അന്‍വര്‍ പാലേരി
ദേശീയ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യന്‍ ജനതയെ വിഭജിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകള്‍ രംഗത്തു വന്നിട്ടും തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷായും പ്രധാനമന്ത്രിയും ആവര്‍ത്തിക്കുന്നത്.അതേസമയം, പ്രതിഷേധങ്ങള്‍ ഒരുഭാഗത്ത് ശക്തിയാര്ജിക്കുമ്പോള് തന്നെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ഇല്ലാതാക്കി രാജ്യസുരക്ഷ ഉറപ്പുവരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നടപടിയാണ് പൗരത്വ ബില്ലെന്ന മോദിഭക്തരുടെ വാദം അംഗീകരിക്കുന്നവരും കുറവല്ല.
ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ തീവ്ര വലതു പക്ഷ ഹിന്ദുത്വ പാളയത്തില്‍ പാകപ്പെടുന്ന ജനാധിപത്യവിരുദ്ധമായ നടപടികളില്‍ ഒന്നുമാത്രമാണ് പൗരത്വ ഭേദഗതി നിയമമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നവ രാഷ്ട്ര നിര്‍മിതിയെന്ന വാദമുന്നയിച്ച് മോദിയും അമിത്ഷായും ന്യുനപക്ഷവിഭാഗങ്ങള്ക്ക് മേല്‍ അടിച്ചേല്പിക്കുന്ന അപരവത്കരണം മാത്രമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കൃത്യമായ ആശയസംഹിതകളുടെയും ആസൂത്രണത്തിന്റെയും കുറേകൂടി വിശാലമായ പരിപ്രേക്ഷ്യത്തില്‍ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റിയെടുക്കാനുള്ള പരീക്ഷണമായി മാത്രമാണ് ഇപ്പോഴത്തെ നീക്കങ്ങളെ വിലയിരുത്തേണ്ടത്.
സര്‍ജിക്കല്‍ സ്ട്രൈക്ക് മുതല്‍ പൗരത്വ ഭേദഗതി നിയമം വരെയുള്ള വിവാദ നടപടികള്‍ തീവ്ര ഹിന്ദു വലതുപക്ഷത്തെ പ്രീതിപ്പെടുത്തി വോട്ടുനേടാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമായി വിലയിരുത്തുന്നത് പ്രശ്നത്തെ ലളിതവത്കരിക്കലായിരിക്കും. ഭരണത്തുടര്‍ച്ചയെന്ന ദീര്‍ഘകാല പദ്ധതിക്ക് പകരം, തീവ്രഹിന്ദുത്വം മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ ഏതുവിധേനയും നടപ്പിലാക്കുന്നതിലൂടെ സമര്‍ത്ഥമായ മതകീയരാഷ്ട്രീയ ബിംബ നിര്‍മിതിയിലൂടെ ഒരു വിഭാഗത്തിന്റെ മനസ്സില്‍ അമരത്വം നേടുകയെന്ന വലിയ ലക്ഷ്യം ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. ബി.ജെ.പി പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന അടല്‍ ബിഹാരി വാജ്പേയിയെ മോദിക്കാലത്തെ സംഘശക്തികള്‍ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. മാനവരാശിക്കു മേല്‍ ദുരന്തമായി പെയ്തിറങ്ങിയ അഡോള്‍ഫ് ഹിറ്റ്ലറെ തുടര്‍ച്ചയായ അപനിര്‍മിതികളിലൂടെ കഴുകിവെളുപ്പിച്ച വംശീയ വാദികളുടെ പാരമ്പര്യത്തിനു മുന്നില്‍ വാജ്പേയിയെന്ന പല്ലുകൊഴിഞ്ഞ ഹിന്ദുത്വ പ്രതിഛായക്ക് പില്ക്കാലത്ത് വേണ്ടത്ര ആദരവ് കിട്ടാതെപോയതില്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല. തീവ്രഹിന്ദു വലതുപക്ഷത്തിന്റെ തത്വികാചാര്യനായ സവര്‍ക്കര്‍ എങ്ങനെയാണ് 1966 ല്‍ അദ്ദേഹത്തിന്റെ മരണശേഷം ബി.ജെ.പിയുടെ ആശയരൂപീകരണത്തിന്റെ കേന്ദ്രബിന്ദുവായതെന്നും മോദിയും അമിത്ഷായും ചേര്‍ന്ന ശാക്തിക അച്ചുതണ്ട് എങ്ങനെയൊക്കെയാണ് സവര്‍ക്കറിന്റെ ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ട്. അഭിഭാഷകനും രാഷ്ട്രീയക്കാരനുമൊക്കെയായി ജീവിതം ആരംഭിച്ച വി.ഡി സവര്‍കര്‍ ആധുനിക ശാസ്ത്രത്തെ മുഴുവന്‍ ചോദ്യം ചെയ്തുകൊണ്ട് ഹിന്ദു മിത്തോളജിയെ മാത്രം പിന്തുടരുകയും കടുത്ത വംശീയ വാദിയായ ഹിന്ദുപരിഷ്കര്ത്താവായി പില്ക്കാലത്ത് അറിയപ്പെടുകയും ചെയ്തു. ശാസ്ത്രീയമായ എല്ലാ കണ്ടുപിടുത്തങ്ങളെയും യാഥാസ്ഥിക കഥകളും ന്യായങ്ങളും നിരത്തി അദ്ദേഹം ന്യായീകരിച്ചിരുന്നു.
ഗോമൂത്രം അര്‍ബുദ ചികിത്സയ്ക്ക് മുതല്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധനമായി വരെ ഉപയോഗിക്കാമെന്ന് ഈ ആധുനിക കാലത്തും ചില സംഘചാലക സന്യാസിമാര്‍ വാദിക്കുന്നത് ഈ തുടര്‍ച്ചയില്‍ നിന്നുകൊണ്ടാണ്. അതേസമയം, ഹിന്ദു മഹാസഭയില്‍ ചേര്‍ന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച ശേഷം അധിക കാലമൊന്നും മുഖ്യധാരാ രാഷ്ട്രീയ മണ്ഡലത്തില്‍ സവര്‍ക്കറിന്റെ പ്രഭാവം നിലനിന്നിരുന്നില്ല എന്നതാണ് സത്യം. അഭിഭാഷകന് കൂടിയായ സവര്‍ക്കറെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചെങ്കിലും ഗാന്ധിവധം ഹിന്ദുമഹാസഭയ്ക്കുണ്ടാക്കിയ ചീത്തപ്പേരില്‍ നിന്ന് രക്ഷപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തെ അടുപ്പിക്കാതായി. എന്നാല്‍,തീവ്ര ഹിന്ദുത്വത്തിനായി പരസ്യമായി വാദിച്ച അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ദീന് ദയാല്‍ ഉപാധ്യായ, ശ്യാമ പ്രസാദ് മുഖര്‍ജി എന്നിവരിലൂടെ കുറച്ചുകൂടി വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും വേണ്ടത്ര ആഴത്തില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് 1998 അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പ് ബി.ജെ.പിയും തീവ്രവലതുപക്ഷ പാര്‍ട്ടികളും സവര്‍ക്കറെ കുളിപ്പിച്ചെടുത്ത് സ്വാതന്ത്ര്യ സമരനായകനായി പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കുകയായിരുന്നു.
ജവഹര്‍ലാല്‍ നെഹ്റുവും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിച്ച കാലത്ത് മഹാരാഷ്ട്രയില്‍ മാത്രമാണ് തീവ്ര വലതുപക്ഷ ആശയങ്ങള്‍ക്ക് അല്പമെങ്കിലും വേരോട്ടമുണ്ടായിരുന്നത്.
നെഹ്റുവിന് ശേഷവും ഇന്ത്യന്‍ രാഷ്ട്രീയ പൊതുമണ്ഡലത്തെ ശക്തമായി സ്വാധീനിച്ച നെഹ്റുവിയന്‍ ആശയങ്ങളെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപി ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷം സവര്‍ക്കറിന്റെ ആശയങ്ങളുമായി വീണ്ടും സജീവമായത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യ ജനാധിപത്യ സര്‍ക്കാരിന്റെ മതേതര നിലപാടിനെ സ്യുഡോ സെക്കുലറിസം എന്നാണ് സവര്‍ക്കര്‍ വിശേഷിപ്പിച്ചിരുന്നത്.
നെഹ്റു സര്‍ക്കാരിന്റെ മതേതര നിലപാട് മുസ്ലിംകളെപ്രീതിപ്പെടുത്താനുള്ള മേലങ്കി മാത്രമാണെന്നും അദ്ദേഹം ആക്ഷേപിച്ചു. ഇന്ത്യയെ വിശാലമായ അര്‍ത്ഥത്തില്‍ നിലനിര്‍ത്തുന്ന നെഹ്റുവിയന്‍ ആശയത്തെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതില്‍ വാജ്പേയിക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും തീവ്രഹിന്ദുത്വ നിലപാടുകള്‍ മുന്‍നിര്‍ത്തി അധികാരം പിടിച്ചെടുക്കാന്‍ എല്‍.കെ അദ്വാനി അണിയറയില്‍ ചരടുവലിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ്നിലവിലുണ്ടായിരുന്നത്. ഇതോടെയാണ് സവര്‍ക്കറുടെ ആശയങ്ങള്‍ വീണ്ടും ബിജെപിയില്സജീവമായി ചര്‍ച്ചയാവുന്നത്. കോണ്‍ഗ്രസിനെതിരായ സവര്‍ക്കറുടെ ‘സ്യുഡോ സെക്കുലറിസം’ എന്ന പ്രയോഗത്തെ പിന്നീട് ജനകീയ വത്കരിച്ചത് എല്‍.കെ അദ്വാനിയാണ്. ഇതിനെ കുറേകൂടി തീവ്രമായ പദാവലി ഉപയോഗിച്ച് ബാല്‍താക്കറെ മഹാരാഷ്ട്രയുടെ ‘ഹിന്ദു ഹൃദയ സാമ്രാട്ടാ’യി ന്യുനപക്ഷങ്ങളെ വേട്ടയാടി. മുംബയിലെ തെരുവുകളില്‍ മുസ്ലിംകളുടെ വെള്ളിയാഴ്ച്ച നിസ്കാരത്തെ തടസ്സപ്പെടുത്താന്‍ ഉച്ചത്തിലുള്ള ശബ്ദഘോഷങ്ങളോടെ മഹാ ആരതികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം ആഹ്വനം ചെയ്തു.
ഇതോടൊപ്പം, അടല്‍ ബിഹാരി വാജ്പേയിയും സവര്‍ക്കറുടെ ആശയത്തെ ‘ഹിന്ദു പരിചയ്'(ഹിന്ദു സ്വത്വം) എന്ന കുറേകൂടി അര്‍ത്ഥതലങ്ങളുള്ള വാക്കുപയോഗിച്ചു മിനുക്കിയെടുത്ത് എല്‍.കെ അദ്വാനിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. അതായത്,ഏറ്റവും തീവ്രമായി മുസ്ലിംന്യുനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് മാത്രം പാര്‍ട്ടിയില്‍ ആധിപത്യം ലഭിക്കുമെന്ന അവസ്ഥ. ഇതിന്റെ ദുരന്തപര്യവസാനമായാണ് ജനാധിപത്യ വിശ്വാസികള്‍ ബാബറിമസ്ജിദിന്റെ തകര്‍ച്ചയെയും തുടര്‍ന്നുള്ള ബി.ജെ.പി മുന്നേറ്റത്തെയും വിലയിരുത്തേണ്ടത്.മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മോദിയും അമിത്ഷായും ചേര്‍ന്ന് രൂപപ്പെടുത്തിയ കൂട്ടുമുന്നണിക്ക് പാര്‍ട്ടിയില്‍ ആധിപത്യം നേടാന്‍ കഴിഞ്ഞതോടെ സവര്‍ക്കറുടെ ആശയങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി ഹിന്ദി ഹൃദയഭൂമിയില്‍ രാഷ്ട്രീയവും മതകീയവുമായ അമരത്വം നേടാനുള്ള എല്ലാ വഴികളും സുഗമമാവുകയായിരുന്നു.
2018 ല്‍ ആന്‍ഡമാന്‍ ജയില്‍ സന്ദര്‍ശിച്ചുകൊണ്ടാണ് മോദി ഇതിന് തുടക്കമിട്ടത്. സവര്‍ക്കര്‍ കിടന്ന മുറിയില്‍ ഭയഭക്തി ബഹുമാനങ്ങളോടെ കുറെ സമയം ചിലവഴിച്ച മോദിക്കും തന്റെ സ്വീകരണ മുറിയില്‍ സവര്‍ക്കറുടെ ചിത്രം ചില്ലിട്ടു സൂക്ഷിക്കുന്ന അമിത്ഷായ്ക്കും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നില്ല. നെഹ്റുവിയന്‍ ആശയങ്ങള്‍ക്ക് പകരം സവര്‍ക്കര്‍ വിഭാവനം ചെയ്ത ഇന്ത്യയെ പടുത്തുയര്ത്താനായിരുന്നു അവരുടെ തീരുമാനം. ഇതിലേക്കുള്ള തുടക്കമെന്ന നിലയില്‍ സവര്‍ക്കറിന്റെ പ്രമാണമനുസരിച്ച് സപ്തസിന്ധു സംഗമസ്ഥാനത്തെ ‘പിതൃഭൂ’ (പിതൃഭൂമി) വായും ‘പുണ്യഭൂ'(വിശുദ്ധഭൂമി)വായും കണക്കാക്കാത്ത എല്ലാവരെയും ദേശീയതയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ട്.സവര്‍ക്കറിന്റെ ആശയപ്രകാരം മുസ്ലിംകളുടെ പുണ്യഭൂമി ഇന്ത്യയിലില്ല, മറ്റൊരിടത്താണ്. കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നു വന്ന മുസ്ലിംകള് അസമിനെ ചതുപ്പുനിലമാക്കുമെന്ന് സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ എഴുതിവെച്ചിരുന്നു.അവിടെനിന്നു വരുന്ന ഹിന്ദുക്കള്‍ അഭയം അര്‍ഹിക്കുന്നവരും മുസ്ലിംകള് അതിന്അ ര്ഹരല്ലെന്നുമായിരുന്നു സവര്‍ക്കറുടെ നിലപാട്. മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ പൗരത്വത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമായി കൊണ്ടുവന്ന ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും സവര്‍ക്കറുടെ ഈ ആശയത്തിന്റെ പ്രായോഗിക നടപടികള്‍ മാത്രമാണ്.
ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികളെ ഹിന്ദുക്കളായി മതം മാറ്റണമെന്നും സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേആശയം തന്നെയാണ് ‘ഘര്‍വാപസി’യെന്ന പ്രഖ്യാപനത്തിലൂടെ മോദിയും അമിത്ഷായും പിന്നീട് നടപ്പിലാക്കാന്‍ ശ്രമിച്ചത്. ‘ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം’ എന്നതായിരുന്നു സവര്‍ക്കറുടെ മറ്റൊരു പ്രധാന ആശയം. ‘ശാസ്ത്രബാല്'(ആയുധ ശക്തി) പ്രദര്‍ശിപ്പിക്കുന്നത് സമാധാനം ഉറപ്പുവരുത്തുമെന്ന സവര്‍ക്കറിന്റെ ആശയം നടപ്പില്‍ വരുത്തുന്നതിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി അയല്‍രാജ്യങ്ങളെ ഭയപ്പെടുത്തിയാല്‍ മതിയെന്ന് മോദിയും അമിത്ഷായും തീരുമാനിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. 1950 കളുടെ തുടക്കത്തില്‍ ആഗോള സമാധാനത്തിനും നിരായുധീകരണത്തിനുമായി ഇന്ത്യ നിലകൊള്ളുമെന്ന് നെഹ്റു പ്രഖ്യാപിക്കുമ്പോള്‍ ഇതിനു വിപരീതമായ സന്ദേശമാണ് ലോകത്തിന് നല്‍കേണ്ടതെന്നായിരുന്നു സവര്‍ക്കറുടെ അഭിപ്രായം. ‘ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചാല്‍ നാം ആക്രമിക്കപ്പെടുകയും നമ്മുടെ പരമാധികാരം ഘട്ടം ഘട്ടമായി നഷ്ടപ്പെടുകയും ചെയ്യും. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചാല്‍ നമുക്ക് സമാധാനമുണ്ടാവുകയും രാജ്യത്തിന്റെ പുരോഗതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും കഴിയും. അതല്ലെങ്കില്‍ പിന്നെ യുദ്ധത്തിനുള്ള സന്നദ്ധത നാം എങ്ങിനെ മറ്റുള്ളവരെ അറിയിക്കും? അത്യാധുനിക ആയുധങ്ങളും യുദ്ധസാമഗ്രികളുംപ്രദര്ശിപ്പിക്കുന്നതിലൂടെ മാത്രമേ നമുക്കതിന് കഴിയൂ..’
ഇതായിരുന്നു സവര്‍ക്കറുടെ നിലപാട്.
കൂട്ടക്കുരുതികള്‍ക്ക് കാരണാമാവുന്ന ആയുധങ്ങള്‍ ലോകത്തു നിന്ന് തന്നെ ഇല്ലാതാവണമെന്ന് നെഹ്റു ആവശ്യപ്പെട്ടപ്പോള്‍, അതൊരു നല്ല ആശയമാണെങ്കിലും ലോകം അതംഗീകരിക്കില്ലെന്നും ഇന്ത്യക്ക് ഏറ്റവും മികച്ച ആയുധങ്ങള്‍ വേണമെന്നുമായിരുന്നു സവര്‍ക്കറിന്റെ പ്രമാണം.
അതായത് സമാധാനത്തിനായല്ല,നശീകരണത്തിനും കീഴടക്കലുകള്ക്കുമായി ഇന്ത്യ നിലകൊള്ളണമെന്ന് 1950 കളില്‍ തന്നെ സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു.
സമാധാനരാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന ആശയത്തെ ഒരു ഘട്ടത്തിലും സവര്‍ക്കര്‍ അംഗീകരിച്ചിരുന്നില്ല. അക്രമം സ്വയം നാശത്തിലേക്കുള്ള വഴിയാണെന്ന് തെളിയിക്കുന്നതിന് ഹിറ്റ്ലറിന്റെയോ ജപ്പാനിലെ വിനാശകാരിയായ ഭരണാധികാരിയായി അറിയപ്പെട്ടിരുന്ന ടോജോയെയോ ആരെങ്കിലും ഉദാഹരണമായി ചൂണ്ടിക്കാട്ടിയാല്‍ അഹിംസ കൊണ്ട് ആരെയും പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സവര്‍ക്കര്‍ വാദിച്ചു. കഴിഞ്ഞകാലങ്ങളില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും സവര്‍ക്കറുടെ മസ്ത്ഷ്കത്തില് മുളച്ച ഇതേ ആശയങ്ങളുടെ പ്രയോഗവത്കരമാണെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസിലാവും.
സര്‍ജിക്കല്‍ സ്ട്രൈക്സ്,ബലാകോട്ടിലെ ആക്രമണം,കാശ്മീരിനെ പൂര്‍ണമായും ഉപരോധത്തിലാക്കി പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി,ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. സവര്‍ക്കറുടെ വീക്ഷണത്തില്‍ കാശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്നതും പതാകയും ഭരണഘടനയും നിലനില്ക്കുന്നതും വിഘടനവാദത്തെ വളര്‍ത്തുന്ന ഘടകങ്ങളാണ്.
സവര്‍ക്കറുടെ ഈ ചിന്താഗതിയാണ് മോദി സര്‍ക്കാര്‍ കാശ്മീരില്‍ നടപ്പിലാക്കിയതും.ഏകീകൃത പൗരത്വത്തിന്റെയും ഏകീകൃത നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്നതിലൂടെ ഇന്ത്യയെ മാത്രം ‘പിതൃഭൂവാ’യും ‘പുണ്യഭൂവാ’യും ആരാധിക്കുന്ന,മതപരമായി പോലും മറ്റൊരു പുണ്യഭൂമിയെ അംഗീകരിക്കാത്ത ഏകവിശ്വാസ സംഹിത ഉള്‍കൊള്ളുന്ന ഒരു ജനതയെ വളര്‍ത്തിയെടുക്കാമെന്നാണ് മോദിയും അമിത്ഷായും കണക്കുകൂട്ടുന്നത്. അങ്ങനെ വരുമ്പോള്‍ മക്കയെ വിശ്വാസപരമായി തീര്‍ത്ഥാടന ഭൂമിയായി കാണുന്ന മുസ്ലിംകളും റോമും ജറൂസലവും പുണ്യസ്ഥലങ്ങളായി കണക്കാക്കുന്ന ജൂതക്രിസ്ത്യന്‍ വിഭാഗങ്ങളുമെല്ലാം ഈ ഏകീകൃത വിശ്വാസം ഉള്‍ക്കൊള്ളുന്ന പൗരത്വത്തില്‍ ഉള്‍പെടില്ലെന്ന് ചുരുക്കം. ഇനി ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ അത് ‘പ്രത്യേക പദവി’ ആവശ്യമില്ലാത്ത ഹിന്ദുക്കള്‍ക്ക് മാത്രമായിരിക്കണം, മറ്റെല്ലാ വിശ്വാസങ്ങളും ഏകീകൃത വിശ്വാസത്തിന് കീഴ്പ്പെടുന്ന ‘മാതൃരാജ്യം’. അതുതന്നെയാണ് ദേശീയ പൗരത്വ രജിസ്ട്രേഷനും പൗരത്വ നിയമവും മുന്നോട്ടുവെക്കുന്നതും. സവര്‍ക്കറിന്റെ കാലഘട്ടത്തില്‍ നിന്ന് ലോകവും ജനാധിപത്യ മൂല്യങ്ങളും ഏറെ വളര്‍ച്ച പ്രാപിച്ചതിനാല്‍ മോദിയും അമിത്ഷായും കരുതുന്നത് പോലെ അതത്ര എളുപ്പമാവില്ലെന്ന് മാത്രം.