ഭരണഘടനയുണ്ട്, അത് പവിത്രമാണ്

യൂസഫ് മമ്മാലിക്കണ്ടി

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയ മഹത്തായ വാചകങ്ങളുണ്ട്, അവ ‘ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ റിപബ്ലിക്കായി സംഘടിപ്പിക്കുന്നതിനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തക്കും ആശയ പ്രകാശനത്തിനും ഉത്തമ വിശ്വാസത്തിനും മത വിശ്വാസത്തിനും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും സ്ഥിതി സമത്വം, അവസര സമത്വം എന്നിവയും നേടികൊടുക്കുന്നതിനും അവര്‍ എല്ലാവര്‍ക്കുമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഭിവാജ്യതയും ഉറപ്പ് നല്‍കി കൊണ്ട് സാഹോദര്യം വളര്‍ത്തുന്നതിനും ഇന്ന്, 1949 നവമ്പര്‍ 26-ാം തിയ്യതി, ഞങ്ങളുടെ ഭരണ ഘടനാ നിര്‍മ്മാണ സഭയില്‍ സഗൗരവം തീരുമാനിച്ചിട്ടുള്ളതനുസരിച്ച് ഇതിനാല്‍ ഈ ഭരണഘടന. അംഗീകരിച്ചു കൊള്ളുകയും അത് നിയമമാക്കി തീര്‍ത്ത് ഞങ്ങള്‍ തന്നെ നല്‍കി കൊള്ളുകയും ചെയ്യുന്നു’. ഈ പ്രഖ്യാപനത്തിന് എഴുപതാണ്ട് പൂര്‍ത്തിയായി.
പിന്നീട്, 1976ലെ 42 ആം ഭേദഗതി അനുസരിച്ച് ആമുഖത്തില്‍ രണ്ട് പ്രധാനപ്പെട്ട ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയുണ്ടായി, സോഷ്യലിസവും, മത നിരപേക്ഷതയും.
ഈ ആമുഖത്തിന്റെ അനന്തവും, അന്തസ്സാര്‍ന്നതും, അതിശയകരവുമായ നിര്‍വ്വചനം ലോകത്തെ വിസ്മയിപ്പിക്കുകയാണിന്നും. ഭാരതത്തോടൊപ്പം സ്വതന്ത്രമായ പല ബ്രിട്ടീഷ് കോളനികളും പുരോഗതിയുടെ ഇടം കാണാതെ കിതച്ചു നില്‍ക്കുമ്പോള്‍ ഭരണ തന്ത്രജ്ഞനും, പ്രതിഭാശാലിയുമായ ജാവഹര്‍ലാല്‍ നെഹ്രുവിനായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കാനുള്ള നിയോഗമുണ്ടായത്.
ബ്രിട്ടീഷുകാര്‍ ഭരണം വിട്ട് പോകുമ്പോള്‍ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് തീരെ ഭാവിയില്ലെന്ന് വിധിയെഴുതിയത്, വിശാലമായ ഒരു ഭൂപ്രദേശത്തെ ജനങ്ങളുടെ വൈവിധ്യം നിറഞ്ഞ വിശ്വാസ സംസ്‌കാരങ്ങളെ ഒന്നിപ്പിക്കാന്‍ സാധ്യമല്ലെന്ന നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ജാതിയും, മതവും കൊമ്പ് കോര്‍ക്കുമ്പോള്‍, ദാരിദ്ര്യവും നിരക്ഷരതയും കൊണ്ട് ദുരിതം പേറുന്ന 37 കോടി ജനത (1948ലെ സെന്‍സസ്) യുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അത്രയും ദരിദ്രമായ പശ്ചാത്തലത്തില്‍, രാജ്യത്തെ ജനതയെ പ്രതീക്ഷയുടെ കരുത്തുറ്റ ചരടില്‍ ബന്ധിപ്പിച്ചത് ലോകത്തെ ഏറ്റവും മികച്ച ഭരണഘടനയെന്ന മഹത്തായ ശക്തിയുടെ പിന്‍ബലത്തിലായിരുനു.
ഇന്ത്യന്‍ ഭരണഘടന ഏതു വിധമായിരിക്കണം എന്ന് 1931ലെ രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വേളയില്‍ ഗാന്ധിജിയോട് ചോദിച്ചപ്പോള്‍, ‘ഇന്ത്യയെ എല്ലാ അടിമത്തത്തില്‍ നിന്നും, മേല്‍കോയ്മയില്‍ നിന്നും മോചിപ്പിക്കുകയും, ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് പോലും ഇത് തങ്ങളുടെ രാജ്യമാണെന്നും അതിന്റെ ഭാഗധേയത്തില്‍ തങ്ങള്‍ക്ക് കര്യമായ പങ്കുണ്ടെന്നും കരുതാന്‍ കഴിയുന്ന ഇന്ത്യക്ക് വേണ്ടി, ജനങ്ങളെ ഒന്നായ് കാണുന്ന ഇന്ത്യക്ക് വേണ്ടി, എല്ലാ സമുദായക്കാരും പരിപൂര്‍ണ്ണ സൗഹാര്‍ദ്ദത്തോടെ ഇണങ്ങി കഴിയുന്ന ഒരു ഇന്ത്യക്ക് വേണ്ടിയാണ് ഞാന്‍ യത്‌നിക്കുക’ എന്നായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ വിശാല ലോകം തുറന്നു തന്ന വേളകളില്‍ പോലും ഗാന്ധിജിയുടെ പ്രതീക്ഷകളെ ദ്വിരാഷ്ട്ര ജന്മം കാരണം തെരുവുകളില്‍ ഒഴുകിയ രക്ത രൂക്ഷത തളര്‍ത്തി കളഞ്ഞു. എങ്കിലും നെഹ്രുവിന്റെ രാഷ്ട്ര തന്ത്രജ്ഞത കൊണ്ടും , ഭരണ മികവ് കൊണ്ടും ഇന്ത്യയുടെ ചുവപ്പ് മായാത്ത ഇളം പാദം പിച്ച വെച്ചത്, കരുത്താര്‍ന്ന ഭരണ ഘടനയുടെ പിന്‍ബലത്തിലായിരുന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ പരീക്ഷണങ്ങളില്‍ അകപ്പെട്ട പണ്ഡിറ്റ്ജി നീണ്ട ഒന്‍പത് കൊല്ലം ബ്രിട്ടീഷ് ഇന്ത്യയിലെ ജയിലില്‍ കഴിയേണ്ടി വന്നു. സമ്പന്നനും, പണ്ഡിതനുമായ നെഹ്രുവിനെ പാരതന്ത്ര്യത്തിന്റെ മണ്ണിലെ ഇരുളടഞ്ഞ കരാഗൃഹവാസം കാരണം ആരോഗ്യം തളര്‍ത്തിയെങ്കിലും, രാജ്യത്തെ മനുഷ്യന്റെ ഭൗതിക പ്രതിസന്ധികളും, പ്രയാസങ്ങളും മനസ്സിലാകുന്നത് കൊണ്ട് അധികാരം കൈവന്നപ്പോള്‍ തികഞ്ഞ തന്മയത്തത്തോടെ നടപ്പിലാക്കി.
സാമ്പത്തിക സാഹചര്യം രൂക്ഷമായ കാലമായതിനാല്‍ രാജ്യത്ത് പുരോഗതിയുണ്ടാക്കാന്‍ പഞ്ചവല്‍സര പദ്ധതി കൊണ്ടുവന്ന് ബ്രിട്ടീഷുകാര്‍ ചവച്ചരച്ച രാജ്യത്തിന്റെ തരിശ് ഭൂമിയില്‍ വികസനത്തിന്റെ വമ്പിച്ച സമൃദ്ധിയുണ്ടാക്കി, സ്വന്തം ജനതയുടെ വിശ്വാസവും, പ്രതീക്ഷയും വളര്‍ത്തിയെടുത്തു. നെഹ്രു ഇന്ത്യയെ നീണ്ട പതിനേഴ് വര്‍ഷം നയിച്ചു. ഇന്ത്യന്‍ ജനതയുടെ യശ്ശസ്സാര്‍ന്ന ജീവിതം മനസ്സില്‍ കണ്ട് ഭരിക്കുമ്പോഴും, ബഹുസ്വര സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് രാഷ്ട്രിയത്തോട് വിയോജിപ്പ് ഉള്ളവരോടും ജനാധിപത്യ ബോധത്തോടെ അവരുടെ എതിരഭിപ്രായങ്ങളെയും മാനിച്ചു. അതു കൊണ്ടായിരുന്നു 19574ലെ സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ ചില വ്യവസ്ഥകള്‍ മാറ്റണമെന്നും, അത് മുസ്ലിംകള്‍ക്ക് വിശ്വാസപരമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നും വാദിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ തിരുത്താന്‍ ബി. പോക്കര്‍ സഹിബിന്റെ പ്രസിദ്ധമായ വിയോജിപ്പിന്റെ ‘നോ..നോ..’ പറച്ചിലിനും, തുടര്‍ന്ന് ബില്ലില്‍ ഭേദഗതി കൊണ്ട് വരികയും ചെയ്തത്, ജനാധിപത്യത്തില്‍ ന്യൂനപക്ഷത്തിന്റെ ദുര്‍ബല ശബ്ദത്തിനും ഇടമുണ്ടെന്ന സന്ദേശമായിരുന്നു സഭയില്‍ മഹാ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി നെഹ്രു പ്രകടമാക്കിയത്.
1952ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നെഹ്രു വര്‍ഗീയതയും അതിന്റെ പിന്നിലെ ശക്തികളേയും കുറിച്ച് പരാമര്‍ശിച്ചു. ഭൂരിപക്ഷത്തിനിടയില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് നെഹ്രുവിന്റെ വേവലാതി വിവരിക്കപ്പെട്ടത്, ‘അധികാര സ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ വളരെ കുറവ്, സൈന്യത്തില്‍ മുസ്‌ലിം ഓഫീസര്‍മാര്‍ തീരെ ഇല്ലാതായിരിക്കുന്നു, സെക്രട്ടറിയേറ്റിലും വളരെ കുറഞ്ഞ പ്രാതിനിത്യം, ഇത് രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും, വ്യക്തിയിലും യഥാര്‍ത്ഥ പങ്കാളിത്ത ബോധത്തെ സൃഷ്ടിക്കാന്‍ കഴിയാത്തതിന്റെ ഫലമാണെന്ന് അദ്ദേഹം വിലയിരുത്തി. ‘ഇന്ത്യ മതേതരവും, സ്ഥിരതയുള്ളതും, ശക്തവുമാകണമെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ അവസര തുല്യത നല്‍കി ഇന്ത്യയില്‍ പൂര്‍ണ്ണമായ സുരക്ഷിതത്വം ഉണ്ടെന്ന ബോധം ഉണ്ടാക്കണം’ എന്ന് അദ്ദേഹം തന്റെ മുഖ്യമന്ത്രിമാരോട് പറഞ്ഞു.
ലോക് സഭയിലേയും, രാജ്യ സഭയിലേയും ഭൂരിപക്ഷം എന്ന ലക്ഷ്യത്തോടടുക്കാന്‍ വേണ്ടി ജനാധിപത്യത്തോട് പുലര്‍ത്തിയ അസഹിഷ്ണുതയുടെ അനന്തര ഫലമാണ് കാശ്മീരും, പൗരത്വ ബില്ലും. ഹിന്ദു രാഷ്ട്രമെന്ന അഗ്‌നി പര്‍വ്വതം കൊണ്ട് ഇന്ത്യയെന്ന പൂങ്കാവനത്തെ ചുട്ടെരിക്കാന്‍ വേണ്ടി നാഗ്പൂരിലെ ഗൂഢ സംഘത്തിന്റെ അവസാനത്തെ കളി.

SHARE