അല്‍ജീരിയന്‍ തെരഞ്ഞെടുപ്പ്: അട്ടിമറി നീക്കവുമായി സൈന്യം


കെ. മൊയ്തീന്‍കോയ
ഉത്തരാഫ്രിക്കന്‍ രാജ്യമായ അല്‍ജീരിയ ഒരിക്കല്‍ കൂടി പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ആശങ്ക വ്യാപകം. ഡിസംബര്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള അഞ്ച് സ്ഥാനാത്ഥികളും പ്രചാരണ രംഗത്ത് സജീവമാകുമ്പോള്‍ തന്നെ തെരുവുകള്‍ പ്രക്ഷുബ്ദമാണ്. 1991ല്‍ നടന്ന തെരഞ്ഞെടുപ്പ് പോലെ അല്‍ജീരിയയെ അഭ്യന്തര കലാപത്തിലേക്ക് പുതിയ സംഘര്‍ഷം തള്ളിവിടുമോ എന്നാണ് അറബ്, ആഫ്രിക്കന്‍ മേഖലകള്‍ ആശങ്കിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ആണ് അന്നാട്ടുകാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ വ്യത്യസ്തം. മത്സരിക്കാന്‍ അപേക്ഷ നല്‍കിയ 23 പേരില്‍ അഞ്ചു പേര്‍ക്ക് ആണ് അനുമതി. പിന്താങ്ങുന്ന വോട്ടര്‍മാരുടെ 50,000 ഒപ്പ് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കണം. നിബന്ധനകള്‍ കര്‍ശനമാണ്. രണ്ട് മുന്‍ പ്രധാനമന്ത്രിമാര്‍ രംഗത്തുണ്ട്.
അബ്ദുല്‍ മാജിദ് ടെബോണ്‍, അലി ബെന്‍ഫില്‍, മുന്‍ സാംസ്‌കാരിക മന്ത്രി അന്ന കേസിന്‍ മിസ റോബി, മുന്‍ ടൂറിസം മന്ത്രി അബ്ദല്‍ ഖാദര്‍ ബെന്‍ഗ്ലീം, അബ്ദുല്‍ അസീസ് ബെലായ്ദ് എന്നിവര്‍ക്കാണ് മത്സരിക്കാന്‍ അനുമതി ലഭിച്ചത്. അല്‍ജിയയില്‍ ഏറ്റവും ശക്തനായ അധികാര കേന്ദ്രം സൈനിക മേധാവി അഹമ്മദ് ഗെയ്ദ് സാലിഹ് സ്വതന്ത്ര തെരഞ്ഞെടുപ്പ് ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഭുരിപക്ഷവും അത് തള്ളിക്കളയുന്നു. ജനരോഷത്തില്‍ പുറത്ത് പോകേണ്ടി വന്ന 82കാരനായ അബുല്‍ അസീസ് ബുത്തഫ്‌ലീവിനെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കാനുള്ള അണിയറ നീക്കത്തിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പ് എന്നാണ് സംശയം. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി, പീസ്മൂവ്‌മെന്റ് പാര്‍ട്ടി, ഡമോക്രാറ്റിക് അള്‍ട്ര നേറ്റീവ് പാര്‍ട്ടി, സോഷ്യലിസ്റ്റ് ഫോഴ്‌സ് ഫ്രന്റ്‌സ്, ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് മൂവ്‌മെന്റ് തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്റില്‍ പ്രവാസ ജീവിതം നയിക്കുന്ന പുറത്താക്കപ്പെട്ട പ്രസിഡണ്ട് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് വ്യാപക പ്രചാരണം. തെരഞ്ഞെടുപ്പ് ബഹിഷ്‌കരം ആഹ്വാനം ചെയ്ത് യുവാക്കളാണ് തെരുവിലിറങ്ങിയത്. നിലവിലെ രാഷ്ട്രീയ സംവിധാനം പൂര്‍ണ്ണമായി ജനാധിപത്യവല്‍ക്കരിക്കണമെന്നും അധികാരം കയ്യടക്കി വച്ച സംഘത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്നുമാണ് യുവാക്കള്‍ ആവശ്യപ്പെടുന്നത്. ഭരണരംഗം അഴിമതി മുക്തമാക്കണം. നാമനിര്‍ദ്ദേശം സമര്‍പ്പിച്ച നിരവധി പേര്‍ പിന്‍മാറി. 56 മേയര്‍മാര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തുണ്ട്.
അഞ്ചാം തവണയും പ്രസിഡന്റാകാനുള്ള അബ്ദുല്‍ അസീസ് ബുത്തഫ്‌ലീവിന്റെ നീക്കമാണ് വന്‍ പ്രതിഷേധത്തിന് കാരണമായത്. അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി നടന്ന അധികാര ദല്ലാള്‍മാരുടെയും സൈനിക നേതൃത്വത്തിന്റേയും തന്ത്രങ്ങള്‍ ജനരോഷത്തിന് മുന്നില്‍ തകര്‍ന്നു. ഈ വര്‍ഷം ഫിബ്ര: 16ന് പ്രസിഡന്റ്് രാജിവെച്ചു. സ്വാതന്ത്യം നേടിയതിന്റെ 65ാം വാര്‍ഷികാഘോഷത്തിനൊരുങ്ങുമ്പോഴാണ് രാജി. ഇതോടെ 20 വര്‍ഷത്തെ ഏകാധിപത്യവാഴ്ചക്ക് വിരാമമായി. അധികാരം നഷ്ടപ്പെടാതിരിക്കാന്‍ പല തന്ത്രങ്ങളും പയറ്റിയെങ്കിലും ജനങ്ങള്‍ വിട്ടുകൊടുത്തില്ല. ഏപ്രില്‍ 4ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ നിശ്ചയിച്ചതായിരുന്നു. പക്ഷെ അനിശ്ചിതമായി നീട്ടി. വീണ്ടും ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് ഡിസം: 12ന് പുതുക്കി നിശ്ചയിച്ചത്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് നിബന്ധനകള്‍ മുന്നോട്ട് വച്ചതോടെ നിയന്ത്രണം കൂടിക്കൂടി വന്നു.
1991ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കലാപം വിസ്മരിക്കാനാവില്ല. പ്രസിഡന്റ് ബെന്‍ ജദീദ് ബഹുകക്ഷി ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചു. തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കി. അതിന് മുന്‍പ് നടന്ന പ്രാദേശിക തെരഞ്ഞെടുവിലും സാല്‍വേഷന്‍ പാര്‍ട്ടി തന്നെയായിരുന്നു വിജയിച്ചത്. സൈന്യം സാല്‍വേഷന് അധികാരം കൈമാറാന്‍ അനുവദിച്ചില്ല. സാല്‍വേഷന്‍ പാര്‍ട്ടി നിരോധിച്ചു. പാര്‍ട്ടി നേതാവ് അബ്ബാസ് മദനിയെയും നിരവധി നേതാക്കളേയും ജയിലില്‍ അടച്ചു. മുഹമ്മദ് ഖുദിയാഫിനെ പ്രസിഡന്റായി സൈന്യം അധികാരം ഏല്‍പ്പിച്ചു. തുടര്‍ന്ന് അഭ്യന്തര കലാപം. ഒരു ലക്ഷത്തിലേറെ മരണം. രാജ്യം ശിഥിലമായി. 1999ല്‍ ബുദിയാഫ് കൊല്ലപ്പെട്ടു. തുടര്‍ന്ന് അബ്ദുല്‍ അസീസ് ബുത്തഫ് ലീവ് പ്രസിഡന്റായി.
ചരിത്രപരമായി സവിശേഷതകള്‍ അല്‍ജീരിയയില്‍ കാണാം. 1553 മുതല്‍ 1830 വരെ ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു. അക്കാലത്ത് വന്‍ വികസനം നടന്നു. 1830ല്‍ ഫ്രാന്‍സ് കീഴടക്കി. ഫലഭൂയിഷ്ടമായ മണ്ണിലായിരുന്നു ഫ്രഞ്ച് താല്‍പര്യം. തലസ്ഥാനമായ അല്‍ജിയേഴ്‌സിന്റെ 55 ശതമാനവും ഫ്രഞ്ചുകാര്‍ സ്വന്തമാക്കി. ഫ്രാന്‍സില്‍നിന്ന് വന്‍ കുടിയേറ്റം. പത്ത് ലക്ഷം ഫ്രഞ്ചുകാര്‍ തലസ്ഥാനത്ത് മാത്രം കുടിയേറി. തലസ്ഥാനത്തെ ജനസംഖ്യയില്‍ 60 ശതമാനം വരും കുടിയേറ്റം. സ്വാതന്ത്യത്തിന് വന്‍പ്രക്ഷോഭം. ഗത്യന്തരമില്ലാതെ 1962ല്‍ സ്വാതന്ത്യം. 1962 സെപ്തംബര്‍ 26ന് അഹമ്മദ് ബെന്‍ ബെല്ല പ്രധാനമന്ത്രിയായി. 1965ല്‍ ബുമെദീന്‍ അധികാരം കയ്യടക്കി. മരണ ശേഷം പ്രിഡന്റായ ബെന്‍ ജദീദ് ബഹുകക്ഷി തെരഞ്ഞെടുപ്പ്് നടത്തിയെങ്കിലും എല്ലാം നിയന്ത്രിക്കുന്ന സൈനിക നേതൃത്വം അംഗീകരിച്ചില്ല. അവര്‍ തുടര്‍ന്നും ഏകാധിപതികളെ സൃഷ്ടിക്കുന്ന തിരക്കിലായിരുന്നുവല്ലോ.! ഈജിപ്ത്, ജോര്‍ദ്ദാന്‍, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനസ്ഥിതി തന്നെയായിരുന്നു ഇവിടേയും. പാശ്ചാത്യ സ്വാധീനമുള്ള സൈനിക നേതൃത്വം അവരുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അല്‍ജീരിയന്‍ സൈന്യത്തിന് ഫ്രഞ്ച് നിയന്ത്രണം കൂടുതലുണ്ട്. 1991ലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സൈന്യമാണ്. തുര്‍ക്കിയും പാശ്ചാത്യ സ്വാധീനമുള്ള സൈനിക നിയന്ത്രണത്തിലായിരുന്നത് ഉറുദുഗാന്‍ സര്‍ക്കാര്‍ സാവകാശം മോചിപ്പിക്കൂകയായിരുന്നു. അല്‍മീരിയയിലെ ജനഹിതം അട്ടിമറിച്ചതിന്റെ ദുരന്തം മൂന്ന് പതിറ്റാണ്ടുകളായി അവര്‍ അനുഭവിക്കുകയായിരുന്നു. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന ജനതക്ക് മുന്നില്‍ നിയന്ത്രിത ജനാധിപത്യം അടിച്ചേല്‍പിക്കുകയാണ്. അല്‍ജിരിയന്‍ ജനതയുടെ അഭിലാഷത്തിന് വിരുദ്ധമായ സൈനിക നീക്കം സംഘര്‍ഷത്തിന് വഴിമരുന്നിടുമോ എന്നാണ് ലോക സമൂഹത്തിന്റെ ആശങ്ക.

SHARE