തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ഓര്‍മ്മകളെ ഉണര്‍ത്തുന്ന വിശുദ്ധ പശു


ലുഖ്മാന്‍ മമ്പാട്

ഈഴവ സമുദായത്തില്‍ പെട്ട ഗോവിന്ദന്‍ എന്നൊരാള്‍ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അയിത്തം പാലിച്ചില്ലെന്ന് പറഞ്ഞ് ചിലര്‍ തല്ലി. തല്ലിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് അപേക്ഷിച്ച് ഗോവിന്ദന്‍ കോടതിയെ സമീപിച്ചു. മജിസ്‌ട്രേറ്റ് ഗോപാലകൃഷ്ണ അയ്യര്‍ വിചാരണ സമയത്ത് അന്യായക്കാരനോട് പറഞ്ഞു. ‘തല്ല് കിട്ടിയതല്ലേ ഉള്ളൂ; തച്ച് കൊല്ലേണ്ട കേസ്സാണിത്.’ പരാതി നീക്കം ചെയ്തു. 1907 ലാണ് ഈ സംഭവം.
ഒരു ജഡ്ജിയുടെ ഒഴിവിലേക്ക് തിരുവിതാംകൂര്‍ മഹാരാജാവ് തന്റെ അരിവെപ്പുകാരനായ ബ്രാഹ്മണനെ ശുപാര്‍ശ ചെയ്തു. നിയമനത്തിനു മുമ്പുള്ള ഔപചാരികതയുടെ ഭാഗമായി ദിവാന്‍ അരിവെപ്പുകാരനോട് ചോദിച്ചു; അക്ഷരജ്ഞാനമുണ്ടോ. അത് ഉണ്ടായിരുന്നെങ്കില്‍ മഹാരാജാവിന്റെ ശുപാര്‍ശ ഇല്ലാതെ തന്നെ നമുക്ക് ജഡ്ജി ആവാമായിരുന്നല്ലോ. ഞാന്‍ ഒന്നാന്തരം ബ്രാഹ്മണനാണ്.
-പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം.

പി ഭാസ്‌കരനുണ്ണിയുടെ 1300 പേജ് വരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം വായിച്ചിട്ടില്ലാത്തവര്‍, എം.കെ സാനുവിന്റെ അവതാരികയെങ്കിലും വായിച്ചാല്‍ ബാബരിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ വിചിത്രവിശകലനത്തില്‍ അല്‍ഭുതമൊന്നും തോന്നില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വവും തുല്ല്യനീതിയും അസന്നിഗ്ധമായി ഇടംപിടിക്കുകയും അതിന്റെ ആത്മാവായി ജീവന്‍ തുടിക്കുകയും ചെയ്യുന്നുവെന്നാണ് പൊതുവെ ഊറ്റംകൊള്ളുന്നത്. ഒറ്റപ്പെട്ട വ്യതിചലനങ്ങള്‍ക്ക് അപ്പുറം സുപ്രീം കോടതി തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണ ഘട്ടം മുതല്‍ തുല്ല്യനീതിക്കെതിരെ നിലപാട് സ്വീകരിച്ചവരുടെ രാഷ്ട്രീയ ഭരണ അധീശത്വത്തിന്റെ ചൂടില്‍ സുപ്രീം കോടതിയും വിറകൊളളുന്നുവോയെന്ന ആശങ്കയാണ് നവംമ്പര്‍ ഒമ്പതിനെ ഇന്ത്യാ ചരിത്രത്തിലെ സുപ്രധാനമാക്കുന്നത്.
ഡോ.ബി.ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നതുപോലെ ‘ശ്രേണീ ബദ്ധമായ ജാതിവ്യവസ്ഥ’ യുടെ സങ്കീര്‍ണതകള്‍ക്ക് അപ്പുറം ശത്രു-മിത്രം എന്ന ദ്വയം സൃഷ്ടിക്കുന്ന പുതിയ കാല വ്യവസ്ഥിതിയുടെ പരീക്ഷണമാണ് ബാബരി വിഷയം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാരവഴിയിലേക്കുള്ള ആദ്യ പരീക്ഷണമായ പശുവിനെ തിരസ്‌കരിച്ചപ്പോഴാണ് ബാബരി ഉയര്‍ന്നുവന്നതെന്ന് നമ്മള്‍ മറക്കരുത്. ആര്‍.എസ്.എസ് രണ്ടാം സര്‍ചാലക് എം.എസ് ഗോള്‍വാക്കറുടെ, 1952ലെ ‘വിശുദ്ധമാതാവായ പശുവിന്റെ’ പേരിലുള്ള ലേഖനം ഉയര്‍ത്തിയ ദ്വയത്തില്‍ പശു ഇറച്ചി ഭോജകരായ മുസ്‌ലിമും ക്രിസ്ത്യനുമായിരുന്നു ശത്രു പക്ഷത്ത്. പ്രചാരണ കോലാഹലങ്ങളോടെ 1966ല്‍ ഗോവധ നിരോധന ആവശ്യം ഉയര്‍ത്തി ഡല്‍ഹിയില്‍ പാര്‍ലമെന്റിലേക്ക് അവര്‍ നടത്തിയ അനേകായിരം സന്യാസിമാര്‍ അണിചേര്‍ന്ന മാര്‍ച്ച് ചാണകത്തില്‍ വീണ വെണ്ണപോലെ തിരസ്‌കരിക്കപ്പെടുകയായിരുന്നു. പശുവിന്റെ പേരില്‍ രാഷ്ട്രീയ ഹിന്ദുത്വ ഏകീകരണം വീശിയപ്പോള്‍ അനേകം കോടി അവര്‍ണ്ണ ഹൈന്ദവനും കൂടി മറുവശത്തായതായി തിരിച്ചറിവുകൂടിയാവണം പശുരാഷ്ട്രീയത്തെ സെക്കന്റ് ഗിയറിലേക്ക് മാറ്റാന്‍ അവരെ പ്രേരിപ്പിച്ചതും പള്ളിയെ ടോപ് ഗിയറിലാക്കിയതും.
പശുവിനെ ആര്‍ക്കും വളര്‍ത്താമെന്നും എന്നാല്‍ പാലുകറക്കാന്‍ പാടില്ലെന്നുമുള്ള വിചിത്രമായ ആചാരത്തെക്കുറിച്ച്, ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തില്‍’ പി ഭാസ്‌കരനുണ്ണി പറയുന്നുണ്ട്. അവര്‍ണ്ണന്റെ വീട്ടില്‍ വളര്‍ത്തുന്ന പശു പ്രസവിച്ചു കഴിഞ്ഞാല്‍ അത് അടുത്തുള്ള നായര്‍ തറവാട്ടില്‍ എത്തിക്കണം. കറവ തീര്‍ന്നതായി പ്രമാണി അറിയിക്കുമ്പോള്‍ പശുവിനെ തിരിച്ചു കൊണ്ടുപോകാം. അപ്രകാരം ചെയ്തില്ലെങ്കില്‍ പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടിയടിക്കും. പശുവിനെ കൊണ്ടുവന്നു ഏല്‍പ്പിച്ച് ഉടമസ്ഥന്റെ ബന്ധുക്കള്‍ മാപ്പ് പറഞ്ഞാല്‍ കെട്ടഴിച്ച് മോചിപ്പിക്കും. കറവയുള്ള പശുവിനെ വെറുതെ വാങ്ങുന്നതൊന്നുമല്ല, കൊണ്ടുവരുമ്പോഴും കറവവറ്റി തിരിച്ചു കൊടുക്കുമ്പോഴുംകൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും.
ബാബരി കേസ്സില്‍ ഊണിന് പകരം, അഞ്ചേക്കല്‍ ഭൂമിയാണ്. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് മസ്ജിദിന്റെ പരിഹാരം തേടിയും 2.7 ഏക്കര്‍ മറ്റു രണ്ടു കക്ഷികള്‍ക്ക് വിഭജിച്ച് നല്‍കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് വാദിയെ പ്രതിയാക്കുന്ന ഈ വേദന. പുനഃപരിശോധനാ ഹര്‍ജിയില്‍ നീതി പുലരുമെന്ന ഉറച്ച ബോധ്യം ഇപ്പോഴും വെച്ചുപുലര്‍ത്തുന്നവരെ പ്രകോപിപ്പിച്ചും നിരാശരാക്കിയും വഴിതെറ്റിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങളുമുണ്ട്. 2.77 ഭൂമിക്ക് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കിയതിനെ മഹത്തരം എന്നു പറയുന്നവരും ബാബരി മസ്ജിദ് സ്വമേധയാ കൈമാറാനുള്ള അവസരം പാഴാക്കിയ സമുദായം കാശി-മധുര പള്ളികള്‍ വേഗത്തില്‍ ദാനം നല്‍കി മാതൃക കാണിക്കണമെന്ന് ഉപദേശിക്കുന്ന കെ.കെ മുഹമ്മദുമാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.
സുപ്രീം കോടതിയെ സവര്‍ണ്ണാധിപത്യത്തിന്റെ തൊഴുത്തില്‍ കെട്ടിയെന്ന ദുഷ്ടലാക്കോടെയുള്ള ആരോപണങ്ങള്‍ പാടെ തള്ളിക്കളയേണ്ടതാണെങ്കിലും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കാര്‍മേഘങ്ങള്‍ ഇരുട്ട് പരത്തുമ്പോള്‍ മെഴുകുതിരി തെളിയിക്കാനുള്ള വിവേകമാണ് ആവശ്യം. ബാബരി മസ്ജിദ് വിധിയുടെ പ്രായോഗിക ഉള്ളടക്കം സവര്‍ക്കറുടെ സാംസ്‌കാരിക യുക്തിയില്‍നിന്ന് ഏറെ ദൂരെയല്ലെന്ന ടി.ടി ശ്രീകുമാറിന്റെ വിമര്‍ശനം മുതല്‍ ബാബരി കേസിലെ വിധി അങ്ങേയറ്റം ദുര്‍ബലമാണെന്നും അത് ഭാവിയില്‍ നിയമപരമായ കുഴപ്പങ്ങളിലേക്ക് നയിച്ചേക്കാമെന്നുള്ള ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ വജാഹത് ഹബീബുല്ലയുടെ അഭിപ്രായം വരെയുണ്ട്.
ബാബരി കേസില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയില്‍ തൃപ്തരല്ലെന്നും നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്നും മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് കരുതലോടെയാണ് പ്രതികരിച്ചത്. വിധിയെ മാനിക്കുന്നുവെന്നും പുനപരിശോധനാ ഹര്‍ജി ഉള്‍പ്പെടെയുള്ള നീതിയുടെ വഴികള്‍ പരിശോധിക്കുമെന്നുമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സുവ്യക്തമായ നിലപാടില്‍ പക്വതയും ഉത്തരവാദിത്വബോധവുമുണ്ട്. കലാപമോ സമരമോ ഹര്‍ത്താലോ പ്രഖ്യാപിക്കാതെ സംയമനത്തോടെ വിധിയെ സമീപിക്കാന്‍ കോടതിയുടെ നീതിയുടെ വഴികള്‍ കൊട്ടിയടച്ചിട്ടില്ലെന്ന ഉത്തമ ബോധ്യമാണ് കാരണം. പക്ഷെ, ബാബരി മസ്ജിദ് എന്ന 1528 മുതല്‍ അഞ്ഞൂറാണ്ടിലേറെ മുസ്‌ലിംകള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചൊരു ആരാധനാലയത്തിന്റെ ഓര്‍മ്മകള്‍ പോലും പാടില്ലെന്നത് കടന്ന കയ്യാണ്.
92-ലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസിന്റെ വിധിയില്‍ 500 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് എന്നാണ് സുപ്രീംകോടതി ഉപയോഗിച്ച വാക്കെന്നും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍ അവിടെ മസ്ജിദ് മാത്രമാണുണ്ടായിരുന്നെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നുമുള്ള സുപ്രീംകോടതി മുന്‍ ജഡ്ജ് അശോക് കുമാര്‍ ഗാംഗുലിയുടെ പ്രതികരണം ശ്രദ്ധിക്കണം. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നാണ് കോടതിയുടെ വിധി പ്രസ്താവത്തിലുള്ളത്. അവിടെ നമസ്‌കാരം നടക്കാറുണ്ടായിരുന്ന ഒരു പള്ളി ഉണ്ടായിരുന്നുവെന്നും അത് തകര്‍ത്തത് നിയമവിരുദ്ധമായാണെന്നും ഇതേ വിധിന്യായം പറയുന്നു. എങ്കില്‍ പിന്നെ അഞ്ച് നൂറ്റാണ്ട് പിന്നിലുള്ള ഉടമസ്ഥാവകാശം ഹിന്ദുക്കളുടേതായിരുന്നുവെന്ന് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനിച്ചതെന്ന് മനസ്സിലാകുന്നില്ല. അക്കാര്യം കണ്ടെത്താന്‍ കോടതിക്ക് സവിശേഷമായ ദൃഷ്ടി വൈഭവം ഉണ്ടായിരിക്കാം. ഭരണഘടനാപരമായ ധാര്‍മികതക്ക് എന്ത് പറ്റിയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഇപ്പോഴത്തെ വിധിന്യായം തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജസ്റ്റിസ്റ്റ് ഗാംഗുലി അഭിപ്രായപ്പെടുന്നു.
അയോധ്യാ കേസിലെ വിധി യുക്തിയുടെ അസാധാരണമായ കസര്‍ത്താണെന്നാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു തുറന്നടിക്കുന്നത്. 1528-ല്‍ മസ്ജിദ് നിര്‍മിച്ചതിനോ, കൈവശം വെച്ചതിനോ, 1857 മുതല്‍ ആരാധിക്കുന്നതിനോ ഉള്ള തെളിവ് മുസ്ലിം കക്ഷികള്‍ക്ക് ഹാജരാക്കാനായില്ലെന്ന് വിധിയുടെ 786 മുതല്‍ 798 വരെയുള്ള ഖണ്ഡികകളില്‍ പറയുന്നു. ഇതില്‍ എന്ത് തെളിവാണ് ഹാജരാക്കാനാകുക. അതിന് ദൃക്സാക്ഷികളായവരാരും ജീവിച്ചിരിപ്പില്ല. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാലമായതിനാല്‍ രേഖകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. ആരാധനാലയം ക്ഷേത്രമോ, പള്ളിയോ, മസ്ജിദോ എന്തായാലും അലങ്കാരത്തിനല്ല ആരാധിക്കാനുള്ളതാണ് എന്നത് സാമാന്യ വിവരമുള്ള ആര്‍ക്കും മനസ്സിലാകുമെന്നും കട്ജു പറയുന്നു.
അയോധ്യ കേസിലെ സുപ്രീംകോടതിയുടെ അനുനയ സമീപനം രാജ്യത്തെ വലതു ഭൂരിപക്ഷാധിപത്യമുള്ള ഒന്നാക്കി മാറ്റിയെന്നും അതു ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളോട് നീതി പുലര്‍ത്തുന്നതല്ലെന്നും ഭരണഘടനാ തത്ത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും മതേതരത്വത്തിനുമേറ്റ വന്‍ തിരിച്ചടിയാണെന്നും സുപ്രീം കോടതി അഭിഭാഷകനായ കാളീശ്വരം രാജ് പറയുന്നു.
2011ല്‍ തുടങ്ങിയ അന്തിമ വാദത്തിനിടെ 2018 മാര്‍ച്ച് 8ന് ശ്രീ ശ്രീ രവിശങ്കര്‍, ജെ ഖലീഫുല്ല, ശ്രീറാം പഞ്ചു എന്നീ മധ്യസ്ഥ സമിതിയെ ഏല്‍പ്പിച്ച കോടതി ചര്‍ച്ചകള്‍ പരാജയമെന്ന് വിലയിരുത്തിയാണ് 2019 ആഗസ്റ്റ് 6 മുതല്‍ അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങിയത്. എങ്ങനെ കൂട്ടിയാലും കിഴിച്ചാലും ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ നിയമത്തില്‍ പഴുതില്ല.
ബാബരി മസ്ജിദ് നിര്‍മ്മിച്ചത് ക്ഷേത്രം തകര്‍ത്താണ് എന്നതിന് തെളിവില്ലെന്നാണ് വിധിയില്‍ സുപ്രീം കോടതി തന്നെ പറയുന്നത്. 1949-ല്‍ മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത് തീര്‍ത്തും തെറ്റും ആരാധനാലയത്തെ അശുദ്ധമാക്കുന്നതുമാണ്. 1992-ല്‍ മസ്ജിദ് തകര്‍ത്തതും ഹീനമായ കുറ്റകൃത്യമാണ്. റിലീജിയസ് പ്ലേസസ് ഓഫ് വേര്‍ഷിപ് ആക്ട് 1991-ല്‍ പാര്‍ലമെന്റ് അംഗീകരിച്ചതാണ്. ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങള്‍ക്കും 1947-ലെ തല്‍സ്ഥിതി വകവെച്ചുനല്‍കുകയാണ് ചെയ്തത്. അന്ന് പള്ളിയും ക്ഷേത്രവും ചര്‍ച്ചും മറ്റുമായ ആരാധനാലയങ്ങളായി നിലകൊണ്ടത് അതേപടി നിലനില്‍ക്കുമെന്നും അതിനു മാറ്റമൊന്നും വരുത്താനാവില്ലെന്നുമായിരുന്നു പ്രസ്തുത നിയമം. കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ ബാബരി മസ്ജിദിനെ ഇതില്‍ നിന്നൊഴിവാക്കിയിരുന്നു.
പക്ഷെ, ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ സ്വത്ത് കയ്യേറിയാല്‍ അതു ബോധ്യപ്പെട്ടിട്ടും കയ്യേറ്റക്കാരന് അതു പതിച്ചു നല്‍കി ഇരക്ക് സഹതാപാര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിലെ നിയമവും യുക്തിയുമാണ് പൊതുസമൂഹത്തെ അലട്ടുക. ഡിസംബര്‍ ആറിലെ തലക്കെട്ടായി ‘തര്‍ക്കമന്ദിരം തകര്‍ത്തു’ എന്നെഴുതിയത്, നീലപ്പെന്‍സില്‍ കൊണ്ട് വെട്ടിത്തിരുത്തി ‘ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടുവെന്ന്’ ചമല്‍കരിക്കാന്‍ എന്‍.എസ് മാധവന്റെ ‘ചുല്യാറ്റ്’ എന്ന പത്രാധിപര്‍ പോലും ഭയപ്പെടുന്ന കാലമാണിത്. വിശുദ്ധ പശു ആണെങ്കിലും അല്ലെങ്കിലും സുപ്രീം കോടതിയില്‍ പ്രതീക്ഷ വറ്റിയിട്ടില്ലെന്നും അങ്ങിനെ ധ്വനിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നുമാണ് ബാബരി ധ്വംസനത്തിന്റെ ഇരുപത്തിയാറാം ആണ്ടറുതിയിലെ സന്ദേശം.

SHARE