പൗരത്വ നിഷേധവും നാടുകടത്തലും


എ.എ വഹാബ്

സത്യം, ധര്‍മം, നീതി സ്വാതന്ത്യം, നന്മ തുടങ്ങിയവക്ക് മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കാനാണ് പ്രവാചകന്‍മാരെ അല്ലാഹു നിയോഗിച്ചത്. സൃഷ്ടികളോടുള്ള സ്രഷ്ടാവിന്റെ കാരുണ്യമായിട്ടാണ് പ്രവാചക നിയോഗവും മാര്‍ഗദര്‍ശനവും അല്ലാഹു പരിചയപ്പെടുത്തുന്നത്. പ്രാചകന്‍മാരുടെ പ്രബോധനം ഇഷ്ടപ്പെടാത്ത, മനസ്സിന്റെ തോന്ന്യാസങ്ങള്‍ക്കനുസരിച്ച് ജീവിച്ച മനുഷ്യര്‍ പ്രവാചകന്‍മാരെ എതിര്‍ക്കുകയും പീഡിപ്പിക്കുകയും ഒക്കെ ചെയ്ത കഥകള്‍ ഖുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
”സത്യനിഷേധികള്‍ ദൈവദൂതന്‍മാരോട് പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരൂ. അല്ലെങ്കില്‍ നിങ്ങളെ നാട്ടില്‍നിന്ന് ആട്ടിപ്പായിപ്പിക്കുക തന്നെ ചെയ്യും. അപ്പോള്‍ നാഥന്‍ അവര്‍ക്ക് ബോധനം നല്‍കി. തീര്‍ച്ചയായും ഈ ധിക്കാരികളെ നാം നശിപ്പിക്കുന്നതാകുന്നു. അവര്‍ക്ക് ശേഷം നിങ്ങളെ ഈ ഭൂമിയില്‍ അധിവസിപ്പിക്കുകയും ചെയ്യും. എന്റെ സന്നിധിയില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ഭയപ്പെട്ടവരോടും എന്റെ താക്കീതുകളെ ഭയപ്പെട്ടവരോടും ഉള്ള ഔദാര്യമത്രെ ഇത്. (ആ ദൂതന്‍മാര്‍) വിജയത്തിനായി (അല്ലാഹുവോട്) അപേക്ഷിച്ചു. എല്ലാ ദുര്‍വാശിക്കാരായ സ്വേച്ഛാധിപതികളും പരാജയപ്പെടുകയും ചെയ്തു. (14:13-15).
നൂഹ്, ഹൂദ്, സാലിഹ് (അ) മുതലായ നബിമാരുടെ ജനതയിലേക്ക് അല്ലാഹുവിന്റെ ദൂതന്‍മാരായി അവര്‍ ചെന്നപ്പോഴുള്ള സത്യനിഷേധികളുടെ പ്രതികരണമാണ് മേല്‍ സൂചിപ്പിച്ച സൂക്തങ്ങളിലൂടെ അല്ലാഹു വിവരിക്കുന്നത്. ഇനി ശുഐബ് നബി (അ) യുടെ കഥ നോക്കാം. അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങിവരിക തന്നെ വേണം. അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങി വരണമെന്നോ?) (7:88) നീചമായ സ്വവര്‍ഗരതിക്കെതിരെ താക്കീത് നല്‍കപ്പെട്ട ലൂത്ത് നബി (അ) യുടെ കാലത്തെ ജനത അദ്ദേഹത്തോട് പറഞ്ഞു: ലൂത്തേ നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ നീ (നാട്ടില്‍ നിന്ന്) പുറത്താക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കും (26:167)
മുഹമ്മദ് നബി (സ) യുടെ അനുഭവം അല്ലാഹു വിവരിക്കുന്നു. ”തീര്‍ച്ചയായും അവര്‍ നിന്നെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന് പുറത്താക്കുകയാണ് അവരുടെ ലക്ഷ്യം. എങ്കില്‍ നിന്റെ (പുറത്താക്കലിന്) ശേഷം കുറച്ചുകാലമല്ലാതെ അവര്‍ (അവിടെ) താമസിക്കുകയില്ല. നിനക്ക് മുമ്പ് നാമയച്ച നമ്മുടെ ദൂതന്‍മാരുടെ കാര്യത്തിലുണ്ടായ നടപടി ക്രമം തന്നെ. നമ്മുടെ നടപടി ക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല (17:76,77)
നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മികച്ചവന്‍ (8:30).
ദൈവദൂതന്‍മാരും സത്യവിശ്വാസികളും നേരിട്ട പൗരത്വനിഷേധവും പീഡനങ്ങളും നാട്ടില്‍ നിന്നുള്ള പുറത്താക്കലും ഒക്കെ സത്യവിശ്വാസം മാറ്റുരക്കാനുള്ള ദൈവീക പരീക്ഷണമായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആ പരീക്ഷണങ്ങളില്‍ അവന്‍ വിജയിച്ചു. ദൈവദൂതന്‍മാരെയും സത്യവിശ്വാസികളെയും ശല്യപ്പെടുത്തിയ നിഷേധികളെ അല്ലാഹു പരാജയപ്പെടുത്തിയ സന്ദേശമാണ് ഇത്തരം എല്ലാ വിവരണങ്ങളില്‍ നിന്നും ലഭിക്കുന്നത്. ദൈവദൂതന്റെ ദൗത്യം ഏല്‍പ്പിക്കപ്പെട്ട വിശ്വാസികള്‍ക്കും ഇത്തരം പരീക്ഷണങ്ങളില്‍ വിജയിക്കാന്‍ അല്ലാഹുവിന്റെ സഹായം ലഭ്യമാണെന്ന സൂചനയും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. വിശ്വാസികള്‍ ഒത്തൊരുമയോടെ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിച്ച് നീങ്ങണം. അതാണ് ദൈവസഹായത്തിനുള്ള ഉപാധി.
നമ്മുടെ നാട്ടിലെ ഭരണഘടനയെ ലംഘിച്ചും മാനവത മൊത്തം അംഗീകരിക്കുന്ന നീതിബോധത്തെ വെല്ലുവിളിച്ചും പൗരാവകാശ വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഒരു നിയമം ഭരണക്കാര്‍ ചുട്ടെടുത്തിരിക്കുന്നു. മുസ്‌ലിംകളുടെ പൗരത്വം നിഷേധിക്കാനും അവരുടെ സ്വത്തുംമുതലും കൈവശപ്പെടുത്തി അവരെ നാട്ടില്‍നിന്ന് പുറത്താക്കാനുമുള്ള നിഗൂഢ തന്ത്രം അതിന്റെ പുറകിലുണ്ട്. സാമാന്യം ബുദ്ധിയുള്ള എല്ലാവര്‍ക്കും അത് മനസ്സിലാകുന്നതാണ്. ഇത് ആത്യന്തികമായി മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുക. രാജ്യത്തിന്റെ പുരോഗതി തടയുകയും സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യുന്ന ദൂരവ്യാപകമായ കടുത്ത അപകടങ്ങള്‍ ഈ നിയമത്തിന്റെ പ്രമേയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ജനത്തിന്റെ സൈ്വര ജീവിതം താറുമാറാക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ നിയമത്തെ കഴിയുന്ന എല്ലാവരെയും കൂട്ടിപ്പിടിച്ച് സാധ്യമായ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്ത് തോല്‍പ്പിക്കേണ്ടത് നന്മയെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും കടമയാണ്.

SHARE