ഒരു പ്രധാനമന്ത്രിയുടെ നുണാന്വേഷണ പരീക്ഷണങ്ങള്‍


അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
തന്റെ പ്രസംഗത്തിന്റെ ഗുരുതരമായ രണ്ട് പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെയല്ല പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഡല്‍ഹിയിലെ പൊതു റാലിയില്‍ പ്രസംഗിച്ചത്. പാര്‍ലമെന്റിന്റെ സഭാ രേഖകളില്‍ പലപ്പോഴായി രേഖപ്പെടുത്തിയ വസ്തുതകള്‍ പരസ്യമായി പ്രധാനമന്ത്രി തള്ളിപ്പറയുന്നത് പാര്‍ലമെന്റിന്റെ അവകാശ ലംഘന പ്രശ്‌നമാണ് എന്നതാണ് ഒരുകാര്യം. രണ്ടാമത്തേത്, ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിതാ ഷാ സഭയില്‍ നടത്തിയ പ്രഖ്യാപനം പ്രധാനമന്ത്രി തള്ളിപ്പറയുന്നതാണ്. അങ്ങനെ വരുമ്പോള്‍ ആഭ്യന്തരമന്ത്രി രാജിവെച്ച് മന്ത്രിസഭയില്‍നിന്നു പുറത്തിറങ്ങണം. ഒരു ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയില്‍ തുടര്‍ന്നുവരുന്ന കീഴ് വഴക്കം അതാണ്.എന്നിട്ടും ദേശീയ പൗരത്വ പട്ടിക വരാന്‍പോകുകയാണെന്നും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനുമുമ്പ് അതനുസരിച്ച് പൗരന്മാരല്ലാത്തവരെ പുറത്താക്കുമെന്നുമുള്ള ആഭ്യന്തരമന്ത്രിയുടെ നിലപാട് എന്തുകൊണ്ടാണ് മോദി തള്ളിപ്പറഞ്ഞത് എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. മറ്റൊന്നുമല്ല നാളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന അവകാശലംഘന പ്രശ്‌നത്തേയും അമിത് ഷായുടെ ഭരണഘടനാപരമായ കൂട്ടുത്തരവാദിത്വ പ്രശ്‌നത്തേയുംകാള്‍ ഗുരുതരമാണ് രാജ്യത്താകെ വ്യാപിച്ചു വളരുന്ന ദേശീയ പൗരത്വ പ്രക്ഷോഭം എന്നാണ് പ്രധാനമന്ത്രി തിരിച്ചറിഞ്ഞത്. അതുകൊണ്ടാണ് രണ്ടുതവണ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെപോലുള്ള ഒരാള്‍ : ‘ദേശീയ പൗരത്വ രജിസ്റ്റര്‍’ എന്തൊരു കള്ളമാണ് പറഞ്ഞു പരത്തുന്നത്. ഞങ്ങളത് തയാറാക്കിയിട്ടില്ല. അങ്ങനെയൊന്ന് പാര്‍ലമെന്റിലോ കേന്ദ്ര ക്യാബിനറ്റിലോ വന്നിട്ടില്ല. അതിന്റെ റൂളുകളോ ചട്ടങ്ങളോ രൂപപ്പെടുത്തിയിട്ടില്ല. വ്യാജപ്രചാരണമാണ് സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസും അതിന്റെ കൂട്ടാളികളുമായ നഗര നക്‌സലുകളും ചേര്‍ന്നാണ് ഊഹാപോഹങ്ങള്‍ക്ക് തീ പിടിപ്പിക്കുന്നത്. ഞങ്ങള്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ ഈ തീയതിവരെ എന്‍.ആര്‍.സിയെ സംബന്ധിച്ച് ഒരു ചര്‍ച്ചപോലും നടത്തിയിട്ടില്ല.’ എത്ര ശുദ്ധനായാണ് നമ്മുടെ പ്രധാനമന്ത്രി സംസാരിക്കുന്നത്.
2014ല്‍ മോദി അധികാരത്തില്‍ വന്നശേഷമുള്ള പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ മോദിയുടെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ തയാറാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രാജ്യസഭയെ രേഖാമൂലം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അംഗം വി.കെ ഹരിപ്രസാദിന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: ‘ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പദ്ധതിയില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ വ്യക്തികളുടെയും പൗരത്വനില പരിശോധിച്ച് ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2019ല്‍ വീണ്ടും മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നശേഷം നടന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മോദി ഗവണ്മെന്റിന്റെ ഇതുസംബന്ധിച്ച നയം വ്യക്തമാക്കിയത് ഇങ്ങനെ: ‘ഈ സര്‍ക്കാര്‍ പൗരത്വ രജിസ്റ്റര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.’പിന്നീട് പല തവണ ലോകസഭയിലും സഭയ്ക്കു പുറത്തും ഈ നിലപാട് അമിത് ഷാ അവര്‍ത്തിച്ചുകൊണ്ടിരുന്നു. ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡ ദേശീയ രജിസ്റ്ററില്‍നിന്നും ഭേദഗതി നിയമത്തില്‍നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഇതിനെല്ലാം ശേഷമാണ് പ്രധാനമന്ത്രി നിലപാട് മാറ്റിപ്പറഞ്ഞത്.
ഇതെല്ലാം വസ്തുതകളായി തുറിച്ചുനോക്കുകയും പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനു മെതിരെയുള്ള പ്രക്ഷോഭം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കപ്പുറം ദേശവ്യാപകമായി വിദ്യാര്‍ത്ഥികളും ബുദ്ധീജീവികളും സിനിമാതാരങ്ങളും ജീവിതത്തിന്റെ സര്‍വ്വ മേഖലയിലുമുള്ള എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയി. ദേശീയ പതാകയ്ക്കും ഭരണഘടനയ്ക്കും രാഷ്ട്രപിതാവിനും പിന്നില്‍ ഇന്ത്യയാകെ അണിനിരക്കുന്ന, ഞെട്ടിപ്പിക്കുന്ന ഇത്തരമൊരു കാഴ്ച മോദിയോ അദ്ദേഹത്തിന്റെ ദേശരക്ഷാ ഉപദേഷ്ടാവ് നയിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസോ വിദൂരമായിപോലും സങ്കല്‍പ്പിച്ചിരുന്നില്ല. അതുകൊണ്ടാണ് കള്ളമാണെന്ന് അറിഞ്ഞിട്ടുകൂടി താന്‍ അധികാരത്തില്‍ വന്നതിനുശേഷം ദേശീയ പൗരത്വ രജിസ്റ്ററിനെകുറിച്ച് തന്റെ സര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമില്ലെന്നും മറിച്ചുള്ള പ്രചാരണം നുണ മാത്രമാണെന്നുമുള്ള ഏറ്റവും വലിയ നുണ ഒരു പ്രധാനമന്ത്രി രാജ്യത്തിനുമുമ്പില്‍ പറഞ്ഞത്.അഞ്ചു ഘട്ടങ്ങളിലായി ഉത്തരാഖണ്ഡില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം പ്രധാനമന്ത്രിക്കുതന്നെയായിരുന്നു. അവസാന ഘട്ടമായതോടെ ജനവിധി തനിക്കും ബി.ജെ.പിക്കും എതിരാണെന്ന് അദ്ദേഹം മനസിലാക്കുകയും ചെയ്തു. തന്നെയുമല്ല പൗരത്വ വിഷയത്തില്‍ രാജ്യമാകെ ഒറ്റക്കെട്ടായി സടകുടഞ്ഞ് എഴുന്നേറ്റ് ഗര്‍ജ്ജിക്കുകയാണെന്നും തിരിച്ചറിഞ്ഞു.പൗരത്വ രജിസ്റ്റര്‍ പ്രഖ്യാപനത്തില്‍നിന്ന് തല്ക്കാലം പിന്തിരിയുക. പൗരത്വ നിയമ ഭേദഗതിക്ക് അതുമായി ബന്ധമില്ലെന്ന് മറ്റൊരു നുണ അവതരിപ്പിക്കുക. പി.എം.ഒയിലെ ഉപദേശിവൃന്ദം ബോധ്യപ്പെടുത്തി – കള്ളം പറഞ്ഞാല്‍ എന്തു പ്രത്യാഘാതമുണ്ടായാലും രാജ്യമാകെ ഉയര്‍ത്തുന്ന പ്രതിഷേധം തണുപ്പിക്കാതെ മുന്നോട്ടുപോകാന്‍ സാധ്യമല്ല. വിഷയം സുപ്രിംകോടതി മുതല്‍ യു.എന്‍ വരെയും ട്രംപിന്റെ യു.എസ് മുതല്‍ മുസ്ലിം രാഷ്ട്രങ്ങള്‍വരെയും എത്തിയിരിക്കയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാടിനെതിരെ സാര്‍വ്വദേശീയ തലത്തില്‍വരെ എതിര്‍പ്പുയര്‍ന്നു. തന്റെ ഗവണ്മെന്റിന്റെ തീരുമാനം വിഴുങ്ങുക മാത്രമാണ് തല്ക്കാല പോംവഴിയെന്ന് ഒടുവില്‍ മോദി തീരുമാനിച്ചു. പൗരത്വ നിയമപ്രശ്‌നവുമായി ബന്ധപ്പെട്ടു മാത്രമല്ല ഈ നുണ പരീക്ഷകള്‍. ഇന്ത്യയുടെ വിഭജനവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍കൂടി ബോധപൂര്‍വ്വം വളച്ചൊടിക്കുകയും രാഷ്ട്രപിതാവ് ഗാന്ധിജിയെപോലും വ്യാജസാക്ഷിയായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് അദ്ദേഹം ഡല്‍ഹി റാലിയിലെ പ്രസംഗത്തില്‍ ചെയ്തത്:
പാക്കിസ്താനില്‍ ജീവിക്കുന്ന ഹിന്ദുക്കളെയും സിക്കുകാരെയും എപ്പോഴും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ തയാറാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ഗാന്ധിജിയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വാഗ്ദാനമാണ് ബി.ജെ.പി ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് ഡല്‍ഹി റാലിയില്‍ മോദി അവകാശപ്പെട്ടത്.എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്മെന്റ് മൂന്നുതവണ ഇന്ത്യയില്‍ അധികാരത്തില്‍ വന്നു. ഗാന്ധിജിയുടെ ഈ വാഗ്ദാനം ആ ഗവണ്മെന്റുകളൊന്നും പരിഗണിച്ചില്ല. എന്തിന് മോദിതന്നെ അഞ്ചുവര്‍ഷം തീര്‍ത്തും അധികാരത്തിലിരുന്നു. ഈ രണ്ടാംവരവില്‍ മൂന്ന് അയല്‍ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ വിഭാഗങ്ങളുടെ പീഢനങ്ങളെക്കുറിച്ച് മാത്രം മോദിക്ക് ഓര്‍മ്മവരാന്‍ കാരണമെന്തെന്ന ചോദ്യം വായനക്കാരുടെ ഓര്‍മ്മയ്ക്ക് സമര്‍പ്പിച്ച് നമുക്ക് വിഷയവുമായി മുന്നോട്ടുപോകാം. ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനുതന്നെ ഗാന്ധിജി എതിരായിരുന്നു. വിഭജനത്തെ തുടര്‍ന്ന് ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയലഹള ശമിപ്പിക്കാനാണ് ഡല്‍ഹിയില്‍ അധികാരകൈമാറ്റം നടക്കുമ്പോള്‍ ഗാന്ധിജി കൊല്‍ക്കത്തയിലേക്ക് പോയത്. ആയിരങ്ങളുടെ കണ്ണീരൊപ്പിയതും സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിച്ചതും.
പാക്കിസ്താനില്‍നിന്ന് ന്യൂനപക്ഷങ്ങളായ ഹിന്ദു അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് തീവണ്ടിയില്‍ കയറ്റി അയച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലും മറ്റ് പ്രദേശങ്ങളിലും കലാപം ആളിക്കത്തി. ഇന്ത്യയില്‍ തുടരാന്‍ നിശ്ചയിച്ച അവര്‍ക്ക് ഇന്ത്യാ ഗവണ്മെന്റ് പൂര്‍ണ്ണ സംരക്ഷ ഉറപ്പുനല്‍കിയ മുസ്ലിം ന്യൂനപക്ഷത്തെ ജാമ്യത്തടവുകാരായി വെക്കണമെന്നും അവര്‍ക്കുള്ള സൈനിക പരിരക്ഷ പിന്‍വലിക്കണമെന്നും ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും മന്ത്രിസഭയിലുണ്ടായിരുന്ന പില്‍ക്കാലത്ത് ജനസംഘം രൂപീകരിച്ച ശ്യമപ്രസാദ് മുഖര്‍ജിയെപോലുള്ള ഹിന്ദുത്വവാദികളും നിലപാടെടുത്തു. വിഭജന ഉടമ്പടിയുടെ ഭാഗമായി പാക്കിസ്താന് ഇന്ത്യ നല്‍കേണ്ടിയിരുന്ന 55 കോടിരൂപ നല്‍കരുതെന്ന് നെഹ്‌റുവിനെ ഒറ്റപ്പെടുത്തി മന്ത്രിസഭ തീരുമാനിച്ചു. ഡല്‍ഹിയിലും മറ്റിടങ്ങളിലും വര്‍ഗീയ കലാപം ആളിക്കത്തുമെന്നും പാക്കിസ്താനിലെ ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനിന്നു പോരാടിയത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. പട്ടേല്‍, രാജേന്ദ്രപ്രസാദ്, ശ്യാമപ്രസാദ് മുഖര്‍ജി, കെ.എം മുന്‍ഷി തുടങ്ങിയവരുടെ തീവ്ര ഹിന്ദുത്വ നിലപാടില്‍ വര്‍ഗീയ കലാപത്തില്‍ ഡല്‍ഹി കത്തിയെരിയുമെന്ന അടിയന്തര സന്ദേശമാണ് ഗാന്ധിജിയെ ഡല്‍ഹിയില്‍ എത്താനും ബിര്‍ള ഹൗസില്‍ അനിശ്ചിതകാല ഉപവാസം തുടങ്ങാനും നിര്‍ബന്ധിതമാക്കിയത്. അനിശ്ചിതകാല ഉപവാസം ഗാന്ധിജിയുടെ ജീവന് അപകടമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് പട്ടേലും നെഹ്‌റുവും ഗാന്ധിജിയെ പ്രത്യേകം കണ്ട് സമന്വയത്തിന്റെ പാതയിലേക്ക് ഒരുമിച്ചത്. ഇന്ത്യാ-പാക് ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്‍രെ തുടക്കമെന്ന നിലയില്‍ കരാറനുസരിച്ചുള്ള തുക പാക്കിസ്താന് കൊടുത്തതും. ന്യൂനപക്ഷങ്ങള്‍ക്ക് അടിയന്തര സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള മതനിരപേക്ഷ നിലപാടിലേക്ക് സര്‍ക്കാറിനെ തിരിച്ചുകൊണ്ടുവരാന്‍ ഗാന്ധിജിയുടെ ഉപവാസംകൊണ്ടു കഴിഞ്ഞു.
ഇതിന്റെ പ്രതികാരമായാണ് നാഥുറാം വിനായക ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചുകൊന്നത്. ഇന്ത്യാ – പാക് വിഭജനം തൊട്ടുള്ള പ്രശ്‌നങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിംങ്ങളുടെ ഭാഗത്ത് നില്‍ക്കുകയായിരുന്നു ഗാന്ധിജി എന്നും അതിന്റെ ഭാഗമായാണ് ഏറ്റവുമൊടുവില്‍ ഉടമ്പടിപ്രകാരമുള്ള തുക പാക്കിസ്താന് ലഭ്യമാക്കാന്‍ ഗാന്ധിജി ഉപവാസം നടത്തിയതെന്നും നാഥുറാം ഗോഡ്‌സെ തന്നെ വിചാരണക്കോടതി മുമ്പാകെ ഗാന്ധി കൊലപാതകത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയം സുദീര്‍ഘമായി അവതരിപ്പിച്ചു. എന്തുകൊണ്ട് ഗാന്ധിയെ കൊലപ്പെടുത്തണം എന്ന തന്റെ ലക്ഷ്യം ഈ വാക്കുകളിലാണ് ഗോഡ്‌സെ വെളിപ്പെടുത്തിയത്: ‘ഈ സാഹചര്യത്തില്‍ മുസ്ലിം പീഢനങ്ങളില്‍നിന്ന് ഹിന്ദുക്കളെ രക്ഷിക്കുക എന്നതിനുള്ള ഏക ഔഷധം എന്റെ മനസാക്ഷിയെ സംബന്ധിച്ചിടത്തോളം ഈ ലോകത്തുനിന്ന് ഗാന്ധിജിയെ ഇല്ലാതാക്കുക എന്നതു മാത്രമായിരുന്നു.’അതേ ഗോഡ്‌സെ ദേശാഭിമാനിയാണെന്നും ദേശാഭിമാനിയായി തുടരുമെന്നും അതിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം 2019ലെ തെരഞ്ഞെടുപ്പില്‍ തോല്പിക്കണമെന്നും ലോകസഭാ സ്ഥാനാര്‍ത്ഥിത്വ നല്‍കി പ്രഗ്യാസിംഗ് താക്കൂറിനെക്കൊണ്ട് രാജ്യമാകെ പ്രസംഗിപ്പിച്ച് വോട്ടുവാങ്ങിയാണ് മോദിയും ബി.ജെ.പിയും അധികാരത്തിലേറിയത്. അങ്ങനെയുള്ള ഒരു പ്രധാനമന്ത്രിയാണ് ഗാന്ധിജിയുടെ സ്വപ്‌നം ഈ പൗരത്വ ഭേദഗതി നിയമത്തിലൂടെ തങ്ങള്‍ സാര്‍ത്ഥകമാക്കിയതെന്ന് ഗാന്ധിജിയുടെ രാജ്യത്തെ ജനങ്ങളോട് മോദി അവകാശപ്പെടുന്നത്. സത്യത്തെ ചരിത്രത്തിന്റെ ചളിക്കുണ്ടില്‍ ഗാന്ധിജിയുടെ പേരില്‍തന്നെ ചവിട്ടിതാഴ്ത്താന്‍ ശ്രമിക്കുന്ത്. മോദിയുടെ ആത്മമിത്രമായ ഒരു പ്രസിഡന്റ് ഇപ്പോള്‍ ലോകത്തെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യ രാഷ്ട്രത്തില്‍ രാജ്യത്തെ വഞ്ചിച്ചതിനുള്ള ഇംപീച്ച്‌മെന്റ് നേരിടുകയാണ്. നുണകള്‍കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പ്രധാനമന്ത്രിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് 130 കോടിയിലേറെ വരുന്ന ഇന്ത്യയിലെ ജനങ്ങളാണ് ഇനി തീരുമാനിക്കേണ്ടത്.

SHARE