ഭരണഘടനക്കു ഭാഷ്യം ചമക്കുന്നവര്‍

പ്രൊഫ. പി.കെ.കെ. തങ്ങള്‍

ഇന്ത്യാ രാജ്യം സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത അത്രയും ഭയാനകമായ ഒരു സ്ഥിതിവിശേഷത്തെയാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യാ രാജ്യത്തെക്കുറിച്ച് മുതിര്‍ന്ന തലമുറയില്‍പെട്ടവര്‍ക്കെല്ലാം ഓര്‍ക്കാനുണ്ടാവുക വീണ്ടും വീണ്ടും അവര്‍ അയവിറക്കാന്‍ ഇഷ്ടപ്പെടുന്ന മധുരസ്മരണകളായിരിക്കും. 1857 മുതല്‍ക്കാണല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഔദ്യോഗികവും സംഘടിതവുമായ ഒരു രൂപം കൈവന്നത്. അവിടുന്നിങ്ങോട്ടുള്ള ഓരോ കാലഘട്ടവും, സംഭവബഹുലങ്ങളായിരുന്നു. ഇന്ന് ജീവിച്ചിരിപ്പുള്ള മുതിര്‍ന്ന പൗരന്മാര്‍ നേരിട്ട് അറിയുന്ന സ്വാതന്ത്ര്യസമര മുന്നേറ്റത്തിന്റെ പടനായകന്മാരായ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുല്‍കലാം ആസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ അതികായന്മാരായ മഹാന്മാരെ അങ്ങേയറ്റത്തെ നിര്‍വൃതിയോടെ മാത്രമേ അത്തരക്കാര്‍ക്ക് ഓര്‍ക്കാന്‍ കഴിയൂ; അവരെ പിന്തുടര്‍ന്നുവന്ന ആധുനിക തലമുറയും അങ്ങിനെത്തന്നെ. അതിനാല്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ശില്‍പികളായി നാം അവരെ ആദരിച്ചുപോരുന്നു.
വലിപ്പത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു ഇന്ത്യയെന്ന മഹാരാജ്യം. സര്‍വ്വനന്മകളുടെയും സംഗമഭൂമിയായിട്ടാണ് ഇന്ത്യാ രാജ്യം കണക്കാക്കപ്പെട്ടുപോന്നത്. ഇന്ത്യയെന്ന ഭൂമികയെ ഒരു അതിമോഹനമായ പൂങ്കാവനമായിട്ടാണ് ഇന്ത്യയുടെ പൂങ്കുയില്‍ സര്‍ മുഹമ്മദ് ഇഖ്ബാല്‍ വിശേഷിപ്പിച്ചത്. (യേ ഗുലിസ്താന്‍ ഹമാരാ.. -ഇതു നമ്മുടെ പൂങ്കാവനം) അതിനു കാരണവുമുണ്ട്. ഒരു പൂന്തോട്ടത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍പെട്ട പൂക്കള്‍ മാത്രമല്ലല്ലോ ഉണ്ടാവുക. വിവിധ നിറവും, മണവും, രൂപവും സൗന്ദര്യവും, മിഴിവും മികവുമുള്ള അനേകം അത്യാകര്‍ഷകങ്ങളായ പുഷ്പജാലങ്ങളാണ് ഒരു പൂന്തോട്ടത്തിലുണ്ടാവുക. അതും എല്ലാ അര്‍ത്ഥത്തിലും മനുഷ്യമനസ്സിന് ആനന്ദവും, ആശ്വാസവും പരിമളവും പ്രദാനം ചെയ്തുകൊണ്ട് വിരാചിക്കുന്നവ. അതാണ് യഥാര്‍ത്ഥ ഇന്ത്യ. കാരണം പ്രപഞ്ചത്തിന്റെ സൃഷ്ടിജാലങ്ങളില്‍ ഏറ്റവും ഉന്നതന്‍, എല്ലാ അര്‍ത്ഥത്തിലും മനുഷ്യന്‍ തന്നെ. അവനുവേണ്ടിയുള്ളതാണ് ഈ പ്രപഞ്ചം. ഇതൊരു പ്രാപഞ്ചിക യാഥാര്‍ത്ഥ്യമാണ്. അങ്ങിനെയുള്ള മനുഷ്യന്റെ നാനാരൂപത്തിലും ആകൃതിയിലും, വര്‍ണ്ണത്തിലും, സിദ്ധികളിലും പിന്നെ വിശ്വാസങ്ങളിലും, ആചാരങ്ങളിലും, ശീലങ്ങളിലുമുള്ള, വിവിധ ഭാഷ സംസാരിക്കുന്ന, വിവിധ വേഷവിധാനങ്ങള്‍ ആചരിക്കുന്ന, വിവിധ ഭക്ഷണരീതികള്‍ പുലര്‍ത്തുന്ന, കോടാനുകോടി ജനങ്ങള്‍ ലോകത്തു മറ്റെവിടെയും കാണാത്തവിധം ഒന്നുചേര്‍ന്നു ജീവിച്ചുപോന്ന ഒരു രാജ്യം. ഇഖ്ബാലിനെപോലുള്ള ഒരു മഹാന്‍ ഈയൊരു കാഴ്ചയെ ഒരു പൂങ്കാവനമെന്നല്ലാതെ പിന്നെന്തു വിളിക്കാന്‍. നേര്‍മനസ്സുള്ള ഏതൊരു ഇന്ത്യന്‍ പൗരന്റെയും മനസ്സില്‍ ജ്വലിക്കുന്നതു ആ ഒരു ചിന്ത തന്നെയാണ്; അത്രയും ശാന്തവും സുന്ദരവുമാണ് നമ്മുടെ മാതൃരാജ്യം. മാതാവ് കഴിഞ്ഞാല്‍ പിന്നെ മാതൃരാജ്യമാകണം ഒരു ഇന്ത്യന്‍ പൗരന്റെ വികാരം. അക്കാരണത്താല്‍ തന്നെയാണിവിടെ മന്ദിറും, മസ്ജിദും കനീസയുമെല്ലാം ഒരേ തേജസ്സില്‍് വിലസുന്നതും.
നാളിതുവരെയുള്ള നമ്മുടെ സാമൂഹ്യാന്തരീക്ഷമാണ് അന്യത്ര പരാമര്‍ശിച്ചത്. കാലം എന്നെന്നും ഒരേവിധത്തില്‍ ഉറച്ചുനില്‍ക്കുന്നതല്ലല്ലോ. അത് കറങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ടാണല്ലോ കാല’ചക്രം’ എന്ന പ്രയോഗം തന്നെ ഉണ്ടായത്. അപ്രകാരം തന്നെ, തെളിഞ്ഞ നിലാവും നക്ഷത്രങ്ങളും തിളങ്ങിവിളങ്ങുന്ന ആകാശത്തില്‍ കാര്‍മേഘങ്ങള്‍ ഇരുട്ടുപകര്‍ത്താറില്ലേ! അങ്ങിനെ ചിലതൊക്കെയാണിപ്പോള്‍ നമ്മുടെ ഇന്ത്യയുടെ ആകാശത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ ജനതയെ നയിച്ചിരുന്ന മഹാന്മാരുടെ ഹൃദയവിശാലതയൊന്നും പുതിയ തലമുറയില്‍ കാണാനില്ല. ജനനായകന്മാര്‍ ജനസേവകന്മാര്‍ കൂടിയായിരിക്കണം. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി അധികാരം അടിയറവെക്കുന്ന രീതിയിലേക്കല്ലേ ഇന്നത്തെ ഭരണകര്‍ത്താക്കള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്? ലോകത്തിന്റെ മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ സല്‍കീര്‍ത്തി നമ്മുടെ രാജ്യത്ത് അടുത്ത കാലംവരെ നിലനിനിന്നിരുന്ന സുതാര്യമായ ജനാധിപത്യരീതിയായിരുന്നു. എന്നാല്‍ ജനാധിപത്യമെന്ന പേരില്‍ ഇന്ന് നമ്മുടെ ഭരണകര്‍ത്താക്കള്‍ അനുവര്‍ത്തിക്കുന്നത് നമ്മുടെ ഭരണസംവിധാനത്തിനോ, ജനാധിപത്യ ആശയങ്ങള്‍ക്കോ നീതിന്യായ സംവിധാനങ്ങള്‍ക്കോ നിരക്കുന്നതല്ലെന്ന യാഥാര്‍ത്ഥ്യം പകല്‍പോലെ വ്യക്തമല്ലേ. ഇന്ത്യാ രാജ്യത്തെ സര്‍വ്വ സ്വീകാര്യമായ പാരമ്പര്യം ഇന്ന് ഓര്‍മ്മ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഏറ്റവും ഉന്നതമായ മതേതരത്വം എന്ന ആശയത്തിന്റെ കടയ്ക്കല്‍ തന്നെ കത്തിവെച്ചുകൊണ്ടാണ് ഇന്നത്തെ ഭരണകൂടം മുന്നേറുന്നത്. വെറുപ്പിന്റെയും ഹിംസയുടെയും പാതയിലേക്കാണവര്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ആരൊക്കെയാണ് നമ്മുടെ രാജ്യത്തെ പൗരന്മാര്‍ എന്നതിന് വ്യക്തമായ, ഭരണഘടനാധിഷ്ഠിതമായ മാര്‍ക്ഷരേഖകള്‍ ഏതൊരു പൗരനും മനസ്സിലാവുന്ന വിധത്തില്‍ നമ്മുടെ മുമ്പിലുണ്ട്. ഒരു സൗജന്യത്തിന്റെയും പേരില്‍ ഇവിടെ ആര്‍ക്കും പൗരത്വം കൊടുക്കേണ്ടതില്ല; ആരും അങ്ങിനെ ആവശ്യപ്പെടുന്നുമില്ല. ‘ഇട്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന ചൊല്ലു കണക്കെ ഇവിടുത്തെ മുസ്‌ലിം സമൂഹത്തിനെതിരെയാണിപ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ മുന്നേറ്റം. പൗരത്വം നിര്‍ണ്ണയിക്കേണ്ടത് ആരുടെയെങ്കിലും ഇംഗിതത്തിനൊത്തല്ല; മറിച്ച് ഭരണഘടനാനുസൃതമായിരിക്കണം. ഭരണാധിപന്‍ അഥവാ ഭരണകൂടം പറയുന്നതും പ്രവൃത്തിക്കുന്നതും തികച്ചും സുതാര്യമായിരിക്കണം. പൗരത്വഭേദഗതി ബില്‍ പാര്‍ല്ലമെന്റില്‍ ചുട്ടെടുത്ത് ക്ഷണനേരം കൊണ്ടല്ലേ? വ്യക്തമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും ശേഷമാണോ? വെറും ഒരു കാട്ടിക്കൂട്ടല്‍ മാത്രമായിരുന്നില്ലേ? നിയമനിര്‍മ്മാണ സഭയിലെ വലിയ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ചെയ്ത കാര്യമല്ലേ! പ്രസ്തുത നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇന്ന് നമ്മുടെ രാജ്യത്തുടനീളം കലാപങ്ങള്‍ നടക്കുകയാണ്. അങ്ങിനെയാണോ ഒരു നിയമം നടപ്പില്‍ വരുത്തേണ്ടത്. പൗരന്മാരുടെ ആശങ്കകള്‍ തീര്‍ത്തുകൊണ്ടായിരിക്കേണ്ടതല്ലേ. ‘കലാപം കൊലപാതകത്തേക്കാള്‍ കഠിനമാണ്’ എന്നതാണ് ഇസ്‌ലാമികപ്രമാണം. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരില്‍ ആരെയെങ്കിലും കൊന്നാല്‍ അതു അതിനുള്ള ശിക്ഷകൊണ്ടവസാനിക്കും. മറിച്ച് കലാപം ഉണ്ടാക്കിയാല്‍ അത് നാടുമുഴുക്കെ, ചിലപ്പോള്‍ അതിനപ്പുറത്തേക്കും ആളിപ്പടരും- കാലങ്ങള്‍ നീണ്ടുനില്‍ക്കുകയും ചെയ്യും. നമ്മുടെ ഭരണകൂടം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് കലാപത്തിന് വിത്തിടുകയെന്ന രാജ്യദ്രോഹമാണ്.
ഇന്ത്യന്‍ ഭരണഘടന വളരെ വ്യക്തമാണ്, സുതാര്യമാണ്, അത് ലോകത്തിന് മുന്നില്‍ തന്നെ മാതൃകയുമാണ്. എന്നിട്ടും അതിനെ വികൃതമായി കൈകാര്യം ചെയ്യുന്നത് ദുഷ്ടലാക്കു കൊണ്ടുമാത്രമാണ്. ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യാ രാജ്യത്ത് ഒരു വിഭാഗത്തെ മാത്രം ദുഷ്ടലാക്കോടെ നോക്കിക്കാണുകയും സമീപിക്കുകയും ചെയ്യേണ്ടതുണ്ടോ? തുറന്ന സമീപനങ്ങളും നിലപാടുകളുമല്ലേ പൗരന്മാരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ഏറ്റവും കരണീയമായിട്ടുള്ളത്.പൗരത്വ വിഷയവുമായി ബന്ധപ്പെട്ട ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനപരമായി എന്തെല്ലാം മുന്നോട്ടുവെക്കുന്നുവെന്ന് ഹ്രസ്വമായൊന്നു പരിശോധിക്കാം. പൗരത്വത്തിന്റെ പേരില്‍ ഭരണഘടന ഏതെങ്കിലും ഒരു വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിഞ്ഞിരിക്കേണ്ടതല്ലേ.
ഇന്ത്യന്‍ ഭരണഘടന എഴുതി തയ്യാറാക്കുകയും പാസാക്കുകയും ചെയ്തത് 1946-ല്‍ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിര്‍മ്മാണ സമിതിയാണ്. സമിതി അംഗങ്ങള്‍ പ്രവിശ്യകളിലെ നിയമസഭകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. പ്രവിശ്യാ നിയമസഭകളിലെ അംഗങ്ങള്‍ 1935-ലെ ഇന്ത്യന്‍ നിയമപ്രകാരം നിയന്ത്രിതമായ വോട്ടവകാശാടിസ്ഥാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നുതാനും. ഭരണഘടനാ നിര്‍മ്മാണ സമിതി അംഗങ്ങള്‍ ജനങ്ങളാല്‍ നേരിട്ടു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല; എന്നിരുന്നാലും 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം ഭരണഘടനാ നിര്‍മ്മാണ സമിതിക്ക് പരമാധികാര സ്വഭാവം നല്‍കുകയുണ്ടായി. ഭരണഘടന എഴുതി തയ്യാറാക്കാന്‍ ഡോ. അംബേദ്കര്‍ അദ്ധ്യക്ഷനായി ഒരു കമ്മിറ്റി നിയുക്തമായി. 1945 നവംബര്‍ 26-ന് ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ദീര്‍ഘവും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഇതില്‍ 22 ഭാഗങ്ങളിലും ഒന്‍പത് പട്ടികകളിലുമായി 395 അനുച്ഛേദങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

SHARE