കോടിയേരിയും സി.പി.എമ്മും അജണ്ടകളാകുമ്പോള്‍


അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്


കഴിഞ്ഞ ആഴ്ചയില്‍ മാധ്യമങ്ങള്‍ കേരളത്തില്‍ സി.പി.എം വാര്‍ത്തകള്‍കൊണ്ട് ആറാട്ടുനടത്തുകയായിരുന്നു. പാര്‍ട്ടിക്ക് ആക്ടിംഗ് സെക്രട്ടറിയെ നിയോഗിച്ചും സി.പി.എം മന്ത്രിമാരെ യഥേഷ്ടം അഴിച്ചുപണിതും. വ്യാഴാഴ്ച വൈകിട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഒറ്റവരി നിഷേധക്കുറിപ്പ് ആകാശം നിറച്ച വര്‍ണ്ണബലൂണുകളുടെയെല്ലാം കാറ്റുപോക്കി.’ചികിത്സയ്ക്കുവേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധി അപേക്ഷ നല്‍കിയെന്നും പുതിയ താല്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്’ – എന്നാണ് നിഷേധക്കുറിപ്പ്.സി.പി.എം മന്ത്രിമാരുടെയോ മന്ത്രിസഭയുടെതന്നെയോ അഴിച്ചുപണിയുണ്ടാകുമെന്ന വാര്‍ത്ത സി.പി.എം നിഷേധിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി അവധിക്ക് അപേക്ഷ നല്‍കിയെന്നും പകരം ‘പുതിയൊരു’ ആക്ടിംഗ് സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ പോകുന്നു എന്നതുമാണ് നിഷേധിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ അവസാനം അമേരിക്കയില്‍ ഹൂസ്റ്റണിലെ ആശുപത്രിയില്‍ പോയതുമുതല്‍ നവംബര്‍ മൂന്നാംവാരം തിരുവനന്തപുരത്ത് തിരിച്ചെത്തിയതുവരെ കോടിയേരി ചികിത്സയിലാണ്, അതിനു ശേഷവും. അതിന് സി.പി.എമ്മിലെ ചട്ടവട്ടങ്ങളനുസരിച്ച് അപേക്ഷ കൊടുക്കേണ്ടതോ അനുവദിക്കേണ്ടതോ ഇല്ല. ഹൂസ്റ്റണിലെ ക്യാന്‍സര്‍ സെന്ററില്‍ പരിശോധനയ്ക്കു പോയി മടങ്ങിയെത്തിയതുവരെയുള്ള ഒരു മാസക്കാലം സംസ്ഥാനത്തെ മുഖ്യ വാര്‍ത്താ ചാനലുകളും അച്ചടിമാധ്യമങ്ങളും വിവരമറിഞ്ഞിട്ടും വാര്‍ത്തയാക്കിയിരുന്നില്ല. എ.ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധിയെയും മുഖ്യമന്ത്രി പിണറായി വിജയനെതന്നെയും ഹൂസ്റ്റണിലെ ഇതേ ആശുപത്രിയില്‍ മുമ്പ് പ്രവേശിപ്പിച്ചപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചാകാം. എന്നാല്‍ വി.പി സിംഗ് തൊണ്ണൂറുകളില്‍ അമേരിക്കയില്‍ ബോണ്‍ മാരോ ക്യാന്‍സറിനും വൃക്കരോഗത്തിനും ചികിത്സിച്ചപ്പോള്‍ അദ്ദേഹം അതു പരസ്യ വാര്‍ത്തയാക്കിയിരുന്നുവെന്നതു മറ്റൊരു കാര്യം.
കഴിഞ്ഞ നവംബര്‍ 21ന് കോടിയേരിയും ഭാര്യയും തിരിച്ചെത്തിയശേഷവും പഴയ നിലപാട് മാധ്യമങ്ങള്‍ തുടരുകയായിരുന്നു. എന്നാല്‍ ഡിസംബര്‍ 4 ബുധനാഴ്ച രാത്രിയാണ് ഒരു പ്രമുഖ മലയാളം ചാനല്‍ ഈ വാര്‍ത്ത ബ്രേക്ക്‌ചെയ്തത്. സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരിയെ നീക്കാന്‍ പോകുന്നുവെന്ന്. മറ്റു മാധ്യമങ്ങളും നിമിഷങ്ങള്‍ക്കകം സി.പി.എമ്മിന് ആക്ടിംഗ് സെക്രട്ടറി വരുന്നു എന്ന നിലയില്‍ അതേറ്റെടുത്തു. വാര്‍ത്താ ചാനലുകളില്‍ രൂപപ്പെട്ട ഈ രാഷ്ട്രീയ ന്യൂനമര്‍ദ്ദം തലസ്ഥാന നഗരിയിലെ പത്രബ്യൂറോകളിലൂടെ പിറ്റേന്നത്തെ പ്രഭാതപത്രങ്ങളില്‍ വാര്‍ത്താ പെരുമഴയായി തുടര്‍ന്നു. ചാനലുകളുടെ വാര്‍ത്താ കുത്തൊഴുക്കില്‍പെട്ട് അച്ചടി മാധ്യമങ്ങളും കഥയറിയാതെ നിലനില്പിനുവേണ്ടി ഒഴുകിയെന്നാണ് സ്വകാര്യ സംഭാഷണത്തില്‍ പല ലേഖക സുഹൃത്തുക്കളും വെളിപ്പെടുത്തുന്നത്. ഈ വാര്‍ത്തകള്‍ സി.പി.എം സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണനെ നീക്കി പകരം ആക്ടിംഗ് സെക്രട്ടറിമാരായി കുറേപ്പേരെ അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലക്കാരനും കേന്ദ്രകമ്മറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രി ഇ.പി ജയരാജന്‍, നിയമമന്ത്രി എ.കെ ബാലന്‍, എളമരം കരിം, എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തുടങ്ങിയവരെ. പോരാഞ്ഞ് ഡല്‍ഹിയില്‍നിന്ന് പി.ബി അംഗമായ 80 കഴിഞ്ഞ എസ് രാമചന്ദ്രന്‍പിള്ള, എം.എ ബേബി എന്നിവരെയും. ഒരു പ്രമുഖപത്രം ഇവരുടെ ചിത്രം നല്‍കി പുതിയ സെക്രട്ടറി മന്ത്രിസഭയില്‍നിന്നാണെന്നും കോടിയേരി അവധിയില്‍ പോകുകയാണെന്നും ലീഡ് വാര്‍ത്തയാക്കി. ഇതിനു തൊട്ടുമുമ്പുതന്നെ മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മന്ത്രിമാരുടെ അഴിച്ചുപണി എന്ന വാര്‍ത്ത ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുന്നു എന്നതടക്കം. ഇതൊരു വാര്‍ത്താ സുനാമിയാക്കി വന്നുപെയ്തത് മുഖ്യമന്ത്രി പിണറായിയും മന്ത്രി ഇ.പി ജയരാജനും ഭാര്യാസമേതരായി ഉദ്യോഗസ്ഥ പ്രമുഖര്‍ക്കൊപ്പം വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന ദിവസംനോക്കിയാണ്. സി.പി.എമ്മില്‍ വിഭാഗീയത ‘അവസാനിച്ച’തുകൊണ്ടും വാര്‍ത്താ സിന്‍ഡിക്കേറ്റ് ‘ചരമമടഞ്ഞ’തുകൊണ്ടും ഈ സിന്‍ഡിക്കേറ്റു വാര്‍ത്ത ഈ പ്രത്യേകദിവസം പൊതു നിയന്ത്രണങ്ങളുടെ അണക്കെട്ടുകള്‍ തുറന്നുവിട്ട് കേരളത്തിലൊരു സി.പി.എം പ്രളയമുണ്ടാക്കിയത് എങ്ങനെയെന്ന് ആര്‍ക്കും പറയാനാകുന്നില്ല.കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാനും മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താനുമുള്ള ഗൂഢ പദ്ധതിക്കു പിറകില്‍ ആരൊക്കെയായാലും അതിനു നിമിത്തമായത് സി.പി.എം നേതൃത്വത്തിലുള്ളവരുടെ പ്രായപരിധി 75 വയസായി നിശ്ചയിക്കണമെന്ന കേന്ദ്രകമ്മറ്റി നിര്‍ദ്ദേശമാണ്. ഈ മാസം തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാനകമ്മറ്റി ഈ വിഷയം ചര്‍ച്ചചെയ്യാനിരിക്കുന്നു. സെക്രട്ടേറിയറ്റില്‍നിന്നും സംസ്ഥാന കമ്മറ്റിയില്‍നിന്നും പ്രായപരിധി പിന്നിട്ട കുറേ നേതാക്കള്‍ അടുത്ത സമ്മേളനത്തോടെ ഒഴിയേണ്ടിവരും. ഇതിന്റെ ഭാഗമായി സി.പി.എമ്മിന്റെ സംഘടനാ ഘടനയിലും നേതൃത്വത്തിലും അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ ഉദാരവത്ക്കരണത്തിന്റെയും സ്വകാര്യ വത്ക്കരണത്തിന്റെയും പുറത്തുനിന്നുള്ള ശക്തികള്‍ തീവ്രശ്രമത്തിലാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും കേരള സി.പി.എമ്മിന്റെ കാര്യത്തില്‍ അതിലേറെ താല്പര്യം മോദി ഗവണ്മെന്റിനും ആര്‍.എസ്.എസിനുമുണ്ട്.
ഇ.എം.എസ് മരണപ്പെടുന്നതിന് തൊട്ടുമുമ്പായി സി.പി.എമ്മിന് ഒരു അപകട മുന്നറിയിപ്പ് പരസ്യമായിത്തന്നെ നല്‍കിയിരുന്നു. ബംഗാള്‍, കേരളം ത്രിപുര പാര്‍ട്ടികളെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കു നിരക്കാത്ത പാര്‍ലമെന്ററിസത്തിന്റെ – അധികാരത്തിനും പദവിക്കുമുള്ള നേതാക്കളുടെ ലഹരി പിടികൂടിയിരിക്കയാണെന്ന്. അതിന്റെ തുടര്‍ച്ചയില്‍ ബംഗാളും ത്രിപുരയും അധികാരത്തിന്റെ പരിധിക്കു പുറത്തായി. ശേഷിക്കുന്ന കേരളത്തിലെ ഭരണത്തിലുള്ള നേതാക്കളുടെ പാര്‍ലമെന്ററിസത്തിന്റെ വികൃത മുഖമാണ് മാധ്യമ വാര്‍ത്തകളിലൂടെ കഴിഞ്ഞദിവസം കണ്ടത്.ഇതിന് രണ്ട് ഉദ്ദേശ്യമുണ്ട്. ഒന്ന്, കമ്മ്യൂണിസ്റ്റു വിരുദ്ധ താല്പര്യക്കാരുടെ ലക്ഷ്യത്തിലേക്ക് സി.പി.എമ്മിനെ കൂടുതല്‍ അടുപ്പിക്കുക. രണ്ട്, മുഖ്യമന്ത്രി പിണറായിക്കും സര്‍ക്കാറിനുമെതിരായി പാര്‍ട്ടിക്കത്ത് പുകഞ്ഞുനില്‍ക്കുന്ന രോഷവും വിമര്‍ശവും തണുപ്പിക്കുക. അതിന് പലരിലും അധികാരത്തിന്റെ വ്യാമോഹമുയര്‍ത്തി നിര്‍ണ്ണായക പാര്‍ട്ടി ചര്‍ച്ചകളില്‍ വിമര്‍ശനം ഉയരുന്നതു തടയുക. അതിനുവേണ്ടിയുള്ള ആസൂത്രിത അജണ്ടയാണ് ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും അത്യസാധാരണമായി ആരോ അടിച്ചേല്‍പ്പിച്ചത്. അതില്‍ സെക്രട്ടറിയെ മാറ്റാനുള്ള നീക്കം ഇപ്പോള്‍തന്നെ ലക്ഷ്യംകാണാതെ പോയെങ്കിലും. വിശ്രമത്തിലായിരുന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ വാര്‍ത്താ തിരയടിയില്‍ അസ്വസ്ഥനായി കഴിഞ്ഞ വ്യാഴാഴ്ച കാലത്തു പതിനൊന്നു മണിയോടെ എ.കെ.ജി സെന്ററില്‍ചെന്ന് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റിന്റെ ഒറ്റവാചക നിഷേധക്കുറിപ്പ് ഇറങ്ങിയത്.സെക്രട്ടറി രോഗബാധിതനായാല്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന പതിവ് ഇതുവരെ സി.പി.എമ്മില്‍ ഇല്ല, ആക്ടിംഗ് സെക്രട്ടറിയെയും. 98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ അരോഗദൃഢഗാത്രരായ പല സംസ്ഥാനകമ്മറ്റി അംഗങ്ങളെയും ആരോഗ്യകാരണം പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ ക്യാന്‍സര്‍ രോഗബാധിതനാണെന്ന് നേതൃത്വത്തിനു നന്നായറിയുന്ന ചടയന്‍ ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. എട്ടുമാസത്തിനകം ചടയന്‍ മരണപ്പെട്ടു. തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ തെരഞ്ഞെടുത്തത്. മുതിര്‍ന്ന പി.ബി അംഗമായ ബി.ടി.ആറും ഇതുപോലെ രോഗബാധിതനായപ്പോഴും അദ്ദേഹത്തെ പാര്‍ട്ടി പദവിയില്‍നിന്ന് നീക്കി പകരം വേറൊരാള്‍ ആ സ്ഥാനത്ത് കയറിയിരുന്നില്ല. മാനുഷികവും വൈകാരികവുമായ, മനോവീര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചുപോന്നത്. സെക്രട്ടറി പദത്തിലിരുന്ന് ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെന്നു പറഞ്ഞ് സ്വയം മാറിനിന്ന ഇ.എം.എസിന്റേത് വേറിട്ടൊരു മാതൃകയാണ്.
വിദഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചെത്തിയ കോടിയേരി ബാലകൃഷ്ണന്‍ ബന്ധപ്പെട്ടവരോട് തന്റെ നിലയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ‘വലുതായ പ്രശ്‌നങ്ങളൊന്നുമില്ല. മുന്‍കരുതലെന്ന നിലയില്‍ അണുബാധ ഉണ്ടാകാതെ കുറച്ചുനാള്‍ ശ്രദ്ധിക്കണമെന്നുമാത്രം.’ കോടിയേരി ഇല്ലാതിരുന്ന ഒരു മാസക്കാലം സെക്രട്ടറിക്കു പകരം ഇടപെട്ടിരുന്ന ഒരാള്‍ ഉണ്ടായിരുന്നു എന്ന് ‘പുതിയ ആക്ടിംഗ് സെക്രട്ടറി വേണ്ട’ എന്ന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പറയുന്നു. ആ സംവിധാനം തന്റെകൂടി സാന്നിധ്യത്തില്‍ ശക്തിപ്പെടുത്താമെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്. തിരുവനന്തപുരത്തും അമേരിക്കയിലും ചികിത്സ തുടരുന്നതോടൊപ്പം.സെക്രട്ടറിയെ മാറ്റണമെന്ന നിര്‍ദ്ദേശം കടലിനക്കരെനിന്ന് വന്നതാണോ? അതോ വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തുന്ന നേതൃസംഘത്തെ സ്വീകരിക്കാന്‍ ഇവിടെ ഒരുക്കിയതാണോ? ഏതായാലും തല്ക്കാലം കോടിയേരിയുടെ നിലപാടിനെതിരെ ഒരു പാര്‍ട്ടിത്തീരുമാനമായി അങ്ങനെ വരാനുള്ള സാധ്യത ഇല്ലതന്നെ. അപ്പോള്‍ മന്ത്രിസഭയുടെ പ്രതിച്ഛായ മാറ്റിയെടുക്കുന്ന അഴിച്ചുപണിയോ?ഇതുവരെ പറഞ്ഞുപോന്നത് മന്ത്രിസഭയുടെ പ്രതിച്ഛായ ഉച്ചസൂര്യനെപ്പോലെ ജ്വലിച്ചുയര്‍ന്നു നില്ക്കുന്നു എന്നാണ്. ഗവര്‍ണര്‍, ഹൈക്കോടതി തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങള്‍ മുതല്‍ സാധാരണക്കാര്‍വരെ ഈ ഗവണ്മെന്റിലുള്ള വിശ്വാസം തകര്‍ന്നെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും. ഇടതുപക്ഷ ഗവണ്മെന്റിന്റെ പാതവിട്ട് തീര്‍ത്തും മുതലാളിത്ത – വലതുപക്ഷ പാതയിലൂടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന വിമര്‍ശം അടിസ്ഥാനപരമായി ഉയര്‍ത്തുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.ഐയുമാണ്. പൊലീസിന്റെ മാവോയിസ്റ്റ് കൊലപാതകങ്ങളും യു.എ.പി.എ കരുതല്‍ തടങ്കല്‍ നടപ്പാക്കുന്നതും സര്‍ക്കാര്‍ നയമാണെന്ന് ലേഖനമെഴുതി സ്ഥാപിക്കാന്‍ തന്റേടം കാട്ടിയ ചീഫ് സെക്രട്ടറി ടോം ജോസിനെ പരസ്യ വിചാരണ ചെയ്യുന്നതും കാനമാണ്. വിദേശത്തുനിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി കേന്ദ്രനേതാക്കളുടെയും കാനത്തിന്റെയും നയങ്ങള്‍ തള്ളി ചീഫ് സെക്രട്ടറിയുടെയും പൊലീസിന്റെയും നയം തന്റേയും സര്‍ക്കാറിന്റെയും നയമാണെന്നാണ് പ്രഖ്യാപിച്ചത്. കേന്ദ്രത്തിലെ മോദി – അമിത് ഷാ ഭരണ കൂട്ടുകെട്ടിന്റെ കോര്‍പ്പറേറ്റ് വികസന പൊലീസ് നയമാണ് കേരളം തുടരുന്നത്. സി.പി.എമ്മിലെയും ഇടതുമുന്നണിയിലെയും ഈ വൈരുദ്ധ്യത്തിന്റെ അടിസ്ഥാന വിഷയം അതാണെന്ന് കൂടുതല്‍ പ്രകടമായി വരികയാണ്.
പാര്‍ട്ടിയിലും ജനങ്ങളിലും സര്‍ക്കാര്‍നയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആപത്ശങ്കയുടെ മുഴക്കമാണ് ഒടുവില്‍ അപ്രതീക്ഷിത കോണില്‍നിന്നുപോലും പുറത്തുവന്നത്. മൂന്നുതവണ മുഖ്യമന്ത്രിയായ നായനാരുടെ ജന്മശതാബ്ദിവേളയില്‍ ഭാര്യ ശാരദടീച്ചര്‍ നായനാരെ ഓര്‍ത്തെടുത്ത അഭിമുഖം, പിണറായി സര്‍ക്കാറിനെതിരെ പറയാതെ പറഞ്ഞ് തൊടുത്തുവിട്ട വിമര്‍ശനശരങ്ങളായി മാറി. മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും ഭാര്യമാര്‍ക്കൊപ്പമുള്ള വിദേശ ടൂറിന്റെയും വന്‍ വികസന പദ്ധതി ലക്ഷ്യങ്ങളുടെയും മറ്റും മര്‍മ്മത്താണ് അതുചെന്നു തറയ്ക്കുന്നത് . നായനാര്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഭരണനേതൃത്വത്തില്‍ ചെയ്തുകൂട്ടുന്ന പലതും തെറ്റാണെന്ന് അദ്ദേഹം പറയുമായിരുന്നെന്നും ഒരു മാതൃകാ സഖാവിന്റെ ജീവിത പങ്കാളിയായിരുന്ന ആ വീട്ടമ്മ പറയുന്നു.

SHARE