പിന്നോക്കക്കാരും ദളിതരും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരല്ലേ


ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സമരം അടിച്ചമര്‍ത്തലുകളേയും പോലീസ് നരനായാട്ടിനേയും അതിജീവിച്ച് തുടരുകയാണ്. പിന്നോക്കക്കാരും ദളിതരും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരല്ലേ എന്ന വലിയ ഒരു ചോദ്യം കൂടി ഈ സമരം ഉയര്‍ത്തുന്നുണ്ട്. സര്‍വ്വകലാശാലകളിലെ ഫാഷിസ്റ്റ് കടന്നുകയറ്റത്തിനെതിരെ പ്രതിരോധ വലയം തീര്‍ക്കാന്‍ നേതൃത്വം നല്‍കിയതിന് ഒരു യുവാവിനെതിരെ കള്ളക്കേസുണ്ടാക്കി രാജ്യദ്രോഹ കുറ്റം തന്നെ ചുമത്തി ജയിലിലടച്ച അന്നു മുതല്‍ തുടങ്ങിയതാണ് ജെ.എന്‍.യു.വിനെതിരെയുള്ള സംഘ വിളയാട്ടം, വാട്ട്‌സപ് യൂണിവേഴ്‌സിറ്റി വഴിയാണ് പരിവാരങ്ങള്‍ ഇതിനുള്ള ചൂട്ടു കത്തിച്ചത്, ജെ.എന്‍.യു. അധാര്‍മ്മികതയുടെയും രാജ്യദ്രോഹികളുടെയും ഇടമാണെന്ന് ഗൂഗിള്‍ ചെയ്‌തെടുത്ത ചില ചിത്രങ്ങളും മറ്റും ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയായിരുന്നു ഇവരുടെ രീതി. ഒന്നര ലക്ഷം ബീഡിക്കുറ്റികള്‍, ആയിരത്തി അഞ്ഞൂറ് കോണ്‍ഡം, അയ്യായിരം മദ്യക്കുപ്പികള്‍ തുടങ്ങിയവ ക്യാമ്പസില്‍ നിന്നും കണ്ടെടുത്തെന്നുമൊക്കെയായിരുന്നു ഇവരുടെ പ്രചരണം!. ബീഡിക്കുറ്റികള്‍ തുടങ്ങിയ ഏത് സംഘിയാണ് എണ്ണി തിട്ടപ്പെടുത്തിയതെന്ന് ചോദിക്കുവാനുള്ള ബുദ്ധിയോ വിവേകമോ ഇല്ലാത്ത ഭക്തര്‍ പ്രചാരണം കൊഴുപ്പിച്ചു.
ജെ.എന്‍.യു.വിനെതിരെയുള്ള പ്രചാരണ കോലാഹലം കേവലം ഒരു സ്ഥാപനത്തോടുള്ള വിരോധമല്ല. രാഷ്ട്ര ശില്‍പ്പിയായ നെഹ്‌റുജിയോടുള്ള വിയോജിപ്പു കൂടിയാണെന്ന് നാം പിന്നീട് കണ്ടു. ഡല്‍ഹി പട്ടണത്തിലെ ചില റോഡുകളുടെയൊക്കെ പേരുമാറ്റത്തോടൊപ്പം യൂണിവേഴ്‌സിറ്റിയുടെ പേരുമാറ്റവും, ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയം വരെ എടുത്തുകളയുന്നതിലെത്തിയിരുന്നു സംഘീ ചിന്ത. രോഹിത് വെമുല എന്ന ദളിത് യുവാവിന്റെ ആത്മഹത്യയുടെ ചര്‍ച്ച വഴി തിരിച്ചു വിടാനുള്ള ശ്രമമായിരുന്നു ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള രാജ്യദ്രോഹകുറ്റമെന്ന് പിന്നീട് തെളിഞ്ഞു. കാശ്മീരിയായ നജീബ് അഹമ്മദ് എന്ന ഇവിടുത്തെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒക്‌ടോബര്‍ 15 ന് മൂന്നു വര്‍ഷം പിന്നിട്ടു. സര്‍വ്വകലാശാലയിലെ സംഘിസത്തെ പ്രതിരോധിച്ചതിനുള്ള ശിക്ഷയും മുന്നറിയിപ്പുമായിരുന്നു നജീബിന്റെ തിരോദ്ധാനം. എല്ലാ അനേ്വഷണ ഏജന്‍സികളുടെയും സിരാകേന്ദ്രമായ ഡല്‍ഹിയിലെ ഒരു കലാലയത്തിലെ വിദ്യാര്‍ത്ഥിയെ കണ്ടെത്താനോ വിദ്യാര്‍ത്ഥിക്ക് എന്ത് സംഭവിച്ചുവെന്ന് പറയാനോ പോലും ഒരു ഏജന്‍സിയും വേണ്ടത്ര ജാഗ്രത കാണിച്ചില്ല എന്നത് സംഘീ താല്‍പ്പര്യങ്ങളുടെ പരിണിത ഫലമല്ലാതെ മറ്റെന്താണ്?
പ്രവേശന പരീക്ഷ നടത്തി തികച്ചും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവരാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍. അതുകൊണ്ടുതന്നെ പണക്കാരും പാവപ്പെട്ടവരും ദളിതരും, പിന്നോക്കക്കാരും, ഒക്കെയായ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു പഠിക്കുന്ന ഇടങ്ങളാണ് ഇവ. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ കാണാനും മനസ്സിലാക്കാനും ഈ ക്യാമ്പസുകള്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. ഇതിലെ പാവപ്പെട്ടവരെ, പിന്നോക്കക്കാരെ, ദളിതരെ ലക്ഷ്യം വെച്ചുള്ള അന്യായമായ ഫീസുവര്‍ദ്ധനയാണ് ജെ.എന്‍.യു. സമരത്തിന് ആധാരം. അതീവ ഗുരുതര സാഹചര്യത്തിലാണ് ജെ.എന്‍.യു.വിനെ സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ടത്. ഫീസു വര്‍ദ്ധനക്ക് കേന്ദ്രസര്‍ക്കാര്‍ പറയുന്ന ന്യായങ്ങളാണ് ഏറെ വിചിത്രം. വാഹന വില്‍പ്പന ഇടിയാന്‍ കാരണം ഓല യും യൂബറും ആണെന്ന് പറഞ്ഞത് പോലെ!… മുപ്പതു വയസ്സുവരെ പ്രായമുള്ളവരാണ് ഇവിടെ പഠിക്കുന്നത് എന്നതത്രേ ഇവരെ അലട്ടുന്ന ഒന്നാമത്തെ പ്രശ്‌നം!. പതിനെട്ടാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു കോളേജ് വിദ്യാഭ്യാസം തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി, മൂന്നു വര്‍ഷം ബിരുദ പഠനം, പിന്നെ രണ്ടു വര്‍ഷം പി.ജി., അതും കഴിഞ്ഞ് ഡി.ഫില്‍ അല്ലെങ്കില്‍ എം.ഫില്‍, പിന്നെ രണ്ടു വര്‍ഷമോ ചിലര്‍ക്ക് അഞ്ചു വര്‍ഷമോ നീളുന്ന പി.എച്ച്.ഡി. എന്നിങ്ങനെയുള്ള വിദ്യാഭ്യാസ സിസ്റ്റത്തിലൂടെ കടന്നുപോകുമ്പോള്‍ മുപ്പത് വയസ്സുവരെ വിദ്യാഭ്യാസം നീളുകയെന്നത് സ്വാഭാവികമാണ്. ഫ്രാന്‍സു മുതല്‍ ജര്‍മ്മനി, സ്വിസ്, യു.എസ്., ആസ്‌ട്രേലിയ ഇവിടെയൊക്കെ ഇതേ വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രായം 29 മുതല്‍ 32 വരെയാണ്. 37 വളരെ നീളുന്ന ഫിന്‍ലന്റു പോലുള്ള രാജ്യങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച ധാരണപിശകല്ല ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം. മറിച്ച്, സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനെതിരെ തിരിച്ചു വിടുക മാത്രമാണ്. ഭക്തന്മാര്‍ ഈ പ്രചാരണം ഏറ്റെടുക്കുകയും ചെയ്തു. സമരത്തെ വഴിതിരിച്ചു വിടാനുള്ള മറ്റൊരു ഭീകര പ്രവര്‍ത്തനമായിരുന്നു ജെ.എന്‍.യു.വിലെ വിവേകാനന്ദ സ്റ്റാച്യുവിനെ വികലമാക്കിയ നടപടി, പട്ടിണിയില്‍ നിന്നും, മനു വാദത്തില്‍നിന്നും ബ്രാഹ്മണിസത്തില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യങ്ങളെ രാജ്യദ്രോഹ മുദ്രാവാക്യങ്ങളാക്കി എഡിറ്റു ചെയ്ത് രാജ്യദ്രോഹ കുറ്റകൃത്യമാക്കിയ അതേ സംഘീ രീതിതന്നെയാണ് ഇവിടെയും കാണാനാകുന്നത്. വിവേകാനന്ദ സ്വാമിയുടെ പേരിലേക്ക് സമര ശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ ഹീനശ്രമം എത്രമാത്രം അപലപനീയമാണ്. ജെ.എന്‍.യു.വിലെ ഹോസ്റ്റല്‍ ഫീ പത്തു രൂപയില്‍ നിന്നും മുന്നൂറ് രൂപ ആക്കിയതിനാണോ സമരം എന്നാണ് മറ്റൊരു ചോദ്യം. എന്നാല്‍ സത്യം ഇതൊന്നുമല്ല, ഫീസു വര്‍ദ്ധന യഥാര്‍ത്ഥത്തില്‍ ഇന്ത്യാരാജ്യത്തെ നാല്‍പ്പത്തി അഞ്ചു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലെ ഏറ്റവും കൂടുതല്‍ ഫീസു വാങ്ങുന്ന സര്‍വ്വകലാശാലയാക്കി ജെ.എന്‍.യുവിനെ മാറ്റിയിരിക്കുന്നു. സര്‍വ്വകലാശാലകളിലെ ഫീസ് താരതമേ്യന നാല്‍പ്പതിനായിരമാണെങ്കില്‍ ജെ.എന്‍.യു.വിലേത് അന്‍പത്തി അയ്യായിരം മുതല്‍ അറുപത്തി അയ്യായിരം വരെയാണ്. ഇത് ഡല്‍ഹി ഐ.ഐ.ടി.യിലെ ഫീസിനേക്കാള്‍ കൂടുതലാണ്. ഇങ്ങനെ കണ്ണില്‍ ചോരയില്ലാത്ത രീതിയില്‍ പഠന ഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആരെയാണെന്ന് പറയേണ്ടതില്ലല്ലോ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഇത്തരം നടപടികളിലൂടെ അവരുടെ വിദ്യാഭ്യാസം കൂടി നിഷേധിക്കപ്പെടുമ്പോള്‍ ഒരു വിഭാഗത്തിന്റെ ശബ്ദം തങ്ങള്‍ക്ക് കേള്‍ക്കുകയേ വേണ്ട എന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികളെയാണ് ഇത്തരം നടപടികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നതാണ് ഏറ്റവും ചിന്തനീയമായ മറ്റൊരുകാര്യം. പെണ്‍കുട്ടികള്‍ ജനിക്കുന്നത് തന്നെ നഷ്ടക്കച്ചവടമാണ് എന്ന് ധരിക്കുന്ന നാട്ടില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് രക്ഷിതാക്കള്‍ ഒട്ടും പണം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ജെ.എന്‍.യു. പോലുള്ള സ്ഥാപനങ്ങളുടെ ചിറകിലേറിയാണ് നമ്മുടെ പെണ്‍കുട്ടികള്‍ അവരുടെ ഭാവി കെട്ടിപ്പടുന്നത്. എന്നാല്‍ ഇത്തരം വികലമായ നടപടികളിലൂടെ ‘ബേട്ടി പഠാവോ ബേട്ടി ബഛാവൊ’ എന്ന സര്‍ക്കാര്‍ മുദ്രാവാക്യം കേവലം പബ്ലിസിറ്റി മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

അഡ്വ: ടി. അഷറഫ് കല്‍പ്പറ്റ.

SHARE