വിലക്കപ്പെട്ട കനികളാല്‍ വിലങ്ങപ്പെട്ട ഖനികള്‍

കെ എം അബ്ദുല്‍ ഗഫൂര്‍

‘ഒരു രക്ഷയുമില്ല’ എന്ന വാക്ക് കുറച്ച്കാലം മുമ്പുവരെ ഏറ്റവും അവസാനമായി പ്രയോഗിച്ചിരുന്ന ഒന്നായിരുന്നു. എന്നാല്‍ പുതിയ കാലത്ത് ആ വാചകമാണ് ആദ്യം പറയുക. ഒരു അഭിനയത്തെക്കുറിച്ചോ, സിനിമയെക്കുറിച്ചോ, നന്നായി പെര്‍ഫോം ചെയ്ത ഒരു കലയെക്കുറിച്ചോ, ചോദിക്കുന്ന അഭിപ്രായങ്ങള്‍ക്ക് പുതുതലമുറ പറയുന്ന മറുപടി ‘ഒരു രക്ഷയുമില്ല’ എന്നായി മാറിയിരിക്കുന്നു. ഭാഷയും വാക്കുകളും ഏറെ അറിയുന്ന, യൗവ്വനം പിന്നിട്ടവര്‍ പോലും, ‘നന്നായിട്ടുണ്ട്’ എന്നതിനപ്പുറം പറയാനുള്ള വാക്കായി കടമെടുത്തിരിക്കുന്നത് ഇത്തരം ‘ന്യൂജന്‍’ പ്രയോഗങ്ങളാണ്.ഒരുപാട് രക്ഷകള്‍ ചുറ്റിലും പരന്നു കിടക്കുമ്പോഴും ‘ഒരു രക്ഷയുമില്ല’ എന്ന തോന്നല്‍ വ്യര്‍ത്ഥമാണ്. വാക്കര്‍ത്ഥത്തിലല്ലെങ്കിലും ഈ കടംകൊള്ളല്‍ കാരണവന്മാര്‍ ഉപയോഗിക്കുമ്പോള്‍ അവരും ചില ആലോചനകള്‍ക്ക് വിധേയരാവേണ്ടതുണ്ട്. കുട്ടികളില്‍നിന്ന് കടം വാങ്ങുന്ന പുതിയ പ്രവണതകള്‍ക്ക് പകരമായി പഴയത് തിരിച്ച് നല്‍കാനും ശ്രമിക്കണം.
ഷെയിന്‍ നിഗം എന്ന നടന്റെ സിനിമാജീവിതവും വിലക്കും ചര്‍ച്ച ചെയ്യുന്ന സമൂഹം പുതുതലമുറയുടെ സ്വഭാവ രീതികള്‍ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. ഷെയിനും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ കുറേ പാഠങ്ങള്‍ ഉറങ്ങികിടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മൂപ്പിക്കല്‍ പ്രസ്ഥാനത്തില്‍പെട്ട് കയറി മറിഞ്ഞുപോകാന്‍ ഷെയിന്‍ നിഗത്തിനെ മാത്രമല്ല നമ്മുടെ കുട്ടികളെയും വിട്ടു കൊടുക്കരുത്. ഒരര്‍ത്ഥത്തില്‍ ഷെയിന്‍ നിഗവും നമ്മുടെ കുട്ടിയല്ലേ. തൊണ്ണൂറുകളില്‍ നമ്മുടെ വീട്ടുമുറ്റത്ത്‌വന്ന് നമ്മെ കുടുകുടാ ചിരിപ്പിച്ച അബിയുടെ മകന്‍ നമ്മുടെ സഹോദരനോ മകനോ ആയി മാറേണ്ടതില്ലേ. 2012 ല്‍ കുട്ടിയായിരിക്കേ സിനിമയില്‍ പ്രവേശിച്ച ഷെയിന്‍ അത്ഭുതകരമായ പാഞ്ഞുപോക്കിനിടയില്‍ ഇടറി വീണിരിക്കുന്നു. ആരാണ് തെറ്റുകാരന്‍ എന്ന അന്വേഷണങ്ങളിലാണ് എല്ലാവരും. സത്യം വിചാരണ ചെയ്യപ്പെടുന്ന വാസ്തവാനന്തര കാലത്ത് പല അന്വേഷണങ്ങളും വഴിതെറ്റിപ്പോകാനിടയുണ്ടല്ലോ. തെറ്റ് ആരുടെ പക്ഷത്താണെങ്കിലും വിലക്കപ്പെടേണ്ട ഒരാളല്ല ഷെയിന്‍ എന്നത് അയാളുടെ കഴിവുകള്‍ തെളിയിക്കുന്നുണ്ട്. പക്ഷേ ആ കഴിവുകള്‍ ഒന്നും മുതല്‍കൂട്ടായിനില്‍ക്കാത്തവിധം ദയനീയമായാണ് ഒരു ഇന്റര്‍വ്യൂവില്‍ ഷെയിന്‍ പ്രതികരിക്കുന്നത്. അത്രമാത്രം മാനസിക സംഘര്‍ഷത്തിലാണ് ആ ചെറുപ്പക്കാരന്‍ എന്ന് തോന്നും ആ അഭിമുഖം കാണുമ്പോള്‍. ‘ഞാനെന്ത് തെറ്റാണ് ചെയ്തത്’ എന്ന ചോദ്യത്തിലാണ് അതവസാനിപ്പിക്കുന്നത്. ‘എനിക്ക് പെട്ടെന്ന് ദേഷ്യം വരും, അതൊന്നും ആരോടും ഇഷ്ടമില്ലാഞ്ഞിട്ടല്ല’. എന്നൊക്കെ സങ്കടത്തോടെ പറയുന്നു.
ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഇത്തരം ചോദ്യങ്ങളും വര്‍ത്തമാനങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ ചോദ്യം പതിവാക്കുന്ന ഒരു തലമുറ ഉണ്ടായി വരുന്നു. ബാല്യ കൗമാര യൗവ്വനങ്ങളുടെ മുക്കൂട്ട് പെരുവഴിയില്‍വെച്ച് പതറിപോകുന്ന കുട്ടികളാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. രക്ഷിതവിന്റെ, അധ്യാപകന്റെ, സമൂഹത്തിന്റെ കണ്ണില്‍ നോക്കി കണ്ണുനിറയ്ക്കുന്നത്. എഴുപത് പിന്നിട്ട ഒരു മനുഷ്യന്‍ ‘ഞാന്‍ ഇങ്ങനെ ആയി പോയി, ഇനി എനിക്ക് മാറാനാവില്ല’ എന്ന് പറഞ്ഞാല്‍ നമുക്കത് മനസ്സിലാവും. ജീവിതം തുടങ്ങുന്നവര്‍ ഇങ്ങനെ പറഞ്ഞ് കരഞ്ഞാല്‍ അതിന്റെ കാരണം അന്വേഷിക്കേണ്ടത് മുതിര്‍ന്നവര്‍ കൂടിയാണ്. അക്ഷമരായ, പ്രതികരണ ശേഷികൊണ്ട് വലഞ്ഞുപോയ ഒരു തലമുറയുടെ സംഖ്യ വലുതായി വരികയാണ്. ജീവിതത്തില്‍നിന്ന് സിനിമാലോകത്തേക്ക് തിരിച്ചുവരാം. സിനിമക്ക് ഒരു ആവാസ വ്യവസ്ഥയുണ്ട്. അത് വിശദീകരിച്ച് പറയുന്നതിനു പകരം ഒരു പഴയ സിനിമ കാലം ഓര്‍ത്തെടുക്കാം. ജീവിത വിശുദ്ധികൊണ്ട് സൗഹൃദപ്പെട്ട രണ്ടു പേരാണ് കഥാപാത്രങ്ങള്‍. ഒരാള്‍ മികച്ച നടന്‍. മറ്റൊരാള്‍ നല്ല രാഷ്ടീയ നേതാവ്. കലയിലും സംഗീതത്തിലും തല്‍പരനും നിരവധി പേര്‍ക്ക് സഹായങ്ങളാല്‍ പ്രോത്സാഹങ്ങള്‍ നല്‍കിയ ഒരാളുമായിരുന്ന രാഷ്ട്രീയക്കാരനു ഒരു പൂതി. ഒരു പടമെടുത്താലോ എന്ന്. ആ ആഗ്രഹം പറഞ്ഞത് സുഹൃത്തായ നടനോടായിരുന്നു. പണക്കാരനായ സുഹൃത്തിന്റെ പൂതിക്ക് കൂടെനിന്നു കൊടുക്കുകയല്ല നടന്‍ ചെയ്തത്. ‘ഇതിലേക്ക് വരരുത്’ എന്ന താക്കീത് നല്‍കുകയാണ്. ‘ഈ ലോകം നിങ്ങള്‍ക്ക് പറ്റിയതല്ല’ എന്ന ഉപദേശം നല്‍കുകയായിരുന്നു. സുഹൃത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആഗ്രഹം ഒരുപക്ഷെ അപരനും പ്രോത്സാഹിപ്പിച്ചിട്ടുണ്ടാവില്ല. സിനിമ ലോകത്തിനു ചില ചുഴികളും കാറ്റും കോളും ഉണ്ടെന്നതാണ് സത്യം. ആരോ ഉണ്ടാക്കിയെടുത്ത ഒരു പ്രത്യേക ലോകം. അപ്പോഴും സിനിമ ഒരു ജനപ്രിയ കലയായി തുടരുന്നത് നൈതികത പുലര്‍ത്തുന്ന ഒരു കൂട്ടം അതിനകത്തുണ്ട് എന്നതുകൊണ്ടുകൂടിയാണ്. ആ കുളത്തിലേക്ക് ‘ആറാട്ടിനിറങ്ങുമ്പോള്‍’ ചില ജാഗ്രതകള്‍ അനിവാര്യമാണ്. അതൊന്നും പരിശീലിപ്പിക്കാതെയാണോ പിതാവ് യാത്ര പോയത് എന്ന് തോന്നിപ്പോവും. എന്നാലും ഷെയിന്‍ ചിലതൊക്കെ പിതാവിന്റേതായി സൂക്ഷിച്ചുവെക്കേണ്ടതായിരുന്നു. അഭിനയകലകൊണ്ട് അനുഗ്രഹിക്കപ്പെട്ട അബിയുടെ ക്ഷമയും സ്ഥൈര്യവും കാത്തിരിക്കാനുള്ള സന്നദ്ധതയും ആയിരുന്നു അവ. പാളിച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ അതും ഒരു പാഠ ഭാഗം ആവേണ്ടിയിരുന്നു. പുലര്‍ കാലത്ത് യാത്ര പുറപ്പെട്ട്, കേരളത്തിന്റെ രണ്ടറ്റത്തും മിമിക്രി കളിച്ച്, കോഴി കൂവുമ്പോള്‍ കിടന്നുറങ്ങി, വൈകീട്ട് വീണ്ടും പുറപ്പെടേണ്ടിവരുന്ന ഒരു വണ്ടിയില്‍ അങ്ങനെ കുറേ പേരുണ്ടായിരുന്നല്ലോ. അന്നൊക്കെ പിതാവും കൂട്ടുകാരും സ്വപ്‌നം കണ്ടത് കൈയെത്തിപ്പിടിച്ചതിന്റെ ആഹ്ലാദത്തില്‍ നിവര്‍ന്നു നില്‍ക്കേണ്ട ഒരു ചെറുപ്പക്കാരന്‍ ചോദിക്കുന്നു ‘ഞാനെന്ത് തെറ്റാണു ചെയ്തത്’ എന്ന്.
സംവിധായകന്റെ കലയാണ് സിനിമ എന്നത് ശരിയാണെങ്കിലും സംവിധായകനോ നിര്‍മാതാവിനോ ഒറ്റക്ക്‌നിന്ന് ഒരു സിനിമയും വിജയിപ്പിക്കാനാവില്ല എന്ന് കൂടിയുണ്ട്. ഒരു വലിയ കൂട്ടായ്മയുടേതാണ് സിനിമ. മുടിയും താടിയും സിനിമയുടെ അനിവാര്യതകളാണെന്ന് തോന്നും പുതിയ ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍. നെറുകില്‍ ഒരൊറ്റ മുടിയില്ലാതെ ഭരത് അവാര്‍ഡ് വാങ്ങിയ ഗോപി എന്ന നടന്‍ നമുക്ക് മുന്നിലൂടെയാണ് കടന്ന് പോയത്. അഭിനേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സിനിമക്ക് തടസ്സമാണെങ്കില്‍ അത് ഉപേക്ഷിക്കണം. ഏത് മേഖലക്കും ഇത് ബാധകമാണല്ലോ. വിജയത്തിലേക്കുള്ള യാത്രയിലാണു നിങ്ങളെങ്കില്‍ ചില വിലക്കപ്പെട്ട കനികളുണ്ട് വഴിയില്‍ എന്ന് അറിയണം. ‘കനികളില്‍’ അഭിരമിച്ച് വഴിയില്‍ നിന്നാല്‍ യാത്ര മുടങ്ങും. ‘എനിക്ക് മറ്റു പല ഒപ്ഷനുകളും ഉണ്ട്’ എന്ന് പറഞ്ഞ് ഒന്ന് രണ്ടു പേര്‍ക്ക് മുന്നില്‍ മുട്ടുമടക്കാനല്ല. ഇത് എന്റേതു കൂടിയായ ലോകമാണെന്നും ഞാനിവിടെതന്നെ നില്‍ക്കുമെന്നും ആര്‍ജ്ജവത്തോടെ പറയാനാവണം. അതിനു സഹായിക്കാന്‍ ഒരുപാടുപേര്‍ കൂടെയുണ്ടാവും. പക്ഷെ, അവര്‍ക്ക്‌പോലും ഒന്ന് കൈ തരാനാവത്തവിധം ആഴത്തിലേക്ക് പതിക്കാതെ നോക്കണമെന്ന് മാത്രം. ഒരു രക്ഷയുമില്ല എന്ന വാക്കില്‍ തന്നെ അവസാനിപ്പിക്കാം. ഒരു പാട് രക്ഷകളുണ്ട് ഈ ലോകത്ത് എന്ന് കണ്‍ തുറന്ന് നോക്കി കാണാനാവാണം.

SHARE