പണ്ടോറയുടെ പേടകത്തിന് സമാനമായ അവസ്ഥയിലാണ്.
വ്യക്തിയെ രാഷ്ട്രവുമായി കണ്ണി ചേര്‍ക്കുന്ന നാഭീ നാള ബന്ധമാണ് പൗരത്വം.തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഉന്നത ഉദ്യോഗ പദവികകള്‍ വഹിക്കുന്നതും സ്വത്തവകാശം ലഭിക്കുന്നതും ഉള്‍പ്പെടെയുള്ള ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ പൗരനായിരിക്കണം എന്നതാണ് മാനദണ്ഡം.ഇന്ത്യന്‍ പൗരത്വ നിയമം നിലവില്‍ വരുന്നത് 1955 ലാണ്.ഇന്ത്യന്‍ ഭരണഘടനയിലെ രണ്ടാം ഭാഗത്ത് അഞ്ചു മുതല്‍ 11 വരെയുള്ള അനുഛേദത്തിലാണ് പൗരത്വം പരാമര്‍ശിക്കപ്പെടുന്നത്.ഇന്ത്യയില്‍ ജനിച്ചവര്‍.വിദേശപൗരന്‍മാരുടെ ഇന്ത്യയില്‍ ജനിച്ച മക്കള്‍. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശത്ത് ജനിക്കുന്ന മക്കള്‍. ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്യുന്ന വിദേശി.ഇന്ത്യയോട് കൂട്ടി ചേര്‍ക്കുന്ന ഭാഗങ്ങളിലെ വ്യക്തികള്‍ എന്നിവര്‍ക്ക് പൗരത്വത്തിന് അവകാശമുണ്ട്.12 വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വിദേശ പൗരന്‍മാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. നിയമസാധുതയുള്ള പാസ്‌പോര്‍ട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാതെയും പാസ്‌പോര്‍ട്ടും യാത്രാരേഖകകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവര്‍ അനധികൃത കുടിയേറ്റക്കാരായിരിക്കും. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും സര്‍ക്കാറിന് അധികാരമുണ്ട്. 1920 ലെ പാസ്‌പോര്‍ട്ട് നിയമത്തിലും 1946 ലെ വിദേശ കുടിയേറ്റ നിയമത്തിലും പൊളിച്ചെഴുത്ത് നടത്തികൊണ്ടുള്ള പൗരത്വ ഭേദഗതി ബില്ലാണ് പാര്‍ലിമെന്റിന്റെ ഇരുസഭകളില്‍ പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പു ചാര്‍ത്തിയതോടെ നിയമമായി മാറുകയും ചെയ്തിട്ടുള്ളത്.
2014 ഡിസംബര്‍ 31 ന് മുമ്പ് പാക്കിസ്ഥാന്‍.ബംഗ്ലാദേശ്.അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറിയ ഹിന്ദു. ജൈന. സിഖ്. പാഴ്‌സി.ബുദ്ധ. ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ക്ക് പുതിയ നിയമപ്രകാരം പൗരത്വം ലഭിക്കും.12 വര്‍ഷത്തിന് പകരം ആറു വര്‍ഷം എന്ന ഇളവിനും അവര്‍അര്‍ഹരായിരിക്കും. മേല്‍ പറഞ്ഞ രാജ്യങ്ങളിലെ മുസ്‌ലിം യഹൂദകുടിയേറ്റക്കാര്‍ക്കും മതവിശ്വാസികളല്ലാത്തവര്‍ക്കും പുതിയ നിയമത്തില്‍ പൗരത്വംനിഷേധിക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ മതപീഢനം നേരിടുന്നവര്‍ക്കാണ്പൗരത്വംനല്‍കുന്നതെന്നും മുസ്‌ലിംകള്‍ മേല്‍ പരാമര്‍ശിച്ച മൂന്ന് രാഷ്ട്രങ്ങളിലും ഭൂരിപക്ഷമായതിനാല്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കേണ്ട ആവശ്യമില്ല എന്നാണ് സര്‍ക്കാരിന്റെ വാദം. മുസ്‌ലിംകള്‍ ഭൂരിപക്ഷം അധിവസിക്കുന്ന രാഷ്ട്രങ്ങളില്‍ മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇന്ത്യയില്‍ പൗരത്വത്തിന് മതം മാനദണ്ഡമായി നിശ്ചയിച്ചവര്‍ മ്യാന്‍മര്‍. നേപ്പാള്‍. എന്നീ രാജ്യങ്ങളില്‍ മതപീഢനത്തിന് ഇരകളായി കൊണ്ടിരിക്കുന്ന മുസ്‌ലിംകളെയോ പ്രാര്‍ത്ഥന സ്വതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടഭൂട്ടാനിലെ ക്രിസ്ത്യാനികളെയോ ശ്രീലങ്കയില്‍ വംശീയ വിവേചനം നേരിടുന്ന തമിഴ് വംശജരയോ കാണാതെ പോയതിന്റെ കാരണം മതവിദ്വേഷവും രാഷ്ട്രീയ വിരോധവും മാത്രമാണ്. അവിഭക്ത ഇന്ത്യയുടെ ഭാഗമല്ലാതിരുന്നിട്ടും അയല്‍ രാഷ്ട്രം എന്ന ഭൂമിശാസ്ത്രത്തിന്റെ അളവു കോലില്‍ അഫ്ഗാനിസ്ഥാനെ വാരി പുണര്‍ന്നവര്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കേണ്ടി വരുമെന്നതിനാലാണ് വിളിച്ചാല്‍ വിളിപ്പുറത്തുള്ള ചൈനയെ മറന്നത് .
അസമില്‍ ദേശീയപൗരത്വ രജിസ്‌ട്രേഷന്‍ (ചഞ ഇ) പൂര്‍ത്തീകരിച്ചപ്പോള്‍ 19 ലക്ഷം പേരാണ് പട്ടികയില്‍നിന്ന്പുറത്തായത്.അതില്‍ 13 ലക്ഷം പേര്‍ ഹൈന്ദവരും 6 ലക്ഷം പേര്‍ മുസ്‌ലിംകളുമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ 13ലക്ഷം ഹൈന്ദവര്‍ക്ക് പൗരത്വം ഉറപ്പാക്കുന്നന്നതിന് വേണ്ടിയാണ് അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ ഭരണഘടനയില്‍ തുല്യത പരാമര്‍ശിക്കുന്ന 14ാംഅനുഛേദത്തിന്റെ കടക്കല്‍ കത്തിവെച്ചത്. പൗരത്വ ദേദഗതി നിയമത്തിനെതിരായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളിപടര്‍ന്ന സമരങ്ങള്‍ അമിത് ഷായുടെ മോഹങ്ങള്‍ തല്ലിതകര്‍ത്തിരിക്കുകയാണ്. കാശ്മീരിന് നല്‍കിയിരുന്ന ഭരണപരിരക്ഷയായ ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് റദ്ധ് ചെയ്തു കൊണ്ട് മോദിയും അമിത് ഷായും ഒരൊറ്റ ഇന്ത്യയെ കുറിച്ച് രാജ്യമാസകലം പ്രസംഗം നടത്തിയവരാണ്. മുന്‍ മുഖ്യമന്ത്രിമാരടക്കം ലക്ഷകണക്കിനാളുകള്‍ ഇപ്പോഴും കശ്മീരില്‍ വീട്ടുതടങ്കലിലാണ്.ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പോലും അവിടം സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തും വിധം മനുഷ്യാവകാശ ധ്വംസനങ്ങളാണ് കാശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരായി ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളെ നേരിടാന്‍ ഒരൊറ്റ ഇന്ത്യയെന്ന ആശയം ഒറ്റയടിക്ക് മോഡിയും ഷായും അണ്ണാക്ക് തൊടാതെവിഴുങ്ങിയിരിക്കുകയാണ്.പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുകയും സംസ്ഥാനങ്ങളില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന് തിടുക്കം കൂട്ടുകയും ചെയ്ത വിചിത്രമായ കാഴ്ചക്കാണിപ്പോള്‍ രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്. സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദിവാസികളടക്കമുള്ളവരുടെ സ്വത്വ സംരക്ഷണത്തിനായി ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍ പി)സംവിധാനംഏര്‍പ്പെടുത്തിയിട്ടുണ്ട് അരുണാചല്‍ പ്രദേശ്. മിസോറാം. നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളിലാണ് ഐ എല്‍ പി സംവിധാനം നിലവിലുണ്ടായിരുന്നത്. ഈ സംസ്ഥാനങ്ങളിലേക്ക് മറ്റു സ്‌റ്റേറ്റുകളില്‍ നിന്ന് ഒരാള്‍ക്ക് പ്രവേശിക്കണമെങ്കില്‍ മുന്‍കൂര്‍ അപേക്ഷ കൊടുക്കണം. യാത്രയുടെ ലക്ഷ്യം. ദൈര്‍ഘ്യം. താമസ സ്ഥലം എന്നിവയെ കുറിച്ച് മുന്‍കൂട്ടി അറിയിക്കണം. സന്ദര്‍ശകന് പരമാവധി 7 ദിവസത്തേക്കും ജോലി ആവശ്യമാര്‍ത്ഥമാണെങ്കില്‍ 6 മാസത്തേക്കുള്ള റെഗുലര്‍ പെര്‍മിറ്റുകള്‍ അനുവദിക്കും. പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മണിപ്പൂരിനെയും ഐ എല്‍ പി യുടെ പരിധിയില്‍ കൊണ്ടുവരികയുണ്ടായി. ബില്ല് നിയമമായി മാറിയപ്പോള്‍ മേഘാലയും ഇതേ ആവശ്യം ഉന്നയിച്ചപ്പോള്‍ സമ്മര്‍ദത്തിന് മുന്നില്‍ അമിത് ഷായ്ക്ക് വഴങ്ങേണ്ടി വന്നു. 1971 മാര്‍ച്ച് 24 ന് മുമ്പ് കുടിയേറ്റം നടത്തിയവര്‍ക്ക് പൗരത്വം എന്നതാണ് അസം കരാറിന്റെ ഉള്ളടക്കം. പുതിയ നിയമത്തിലെ 2014 ഡിസംബര്‍ 31 എന്ന കാലഗണന അസമുകാര്‍ക്ക് സ്വീകാരമല്ല.കുറുക്കുവഴികളിലൂടെയും കുതന്ത്രങ്ങളിലൂടെയും മോഡി സര്‍ക്കാര്‍ തരപ്പെടുത്തിയ പൗരത്വത്തിന്റെ മേല്‍വിലാസത്തില്‍ ഒരാള്‍ക്കും തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലു കുത്താനാവില്ലന്ന് ചുരുക്കം.
അസം മോഡലില്‍ 2024 ലക്ഷ്യം വെച്ച് ദേശീയ പൗരത്വ റജിസ്‌ട്രേഷന്‍ നടപ്പിലാക്കുമെന്ന് പത്തിലേറെ തവണയാണ് പാര്‍ലിമെന്റിലും വിവിധ സ്‌റ്റേറ്റുകളിലെ തെരഞ്ഞെടുപ്പ് റാലികളിലുമായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപനം നടത്തിയത്. ആസാമില്‍ പൗരത്വരജിസ്‌ട്രേഷന്‍ പൂര്‍ത്തികരണത്തിന് വ്യാഴവട്ടക്കാലത്തെ ദൈര്‍ഘ്യവും അര ലക്ഷം ഉദ്യോഗസ്ഥരുടെ മാനുഷിക ശേഷിയും സര്‍ക്കാരിന് മാത്രം 1200 കോടി രൂപയുടെ സാമ്പത്തിക ചിലവും വഹിക്കേണ്ടി വന്നിട്ടുണ്ട്. പൗരത്വ രേഖകള്‍ക്കുള്ള നെട്ടോട്ടത്തിനിടയില്‍ 1000 ത്തോളം അസമികള്‍ക്ക് ജീവ നഷ്ടവും നേരിടേണ്ടി വന്നു. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം വരുന്ന ആസാമികള്‍ക്ക് വേണ്ടിയാണ് ഇത്രയും വലിയ അദ്വാനം വേണ്ടി വന്നതെങ്കില്‍ അസം മാതൃകയില്‍ പൗരത്വ പട്ടിക ഇന്ത്യയിലാകമാനം തയ്യാറാക്കാന്‍ 60000 കോടിക്ക് മുകളില്‍ ചിലവ് വരും. പൗരത്വം നഷ്ടപ്പെടുന്നവര്‍ക്കായി നിര്‍മിക്കേണ്ടി വരുന്ന തടങ്കല്‍ പാളയത്തിനും കോടികള്‍ ആവശ്യമായി വരും. നോട്ട് നിരോധനം സാമ്പത്തീക വ്യവസ്ഥയെ താളം തെറ്റിച്ചത് പോലെയും ജി എസ് ടി മുഖാന്തരം ചെറുകിട വ്യവസായ മേഖലകളില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതിനും സമാനമായ തരത്തില്‍ മറ്റൊരു സാമ്പത്തിക ദുരന്തമായി എന്‍ ആര്‍ സി യും പരിണമിക്കും.സൗദി അറേബ്യ സോഫിയ എന്നയന്ത്രമനുഷ്യന് പോലും പൗരത്വം നല്‍കി ലോകത്തിന്റെ കയ്യടി വാങ്ങിക്കൂട്ടിയസമയത്താണ് മതത്തിന്റെ പേരില്‍ പൗരത്വ നിഷേധത്തിനായി ഇന്ത്യ കോടികള്‍ വ്യഥാവിലാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍.ശാസ്ത്രജ്ഞര്‍.എഴുത്തുകാര്‍.ബുദ്ധിജീവികള്‍.ചലചിത്രതാരങ്ങള്‍ തൊട്ട് ഭിന്നശേഷിക്കാര്‍ വരെ പൗരത്വ ഭേദഗതിനിയമത്തിനെതിരായി അണിനിരന്ന സമരത്തിന് മുന്നില്‍ സര്‍ക്കാറിന് ഉത്തരം മുട്ടിയിരിക്കുകയാണ്. സര്‍വകലാശാലകളും പണിശാലകളും വിവാഹ വേദികളും ആരാധനാലയങ്ങളും കടകമ്പോളങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സമരവേദിയായി മാറിയതും സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യത്തെ സംഭവമാണ്. പ്രക്ഷോഭകരെ നേരിടാന്‍ കയ്യാമങ്ങളും കല്‍ തുറങ്കുകളും അറസ്റ്റ് വരിക്കലും വസ്ത്രാധിക്ഷേപവും മാത്രമല്ല വെടിവെപ്പ് വരെ നടത്തിയിട്ടും കടന്നല്‍കൂട്ടം കണക്കെ ലക്ഷകണക്കിനാളുകളാണ് ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഭാഗവാക്കാവുന്നത്. ജനകീയ പ്രക്ഷോഭങ്ങള്‍ സ്യഷ്ടിച്ച ഭയപ്പാട്‌കൊണ്ടാണ് എന്‍ ആര്‍ സി യുടെയും എന്‍ ആര്‍ പി യുടെയുംതടങ്കല്‍ പാളയ നിര്‍മാണത്തിന്റെയും കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുമ്പ് നടത്തിയ പ്രസ്താവനകളില്‍ നിന്ന് ഒളിച്ചോട്ടം നടത്തേണ്ടി വന്നത് . എന്‍ ഡി എ മുന്നണിയിലെ കക്ഷികള്‍ പൗരത്വ വിഷയത്തില്‍ സര്‍ക്കാരിനെതിരായി പരസ്യ നിലപാട് കൈ കൊണ്ടതും ബി ജെ പിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുകയുണ്ടായി. പത്തില്‍ പരം സംസ്ഥാനങ്ങളില്‍ എന്‍ ആര്‍ സി നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രിമാരുടെ ഉറച്ച പ്രഖ്യാപനങ്ങളുംഐക്യരാഷ്ട്രസഭയും മറ്റു പല അന്താരാഷ്ട്ര സംഘടനകളും മോഡി സര്‍ക്കാരിനെ തള്ളി പറഞ്ഞതും വിവിധരാഷ്ട്ര നായകര്‍ ഇന്ത്യാ സന്ദര്‍ശനം റദ്ധ് ചെയ്തതും മോഡി അമിത് ഷാ കൂട്ടുകെട്ടിനേറ്റ തിരിച്ചടികളാണ്. പോളണ്ടില്‍ ഹിറ്റ്‌ലര്‍ 13 ലക്ഷം ജൂതരെ ചതച്ചരച്ചു കൊന്ന ഓഷ് വിറ്റ്‌സ് തടങ്കല്‍ പാളയം മ്യൂസിയമാക്കി മാറ്റിയപ്പോള്‍ മുഖവാചകമായി എഴുതി വെച്ചത് ഇങ്ങിനെയാണ്. ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും.
മതങ്ങളുടെ പെറ്റമ്മയും പോറ്റമ്മയുമായ ഇന്ത്യയുടെ മണ്ണില്‍ നിന്നും മതത്തിന്റെ പേരില്‍ ഇന്ത്യക്കാരെ ആട്ടിയിറക്കാനുള്ള പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ ബി ജെ പി ക്ക് ജാര്‍ഖണ്ഡില്‍ ജനകീയ കോടതി ശിക്ഷവിധിച്ചിരിക്കുകയാണ്.പ്രധാനമന്ത്രി മോഡിയും അഭ്യന്തര മന്ത്രി അമിത് ഷായും 18 ഓളം റാലികളില്‍ പൗരത്വ നിയമത്തിലൂന്നി പ്രസംഗിച്ചിട്ടും സീറ്റും വോട്ടുംഗണ്യമായ രീതിയിലാണ് ബി ജെ പി ക്ക്കുറഞ്ഞത്.സാമ്പത്തീക മാന്ദ്യവും തൊഴിലില്ലായ്മയും കൊണ്ട് പൊറുതിമുട്ടുമ്പോള്‍ അതിനെ നേരെ കണ്ണടച്ച് വര്‍ഗ്ഗീയത കൊണ്ട് ജയിച്ചു കയറാമെന്ന അഹന്തതയാണ് ജാര്‍ഖണ്ഡില്‍തകര്‍ന്നടിഞ്ഞത്.ഇന്ത്യയിലെ ജനകോടികളുടെ നവ ജാഗരണത്തെ വേണ്ട വിധത്തില്‍ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷത്തെ മുഖ്യധാര പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞാല്‍ മതേതരത്വവും ജനാധിപത്യവും പൂത്തുലയുന്ന യൂടേണ്‍ ഇന്ത്യ എന്ന സ്വപ്‌നത്തിന് ഒരു ചുവട് മാത്രം മതിയാവും.

SHARE