സ്‌നേഹദര്‍ശനത്തിന്റെ കവിക്ക് ജ്ഞാനപീഠത്തിന്റെ ആദരം


വാസുദേവന്‍ കുപ്പാട്ട്

‘ഒരു കണ്ണീര്‍ക്കണം മറ്റു
ള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ
ഉദിയ്ക്കയാണെന്നാത്മാവി
ലായിരം സൗരമണ്ഡലം’
ഇങ്ങനെ സ്‌നേഹത്തിന്റെ പാഠം കവിതയിലൂടെ പകര്‍ന്ന മഹാകവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. യാഥാസ്ഥിതികമായ അന്തരീക്ഷത്തിലാണ് അക്കിത്തത്തിന്റെ ബാല്യം. പൗരോഹിത്യത്തിന്റെ നടുവില്‍ ജനിച്ചുവളര്‍ന്നിട്ടും നിര്‍ണായക ഘട്ടത്തില്‍ സമുദായത്തെ മാറ്റിമറിക്കാന്‍ പുറപ്പെട്ടവരുടെ കൂടെ അണിചേരാന്‍ അക്കിത്തത്തിലെ വിപ്ലവകാരിക്ക് സാധിച്ചു. ബ്രഹ്മസ്വവും ദേവസ്വവും സംബന്ധ വ്യവസ്ഥയും നമ്പൂതിരി സമുദായത്തെ ദുഷിപ്പിച്ചപ്പോള്‍ അതേ സമുദായത്തില്‍ നിന്നുതന്നെ വിപ്ലവകരമായ ആശയങ്ങളുമായി തീ പന്തമായിമാറിയ ആളായിരുന്നു വി.ടി ഭട്ടതിരിപ്പാട്. അദ്ദേഹത്തിന്റെ അനുയായിയായി സാമുദായിക നവീകരണത്തിന് സ്വയം സമര്‍പ്പിക്കുകയായിരുന്നു അക്കിത്തം. ഏഴു പതിറ്റാണ്ടിലേറെ നീണ്ട അക്കിത്തത്തിന്റെ കാവ്യസപര്യ ഇതിനകം ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്.
‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ തുടങ്ങിയ കവിതകളില്‍ അക്കിത്തം ആവിഷ്‌കരിച്ച ആശയങ്ങള്‍ ഇന്നും നിത്യ നൂതനായി നിലകൊള്ളുന്നു. കമ്യൂണിസത്തിന്റെ ഗതിവിഗതികള്‍ നേരത്തെ തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയാണ് അക്കിത്തം. പാര്‍ട്ടിയിലെ തിസീസും ആന്റി തിസീസും ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തില്‍ ചര്‍ച്ച ചെയ്യുന്നു. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനവുമായി സഹകരിക്കാനും അക്കിത്തത്തിന് സാധിച്ചു. ഉണ്ണിനമ്പൂതിരി മാസികയുടെ നടത്തിപ്പുകാരനായും അക്കിത്തത്തിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
അക്കിത്തത്തിന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കൃതി ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ തന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പിനും പ്രതിഷേധത്തിനും ഇടയാക്കിയ കൃതി കൂടിയായിരുന്നു അത്.
‘തോക്കിനും വാളിനുംവേണ്ടി
ച്ചെലവിട്ടോരിരുമ്പുകള്‍
ഉരുക്കി വാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍’
എന്നാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ പറയുന്നത്. ഇങ്ങനെ ഹിംസയുടെ വിരുദ്ധപക്ഷത്ത് നിലകൊള്ളാനുള്ള ആഹ്വാനമായിരുന്നു ആ ദീര്‍ഘകാവ്യം. കല്‍ക്കത്താ തിസീസിന്റെ കാലത്താണ് കവിത പ്രസിദ്ധീകരിച്ചുവന്നത്. അതായിരിക്കാം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. പാര്‍ട്ടി വിരുദ്ധ കൃതി എന്ന നിലയില്‍ എതിര്‍പ്പുണ്ടായി. മലബാറില്‍ 144 പ്രഖ്യാപിച്ചതിനാല്‍ സഖാക്കള്‍ കൊച്ചിയില്‍ യോഗം ചേരാനെത്തി. അതില്‍ ചിലര്‍ അക്കിത്തത്തോട് കയര്‍ത്തു. എന്നാല്‍ തനിക്ക് സ്‌തോഭമൊന്നും തോന്നിയിട്ടില്ലെന്ന് അക്കിത്തം പിന്നീട് വ്യക്തമാക്കുകയുണ്ടായി. അപ്രകാരം എഴുതിയതില്‍ അന്നും പിന്നീടും തെല്ലും മനസ്താപം ഉണ്ടായിട്ടില്ലെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ഹിംസ ആസൂത്രണം ചെയ്യുന്നതിനോട് അക്കിത്തത്തിന് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ സോഷ്യലിസം എന്ന ആശയത്തെ തീര്‍ത്തും ഉപേക്ഷിക്കാനും തോന്നിയിരുന്നില്ല. ഇത്തരം ധര്‍മസങ്കടങ്ങളില്‍നിന്നാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ജന്മംകൊണ്ടത്.
പൊന്നാനിക്കളരിയില്‍നിന്നാണ് സ്വാഭാവികമായും അക്കിത്തം കാവ്യപരിശീലനം നേടിയത്. ഇടശ്ശേരിയുടെയും എം. ഗോവിന്ദന്റെയും സാന്നിധ്യവും ഇടപെടലും അക്കിത്തത്തിന്റെ കാവ്യരീതികളെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. കുറ്റിപ്പുറം പാലവും കറുത്ത ചെട്ടിച്ചികളും രചിച്ച ഇടശ്ശേരിയും കവിതയിലെയും സാമൂഹിക മണ്ഡലത്തിലെയും നവീന ആശയങ്ങള്‍ സ്വാംശീകരിച്ച എം. ഗോവിന്ദനും അക്കിത്തത്തിന്റെ കാവ്യാനുശീലനത്തെ സഹായിച്ചു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അങ്ങനെയായിരിക്കണം അക്കിത്തത്തിന്റെ കാവ്യമാര്‍ഗം മാനവികമായ ചിന്തകളിലേക്ക് കൂടുതല്‍ എത്തിയത്. അക്കിത്തത്തിന്റെ പൊതുപ്രവര്‍ത്തന മണ്ഡലത്തെ രൂപപ്പെടുത്തുന്നതില്‍ ഇടപെട്ട മറ്റൊരു മഹദ്‌വ്യക്തി വി.ടി ഭട്ടതിരിപ്പാട് ആണ്. ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകത്തിലൂടെ സാമുദായിക പരിഷ്‌കരണത്തിന് കലയെ ഉപയോഗപ്പെടുത്തിയ വി.ടിയുടെ സാമൂഹിക ദര്‍ശനം അക്കിത്തത്തെ ആവേശം കൊള്ളിച്ചു. വി.ടി ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് അക്കിത്തം പറഞ്ഞത്. നമ്പൂതിരിമാര്‍ക്കിടയിലെ സാമൂഹിക വൈകൃതങ്ങള്‍ക്ക് കാവല്‍നിന്ന കാട്ടമ്പലങ്ങള്‍ക്ക് തീ കൊളുത്താന്‍ ആഹ്വാനം ചെയ്ത വി.ടി അക്കിത്തത്തിന്റെ മനസ്സിലും നവീനാശയങ്ങളുടെ വെളിച്ചമെത്തിച്ചു.
കവിതയിലെ പുതുനാമ്പുകള്‍ പരിശോധിക്കാന്‍ ഇടശ്ശേരിയെ അഭയം പ്രാപിച്ചതിന്റെ ഓര്‍മകള്‍ അക്കിത്തം അയവിറക്കിയിട്ടുണ്ട്. കോഴിക്കോട്ട് ഇന്റര്‍ മീഡിയറ്റിന് പഠിക്കുമ്പോള്‍ വയറിന് അസുഖംവന്ന് പഠിപ്പ് നിര്‍ത്തി. പിന്നീട് അക്കിത്തത്തെ ഇല്ലത്ത്‌വെച്ച്് തൃക്കണ്ടിയൂര്‍ ഉണ്ണികൃഷ്ണമേനോന്‍ എന്ന അധ്യാപകന്‍ പഠിപ്പിച്ചു. ആ അധ്യാപകനാണ് അക്കിത്തത്തിന്റെ കാവ്യസിദ്ധി കണ്ടറിഞ്ഞത്. കവിതയില്‍ തന്റെ പുതിയ ശിഷന്‍ നേരെയാകുമോ എന്നറിയാന്‍ ഉണ്ണികൃഷ്ണമേനോന്‍ ഇടശ്ശേരിയുടെ അഭിപ്രായം തേടുകയായിരുന്നു. ഇതിന്റെ ഭാഗമായി പൊന്നാനിയിലേക്ക് നടത്തിയ യാത്രകള്‍ അക്കിത്തത്തിന്റെ കാവ്യസരണിയില്‍ പുതുവഴികള്‍ വെട്ടുകയായിരുന്നു.
പി.സി കുട്ടികൃഷ്ണന്‍(ഉറൂബ്), ടി. ഗോപാലക്കുറുപ്പ്, പി.എം പള്ളിപ്പാട്, ഇ.പി സുമിത്രന്‍ തുടങ്ങിയവരെല്ലാം അക്കിത്തത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായി പല പ്രകാരത്തില്‍ അദ്ദേഹത്തിന്റെ കാവ്യജീവിതത്തിന് താങ്ങും തണലുമായി. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകത്തില്‍ അക്കിത്തം നടനായി. ‘ഈ ഏടത്തി നൊണയേ പറയൂ’ എന്നതടക്കം ചില നാടകങ്ങള്‍ എഴുതുകയും ചെയ്തു. ഒളപ്പമണ്ണ, എം.ആര്‍.ബി, എം.പി ഭട്ടതിരിപ്പാട്, ഐ.സി.പി നമ്പൂതിരി തുടങ്ങിയവരുടെ സാന്നിധ്യമാണ് നാടകരംഗത്തേക്ക് തിരനോട്ടം നടത്താന്‍ അക്കിത്തത്തെ പ്രേരിപ്പിച്ചത്.
പഠനത്തിന് കോഴിക്കോട്ടെത്തിയ അക്കിത്തം പിന്നീട് ആകാശവാണിയില്‍ ജീവനക്കാരനായും ഇവിടെയെത്തി. കോഴിക്കോട് നിലയത്തില്‍ തിക്കോടിയന്‍, എന്‍.എന്‍ കക്കാട്, കെ.എ കൊടുങ്ങല്ലൂര്‍, കടവനാട് കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ അക്കിത്തത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. ആകാശവാണിയില്‍ പല ഭാഗത്തുനിന്നും സന്ദര്‍ശകര്‍ എത്തും. അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള നിയോഗം അക്കിത്തത്തിനായിരുന്നു. എന്നാല്‍ താന്‍ ഇതിന്റെയൊന്നും ഉടമസ്ഥനല്ല എന്ന ഭാവമായിരുന്നു കവിക്ക്. അങ്ങനെയാണ് ‘എന്റെയല്ലയീ കൊമ്പനാനകള്‍ എന്റെയല്ലയീ ക്ഷേത്രവും മക്കളെ’ എന്ന് അക്കിത്തം എഴുതുന്നത്. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ ദേവായനം എന്ന വീട്ടില്‍ കവിതയുടെ വഴികളില്‍ സഞ്ചരിക്കുന്ന അക്കിത്തത്തിന് 94 വയസ് പിന്നിട്ടു. ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം മരണമടഞ്ഞു. അക്കിത്തത്തിനൊപ്പം മകന്‍ നാരായണനും കുടുംബവുമുണ്ട്. ജ്ഞാനപീഠത്തിന്റെ ദീപ്തിയില്‍ കാവ്യജീവിതം ജ്വലിക്കുമ്പോഴും കവി വിനയാന്വിതനായി അതിഥികളെ സ്വാഗതം ചെയ്യുകയാണ്.

SHARE