ഇത് ദീപാഞ്ചലിന്റെ കൂടി ഇന്ത്യയാണ്

കെ.പി ജലീല്‍

‘നരേന്ദ്രമോദി പ്രധാനമന്ത്രിയായി രാജ്യത്തിന്റെ ഭരണമേറ്റെടുക്കുമ്പോള്‍ പിന്തുടര്‍ന്നത് ഗാന്ധിജിയുടെതന്നെ മാര്‍ഗമാണ്. ഗുജറാത്തില്‍ ഒരു സാധാരണക്കാരനായി ജനിച്ചുവളരുകയും ഉന്നതവിദ്യാഭ്യാസം നേടുകയുംചെയ്ത നരേന്ദ്രമോദിക്ക് വ്യക്തമായ ദിശാബോധവും ഉന്നതമായ ജനാധിപത്യബോധവുമുണ്ട്.’ ആരാണിത് പറഞ്ഞതെന്നതിനെക്കുറിച്ച് കുതൂഹലമാകുംമുമ്പ് ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവുംവലിയ മുസ്‌ലിംജനസമൂഹമായ ഇന്ത്യന്‍മുസ്‌ലിംകളെമാത്രം ഒഴിവാക്കിക്കൊണ്ട് പൗരത്വഭേദഗതിനിയമം പാസാക്കിയെടുത്ത നരേന്ദ്രമോദിസര്‍ക്കാരിനെതിരെ ഡിസംബര്‍ 12ന് ഗോഹട്ടിയില്‍നടന്ന പ്രതിഷേധറാലിയിലേക്ക് ഒന്നുകണ്ണോടിച്ചുവരാം. ആ മഹാറാലിയില്‍ പങ്കെടുത്തതും നേതൃത്വം നല്‍കിയതും അസമിലെ പ്രമുഖരായ എഴുത്തുകാരും കലാകാരന്മാരും നടീനടന്മാരുമായിരുന്നു. എല്ലാം സ്വേച്ഛയോടെ. പക്ഷേ ഭീതിതമായതെന്തെന്നാല്‍ ആറാലിയില്‍ പങ്കെടുത്ത, മോദി ‘ഹിന്ദു’വെന്നുവിളിക്കുന്ന പതിനേഴുകാരനായ ദീപാഞ്ചല്‍ദാസിന് തിരിച്ചുവീട്ടിലേക്ക് പോകാനായത് വന്നപോലെയായിരുന്നില്ല; തന്റെ മുഖ്യമന്ത്രി ഹര്‍ഗോവിന്ദ്‌സോനോവാളിന്റെ വെടിയുണ്ടയുടെ ചോരക്കറയുള്ള വെള്ളപുതച്ച മൃതശരീരമായായിരുന്നു. അപ്പോഴും പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന ഭൂമിമലയാളത്തില്‍ സോകാള്‍ഡ് സാംസ്‌കാരികനായകര്‍ ഭയത്തിന്റെയോ അപരവിദ്വേഷത്തിന്റെയോ മൗനകമ്പളത്തിനകത്ത് ഉറക്കംനടിച്ച് മൂടിപ്പുതച്ചുകിടക്കുകയായിരുന്നു. മോദിയുടെയും ആര്‍.എസ്.എസ്സിന്റെയും ഹിന്ദുത്വരാഷ്ട്രമെന്നാല്‍ എന്തായിരിക്കുമെന്നാണ് ദീപാഞ്ചലും ഇങ്ങ് തെക്ക് തൊട്ടടുത്തദിവസം കരുണാനിധിയുടെ പേരക്കുട്ടി ഉദയനിധിസ്റ്റാലിനും ലോകത്തോട് വിളിച്ചുപറഞ്ഞത്.
ഇനി ഇന്ത്യയുടെ മറ്റൊരു അതിര്‍ത്തിസംസ്ഥാനമായിരുന്ന ജമ്മുകശ്മീരിലേക്കൊന്ന് പോയിവരാം. ഇപ്പോള്‍ കേന്ദ്രഭരണപ്രദേശമായ ഇവിടെ ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭ ‘ആരോചിലര്‍’ ചേര്‍ന്ന് പിരിച്ചുവിട്ടിരിക്കുന്നു. 2019 ആഗസ്റ്റ് അഞ്ചിന് സംസ്ഥാനത്തിന് ഇന്ത്യന്‍ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേകാവകാശങ്ങളെല്ലാം യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദുചെയ്തു. സംസ്ഥാനത്തെ ജനപ്രതിനിധികളെയും രാഷ്ട്രീയനേതാക്കളെയും ഭരണാധികാരികളായിരുന്നവരെയുമെല്ലാം വീട്ടുതടങ്കലുകളിലേക്ക് മാറ്റി. ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞത്, ഇന്ത്യക്കാകെ ഇനി ഒരൊറ്റനിയമമേ ഉണ്ടാകാവൂ എന്നാണ്. എന്നാല്‍ നീണ്ടനാലുമാസത്തിനപ്പുറത്തേക്ക് കടക്കുമ്പോഴും ജമ്മുകശ്മീരിലെ ജനതക്ക് സൈ്വര്യമായി പുറത്തിങ്ങാനോ നേതാക്കള്‍ക്ക് ജനങ്ങളെയും അണികളെയും കാണാനോകഴിയുന്നില്ല. ഒരൊറ്റനിയമം രാജ്യത്തിന് വേണമെന്ന് പറഞ്ഞവര്‍ പൗരത്വഭേദഗതിനിയമം പാസാക്കിയെടുത്തപ്പോള്‍ രാജ്യത്തെ മണിപ്പൂരുള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളെയും പ്രത്യേകാവകാശത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തി ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ‘ഉന്നതവിദ്യാഭ്യാസം നേടിയ, ഉത്തമ ജനാധിപത്യവാദിയായ’ നരേന്ദ്രമോദിയെക്കുറിച്ച് മലയാളത്തിലെ പ്രശസ്തഎഴുത്തുകാരി പറഞ്ഞ വാക്കുകളിലേക്ക് മടങ്ങിവരാം. ജമ്മുകശ്മീരിലെ ജനതയെയും മുസ്‌ലിംകളെമാത്രം ഒഴിവാക്കിക്കൊണ്ടുള്ള പൗരത്വനിയമഭേദഗതിയെയും നോക്കി 2016 സെപ്തംബര്‍ 22ന് ”മാതൃഭൂമി’യില്‍ എഴുതിയതുപോലൊരു വാചകം മോദിക്കായി ആവര്‍ത്തിച്ചെഴുതാന്‍ ധൈര്യമുണ്ടോ ഒരിക്കല്‍കൂടി ബഹുമാന്യയായ പി. വല്‍സലക്ക്? പൗരത്വനിയമത്തിനെതിരെ സാധാരണക്കാരും തൊഴിലാളികളും ദലിതുകളും പിന്നാക്കക്കാരും കോണ്‍ഗ്രസുകാരും മുസ്‌ലിംലീഗുകാരും കമ്യൂണിസ്റ്റുകളുമെല്ലാം പ്രതിഷേധിക്കുമ്പോള്‍ എന്തുകൊണ്ട് വല്‍സലക്ക് അതിനുവേണ്ടി കോഴിക്കോട്ടെ ബി.ജെ.പി ദേശീയസമ്മേളനത്തിലേക്ക് മോദിയെ ക്ഷണിക്കാനായി ഉപയോഗിച്ച വാചകങ്ങളിലെ ഒരുവാക്കുപോലും ഉരിയാടാനാകുന്നില്ല. വല്‍സല മാത്രമല്ല, കേരളത്തിലെ ഒരൊറ്റഎഴുത്തുകാരനും പൗരത്വബില്ലിനെതിരെ കാര്യമായിപ്രതികരിച്ചതായി കാണുന്നില്ല; സച്ചിദാനന്ദനും മുകുന്ദനും എന്‍.എസ് മാധവനും പി. സുരേന്ദ്രനും ശിഹാബുദ്ദീന്‍പൊയ്ത്തുംകടവും ഒഴികെ.
2019 ഡിസംബര്‍ 10ന് ലോക്‌സഭയും11 ന് രാജ്യസഭയും പാസാക്കിയബില്ലില്‍ 12ന് രാത്രി 11.30ന് രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് ഒപ്പുവെച്ചതോടെ രാജ്യത്തെ നിയമമായിരിക്കുകയാണ് പൗരത്വഭേദഗതിനിയമം അഥവാ സി.എ.ബി-2019. നിയമംനടപ്പാക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത്, പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വന്ന ഇന്ത്യയിലെ മുസ്്‌ലിംകള്‍മാത്രം പൗരന്മാരല്ലാതാകുന്ന അവസ്ഥയാണ്. ആസാമില്‍ നടപ്പാക്കിയ ദേശീയപൗരത്വ രജിസ്റ്ററനുസരിച്ച് പൗരന്മാരല്ലാതാക്കപ്പെട്ടത് 19.6 ലക്ഷത്തിലധികം പേരായിരുന്നുവെങ്കില്‍ രാജ്യത്താകെ ഈ നിയമംനടപ്പാക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത് ആ അനുപാതംവെച്ചുനോക്കിയാല്‍ പത്തുകോടിപേരെങ്കിലും രാജ്യത്തിന് പുറത്തുപോകേണ്ടിവരും.
പുതിയനിയമപ്രകാരം മുസ്്‌ലിംകളൊഴികെയുള്ള ആറുമതവിഭാഗങ്ങള്‍ക്ക് പൗരത്വംനല്‍കുകയും മുസ്്‌ലിംകളെമാത്രം അതില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ആസാമിലെപോലെ ലക്ഷക്കണക്കിന് മുസ്്‌ലിംകളുടെ പുറത്താകലാണ്. ആസാമില്‍ 13 ലക്ഷത്തോളം ഹിന്ദുക്കളാണ് പൗരത്വപട്ടികയില്‍നിന്ന് പുറത്തായിരിക്കുന്നത്. അവര്‍ക്ക് പുതിയനിയമപ്രകാരം രാജ്യത്ത് തുടരാനാകുമെങ്കില്‍ മുസ്്‌ലിംകള്‍ക്ക് അതിന് കഴിയില്ല. അവര്‍ക്ക് അയല്‍രാജ്യങ്ങള്‍ ഇടംകൊടുക്കാതെ വരികയുംചെയ്യുമ്പോള്‍ സംഭവിക്കുന്നത് അവരുടെ എക്കാലത്തെയും ജയില്‍വാസമായിരിക്കും. രാജ്യത്തെ അത്തരം കോടിക്കണക്കിന് ആളുകളെ ജയിലിലിടാന്‍ മാത്രം മോദിഭരണകൂടം തയ്യാറായേക്കുമോ എന്ന സംശയം ഉണ്ടാകാമെങ്കിലും മുസ്്‌ലിംകളെ അവമതിച്ചും രണ്ടാംതരക്കാരാക്കിയും രാജ്യം വാഴാമെന്ന ചിന്താഗതിയാണ് മോദിക്കും കൂട്ടര്‍ക്കുമുള്ളത്. ഇന്ത്യയുടെ മഹത്തരമായ മതേതരപൈതൃകത്തെ തകര്‍ക്കാനും ഹിന്ദുത്വഭരണവ്യവസ്ഥ സ്ഥാപിക്കാനുമാണ് മോദിയും കൂട്ടരും പരിശ്രമിക്കുന്നതെന്ന് മനസ്സിലാകാന്‍ കശ്മീരിലെയും മറ്റും ഉദാഹരണം മതി. മുസ്്‌ലിംകളുടെ മുത്തലാഖ്‌വിഷയം മുതലാക്കി രാജ്യത്ത് അതിനെതിരെ നിയമംനടപ്പാക്കിയ മോദിയുടെയും അമിത്ഷായുടെയും നയം ജനാധിപത്യപരമാണെന്ന് പറയാന്‍ ഒരുസാഹിത്യകാരിക്ക് കഴിഞ്ഞുവെന്നതിലാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍പൗരസമൂഹമാകെ ഭയപ്പെടേണ്ടത്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടത്തിയ നാസികൂട്ടക്കൊലയുടെ അനുസ്പന്ദനമാണിവിടെയും ഉയരുന്നത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞതുപോലെ ഹനുമാന്മാരുടെ ഭരണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. മഹാത്മാഗാന്ധിയുടെ പേരക്കുട്ടി രാജ്‌മോഹന്‍ഗാന്ധി പറയുന്നതും മറ്റൊന്നല്ല, തീര്‍ച്ചയായും അത് പി.വല്‍സലയുടെ ഭാഷയല്ല. ഒരു കാര്യംകൊണ്ട് സമാധാനിക്കാം. ഇപ്പോള്‍ ഇവര്‍ മോദിയെ പുകഴ്ത്തിസംസാരിക്കുന്നില്ലെന്നതുകൊണ്ട്.
എന്താണ് യഥാര്‍ത്ഥത്തില്‍ മുസ്്‌ലിംകളോടുള്ള ബി.ജെ.പി വിരുദ്ധതക്ക് കാരണം? ആ ചോദ്യംചെന്നുചേരുന്നത് പതിറ്റാണ്ടുകള്‍പിന്നോട്ടാണ്. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡഗേവാറും വി.ഡി സവര്‍ക്കറും ഗോള്‍വാള്‍ക്കറും പറഞ്ഞ അതേനയവും ന്യായവുമാണ് മുസ്്‌ലിംകളെ രാജ്യത്തുനിന്ന് ഒഴിവാക്കുന്നതിന് മോദിയും കൂട്ടരും ഇപ്പോള്‍പറയുന്നത്. കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് റാംമാധവ് പറഞ്ഞതും പൗരത്വനിയമത്തിന് രാജ്യവിഭജനവുമായി ബന്ധമുണ്ടെന്നാണ് (ദ്ഹിന്ദു 12122019). ഈ റാമിന്റെ വാക്കുകള്‍ക്ക്് ഇന്ത്യയിലെ ആദ്യഭീകരവാദിയായ മറ്റൊരു റാമിന്റേതുമായി സാദൃശ്യമുണ്ടാകുന്നത് സ്വാഭാവികം. ഹിന്ദുമഹാസഭാനേതാവ് നാഥുറാംഗോഡ്‌സെയുടെയും കൂട്ടാളിയായിരുന്ന നാരായണ്‍ആപ്‌തെയുടെയും വിഷചിന്തയിലാണ് ഇന്ത്യയുടെ എക്കാലത്തെയും മഹാത്മാവിന് വെടിയുണ്ടകളേറ്റ് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരികളിലൊന്നില്‍ സ്വജീവന്‍ വെടിയേണ്ടിവന്നത്. ഇന്ത്യയെ വെട്ടിമുറിക്കരുതെന്നും മുസ്്‌ലിംകളെ മറ്റുള്ളവരെപോലെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണമെന്നും വാദിച്ചുവാദിച്ച് ഹതാശനായി അഹോരാത്രം പോരാടിയതിനായിരുന്നു ഹിന്ദുഅഭിമാനികൂടിയായ ഗാന്ധിജിയെ തീവ്രവര്‍ഗീയവാദിയായ ഗോഡ്‌സെ കൊലപ്പെടുത്തിയത്. ആ തലമുറയുടെ പുതുപിന്‍മുറക്കാരാണ് ഗോഹട്ടിയിലെ ദീപാഞ്ചലും ചെന്നൈയിലെ ഉദയനിധിയും. വിചാരണക്കിടയിലും തന്റെചെയ്തിയില്‍ ഉറച്ചുനില്‍ക്കുകയും അതിലഭിമാനിക്കുകയും ചെയ്യുന്നതായി ഗോഡ്‌സെ പറഞ്ഞത് ഇന്നും രേഖകളിലുണ്ട്.
മുസ്‌ലിംകളെ ശത്രുവായി കാണണമെന്ന് പഠിപ്പിക്കുന്നതും അതിനായി പ്രചാരവേലനടത്തുന്നതും രാജ്യത്താകെ വെറുപ്പിന്റെ രാഷ്ട്രീയംകളിക്കുന്നതുമൊക്കെ കേവലം ഹിന്ദുത്വത്തിനുവേണ്ടി മാത്രമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ആത്യന്തികമായി ഇവരുടെലക്ഷ്യം അധികാരം പിടിച്ചെടുക്കല്‍മാത്രമാണ്. മുസ്്‌ലിംവംശങ്ങളും അവരുടെ അധികാരങ്ങളുമെല്ലാം ഇന്ത്യയുടെ പുരോഗതിക്ക് ഏറെഗുണം ചെയ്തിട്ടുണ്ടെന്നത് ആര്‍.എസ്.എസ്സിന് മറക്കാനായാലും ചരിത്രത്തിന് കാണാതിരിക്കാനാകില്ല. ഗോറി മുതല്‍ ലോധിയും സയ്യിദുമാരും മുഗളന്മാര്‍വരെയും ഇന്ത്യക്ക് മതേതരത്വത്തിലധിഷ്ഠിതമായ മെച്ചപ്പെട്ട ഭരണസംവിധാനംമാത്രമേ സംഭാവനചെയ്തിട്ടുള്ളൂവെന്നറിയാന്‍ ചരിത്രംപഠിക്കണം. ‘ദീന്‍ ഇലാഹി’ എന്ന മതമുണ്ടാക്കിയ, അക്ബര്‍നാമ രചിച്ച മുഗള്‍ചക്രവര്‍ത്തിയാണോ നിങ്ങള്‍പറയുന്ന മതമൗലികവാദി? അങ്ങ് വടക്ക് മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും ഹസ്രത്‌മൊഹാനിയും മുതല്‍ മൗലാനാ ആസാദ് വരെയുള്ളവരും ഇങ്ങ് തെക്ക് ഖാഇദേമില്ലത്ത് മുഹമ്മദ്ഇസ്്മായില്‍സാഹിബും സീതിസാഹിബും ബി. പോക്കര്‍സാഹിബും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് വരെയുള്ളവരുമെല്ലാം നടത്തിയത് ധീരമായ രാഷ്ട്രസ്വാതന്ത്ര്യപോരാട്ടമായിരുന്നുവെന്നറിയാന്‍ മോദിക്ക് കഴിഞ്ഞില്ലെങ്കിലും രാജ്യത്തെ സാധാരണക്കാര്‍ക്ക് മനസ്സുവെച്ചാല്‍ എളുപ്പത്തില്‍കഴിയും. 2019ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാക്കിസ്താനിലെ ബാലക്കോട്ടിലേക്ക് മേഘവിടവിലൂടെ മിസൈല്‍അയക്കാന്‍ പട്ടാളമേധാവികളോട് ഉപദേശിച്ചെന്ന് പൊട്ടത്തരംപറഞ്ഞ പ്രധാനമന്ത്രിയുടെയും രാജ്യത്തെ ജനതയെ കൊടിയബുദ്ധിമുട്ടിലെത്തിച്ച സാമ്പത്തികപരിഷ്‌കാരനടപടികളുടെ വക്താവിന്റെയും പാണ്ഡിത്യം 130 കോടി ജനതയപ്പാടെ അംഗീകരിച്ചുകൊടുക്കുമെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് നിര്‍ഭാഗ്യവശാല്‍ മോദിയുംകൂട്ടരും. ശുദ്ധമായ ഫാസിസമല്ലാതെ ഇത് മറ്റൊന്നുമല്ല. ഹിറ്റ്‌ലറുടെ ജൂതവിരോധംപോലും അധികാരത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു. 1930കളില്‍ ഹിറ്റ്‌ലറെ കാണാനായി ജര്‍മനിയില്‍ചെന്ന ആര്‍.എസ്.എസ്‌നേതാവ് മൂന്‍ജെയുടെ ലക്ഷ്യമാണ് ഇന്ന് നാഗ്പൂരില്‍നിന്ന് പാര്‍ലമെന്റുവഴി ദോശചുടുംപോലെ ചുട്ടെടുത്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തും അതിന് ഏഴുപതിറ്റാണ്ടിനുശേഷവും നടപ്പാക്കാനാകാത്തതും ഇന്ത്യന്‍ജനത തിരസ്‌കരിച്ചതുമായ ഫാസിസത്തെയാണ് മോദിയും കൂട്ടരും ഇപ്പോള്‍ വാരിപ്പുണരുന്നത്. 20കോടിയിലധികം ഇന്ത്യന്‍ മുസ്്‌ലിംകളില്‍നിന്ന് ലോകതീവ്രവാദത്തിലേക്ക് ഇതുവരെയായിട്ടും തികച്ച്അമ്പതുപേരെപോലും കിട്ടിയിട്ടില്ല. കുറച്ചുകാലത്തേക്ക് എല്ലാവരെയും, കുറച്ചുപേരെ എല്ലാകാലത്തേക്കും പറ്റിക്കാമെന്ന് മാത്രമേ ഇതിനെകുറിച്ച് പറയാനാകൂ. ലോകം കീഴടക്കാന്‍മോഹിച്ച ചക്രവര്‍ത്തി അലക്‌സാണ്ടറുടെയും ഫ്രാന്‍സിലെ നെപ്പോളിയന്റെയും ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെയും ജര്‍മന്‍ നേതാവായിരുന്ന അഡോള്‍ഫ്ഹിറ്റ്‌ലറുടെയും അന്ത്യങ്ങള്‍ എവ്വിധമായിരുന്നുവെന്നെങ്കിലും ഈ ഭരണാധികാരികള്‍ ഒരാവര്‍ത്തി തങ്ങളുടെ ഉപദേശകരോടെങ്കിലുമൊന്ന് ചോദിച്ചറിയണം.
അവിടെതീരും അടങ്ങാത്ത അധികാരക്കൊതിയും മുസ്്‌ലിംവിരുദ്ധതയുടെ വംശീയവെറിയുമെല്ലാം. നാലായിരം കൊല്ലംമുമ്പ് സിന്ധുനദീതീരത്തുനിന്ന് അടിച്ചോടിച്ചുവിടപ്പെട്ട ദ്രാവിഡവംശജരുടെ ഭാഗമായ മുഹമ്മദ് ഇസ്്മാഈല്‍സാഹിബിന്റെയും തന്തൈ പെരിയാറിന്റെയും പിന്മുറക്കാരനാണ് ചെന്നൈയില്‍ പൗരത്വനിയമപ്രതിഷേധത്തിനിടെ വെള്ളിയാഴ്ച അറസ്റ്റുവരിച്ച ദ്രാവിഡനേതാവ് മുത്തുവേല്‍ കരുണാനിധിയുടെ പ്രിയപൗത്രന്‍ ഉദയനിധിസ്റ്റാലിനെന്ന് ഹിന്ദുത്വത്തിന്റെ നവീന ആ(ചാ)ര്യന്മാര്‍ മറക്കരുത്. നിങ്ങള്‍ മനക്കോട്ടകെട്ടുന്ന ഹിന്ദുരാഷ്ട്രം ഇന്നത്തെ ഇന്ത്യയുടേതായിരിക്കില്ലെന്നാണ് രാജ്യത്തെ അഞ്ഞൂറിലധികം പട്ടികജാതിസമുദായങ്ങളും അതത്രത്തോളം ജാതിഉപജാതികളും ആയിരത്തോളം ഭാഷകളും ഓരോകുടുംബത്തിനുപോലുമുള്ള ഉപസംസ്‌കാരങ്ങളും നിങ്ങളോടുതന്നെ വിളിച്ചുപറയുന്നത് !

SHARE