ആര്‍ഷ ഭാരതത്തിന്റെ അടിക്കല്ലിളക്കുന്നവര്‍

നൗഷാദ് മണ്ണിശ്ശേരി

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഏറ്റവും കൂടുതല്‍ പാരമ്പര്യമുള്ള രാജ്യം കൂടിയാണ്. അയ്യായിരം വര്‍ഷത്തെ ആര്‍ഷഭാരത സംസ്‌കാരം തെളിമയോടെ പറയാന്‍ ഭാരതത്തിനാവും. ആ പാരമ്പര്യം എന്നത് എല്ലാവരെയും സ്വീകരിക്കുന്നതും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ മഹത്തായ സംസ്‌കാരമാണ്. വസുദൈവ കുടുംബകം എന്നതാണ് ആ പാരമ്പര്യത്തിന്റെ മുദ്രാവാക്യം. ലോകാേസമസ്താേസുഖിനോഭവന്തു എന്നാണ് ഭാരതത്തിന്റെ പുരാണങ്ങളും ഇതിഹാസങ്ങളും നമ്മോട് പറയുന്നത്. അതുകൊണ്ടാണല്ലോ 1893 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ സംസാരിച്ച മുഴുവനാളുകളും ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന് പറഞ്ഞ് അഭിസംബോധന ചെയ്തപ്പോള്‍ സ്വാമി വിവേകാനന്ദന്‍ എന്റെ സഹോദരി സഹോദരന്മാരെ എന്ന് സദസ്സിനെ അഭിവാദ്യം ചെയ്തത്.
എഴുന്നേറ്റുനിന്ന് കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകളെ സദസ് സ്വീകരിച്ചത്. സവിശേഷമായ അവസരങ്ങളില്‍ മാത്രമേ അമേരിക്കക്കാരും യൂറോപ്യരും എഴുന്നേറ്റുനിന്ന് കയ്യടിക്കാറുള്ളൂ. വിവേകാനന്ദന്‍ പറഞ്ഞു. ലോകത്ത് പീഡനം അനുഭവിക്കുന്നവരെയും അവശ വിഭാഗത്തെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതിഥികളെ ദൈവതുല്യം കാണുന്ന ഇന്ത്യ സഹിഷ്ണുതയുടെ മഹാരാജ്യമാണ്. ആ സ്വാമി വിവേകാനന്ദന്റെയും ഗാന്ധിജിയുടെയും ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മനുഷ്യനെ പരസ്പരം മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന ഫാസിസ്റ്റുകളുടെ രാജ്യമായി മാറുന്ന വളരെ വേദനാജനകമായ കാഴ്ചയാണ് കണ്ടു വരുന്നത്. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മേല്‍ കത്തിവെക്കുന്ന സംഘപരിവാര്‍ കപില്‍ സിബല്‍ പറഞ്ഞതുപോലെ എല്ലാവരെയും കൊന്നു തീര്‍ത്ത് നിങ്ങള്‍ രണ്ട് ദിനോസറുകള്‍ മാത്രം ബാക്കിയാവുന്ന ഒരു ജുറാസിക് പാര്‍ക്കായി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഘര്‍വാപ്പസിയിലൂടെ എല്ലാവരെയും ഹിന്ദു ആശയത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയക്ക് തുടക്കം കുറിച്ച ശേഷം മുത്തലാഖ് നിയമത്തിലൂടെ മുസ്‌ലിം സമൂഹത്തെ ഭീതിയില്‍ നിര്‍ത്തുന്ന പണിയും നടത്തി കണ്ണടച്ച് തുറന്നപ്പോഴേക്കും കാശ്മീരിനെ അതിന്റെ എല്ലാ ജൈവ സ്വഭാവവും ഇല്ലാതാക്കി വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് ഉണ്ടായത്. ഇപ്പോഴിതാ പൗരത്വ ഭേദഗതി ബില്ലും വന്ന് കഴിഞ്ഞു. അസമിലെ പ്രത്യേക സാഹചര്യത്തില്‍ കൊണ്ട് വന്ന ഒരു ബില്ലാണ് രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ അമിത് ഷാ മുന്നിട്ടിറങ്ങിയത്. പ്രത്യേകിച്ച് ഒരു കാരണവും അതിനില്ല എന്നതാണ് വാസ്തവം. ഇന്ത്യയില്‍ നിന്ന് പുറത്തു പോകേണ്ട വരെ ഇവിടെ നിലനിര്‍ത്താനും പതിറ്റാണ്ടുകളായി ഇന്ത്യക്കാരായി ജീവിക്കുന്ന മുസ്‌ലിംകളെ സാങ്കേതിക കാരണം പറഞ്ഞ് പുറത്താക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍.
അനധികൃത കുടിയേറ്റക്കാര്‍ എന്നതിന്റെ നിര്‍വചനത്തില്‍ നിന്ന് മുസ്‌ലിംകള്‍ അല്ലാത്ത എല്ലാ മതക്കാരെയും ഒഴിവാക്കുകയാണ്.
കുടിയേറ്റത്തിന്റെ പ്രശ്‌നങ്ങള്‍ ഒരേ വിഷയത്തില്‍ ഉള്ളതാണെങ്കിലും ഇവിടെ മതത്തിന്റെ പേരില്‍ വേര്‍ തീര്‍ത്തിരിക്കുകയാണ്. എല്ലാ വ്യക്തികളും നിയമത്തിന് മുമ്പില്‍ സമമായിരിക്കും നിയമപരമായ സംരക്ഷണം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കും എന്നുമാണ് ഭരണഘടനയുടെ പ്രഖ്യാപനം. എന്നാല്‍ ഇവിടെ കുടിയേറ്റക്കാരെയും പൗരത്വ അപേക്ഷകരെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച് മുസ്‌ലിംകളെ അന്യ വല്‍ക്കരിക്കാനുള്ള ഗൂഢതന്ത്രം തീര്‍ത്തും ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്.
അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ നിയമം എന്ന ന്യായം പറയുന്നവര്‍ എന്തുകൊണ്ടാണ് മ്യാന്‍മറില്‍ നിന്ന് ജീവനുംകൊണ്ട് ഓടിപ്പോന്ന മുസ്‌ലിംകളെ കാണാതെ പോകുന്നത്. 1937 വരെ ബര്‍മ ഇന്ത്യയുടെ ഭാഗമായിരുന്നല്ലൊ.

ലോകം മുഴുവന്‍ ജൂതനെ വേട്ടയാടിയപ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കിയ ഒരേയൊരു രാജ്യമാണ് നമ്മുടെ ഇന്ത്യ. രാഷ്ട്രപിതാവായിരുന്ന മഹാത്മാ ഗാന്ധിജിയെ വെടിവെച്ച് കൊന്ന ആര്‍.എസ്.എസുകാര്‍ ഇന്നിതാ ഇന്ത്യയുടെ ഇടനെഞ്ചിലേക്ക് വെടി വെച്ചിരിക്കുന്നു. രാഷ്ട്രപിതാവിനെ കൊന്നതില്‍ അഭിമാനം കൊള്ളുന്നവര്‍ ഭാരതമാതാവിലേക്ക് കാഞ്ചി വലിച്ചിരിക്കുന്നു. മുസ്‌ലിംകള്‍ക്ക് വേണ്ടി ന്യായം പറഞ്ഞതിന്റെ പേരിലാണ് മഹാത്മജി കൊലചെയ്യപ്പെട്ടത്. പൗരത്വ ഭേദഗതി ബില്ലിലൂടെ നരേന്ദ്ര മോദിയും അമിത് ഷായും ലക്ഷ്യം വെക്കുന്നത് എന്താണെന്ന് നമ്മുടെ ഊഹങ്ങള്‍ക്കും അപ്പുറത്താണ്. സുപ്രീം കോടതിയില്‍ മുസ്‌ലിംലീഗ് ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ വര്‍ഷങ്ങള്‍ നീണ്ട ബാബരിമസ്ജിദ് വ്യവഹാരത്തിന് അവസാനം കുറിച്ചു കൊണ്ട് എല്ലാ വശങ്ങളും പരിശോധിച്ച സുപ്രീം കോടതി മുസ്‌ലിം സമുദായത്തിന്റെ എല്ലാ വാദങ്ങളും ശരിയായിരുന്നു എന്ന് കണ്ടെത്തിയെങ്കിലും അവസാനം സമുദായത്തിന് അര്‍ഹമായ നീതി ലഭിക്കാതെ പോയ സാഹചര്യവും നമ്മുടെ മുന്നിലുണ്ട്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഫാസിസ്റ്റ് വല്‍ക്കരിച്ചു കൊണ്ടിരിക്കുന്ന ഭീതിജനകമായ അന്തരീക്ഷമാണുള്ളത്. 20 കോടിയോളം വരുന്ന മുസ്‌ലിംകളെ ഇല്ലാതാക്കിയിട്ട് ഈ രാജ്യത്തിന് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടൊ?
ഫാസിസ്റ്റ് മനസ്സ് ഇല്ലാത്ത എല്ലാ മതവിഭാഗങ്ങളും മുസ്‌ലിംകളോടൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനത്തില്‍ നമുക്ക് അഭിമാനിക്കാം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇന്ത്യയിലെ മുസല്‍മാന്‍മാര്‍ക്ക് എവിടെയെല്ലാം പ്രതിസന്ധി ഉണ്ടായിട്ടുണ്ടൊ അവിടെയെല്ലാം ജനാധിപത്യ മതേതരത്വ മാര്‍ഗത്തില്‍ നിയമപരമായി അതിനെ നേരിട്ട് സംരക്ഷണം നല്‍കാന്‍ മുന്നില്‍ ഉണ്ടായിട്ടുണ്ട്. ഇതിനേക്കാള്‍ വലിയ ഭീമന്മാരും യോഗ്യന്‍മാരും വാണ കാലത്താണ് ഞാനൊരു മുസല്‍മാനാണ് എന്ന് പറയാന്‍ ആളുകള്‍ ഭയപ്പെട്ടിടത്ത് മുസ്‌ലിംലീഗ് എന്ന പേരില്‍ 1948 മാര്‍ച്ച് 10ന് ഒരു രാഷ്ട്രീയ പാര്‍ട്ടി ഇവിടെ പിറവികൊള്ളുന്നത്. രാജ്യസഭയില്‍ സഭാധ്യക്ഷന്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയെ സംസാരിക്കാന്‍ വിളിക്കുമ്പോള്‍ അസ്സലാമുഅലൈക്കും എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. നമ്മുടെ ഐഡന്റിറ്റി വെളുപ്പെടുത്തി ജീവിക്കാന്‍ തന്നെയാണ് നമ്മുടെ തീരുമാനം. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താം എന്നത് ഫാസിസ്റ്റുകളുടെ വ്യാമോഹം മാത്രമാണ്. അന്യൂമേറ്റര്‍മാര്‍ ഹിയറിങിന് വരുമ്പോള്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും മുസ്‌ലിം ലീഗ് മുന്നിലുണ്ടാകും. അതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. പൗരത്വബില്ലിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്ന് സ്വാതന്ത്രസമര കാലത്തെ പോലെ രണ്ടാം സ്വാതന്ത്രസമര പ്രക്ഷോഭം ആരംഭിക്കേണ്ട അനിവാര്യതയാണ് മുന്നിലെത്തിയിരിക്കുന്നത്. ക്യാമ്പസുകളില്‍ സമരമുഖം തീര്‍ക്കണം. ലോകത്തിന്റെ ശ്രദ്ധ അതിലേക്ക് ആകര്‍ഷിക്കണം. പക്ഷേ ഇതൊരിക്കലും രാജ്യത്തെ ഒരു കലാപ ഭൂമിയാക്കി ഛിദ്ര ശക്തികളുടെ ഇംഗിതങ്ങള്‍ എളുപ്പമാക്കുന്ന തരത്തിലേക്ക് പോവരുത്. അനുകൂല സാഹചര്യം മുതലെടുത്ത് വര്‍ഗീയ ശക്തികള്‍ നടത്താനിടയുള്ള വൈകാരിക മുതലെടുപ്പ് അനുവദിച്ചുകൂടാ. കഴിഞ്ഞ കാല സമരങ്ങളെ പോലെ ന്യൂനപക്ഷങ്ങളോടൊപ്പം രാജ്യത്തെ എല്ലാ മതേതര കക്ഷികളെയും അണിനിരത്തിക്കൊണ്ടുള്ള സമരങ്ങളാണ് ഉണ്ടാവേണ്ടത്. മറിച്ച് അമിത് ഷായുടെയും ആര്‍.എസ്.എസിന്റെയും അജണ്ടകള്‍ എളുപ്പമാക്കി കൊടുക്കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തിയും നമ്മില്‍നിന്ന് ഉണ്ടായിക്കൂടാ. അതിരൂക്ഷമായ സമരങ്ങളോടൊപ്പം അതീവ ജാഗ്രതയും ഈ വിഷയത്തില്‍ അത്യാവശ്യമാണ്. ഇന്ത്യന്‍ ഭരണഘടന ലോകം നിലനില്‍ക്കുന്നിടത്തോളം കാലം സംരക്ഷിക്കപ്പെടണം. ഭരണഘടന തകരുന്നതോടെ ഇന്ത്യ വെറും സങ്കല്‍പമായി മാറും. ഇന്ത്യ നിലനിന്ന് പോരുന്നത് മഹത്തായ മതേതരത്വവും മതനിരപേക്ഷതയും ജനാധിപത്യവും നിലനില്‍ക്കുന്നതുകൊണ്ടാണ്. അത് തകര്‍ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞതാണ് മതേതരത്വം. ജനരോഷത്തിന്റെ അഗ്‌നിയില്‍ ഇത്തരം ഫാസിസ്റ്റ് കുതന്ത്രങ്ങള്‍ നാശമടയണം. ഈ ഫാസിസ്റ്റ് കുതന്ത്രങ്ങളെ പിടിച്ചു കെട്ടിയില്ലായെങ്കില്‍ നാളെ ദലിതര്‍ക്ക് നേരെയും മറ്റു മതവിഭാഗങ്ങള്‍ക്ക് നേരെയും ഇതേ തന്ത്രങ്ങള്‍ തന്നെയായിരിക്കും ഇവര്‍ പ്രയോഗിക്കുക. ഒരു ഏകചത്രാധിപതിയായി വാഴാനുള്ള ആര്‍.എസ്.എസിന്റെ ആസൂത്രിതമായ ശ്രമങ്ങള്‍ക്കാണ് അവര്‍ കോപ്പുകൂട്ടുന്നത്.

SHARE