ഇഖ്ബാല്‍ കല്ലുങ്ങല്‍
റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്ര വര്‍ത്തി വീണ വായിക്കുന്നുവെന്ന് പറഞ്ഞത് പോലെയാണ് ഇപ്പോള്‍ കേരളത്തിലെ സ്ഥിതിഗതികള്‍ ട്രഷറിക്ക് പൂട്ട് വീണിട്ട് ആഴ്ചകളായി. മുഖ്യമന്ത്രിയും മന്ത്രിമാരും കോടികള്‍ ധൂര്‍ത്തടിച്ച് വിദേശത്ത് ചുറ്റിക്കഴിയുന്നു. വികസന പദ്ധതികള്‍ സംസ്ഥാനത്ത് പാടെ നിശ്ചലമായിരിക്കുന്നു. ഒരു രൂപ പോലും ട്രഷറിയില്‍ നിന്നും കിട്ടുന്നില്ല. പ്രളയബാധിതര്‍ പോലും സഹായം ലഭിക്കാതെ അലയുന്നു. ക്ഷേമ പെന്ഷന് ഗുണഭോക്താക്കളെ അക്ഷയ കേന്ദ്രങ്ങളില്‍ ക്യൂവില്‍ നിര്‍ത്തി പൊരിക്കുന്നതും കേരളത്തിന്റെ ദുരിതകാഴ്ചയായി മാറി.
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഡിസംബര്‍ 31 നു മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശിച്ചിടത്താണ് കാര്യങ്ങള്‍ എല്ലാം അവതാളത്തിലായിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകന യോഗങ്ങള്‍ ഇപ്പോള്‍ വഴിപാടായി. ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗങ്ങള്‍ മിനിറ്റുകള്‍ കൊണ്ട് അവസാനിപ്പിക്കുന്നു. ഒന്നിനും പണമില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന മറുപടി. കേരളം ഇതുപോലൊരു സാമ്പത്തിക പ്രതിസന്ധിയിലായ നാള് മുമ്പുണ്ടായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹണത്തിനു അനുമതി നല്കിയ പദ്ധതികള്‍ക്ക് പോലും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല. ജനങ്ങള്‍ക്ക് മുമ്പില്‍ ത്രിതല പഞ്ചായത്തുകള്‍ നാണം കെടുന്നു. എത്രയെത്ര തവണയാണ് ട്രഷറികള്‍ക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയും പൂട്ടിട്ടത്. ഇപ്പോള്‍ ട്രഷറിയില്‍ നിന്നും ബില്ലുകള്‍ മാറി കിട്ടുന്നത് അപൂര്‍വ സംഭവമാണ്. ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ പ്രധാനബിംബമാണ് ട്രഷറികള്‍. തങ്ങളില്‍ ഒന്നുമില്ലെന്ന് പറഞ്ഞ് എത്ര കാലം ഇങ്ങനെ സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇതിന്റെ ദുരിതങ്ങള്‍ പേറുകയാണ് മലയാളികള്‍. റോഡുകള്‍ കുഴികളും കിടങ്ങുകളുമായി കിടക്കുകയാണ്. ഇതുമൂലമുള്ള അപകടങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ കൂടുതലും. ട്രഷറികള്‍ കൃത്യമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമവും സാധ്യമാകൂ. ട്രഷറികള്‍ അനന്തമായി വിലക്കില്‍ തുടരുന്നത് ഭരണകൂടത്തിന്റെ തികഞ്ഞ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ നടത്തിയ കരാറുകാര്‍ ആത്മഹത്യാ വക്കിലാണിപ്പോള്‍. ബില്ലുകള്‍ മാറികിട്ടതെ കരാറുകാര്‍ നെട്ടോട്ടത്തിലാണ്. ബില്ല് മാറാതെ മറ്റു പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രളയം ദുരിതം വിതച്ച കേരളത്തെ പുനര്‍നിര്‍മിക്കാന്‍ റീബള്ഡ് എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ കോടികള്‍ വാരിക്കൂട്ടി. എന്നിട്ടിപ്പോഴും ഒരിഞ്ച് മുന്നോട്ട് പോയില്ല. പ്രളയത്തില്‍ മനുഷ്യ ജീവനുകള്‍ അപഹരിച്ച കുടുംബങ്ങള്‍ക്ക് പോലും സാമ്പത്തിക സഹായം ഇനിയും ലഭിച്ചിട്ടില്ല. പ്രളയം കഴിഞ്ഞ് നൂറു ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ചോദ്യത്തിനു മുന്നില്‍ സര്‍ക്കാര്‍ കൈമലര്‍ത്തുകയാണ്. വീട് നഷ്ടപ്പെട്ടവര്‍, വീട് തകര്‍ന്നവര്‍, ഉറ്റവരെ നഷ്ടമായര്‍, വ്യാപാരം തകര്‍ന്നവര്‍, കൃഷി നശിച്ചവര്‍ അങ്ങിനെ എല്ലാം നഷ്ടപ്പെട്ട എത്രയെത്ര പേര്. ജനങ്ങളുടെ കൂട്ടായ്മയിലെ കൈതാങ്ങ് മാത്രമാണ് പ്രളയബാധിതര്‍ക്ക് ഇന്നും ആശ്വാസം പകരുന്നുള്ളൂ. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തി ആസ്വദിക്കുന്നതാണ് പൊതുജനം കാണുന്നത്. ഇതിനു ചെലവവിടുന്നതോ കോടികളും. അതിനു ട്രഷറിയുടെ നിരോധനം ബാധകമല്ലതാനും. മൂന്ന്് വര്‍ഷത്തിനിടെ എട്ട് തവണ വിദേശയാത്ര നടത്തിയ മുഖ്യമന്ത്രിയാണ് പിണറായി. മിക്ക യാത്രയിലും ഭാര്യയും കുടംബവും ഒപ്പമുണ്ട്. മുഖ്യമന്ത്രി കുടുംബസമേതം ജപ്പാനിലാണിപ്പോള്. മന്ത്രിമാരായ ഇ.പി ജയരാജന്, എ.കെ ശശീന്ദ്രന് ഉള്‍പ്പെടെ 13 അംഗ സംഘമാണ് മുഖ്യമന്ത്രിക്കൊപ്പം ജപ്പാനും സൗത്ത്് കൊറിയയും സന്ദര്‍ശിക്കുന്നത്. 11 ദിവസം നീളുന്ന സന്ദര്‍ശനത്തിന് ഒരു കോടിയിലേറെ രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഉദ്യോഗസ്ഥവൃന്ദവും സ്വിറ്റ്സര്‍ലന്റിലാണ്. പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. യാത്രയുടെ ഫലമായി എത്ര രൂപ സമാഹരിക്കാനായെന്നത് മറുപടി ലഭിക്കാത്ത ചോദ്യമായി അവശേഷിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്് എത്ര രൂപ ചെലവാക്കിയെന്നതിനു പോലും മറുപടിയില്ല. നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങളില്‍ പോയി പണം ചെലവഴിക്കുമ്പോള്‍ ഇവിടെ പാവങ്ങളെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ക്യൂവില്‍ നിര്‍ത്തി തളര്‍ത്തുന്നതിനും സംസ്ഥാനം വിധിക്കപ്പെട്ടരിക്കുന്നു. പ്രായമായവരും വികലാംഗരും വിധവകളും കര്‍ഷകരും തങ്ങളുടെ അര്‍ഹതപ്പെട്ട ക്ഷേമ പെന്ഷന് മുടങ്ങല്ലെ എന്ന പ്രാര്‍ത്ഥനയില്‍ അക്ഷയ കേന്ദ്രങ്ങള്‍ തെരഞ്ഞ് ഓടുകയാണ്. വൃദ്ധരും വികലാംഗരും കെട്ടിടങ്ങളിലെ മുകള്‍ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലേക്ക് കോണിപ്പടികള്‍ കയറിയിറങ്ങുന്ന കാഴ്ചകള്‍ അതിദയനീയമാണ്. മരണപ്പെട്ടവര്‍ ക്ഷേമ പെന്ഷന് വാങ്ങുന്നുവെന്ന് പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ഇങ്ങിനെ ദുരിതം വിതക്കുന്നത്. ക്ഷേമ പെന്ഷന് വാങ്ങുന്നയാള്‍ മരണപ്പെട്ടോയെന്ന് അറിയാന്‍ സര്‍ക്കാറിനു മുന്നില്‍ എത്രയെത്ര മാര്‍ഗങ്ങളുണ്ട്. ജനനവും മരണവും ഓണ്‍ലൈനില്‍ രജിസ്ട്രേഷന് നടത്തുന്ന വര്‍ത്തമാന കാലത്ത് ആധാറും മരണ രജിസ്ട്രേഷനും ബന്ധിപ്പിച്ചാല്‍ കൃത്യമായി പരിഹരിക്കാവുന്നതേയുള്ളൂ. അത്രമാത്രം ആധുനിക സംവിധാനങ്ങള്‍ വികസിച്ചിരിക്കെ പാവപ്പെട്ടവരെ ക്യൂവില്‍ നിര്‍ത്തുന്നത് ഒരു പരിഷ്കൃത ഭരണസംവിധാനത്തിനു യോജിച്ചതല്ലെന്നേ പറയാന്‍ കഴിയൂ. മസ്റ്ററിങ് എന്ന് പേരിട്ടിരിക്കുന്ന ഈ കടമ്പ കടന്നില്ലെങ്കില്‍ അടുത്ത ഗഡു ക്ഷേമ പെഷന്‍ മുടങ്ങുമെന്നാണ് സര്‍ക്കാര്‍ ഭീഷണി. മരുന്നു വാങ്ങുന്നതിനും മറ്റു അത്യാവശ്യങ്ങള്‍ക്കുമായി കണ്ടുവെക്കുന്ന പെന്ഷന് തുക മുടങ്ങാതിരിക്കാന്‍ പാവപ്പെട്ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുഴങ്ങിയിരിക്കുകയാണ്. അക്ഷയയില്‍ പോയാല്‍ സൈറ്റിനു വേഗത നന്നേ കുറവാണ്. പിന്നീട് വരൂ എന്ന മറുപടി പറയാന്‍ അവരും ബാധ്യസ്ഥരാകുന്നു. പെന്ഷന് എങ്ങിനെ പരമാവധി മുടക്കാം എന്നതിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ആകെ 5753677 പേരാണ് കേരളത്തില്‍ ക്ഷേമ പെന്ഷന് വാങ്ങുന്നത്. ഇതില്‍ 3358164 പേര് മാത്രമാണ് ഇന്നലെ വരെ മസ്റ്ററിങ് ചെയത ഗുണഭോക്താക്കള്‍. ഇനിയും 24 ലക്ഷത്തോളം പേര് മസ്റ്ററിങ് ചെയ്യാന്‍ ബാക്കിയാണ്. ഗ്രാമപഞ്ചായത്തില്‍ 2324876 പേരും മുനിസിപ്പാലിറ്റിയില്‍ 354676 പേരും കോര്‍പ്പറേഷനില്‍ 183782 പേരുമാണ് ഇതിനകം മസ്റ്ററിങ് നടത്തിയത്. 15നകം ക്ഷേമ പെന്ഷന് വാങ്ങുന്ന എല്ലാവരും മസ്റ്ററിങ് ചെയ്യണമെന്നാണ് ഉത്തരവ്. അത് തന്നെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഓരോ ജില്ലക്കും നിശ്ചയിച്ച ദിനങ്ങള്‍. ഈ സാഹചര്യത്തില്‍ 15നകം ഇത് പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. മാര്‍ച്ച് 31 വരെ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ധനകാര്യമന്ത്രിക്ക് കത്ത് നല്‍കിയതാണ്. സര്‍ക്കാര്‍ പ്രായോഗികമായി ചിന്തിക്കേണ്ടതിനു പകരം ജനങ്ങളെ എങ്ങിനെ ബുദ്ധിമുട്ടിക്കാമെന്നതില് മാത്രമാണ് ഗവേഷണം നടത്തുന്നത്. കിടപ്പിലായവരെ വീട്ടില്‍ പോയി മസ്റ്ററിങ് ചെയ്യണമെങ്കില്‍ പഞ്ചായത്ത്,മുനിസിപ്പല്‍, കോര്പ്പറേഷന് സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കണം. തുടര്‍ന്ന് അക്ഷയ കേന്ദ്രത്തില്‍ നിന്നും വീട്ടില്‍ വന്ന് മസ്റ്ററിങ് ചെയ്യണം. ഇതെല്ലാം ചുരുങ്ങിയ ദിനങ്ങള്‍കൊണ്ട് എങ്ങിനെ സാധ്യമാകുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും ചോദിച്ചുപോകും. മാത്രമല്ല ഉംറ നിര്‍വഹിക്കാന്‍ പോയവര്‍ക്ക് ഈ ദിവസങ്ങളില്‍ മസ്റ്ററിങ് ചെയ്യാന്‍ കഴിയില്ല. മസ്റ്ററിങ്നു മറ്റു ലളിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമെന്നിരിക്കെ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിലൂടെ പെന്ഷന് വഴി നല്കുന്ന കോടികള്‍ ലാഭിക്കാമെന്നതാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. സര്‍ക്കാറിന്റെ ഈ ചിന്തയില്‍ നിരവധി പാവപ്പെട്ടവര്‍ക്കാണ് പെന്ഷന് മുടങ്ങാന്‍ പോവുന്നത്. മരണപ്പെട്ടവരുടെ പേരില്‍ നടത്തുന്ന ഈ മസ്റ്ററിങ് നീക്കത്തിലൂടെ ജിവിച്ചിരിക്കുന്ന നിരവധി പേര്‍ക്കാണ് പെന്ഷന് മുടങ്ങാന്‍ പോവുന്നതെന്ന് അടുത്ത പെന്ഷന് വിതരണത്തില്‍ വെളിച്ചത്ത് വരും.
മസ്റ്ററിങിനു പുറമെ വിധവകള്‍ ഓരോ വര്‍ഷവും പുനര്‍വിവാഹിതരായിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റും ഹാജറാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. വില്ലേജ് ഓഫീസര്‍, ഗസറ്റഡ് ഓഫീസര്‍ എന്നിവരിലാരെങ്കിലും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ വിധവകള്‍ക്ക് ക്ഷേമ പെന്ഷന് ലഭിക്കില്ലെന്നാണ് അറിയിപ്പ്. എന്തൊരു വിരോധാഭാസമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പുനര്‍വിവാഹിതരായിട്ടില്ലെന്ന വിവരത്തിനു സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് തദ്ദേശ സ്ഥാപനത്തില്‍ നല്കിയാല് മതിയെന്നിരിക്കെയാണ് അവരെ വിശ്വസത്തിലെടുക്കാതെ ബുദ്ധിമുട്ടിക്കുന്നത്. പൊതുവെ ഏറെ പ്രയാസപ്പെടുന്ന വിധവകളെ എന്തിനു ഇങ്ങിനെ കഷ്ടപ്പെടുത്തണം. ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ക്ഷേമ പെന്ഷന് ഗുണഭോക്താക്കളെ എത്ര തവണയാണ് വട്ടംകറക്കിയത്. ഇടക്കിടെ പുറത്തിറക്കുന്ന ഉത്തരവുകള്‍ മൂലം ഗുണഭോക്താക്കള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കണക്കില്ല. രണ്ട് വര്‍ഷത്തോളം ക്ഷേമ പെന്ഷന് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ നിശ്ചലമാക്കിവെച്ചു. ഇതില്‍ നിരവധി പേര് പെന്ഷന് സ്വപ്നം ബാക്കിവെച്ച് മരണപ്പെട്ടു. രണ്ടായിരം ചതുരശ്ര അടിയില്‍ കൂടുതലുള്ള വീട്ടില്‍ താമസിക്കുന്നവര്‍ക്കും എയര്‍കണ്ടീഷന്‍ സ്ഥാപിച്ച വീട്ടുകാര്‍ക്കും ഇനി പെന്ഷന് ഇല്ലെന്നാണ് ഏറ്റവും ഒടുവില്‍ ഇറക്കിയ ഉത്തരവ്. വികലാംഗരും വിധവകളും പ്രായമേറിയവരും പ്രയാസപ്പെടുന്നവരാണ്. ഇവരുടെ ആനുകൂല്യങ്ങള്‍ മുടന്തന്‍ ന്യായം പറഞ്ഞ് വിലക്കുന്നത് ശിരയാണോ എന്ന് സര്‍ക്കാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ അന്ന് മുതലേ ജനങ്ങളെ എല്ലാം കൊണ്ടും ബുദ്ധിമുട്ടിക്കുകയാണ്.