പുകയിലക്കും വേണം ലോക്ക്ഡൗണ്‍

മുഹ്‌സിന്‍ ടി.പി.എം

ലോകാരോഗ്യ സംഘടന പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന കെടുതികളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും മെയ് 31 ന് പുകയില വിരുദ്ധ ദിനമായി ആചരിക്കുകയാണ്. പ്രതിവര്‍ഷം എട്ട് ദശലക്ഷത്തിലധികം ആളുകള്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലം മരണപ്പെടുന്നു. 1.2 ദശലക്ഷം പേര്‍ നേരിട്ട് പുകവലിക്കാത്ത സെക്കന്റ് ഹാന്‍ഡ് പുകവലിക്ക് ഇരയായി മരിക്കുന്ന ഹതഭാഗ്യരാണ്. ലോക രാജ്യങ്ങളെ ഭീതിയിലാക്കി ഒരു ദുരന്തം പോലെ കടന്നു വന്ന നോവല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവര്‍ നാല് ലക്ഷത്തില്‍ താഴെയാണ്.

ലോക രാജ്യങ്ങള്‍ കോവിഡ് മുക്തിക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജാഗ്രതയുടെ പത്ത് ശതമാനം പുകയില വിരുദ്ധ പ്രചരണങ്ങള്‍ക്കായി മാറ്റിവെച്ചാല്‍ എരിയുന്ന ലഹരിയുടെ ഉപയോഗവും വില്‍പ്പനയും നിയന്ത്രിച്ച് മരണ നിരക്കില്‍ വന്‍ കുറവ് വരുത്തുവാന്‍ സാധിക്കും. ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തില്‍ പുകയില വ്യവസായത്തിന്റെ ഉപചാപങ്ങളില്‍ നിന്ന് യുവാക്കളെ സംരക്ഷിക്കുകയും പുകയില , നിക്കോട്ടിന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് യുവാക്കളെ തടയുകയും ചെയ്യുന്നതിനുള്ള പ്രചരണമാണ് ഏറ്റെടുത്തിരിക്കുന്നത്. ഉല്‍പ്പന്ന രൂപ കല്‍പ്പന മുതല്‍ വിപണന പരസ്യങ്ങള്‍ വരേ യുവാക്കളെ ലക്ഷ്യം വെച്ചാണ് പുകയില വ്യവസായികള്‍ പയറ്റുന്നത്. പുകവലി കൂടുതല്‍ പരിക്കേല്‍പ്പിക്കുന്ന ശ്വാസ കോശത്തെ തന്നെയാണ് കൊറോണ വൈറസും ആദ്യം പിടികൂടുന്നതെന്നത് പകര്‍ച്ചാവ്യാധികളുടെ സമയത്ത് കൂടുതല്‍ ഗൗരവത്തിലെടുക്കേണ്ട സംഗതിയാണ്.

ശ്വാസകോശ രോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും പുറമേ പാന്‍ക്രിയാസ്, കിഡ്‌നി , മൂത്രാശയ അര്‍ബുദം, മസിലുകള്‍ക്ക് ബലക്ഷയം, വന്ധ്യത, തൂക്കക്കുറവ് എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. പുകയിലയിലെ കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തിലെ ഹിമോഗ്ലോബിനുമായി ചേര്‍ന്ന് ശരീരത്തിലെ ഓക്‌സിജന്‍ വിതരണ സംവിധാനത്തെ തകരാറിലാക്കുന്നത് നിരവധി അസുഖങ്ങളെ ക്ഷണിച്ചു വരുത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അമേരിക്കയില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ ട്രോള്‍ നടത്തിയ പഠനത്തില്‍ മൊത്തം കുട്ടികളുടെ പകുതിയും സെക്കന്റ് ഹാന്‍ഡ് ( നിഷ്‌ക്രിയ ധൂമപാനം) ത്തിന് ഇരയാവുന്നെന്ന് പറയുന്നു. പുകവലിക്കാത്ത സ്ത്രീകളില്‍ നിഷ്‌ക്രിയ ധൂമപാനം വഴി സ്തനാര്‍ബുദമടക്കമുള്ള മാരക രോഗങ്ങളുണ്ടാവാനുള്ള സാധ്യതകളെപ്പറ്റിയും ഡബ്ല്യു.എച്ച്.ഒ യുടെ ജേര്‍ണല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ 32 ശതമാനം പുരുഷന്മാരും 19 ശതമാനം സ്ത്രീകളും പാസ്സീവ് സ്‌മോക്കിംഗ് എന്നറിയപ്പെടുന്ന സെക്കന്റ് ഹാന്‍ഡ് സ്‌മോക്കിങ്ങിന് ഇരയാവുന്നുണ്ടെന്ന് പറയുന്നു. പുകയില ഉല്‍പ്പന്നങ്ങളില്‍ സ്റ്റാറ്റിയൂട്ടറി വാണിംഗ് നല്‍കിയും നികുതി വര്‍ദ്ധിപ്പിച്ചും ഭീകര ഗ്രാഫിക് ഡിസൈന്‍ പാക്കറ്റുകളില്‍ ആലേഖനം ചെയ്തും ഇന്ത്യയില്‍ പുകവലിക്കെതിരെ നടത്തുന്ന പ്രതിരോധങ്ങള്‍ പ്രഹസനങ്ങളാവുകയാണ്. പുകവലി ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനാവില്ലെങ്കില്‍ ലഭ്യത കുറക്കുന്നതിനുള്ള നടപടികളെങ്കിലും സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പാഠ്യപദ്ധതിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ദോഷവശങ്ങള്‍ ഉള്‍പ്പെടുത്തണം. രോഗികളായി ആശുപത്രിയിലെത്തുന്നവര്‍ക്ക് പ്രയോജനകരമായ കൗണ്‍സിലിംഗ് നല്‍കിയും ഭവിഷത്തുകളെ കുറിച്ച് കുടുംബിനികളില്‍ അവബോധം സൃഷ്ടിച്ചും കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വിദ്യാലയങ്ങള്‍ക്ക് സമീപത്ത് നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാവുന്ന ദൂരപരിധി വര്‍ദ്ധിപ്പിക്കുന്നതും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് നിരോധിച്ചും സാധ്യമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.

SHARE