ദേശീയ പൗരത്വ പട്ടിക: കാല്‍പനികം, അപ്രായോഗികം


സുഫ്‌യാന്‍ അബ്ദുസ്സലാം

പൗരത്വ ഭേദഗതി ബില്‍ നിയമമായതിന് ശേഷം ദേശവ്യാപകമായി ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. പൗരത്വ ഭേദഗതി നിയമത്തിന് ശേഷം രാജ്യവ്യാപകമായി പൗരത്വ പട്ടിക തയ്യാറാക്കുന്നതോടെ പട്ടികക്ക് പുറത്തായേക്കാമെന്ന ഭീതി ന്യൂനപക്ഷവിഭാഗങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. ദേശീയ പൗരത്വ പട്ടിക ഉണ്ടാക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചോ അതിനാവശ്യമായ അടിസ്ഥാനരേഖകളെ കുറിച്ചോ സര്‍ക്കാര്‍ കൃത്യമായ ഒരു വിവരവും നല്കിയിട്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധമായി പല അഭ്യൂഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങളുടെ പേരില്‍ രേഖകള്‍ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് സാധു ജനവിഭാഗങ്ങള്‍.
നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പേരുകള്‍ അസമിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ സുപ്രീംകോടതിയില്‍ നല്‍കപ്പെട്ട ഒരു ഹരജിയാണ് ഇന്ന് ദേശവ്യാപകമായി പരിഭ്രാന്തി പരത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഹരജിയെ തുടര്‍ന്ന് 2014 ല്‍ സുപ്രീംകോടതി അസമിലെ പൗരത്വ പട്ടിക നവീകരിക്കാന്‍ ഉത്തരവിട്ടു. 2015 ല്‍ പട്ടികയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ഓഗസ്റ്റ് 31 നു നവീകരിച്ച പട്ടിക പുറത്തുവിടുകയും ചെയ്തു. 19 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടു. പൗരത്വം നഷ്ടപ്പെട്ടവരില്‍ 12 ലക്ഷവും ഹൈന്ദവ സമുദായത്തില്‍ പെട്ടവരാണ് എന്നത് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചു. വിഷയത്തെ തിരിച്ചുവിടുന്നതിനായി പൗരത്വ പട്ടിക ദേശവ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തിന് പുറത്തുനിന്നും ഇന്ത്യയിലേക്ക് കടന്നുവന്ന കുടിയേറ്റക്കാരെ കണ്ടെത്തി അവരെ പുറത്താക്കുന്നതിനാണ് പൗരത്വ പട്ടിക തയ്യാറാക്കുന്നത്. പക്ഷെ, ഇപ്പോള്‍ രാജ്യത്തിനകത്തുള്ള ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‌ലിം സമുദായത്തെ പട്ടികയില്‍ നിന്നൊഴിവാക്കാനുളള കുല്‍സിത നീക്കങ്ങള്‍ നടക്കുന്നുവെന്ന ആശങ്കയാണ് രാജ്യവ്യാപകമായി നിലനില്‍ക്കുന്നത്. ഭൂരിപക്ഷ സമുദായാംഗങ്ങളായ കുടിയേറ്റക്കാരെ അസമില്‍ കുടിയിരുത്തുന്നതിന് വേണ്ടി പ്രഖ്യാപിച്ച എന്‍ ആര്‍ സിയും പൗരത്വ നിയമവും എങ്ങനെ രാജ്യത്തുടനീളം നടപ്പാക്കുമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ നിശ്ചയമില്ല എന്നതാണ് യാഥാര്‍ഥ്യം.
ഒട്ടനവധി സംസ്‌കാരങ്ങളും ഭാഷകളും നിലനില്‍ക്കുന്ന ഇന്ത്യയിലെ പൗരത്വ പട്ടിക തയ്യാറാക്കുക അത്ര എളുപ്പമുള്ള ജോലിയല്ല. ഓരോ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ വിഭിന്നങ്ങളാണ്. ഒരു സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ നിയമവും കുടിയേറ്റനിയമവും മറ്റൊരു സംസ്ഥാനത്ത് അതേപടി നടപ്പാക്കുന്നത് പ്രായോഗികമായി ശരിയാവില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഡല്‍ഹിയിലെ ആഭ്യന്തര മന്ത്രിയുടെ ഓഫീസിലിരുന്ന് നേരിട്ട് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു അഭ്യാസമല്ല ഇത്. പൗരന്മാരുടെ യഥാര്‍ത്ഥ കണക്കുകള്‍ തയ്യാറാക്കുവാന്‍ അതാത് സംസ്ഥാനത്തെ സര്‍ക്കാരുകളുടെ കൂടി പങ്കാളിത്തവും അവര്‍ മുമ്പോട്ടുവെക്കുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങളും അനിവാര്യമാണ്. ജനപിന്തുണയില്ലാതെ ഏകാധിപത്യത്തോടെ പൗരത്വ പട്ടിക തയ്യാറാക്കാന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു സര്‍ക്കാരിനും സാധിക്കില്ല.
പട്ടിക നിര്‍മ്മാണത്തിന്റെ യുക്തി, നിയമസാധുത, പ്രായോഗികത എന്നിവ ഒട്ടും പരിഗണിക്കാതെയുള്ള അഭ്യാസങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പോലും പരിഗണിക്കാതെ സംസ്ഥാനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ രാജ്യത്ത് നൂറ്റാണ്ടുകളായി ജീവിച്ചുവരുന്ന വിവിധ വര്‍ഗങ്ങളുടെ പൗരത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ അഭ്യാസം തീര്‍ത്തും ജനാധിപത്യവിരുദ്ധവും രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരുമാണ്. അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങളെയും വ്യതിരിക്തമായ പ്രശ്‌നങ്ങളെയും സാമാന്യവത്കരിച്ച് രാജ്യത്ത് മുഴുവന്‍ അതേ സാഹചര്യമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് ലോകത്തെ തെറ്റിദ്ധരിപ്പിക്കലാണ്. 2020 ഏപ്രില്‍ മാസത്തോടെ പുതിയ സെന്‍സസിനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യയുടെ റജിസ്ട്രാര്‍ ജനറല്‍ & സെന്‍സസ് കമ്മീഷണര്‍ (ഞഏഇഇക) നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രിയുടെ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുമെന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഇക്കാലമത്രയും ദേശീയ ജനസംഖ്യ പട്ടിക (ചജഞ) തയ്യാറാക്കിയിരുന്നത് രാജ്യത്ത് താമസിച്ചുവന്നിരുന്നവരുടെ എണ്ണം കണക്കാക്കല്‍ (കാനേഷുമാരി) മാത്രമായിരുന്നെങ്കില്‍ ഇത്തവണ പൗരന്മാരുടെ പൗരത്വം കൂടി നിജപ്പെടുത്തുന്ന വിധത്തിലുള്ള നാഷണല്‍ പൗരത്വ പട്ടിക (ചഇഞ) തയ്യാറാക്കുമെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു പട്ടിക തയ്യാറായാല്‍ രാജ്യത്തെ കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും പൗരന്മാരില്‍ നിന്നും വേര്‍തിരിച്ച് അവരെ തടങ്കല്‍ ക്യാമ്പുകളിലേക്ക് അയക്കുകയോ നാടുകടത്തുകയോ ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞുവെച്ചിട്ടുള്ളത്. നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന പേരില്‍ ഇത് നടപ്പാക്കുമ്പോള്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷെ ഇപ്പോള്‍ തന്നെ ദേശീയ പൗരത്വ പട്ടികക്കെതിരെ ജാതി മത വ്യത്യാസങ്ങള്‍ക്കതീതമായി രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഈ പ്രതിഷേധങ്ങള്‍ക്ക് കാരണം പട്ടിക തയ്യാറാക്കപ്പെടുന്നതിന്റെ പിന്നിലുള്ള നിഗൂഢ ലക്ഷ്യങ്ങളാണ്. ഇതിനു പിന്നില്‍ മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തി അവരെ പൗരന്മാരല്ലാതാക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണെന്ന് പൊതുവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനസംഖ്യ കണക്കെടുപ്പോ പൗരത്വ പട്ടികയോ തയ്യാറാക്കുന്നതിന് രാജ്യം എതിരല്ല, പക്ഷെ അത് നടപ്പാക്കേണ്ടത് ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയും ഭീതിപ്പെടുത്തിയും സംസ്ഥാന സര്‍ക്കാറുകളെ മറികടന്നുകൊണ്ടും ആവാന്‍ പാടില്ല. സമവായത്തിലൂടെ ജനങ്ങളെയും എല്ലാ സമുദായങ്ങളെയും സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടു വേണം ചെയ്യാന്‍.
1946 ലെ ഫോറിനേഴ്‌സ് ആക്ട് അനുസരിച്ച് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കേണ്ടത് വ്യക്തി തന്നെയാണ് എന്നതാണ്. ആക്ടിന്റെ ഒമ്പതാം ഖണ്ഡികയില്‍ ‘തെളിവ് ഹാജരാക്കാനുള്ള ഉത്തരവാദിത്വം’ (ആൗൃറലി ീള ജൃീീള) എന്ന തലക്കെട്ടില്‍ ഇക്കാര്യം സവിസ്തരം പറഞ്ഞിട്ടുണ്ട്. ഇതിനു വിരുദ്ധമായി ഇന്ത്യയില്‍ പിന്നീട് പ്രത്യേക നിയമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതിനാല്‍ പൗരത്വ പട്ടിക തയ്യാറാക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ പൗരനാണോ എന്ന് സംശയിക്കപ്പെടുന്ന ഏതൊരാളെയും അന്യവല്‍ക്കരിക്കാന്‍ ഈ ആക്റ്റ് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പട്ടിക തയ്യാറായി വരുമ്പോള്‍ പൗരത്വം തെളിയിക്കുക എന്നത് വ്യക്തികളുടെ ഉത്തരവാദിത്തമായതിനാല്‍ അവിടെ മതമോ ജാതിയോ പരിഗണനക്ക് വരുന്നില്ല. ചുരുക്കത്തില്‍ ഇത് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തേയും പ്രതികൂലമായി ബാധിക്കുകയായിരിക്കും ഫലം. സ്വാഭാവികമായും പട്ടിക തയ്യാറാക്കുന്ന ഉദ്യോഗസ്ഥരടക്കം ഒരു വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കാന്‍ പോവുന്നതെന്നര്‍ത്ഥം. പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന പലര്‍ക്കും അടിസ്ഥാനരേഖകള്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്ന കാരണത്താല്‍ എങ്ങനെയാണ് അവരുടെ പൗരത്വത്തെ നിഷേധിക്കാന്‍ രാജ്യത്തിന് സാധിക്കുക എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഏതാനും നുഴഞ്ഞുകയറ്റക്കാരെ കണ്ടുപിടിക്കാന്‍ രാജ്യത്തെ പൗരന്മാരെ ഇങ്ങനെ പീഡിപ്പിക്കേണ്ടതുണ്ടോ? എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതിന് സമാനമാണിത്. വളരെ സങ്കീര്‍ണ്ണവും രാജ്യത്തെ ജനങ്ങളെ പ്രകോപിപ്പിക്കുകയും ഭയാശങ്കകള്‍ വിതറുകയും ചെയ്യുന്ന ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായി വരുന്ന സാമ്പത്തിക ബാധ്യതകള്‍ ചര്‍ച്ച ചെയ്താല്‍ അതിലേറെ ഞെട്ടലുളവാക്കുന്നതാണ്. 1600 കോടി രൂപ ചെലവിട്ടാണ് അസമിലെ പൗരത്വ പട്ടിക തയ്യാറാക്കിയത്. മൂന്നരക്കോടി അപേക്ഷകള്‍ പരിശോധിക്കുന്നതിനായി അമ്പതിനായിരത്തിലധികം ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ അധ്വാനിച്ച് ഇത്രയും ഭീമമായ രൂപ ചിലവിട്ട് തയ്യാറാക്കിയ പട്ടികയാണെങ്കിലോ അബദ്ധങ്ങളുടെ മാലപ്പടക്കങ്ങളായിരുന്നു അതിലെന്നാണ് പിന്നീട് രാജ്യം കണ്ടത്. ഈ കണക്കാനസുരിച്ച് രാജ്യത്തെ 90 കോടിയോളം വരുന്ന സമ്മതിദായക പട്ടിക പരിശോധിച്ച് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കാന്‍ ചുരുങ്ങിയത് നാലര ലക്ഷം കോടി രൂപയോളം വേണ്ടിവരും. രാജ്യം ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയില്‍ ഇത്രയും വലിയ തുക അപ്രായോഗികമായ കാര്യത്തിനുവേണ്ടി ചിലവിടുന്നത് ബുദ്ധിശൂന്യത മാത്രമല്ല രാജ്യദ്രോഹം കൂടിയാണ്. 90 കോടി ജനങ്ങളെ ‘പ്രമാണീകരിക്കുന്ന’ത്തിനു വേണ്ടി നടത്തപ്പെടുന്ന ഈ അഭ്യാസത്തിന് രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടുത്ത 10 വര്‍ഷം പൂര്‍ണ്ണസജ്ജരായി ഇറങ്ങേണ്ടി വന്നാല്‍ പോലും അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. 2011-12 ലെ കണക്കനുസരിച്ച് രാജ്യത്ത് 3 കോടിയില്‍ താഴെ സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. പൗരന്മാരാണെങ്കിലും പൗരത്വം തെളിയിക്കാന്‍ സാധിക്കാതെ വരുന്ന നിരക്ഷരകുക്ഷികളും പാവങ്ങളുമായ ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് താവളങ്ങള്‍ ഉണ്ടാക്കുന്നതിനും വരുന്ന ചിലവുകള്‍ അതിലേറെയായിരിക്കും. ഇത്രയും ഭരിച്ച ഒരു ജോലി അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നിര്‍വഹിക്കാന്‍ മാത്രമുള്ള ശേഷി നമ്മുടെ ഭരണവകുപ്പുകള്‍ക്കുണ്ടോ എന്നതാണ് മറ്റൊരു അപ്രായോഗികത. ദരിദ്രനാരായണന്മാര്‍ മഹാഭൂരിപക്ഷമുള്ള ഒരു നാട്ടില്‍ എവിടെനിന്നാണ് അവര്‍ രേഖകള്‍ സംഘടിപ്പിക്കുക എന്നത് നിയമങ്ങള്‍ തയ്യാറാക്കുന്നവര്‍ ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും ചുരുങ്ങിയത് അസമില്‍ നിന്നും ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടതില്ലേ? അസം പൗരത്വ പട്ടിക തയ്യാറാക്കുന്നതില്‍ അമിതോത്സാഹം കാണിച്ചിരുന്ന സര്‍ക്കാരും ആഭ്യന്തര മന്ത്രിയുടെ പാര്‍ട്ടിയും അസമിലെ പട്ടികയിലൂടെ അപ്രതീക്ഷിത ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ നിരാശരായില്ലേ? തങ്ങളുടേതെന്ന് സ്വയം അഭിമാനിക്കുന്ന മതവിഭാഗങ്ങളില്‍ പെട്ടവര്‍ പൗരത്വ പട്ടികയ്ക്ക് പുറത്തായതില്‍ നിന്നെങ്കിലും പഠിക്കാന്‍ സംഘപുംഗവന്മാര്‍ക്ക് സാധിക്കേണ്ടതുണ്ടായിരുന്നു. യഥാര്‍ത്ഥ പൗരന്മാരായിരുന്നിട്ടും ബന്ധുത്വം തെളിയിക്കാനോ ആവശ്യമായ രേഖകള്‍ കൊണ്ടുവരാനോ സാധിക്കാത്ത എത്ര പേര്‍ അസമില്‍ ആത്മഹത്യ ചെയ്തു?
മറ്റൊരു അനിശ്ചിതത്വം പൗരത്വം ഉറപ്പിക്കാനുള്ള കട്ട്ഓഫ് തിയ്യതിയാണ്. അസമിന് നല്‍കിയ അടിസ്ഥാന തീയതിയായി 1971 മാര്‍ച്ച് അസമിന് പുറത്തേക്ക് ഒരിക്കലും പ്രായോഗികമല്ല. മറ്റു സംസ്ഥാനങ്ങള്‍ക്ക് 1948 ജൂലായ് ആണ് കട്ട്ഓഫ് തിയ്യതി എന്നും അനുമാനിക്കപ്പെടുന്നുണ്ട്. എന്നാല്‍ അത് പൗരത്വം സംബന്ധിച്ച ഭരണഘടനയുടെ അന്തസ്സത്തയ്ക്കും വിഭജനാനന്തര നിയമ സംഹിതകള്‍ക്കും എതിരാണെന്നാണ് നിയമവിശാരദന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ചുരുക്കത്തില്‍ എന്‍ ആര്‍ സി ഇപ്പോള്‍ നിലനില്‍ക്കുന്നത് ചില അവ്യക്തതകളിലും അനിശ്ചിതത്വത്തിലുമാണ്. ചില വിഭാഗങ്ങള്‍ക്ക് അവരുടെ ഭൂമിയെ നിഷേധിക്കുന്നതോടൊപ്പം മറ്റൊരു വിഭാഗത്തിന് ഭൂമി സ്ഥാപിച്ചു നല്‍കുക എന്ന ഒട്ടും തുല്യതയില്ലാത്ത ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന് വിരുദ്ധമായ ആശയങ്ങളിലൂടെ പൗരത്വം നിശ്ചയിക്കുമ്പോള്‍ ഒരു വലിയ കലാപത്തെ വിളിച്ചുവരുത്തല്‍ കൂടിയായിരിക്കും അതുമൂലം സംഭവിക്കുന്നത്. ഇതര രാജ്യങ്ങളില്‍ നിന്നും മതപരമായ പീഡനങ്ങള്‍ക്ക് വിധേയമായതിന്റെ പേരില്‍ ഏതാനും മതവിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം പതിച്ചുകൊടുക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് അടക്കമുള്ള അതില്‍ പരാമര്‍ശിക്കാത്ത മറ്റു ജനവിഭാഗങ്ങള്‍ക്ക് പൗരത്വം നിഷേധിക്കപ്പെടുകയാണ്. ഇതാവട്ടെ രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരാണ് താനും. ‘സമത്വം’ എന്ന ഇന്ത്യയുടെ വിശുദ്ധമായ അടയാളത്തിനേല്‍ക്കുന്ന ക്ഷതമായിരിക്കുമത്. മാത്രവുമല്ല മതപരമായ പീഡനങ്ങള്‍ക്ക് വിധേയമായി എന്ന് കണ്ടുപിടിക്കാനുള്ള മാനദണ്ഡങ്ങളും വ്യക്തമല്ല.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും തമ്മില്‍ ബന്ധമില്ലെന്നും രാജ്യത്തെ മുസ്‌ലിംകള്‍ അസ്വസ്ഥമാകേണ്ട സാഹചര്യമില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിനെ ഒരു സാന്ത്വനവാക്കായോ ഉറപ്പായോ കാണാന്‍ രാജ്യത്തെ മുസ്‌ലിം സമുദായത്തിന് സാധിക്കില്ല. കാരണം രാജ്യത്ത് വര്‍ധിച്ചു വരുന്ന മുസ്‌ലിംകള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട അതിക്രമങ്ങള്‍, മുത്വലാഖ് ബില്‍, കശ്മീരിന്റെ പദവി എടുത്ത് കളഞ്ഞത് തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി മാത്രമേ മുസ്‌ലിം സമുദായത്തിന് ഈ നടപടിയെ നോക്കിക്കാണാനാവൂ. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരാണെന്ന പൊതുബോധം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഭരണകൂടത്തിന്റെ വികൃതമായ ലക്ഷ്യമായിട്ടാണ് പൊതുസമൂഹം ഇതിനെ വിലയിരുത്തുന്നത്. പൗരത്വം എന്ന ആശയത്തിന് രാജ്യം സ്വാതന്ത്രമാവുന്ന കാലത്തെ നിര്‍വചനത്തോട് പൊരുത്തപ്പെടാത്ത നിര്‍വചനം നല്‍കാനാണ് സംഘസര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യം നേടുന്ന കാലത്ത് കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയില്‍ സുദീര്‍ഘമായ സംവാദങ്ങളും ചര്‍ച്ചകളും നടത്തി ജനനത്തെ ആധാരമാക്കി പൗരത്വം (ഇശശ്വേലിവെശു യ്യ യശൃവേ) നിശ്ചയിക്കണമെന്ന ആശയം അംഗീകരിക്കുകയായിരുന്നു. മണ്ണിന്റെ അവകാശം എന്നര്‍ത്ഥം വരുന്ന ‘ജൂസ് സോളി’ (ഖൗ െടീഹശ) അഥവാ ജനനത്തിലൂടെ ലഭിക്കുന്ന പൗരത്വം എന്ന ആശയമാണ് പ്രബുദ്ധവും ആധുനികവും പരിഷ്‌കൃതവും എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി അത്തരമൊരു തീരുമാനത്തിലെത്തിയത്. ഭരണഘടനാപരമായി പരിശോധിച്ചാല്‍ വംശീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഒരു നാഗരിക സ്ഥാപനമായി രാഷ്ട്രം എന്ന ആശയത്തെ നോക്കികാണുന്ന ഒരു രാഷ്ട്രീയ സമൂഹമാണ് ഇന്ത്യയുടേത് എന്ന് സംഗ്രഹിക്കാന്‍ സാധിക്കും. എന്നാല്‍ ഇപ്പോഴത്തെ എന്‍ ആര്‍ സി, സി എ എ പശ്ചാത്തലത്തില്‍ രാജ്യം നാഗരികദേശീയ സങ്കല്‍പത്തില്‍ നിന്നും വംശീയദേശീയ സങ്കല്‍പത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുകയാണെന്ന് വിലയിരുത്താന്‍ സാധിക്കും. അതോടെ പൗരത്വം എന്ന അമൂല്യമായ ആശയത്തിന് മങ്ങലേല്‍ക്കുകയും ഭരണകൂടത്തിന്റെ അടിമകള്‍ മാത്രമായി പൗരന്മാര്‍ മാറുകയും ചെയ്യും.
ദേശീയ പൗരത്വ പട്ടിക ഇപ്പോഴത്തെ അവസ്ഥയില്‍ നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ ബഹുസ്വര സാമൂഹ്യ ഘടനയ്ക്ക് അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് എല്ലാ അപ്രായോഗികതകളെക്കാളും ഉയര്‍ന്നു നില്‍ക്കുന്ന അതിന്റെ ഏറ്റവും വലിയ ന്യൂനത.
ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യയുടെ സാംസ്‌കാരിക സവിശേഷഗുണങ്ങളായ വസുധൈവ കുടുംബകം എന്ന വിശാല സാഹോദര്യത്തിന്റെയും മാനവികതയുടെയും ആതിഥ്യമര്യാദയുടെയും സന്ദേശങ്ങള്‍ കുഴിച്ചുമൂടപ്പെടുകയായിരിക്കും ഫലം. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരത്വം ജന്മാവകാശമാണ്. രാജ്യവും ഭരണഘടനയും മതേതര ജനാധിപത്യ തത്വങ്ങളില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്ന കാലത്തോളം മതത്തിന്റെ അടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കാനുള്ള പുറപ്പാട് അപ്രായോഗികവും കാല്പനികവുമാണ്.

SHARE