ചരിത്രമില്ലാത്തവരോടുള്ള സമരം ചരിത്രം കൊണ്ടുകൂടിയാവണം

ഇയാസ് മുഹമ്മദ്

വിജയത്തില്‍ കുറഞ്ഞ ഒന്നും പരിഹാരമാകാത്ത കാരണങ്ങള്‍ മുന്നില്‍ വെച്ചാണ് കാമ്പസുകളിലും തെരുവുകളിലും സമര ജ്വാലകള്‍ ഉയരുന്നത്. ഈ സമരം തോറ്റു പോയാല്‍ മതേതര, ജനാധിപത്യ ഇന്ത്യ ഇല്ലാതെയാകും. കൂട്ട പാലായനത്തിന്റെ ഇരുണ്ട ഭാവിക്കെതിരെയുള്ള ചെറുത്തുനില്‍പാണ് ഈ സമരം. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നിയമത്തിനെതിരായ ദേശവ്യാപക പ്രതിരോധം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന്് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാക്കുകള്‍ അച്ചട്ടാകുന്നതിന്് കാരണം വേറെയില്ല.
ജാമിഅ മില്ലിയയില്‍ നിന്ന്് വിദ്യാര്‍ത്ഥി പ്രക്ഷോഭം കാട്ടുതീ പോലെ പടരുകയാണ്. മര്‍ദ്ദനങ്ങള്‍ക്കും തടവറകള്‍ക്കും തടഞ്ഞുനിര്‍ത്താനാകാത്ത കൊടുങ്കാറ്റ് പോലെ കാമ്പസുകള്‍ ഭരണഘടനാ വിരുദ്ധ നിയമത്തിനെതിരെ പ്രതിരോധ മതില്‍ തീര്‍ക്കുകയാണ്. അലീഗഢും അംബേദ്കര്‍ സര്‍വകലാശാലയും ബനാറസ്് ഹിന്ദു സര്‍വകലാശാലയും കൊല്‍ക്കത്ത, മദ്രാസ് ഐ.ഐ.ടികളും മദ്രാസ് സര്‍വകലാശാലയും പട്‌ന സര്‍വകലാശാലയും ഉള്‍പ്പടെ മത-ദേശ-ഭാഷാതിര്‍ത്തികളെ തകര്‍ത്തെറിഞ്ഞ് പടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം മതേതര ഇന്ത്യയെ ഇല്ലാതാക്കാന്‍ തുനിയുന്നവര്‍ക്കുള്ള താക്കീതാണ്. അരാഷ്ട്രീയവല്‍ക്കരണത്തിന്റെ മാറാപ്പിനുള്ളില്‍ ഒതുങ്ങിപോയിട്ടില്ല ഇന്ത്യന്‍ യുവത്വമെന്നതിന്റെ തെളിവാണീ പോര്‍മുഖങ്ങള്‍. അക്ഷരവും അറിവും കൊണ്ട് അതില്ലാത്തവരുടെ വിഭാഗീയ നിയമത്തിനെതിരായ നേര്‍ക്കുനേര്‍ യുദ്ധമാണ് ഇന്ത്യന്‍ കാമ്പസുകളില്‍ ജ്വാലാപടങ്ങളുയര്‍ത്തുന്നത്.
കാമ്പസുകളില്‍ ഒടുങ്ങില്ല, ഈ സമരം. രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ ഊടുംഭാവവും ആര്‍ജ്ജിച്ച്് അലയടിച്ചുയരുന്ന ജനപഥങ്ങള്‍ അധികാര കൊട്ടകങ്ങളിലെ ഹുങ്കിനെ തകര്‍ക്കും വരെ ഈ സമരം മുന്നോട്ടു പോകേണ്ടതുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തെ കെടാതെ സൂക്ഷിക്കാനുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മ്മകള്‍ ഇല്ലാതെ പോയാല്‍ ഇന്ത്യന്‍ ഫാസിസത്തിന് കിട്ടുന്ന വഴിയെളുപ്പം മറ്റ് പാതകളെയെല്ലാം കൊട്ടിയടക്കും. ഇപ്പോള്‍ ഇന്ത്യ നേരിടുന്നത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന ഒന്നല്ല. പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നുന്നത് ഫാസിസത്തിന്റെ ചരിത്രത്തെ മറവി കൊണ്ട് മയക്കികിടത്തുന്നതു കൊണ്ട് മാത്രമാണ്. ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം വരാനിരിക്കുന്ന കാലത്തെ കൊടിയ ദുരിതങ്ങളുടെ വാതില്‍ മാത്രമാണ്. മതേതര ഇന്ത്യയെ മത ഇന്ത്യയാക്കി പരിവര്‍ത്തിപ്പിക്കാനുള്ള മുന്നൊരുക്കത്തില്‍ ആദ്യ ഇര മുസ്‌ലിംകളാകുന്നത് കൊണ്ട് മത ഇന്ത്യയില്‍ ദേശരഹിതരാകുന്നത് മുസ്‌ലിംകള്‍ മാത്രമാകില്ല. ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും അനാര്യന്മാരും ദേശത്തിന്റെ ഉള്ളില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന ഭാവിയെ ഓര്‍ത്തെടുത്തില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെയും പ്രതിരോധത്തിന്റേയും ലക്ഷ്യങ്ങള്‍ അപ്രസക്തമായി പോകും.
നമ്മുടെ മാതൃരാജ്യത്തിന്റെ പ്രശ്‌നത്തെ ന്യൂനപക്ഷങ്ങളുടെ സ്വത്വ പ്രശ്‌നമാക്കി ചുരുക്കുമ്പോള്‍ പ്രധിരോധത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. വിചാരങ്ങള്‍ക്ക് മുകളില്‍ വികാരത്തെ പ്രതിഷ്ഠിക്കുന്നവര്‍, നിര്‍ഭാഗ്യവശാല്‍ ചെയ്യുന്നത് അതാണ്. കൊടിപ്പടങ്ങളുമായി ആളെക്കൂട്ടാനുള്ള അവസരമല്ല ഇപ്പോഴുള്ളതെന്ന വീണ്ടുവിചാരമുണ്ടായില്ലെങ്കില്‍ തോറ്റടുങ്ങേണ്ട ജനതയായി ഇന്ത്യയിലെ പൗരന്മാര്‍ മാറും. രക്തം തിളക്കുന്നവര്‍ സംഘപരിവാറിന്റെ മതരാഷ്ട്രത്തിന് അടിത്തറയിട്ടു കൊടുക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തെ വിളിച്ചു പറയാതിരിക്കാനാകില്ല. യുവത്വവും മതേതര പ്രസ്ഥാനങ്ങളും നടത്തുന്ന പ്രതിരോധ സമരത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാകും രക്തം തിളക്കുന്നവരുടെ ഹര്‍ത്താല്‍ സമരങ്ങള്‍.

ഫാസിസം വന്നു കഴിഞ്ഞു
ഫാസിസം വരാനിരിക്കുന്ന ദുരന്തമല്ല. ഇന്ത്യയുടെ ഇന്നിന്റെ യാഥാര്‍ത്ഥ്യമാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഏകാധിപത്യത്തിന്റെ സ്വരം മൃദുലമായിരുന്നുവെങ്കില്‍ ഇന്ന് ഗാംഭീര്യം നേടിയിരിക്കുന്നു. ഇന്ത്യയിലെ കര്‍ഷകരും മധ്യവര്‍ഗവും പ്രക്ഷോഭങ്ങളുടെ പെരുമഴയത്ത് നനഞ്ഞൊലിച്ചിട്ടും വീണ്ടും അധികാരത്തിലെത്താന്‍ മോദിയുടെ ബി.ജെ.പിക്ക് കഴിഞ്ഞു. ഭരണപരാജയങ്ങളെ മുദ്രാവാക്യങ്ങളും പ്രചരണങ്ങളും കൊണ്ട് എതിരിട്ട് നേടിയ വിജയത്തെ ജനാധിപത്യത്തിന്റെ തുലാസില്‍ വെച്ച് ബി.ജെ.പി അളക്കുന്നില്ല. അതുകൊണ്ടാണ് മുത്തലാഖ് വിഷയത്തിലും കശ്മീര്‍ പ്രശ്‌നത്തിലും ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെ മോദി സര്‍ക്കാര്‍ നിയമ നിര്‍മാണങ്ങള്‍ നടത്തിയത്. പ്രതീക്ഷിച്ച എതിര്‍പ്പുകള്‍ പോലും ഉണ്ടായില്ലെന്നത് കടുത്ത നടപടികളിലേക്കുള്ള വേഗം കൂട്ടാന്‍ ബി.ജെ.പിക്ക് പ്രേരണയായി. നാഗ്പൂരിലെ സംഘപരിവാര്‍ കാര്യാലയത്തില്‍ നിന്ന് നിയന്ത്രിക്കുന്ന ഭരണകൂടമായി മോദി സര്‍ക്കാര്‍ പൊടുന്നനെ മാറി. മുത്തലാഖ്, കശ്മീര്‍ വിഷയങ്ങള്‍ക്ക് പിന്നാലെ ഏക സിവില്‍കോഡ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് അതുക്കും മേലെ പണി നല്‍കുവാന്‍ പ്രേരണയായത് മതേതര, ജനാധിപത്യ ചേരികളുടെ മൗനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യതത്വങ്ങളെ അസാധുവാക്കുന്നതാണ്. എന്നാല്‍ ഇവ രണ്ടും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഒരുനിലയ്ക്കും ബാധിക്കില്ലെന്ന് നിഷ്‌കളങ്കമായ പ്രചരണമാണ് ബി.ജെ.പി നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഇങ്ങനെ ‘പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഒരു പൗരനേയും ബാധിക്കില്ല. രാജ്യത്തെ മുസ്‌ലിംകളുടെ ഒരു അവകാശത്തിനും നിയമം എതിരല്ല’. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള മോദിയുടെ വിശദീകരണം ഒട്ടും നിഷ്‌കളങ്കമല്ല. ഇരുതല മൂര്‍ച്ചയുണ്ട് മോദിയുടെ സമീപകാല പ്രസ്താവനകള്‍ക്ക്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിന് മാത്രം എതിരായതല്ല. അങ്ങനെ ഭാവിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്ര ഭരണകൂടവും സംഘ്പരിവാരവും മാത്രമാണ്. ഭരണഘടനയുടെ മൂല്യങ്ങളെ തകര്‍ത്തെറിയുന്ന സംഘ്പരിവാര്‍ അജണ്ടക്കെതിരായ പ്രതിരോധമാണ് ഇന്ന് രാജ്യത്ത് അലയടിച്ചുയരുന്നത്. അര്‍ബന്‍ നക്‌സലൈറ്റുകള്‍, കോണ്‍ഗ്രസ് തുടങ്ങിയവരെ കുറ്റപ്പെടുത്തുന്നതിലൂടെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ തീക്ഷ്ണത ശമിപ്പിക്കാനാകുമോ എന്ന പരിശ്രമം മാത്രമാണ് മോദിയുടേത്.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മറയാക്കി, ഭരണഘടനയുടെ മതേതര സ്വഭാവത്തെ ചോര്‍ത്തിക്കളയുകയാണ് സംഘ്പരിവാറും കേന്ദ്രസര്‍ക്കാരും ചെയ്തത്. മതേതര പാര്‍ട്ടികള്‍ എന്ന മുഖംമൂടിയിട്ടവരും സംഘ്പരിവാറിനൊപ്പം സഹായികളായി ആട്ടം നടത്തിയത് കഥ പൂര്‍ണമായി അറിഞ്ഞിട്ടാകില്ല. രാജ്യസഭ കടക്കാന്‍ കൂട്ടുനിന്നവര്‍ ഇപ്പോള്‍ ആത്മവിമര്‍ശനത്തിന്റെ പാതയിലാണ്. ദേശീയ പൗരത്വ പട്ടികയുടെ കാര്യത്തില്‍ ബി.ജെ.പിക്കൊപ്പമുണ്ടാകില്ലെന്ന് ബിജു ജനതാദള്‍ വ്യക്തമാക്കി കഴിഞ്ഞു. വൈ.എസ്.ആര്‍ കോണ്‍ഗ്രസും എ.ഐ.ഡി.എം.കെയും ബി.ജെ.ഡിയുടെ പാതയിലേക്ക് വരുമെന്ന സൂചനയുണ്ട്. രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധങ്ങള്‍ തന്നെയാണ് മതേതര മുഖംമൂടി വീണ്ടുമണിയാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. പുതിയ നിയമത്തെ എത്രത്തോളം എതിര്‍ക്കാമോ അത്രയും എതിര്‍ക്കാം. എന്നാലും നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന അമിത് ഷായുടെ വാക്കുകള്‍ തിരുത്തപ്പെടുന്നതുവരെ പ്രതിഷേധങ്ങളുടെ അലയൊലികള്‍ അടങ്ങില്ല.

ചരിത്രത്തില്‍ ഇല്ലാത്തവര്‍
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഒരു ഏടിലും ഇല്ലാത്തവരാണ് സംഘ്പരിവാറുകാര്‍. ഒളിഞ്ഞും തെളിഞ്ഞും ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്യാന്‍ ഒരു മടിയും കാട്ടിയിട്ടില്ലാത്തവര്‍ ദേശക്കൂറിന്റെ വായ്ത്താരി കൊണ്ട് പുതിയ ചരിത്രം കുറിക്കുകയാണ്. ചരിത്രത്തിലെ ശൂന്യമായ തങ്ങളുടെ ഇടം പൂരിപ്പിക്കാന്‍ ഇന്ത്യക്കാരുടെ പൗരത്വ ചരിത്രം ചികയുമ്പോള്‍ സംഘ്പരിവാറിനോട് ഏറ്റുമുട്ടേണ്ടത് വിവേകം കൊണ്ടാകണം. മുസല്ലയിട്ട് നമസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്ന സി.എച്ച് മുഹമ്മദ് കോയയുടെ വാക്കുകളുടെ കാതല്‍ വര്‍ത്തമാനകാലത്ത് കൂടുതല്‍ പ്രസക്തമാണ്. വാക്കും പ്രവൃത്തിയും പൊരുത്തപ്പെടാത്ത സംഘ്പരിവാര്‍ ഒരുക്കുന്ന കെണിയില്‍ നിന്ന് അകലം പാലിക്കേണ്ടവരില്‍ ആദ്യസ്ഥാനക്കാര്‍ ന്യൂനപക്ഷങ്ങളാണെന്ന മുന്നറിയിപ്പാണ് അരനൂറ്റാണ്ട് മുന്നേ സി.എച്ച് നല്‍കിയത്.
കേന്ദ്ര ബി.ജെ.പി ഭരണകൂടത്തിന്റെ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പ്രബല ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ളതാണെന്ന് വ്യക്തമാണ്. എന്നാല്‍ ആത്യന്തികമായി പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികള്‍ തോളോടു തോള്‍ ചേര്‍ന്ന പ്രതിഷേധത്തിന്റ മുന്നണിയിലേക്കെത്തുന്നതും അതിനാലാണ്. മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണങ്ങളിലൂടെ ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം ലക്ഷ്യമിട്ട സംഘപരിവാരത്തിന്റെ പ്രതീക്ഷകളെ തകര്‍ക്കുന്നതാണ് രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധങ്ങള്‍. മതേതര വാദികളായ മനുഷ്യ സ്‌നേഹികള്‍ ഫാസിസ്റ്റ് സര്‍ക്കാരിന്റെ വിവേചന നിയമത്തിനെതിരായി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ ജനാധിപത്യം ശേഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ സമര വേലിയേറ്റങ്ങളില്‍ ദിനോസറുകള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല. ചരിത്രമില്ലാത്തവര്‍ ചരിത്രത്തെ പഠിക്കുന്ന കാലം വരെ നീളുന്ന സമരത്തിന്റെ തുടക്കംമാത്രമാണ് ഇപ്പോള്‍ ദൃശ്യമായിട്ടുള്ളത്.
സ്വാതന്ത്ര്യ സമരത്തിലെന്ന പോലെ സമസ്ത വിഭാഗം ജനങ്ങളും ഒരുമിച്ച് അണിനിരക്കുന്ന ആവേശകരമായ ദിനങ്ങളാണ് ജനാധിപത്യ ഇന്ത്യ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെ അണിനിരക്കുന്ന മഹാപ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ തന്നെ കേരളത്തില്‍ അക്ഷരതെറ്റുകളുണ്ടായി. ആത്മാര്‍ത്ഥതയുടെ അളവുകോല്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പടനയിക്കുമ്പോള്‍ തോല്‍ക്കാന്‍ കഴിയാത്ത സമരത്തിന്റെ പ്രാധാന്യത്തെ മറന്നു പോകരുത്. ആവേശത്തില്‍ കിണറ്റില്‍ ചാടിയവന്റെ അവസ്ഥയില്‍ അന്തംവിട്ട് നില്‍ക്കുകയല്ല, കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് മുന്നേറാനുള്ള ചുവടുവെയ്പാണ് ഇപ്പോള്‍ ആവശ്യം. ജനാധിപത്യവും മതേതരത്വവും ശേഷിക്കാത്ത ഇന്ത്യയില്‍ ദേശരഹിതരായി തീരുന്ന മനുഷ്യരാകാന്‍ വേണ്ടിയല്ല, അഭിമാനകരമായ അസ്തിത്വത്തോടെ അന്തസായി ജീവിക്കുന്ന ഇന്ത്യക്കാരനാകാനാണ് വിജയം കൊണ്ട് മാത്രം അവസാനിക്കുന്ന ഈ സമരം.

SHARE