വൈരുധ്യാധിഷ്ഠിത ‘സംഘിവാത’വും ചുവന്ന മുളകിന്റെ കാവി സ്‌പ്രേയും

ലുഖ്മാന്‍ മമ്പാട്

പെരിയാറും അംബേദ്കറും ലെനിനും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളാണ്.
-ബാബാ രാംദേവ്.
സംഘ്പരിവാര്‍, ജനം നാടകം’തൃപ്തി 2019′ എന്ത് നല്ല തിരക്കഥ! കണ്ണിനും മനസ്സിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്‌പ്രേ! പതഞ്ജലി മുളകുപൊടി ബെസ്റ്റാണ്.
-മന്ത്രി എം.എം മണി
ചുവപ്പ് നരച്ച് കാവിയാകുന്നതുപോലെ ഇരട്ട ചങ്ക് എന്നത് ഒരസുഖമാണോ ഡോക്ടര്‍. രോഗിയെ കുറിച്ച് പറയുംമുമ്പ് ഒരു ഡോക്ടറോട് അവര്‍ കാണിച്ചതു പറയാം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭ്രാന്തിനെവരെ കൂസാത്ത ഡോ. ഖഫീല്‍ഖാന്‍ ഹാജര്‍. എവിടെ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍. ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പണമടക്കാത്തതിനാല്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചപ്പോള്‍ സ്വന്തം തുട്ടിറക്കി 250 ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചതിന് ജയിലില്‍ പോകേണ്ടിവന്ന ഡോക്ടറാണ്. ചെയ്ത കുറ്റം എന്തെന്ന്‌പോലും പറയപ്പെടാതെ മാസങ്ങളോളം ഇരുട്ടറയില്‍കിടന്ന അദ്ദേഹത്തിന്റെ വിഷയം കേരളത്തിലെ ജനപ്രതിനിധി ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ ഉന്നയിച്ചതോടെയാണ് ജനശ്രദ്ധ നേടിയതും ഒത്തുകളിതീര്‍ന്ന് ജാമ്യം കിട്ടിയതും. ശേഷം കേരളത്തിലെത്തി സന്തോഷം പങ്കുവെച്ചതും 63 കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് പുറംലോകത്ത് എത്തിച്ചതിന് ഒമ്പതുവര്‍ഷം മുമ്പുള്ള പരാതി വരെ കുത്തിപ്പൊക്കി യോഗി സര്‍ക്കാര്‍ വേട്ടയാടുന്നതുമൊക്കെ എല്ലാവര്‍ക്കും അറിയാം.
തുടര്‍ന്ന്, ആതുര സേവനത്തിന്റെ വലിയ മാതൃകയായും സംഘ്പരിവാറിന്റെ വേട്ടക്ക് ഇരയായും ഉയര്‍ന്നുനില്‍ക്കുമ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെമിനാറിലേക്ക് യൂണിയന്‍ ക്ഷണിച്ച പ്രകാരം 2018 മെയ് 13ന് ഡോ. ഖഫീല്‍ ഖാന്‍ എത്തുന്നത്. രണ്ടു അധ്യാപകര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയുടെ ലൈവ് ഫെയ്‌സ്ബുക്കില്‍ സംപ്രേഷണം ചെയ്തതോടൊപ്പം, അന്നു നടത്തിയ പ്രസംഗം ഏതാണ്ട് എല്ലാ മാധ്യമങ്ങളും നല്ല പ്രാധാന്യത്തില്‍തന്നെ പ്രസിദ്ധീകരിച്ചു. ഒരാഴ്ചക്ക്‌ശേഷം നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തിലെത്തി സൗജന്യമായി ചികിത്സിക്കാനും താല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടും റമസാന്‍ നോമ്പിന്റെ അത്താഴത്തിന് നമസ്‌കാരശേഷം ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നും നിപ വൈറസ് മൂലമുള്ള മരണങ്ങള്‍ അസ്വസ്ഥമാക്കുന്നുവെന്നും സോഷ്യല്‍ മീഡിയയിലും അറിയിച്ചു. ഉടന്‍ സ്വാഗതം ചെയ്ത പിണറായി സോഷ്യല്‍ മീഡയയില്‍ ഡോ. ഖഫീല്‍ഖാനെ പുകഴ്ത്തി.
സംഘ്പരിവാറിന് നീരസം. രണ്ടാം നാള്‍ രണ്ടുമണിക്ക് ലഖ്‌നൗ വിമാനത്താവളത്തില്‍ ഡോ. ഖഫീല്‍ഖാനും സഹോദരന്‍ ആദില്‍ഖാനും ബംഗളുരു വഴി കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനം കാത്തിരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഫോണ്‍ കോള്‍. കേരളത്തിലേക്ക് വരേണ്ട. ഇനിയാണ് കഥ. മാസം പത്തു കഴിഞ്ഞപ്പോള്‍ ആ കനല്‍ പ്രസവിച്ചു. 2018 മെയ് മാസം 13 നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോ. ഖഫീല്‍ ഖാനെ പ്രസംഗിപ്പിച്ചത് ദേശ ദ്രോഹപരമെന്ന് ജനം ടി.വിയില്‍ വാര്‍ത്ത. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് കമ്മിറ്റി യോഗം നടക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ മാസ്റ്റര്‍, രാജ്യദ്രോഹിയായ ഡോ. ഖഫീല്‍ഖാനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്ന് പ്രസംഗിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വിഷയം എടുത്തിടുന്നു. (കമ്മിറ്റി അംഗമായ മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല). വിഷയം ഏറ്റുപിടിച്ച സി.പി.എം ജില്ലാസെക്രട്ടറി പി മോഹനന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനായ എച്ച്.എം.സി ആവശ്യപ്രകാരം കേസെടുക്കുന്നു.
പ്രതിഷേധിച്ച കോളജ് യൂണിയന്‍ ചെയര്‍മാനെ ഉള്‍പ്പെടെ സസ്‌പെന്റ് ചെയ്തും കേസെടുത്തും പീഡിപ്പിക്കാന്‍ ശ്രമിച്ചത് യോഗിയുടെ യു.പിയിലല്ല. യോഗി സര്‍ക്കാറിന്റെ നീതി നടപ്പാക്കല്‍ എന്ന ചിന്തയില്‍ പി.വി അഖിലേഷ് എഴുതിയ ലേഖനമെങ്കിലും വായിച്ചിരുന്നെങ്കില്‍ പി മോഹനന്‍, ഡോ.ഖഫീല്‍ഖാന്‍ രാജ്യദ്രോഹിയാണെന്ന ബി. ജെ.പി വാദത്തെ ശരിവെച്ച് അന്വേഷണം ആവശ്യപ്പെടുമായിരുന്നോ എന്നൊന്നും ചോദിക്കരുത്. സുല്‍ത്താന്‍ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ മാളമുണ്ടാക്കിയതും പാമ്പിനെ താമസിപ്പിച്ചതും ഇസ്‌ലാമിക തീവ്രവാദികളാണെന്ന് ഇതുവരെ പറയാത്തതുതന്നെ ഭാഗ്യം. അയ്യപ്പ ശാപംകൂടി ചേര്‍ന്നതോടെ വൈരുധ്യാധിഷ്ഠിത സംഘിവാതം പിടിപെട്ട് ചക്രശ്വാസം വലിക്കുമ്പോള്‍ ഇസ്്‌ലാമോഫോബിയ തന്നെയാണ് നല്ല മരുന്ന്. പക്ഷേ, ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കില്‍ കേരളത്തില്‍ ഏറ്റവുമധികം ആളുകളെ കൊന്നു തള്ളിയ പാര്‍ട്ടികളാണവരെന്ന് മറക്കാനാവില്ല.
ടി.പി ചന്ദ്രശേഖരനെയും അരിയില്‍ ഷുക്കൂറിനെയും മുതല്‍ ഷുഹൈബിനെയും ഇസ്ഹാഖിനെയുംവരെ കൊന്നുതള്ളിയ ഇസത്തിന്റെ പേരാണ് കമ്യൂണിസം. പാര്‍ട്ടിവിട്ട എം.വി രാഘവനെ വധിക്കാന്‍ പതിനെട്ടടവും പയറ്റി കൂത്തുപറമ്പില്‍ ചാവേറുകളായി അഞ്ചു ചെറുപ്പക്കാരെ കുരുതികൊടുത്ത വാര്‍ഷികത്തിന് ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നവര്‍. പറശ്ശിനിക്കടവ് പാര്‍ക്ക് ഉടമയായ എം.വി രാഘവനോടുള്ള പക മൂത്ത് അപൂര്‍വ്വ ഇനം സിംഹവാലന്‍ കുരങ്ങിന്റെ കാലുകള്‍ വെട്ടിക്കളഞ്ഞ, രാജവെമ്പാലയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച, മുതലകളെ വായില്‍ നാടന്‍ ബോംബ് എറിഞ്ഞുകൊന്ന, അപൂര്‍വ്വ ഇനത്തില്‍ പെട്ട അഞ്ഞൂറില്‍ അധികം മൃഗങ്ങളെ വകവരുത്തിയവരെകുറിച്ച് എം.വി രാഘവന്‍ പറഞ്ഞത്, ഞാന്‍ ഒരു അംഗന്‍വാടി ആണ് നടത്തിയിരുന്നതെങ്കില്‍ അവരെന്റെ കുട്ടികളെയെല്ലാം ചുട്ടുകൊല്ലുമായിരുന്നു എന്നാണ്.
കേരളത്തില്‍ മാവോയിസ്റ്റുകളേക്കാള്‍ വലിയ ഭീകരരായ ഇവര്‍, ഗെയില്‍ പൈപ്പിടുമ്പോള്‍ നെഞ്ചു പിളരുന്നവരുടെ വേദനയെയും കുഞ്ഞുങ്ങളുടെ ഓക്‌സിജനായ ഡോ. ഖഫീല്‍ ഖാന്റെ സാന്നിധ്യത്തെയുമെല്ലാം ഇസ്‌ലാമിക തീവ്രവാദമായി വ്യാഖ്യാനിച്ച് അമിത്ഷാക്ക് കാണിക്കയിടുകയാണ്. മാവോയിസ്റ്റുകളെന്നാരോപിച്ച് ഏഴു പേരെ വെടിവെച്ചുകൊല്ലുകയും ഡി.വൈ.എഫ്. ഐക്കാരെ പോലും യു.എ.പി.എ ചുമത്തി ജയിലിലടക്കുയും ചെയ്യുന്ന പിണറായിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സംഘ്പരിവാര്‍ സംഘടനകളും നേതാക്കളും പ്രതിരോധിക്കുന്നത് വെറുതെയല്ല. മഹാരാഷ്ട്രയിലെ ഏക സി.പി.എം എം. എല്‍.എ വിനോദ് നിക്കോളെ ശിവസേനക്ക് പിന്തുണ പ്രഖ്യാപിക്കുംമുമ്പ് തന്നെ മാവോയിസ്റ്റുകളുടെ അന്തകനായ പിണറായി വിജയനെ പിന്തുണച്ച് ഹനുമാന്‍സേന രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസ് നേതാക്കളായ കെ.വി.എസ് ഹരിദാസ്, സന്ദീപ് വാര്യര്‍, ടി.പി സെന്‍കുമാര്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളില്‍ പിണറായിയെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും രംഗത്ത്‌വന്നതും രോഗി ഇച്ഛിക്കുന്നതും വൈദ്യന്‍ കല്‍പ്പിക്കുന്നതും ഒന്നായതിനാലാണ്.
ആര്‍.എസ്.എസ് മുഖപത്രമായ ജന്മഭൂമിയില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ മുന്‍ ഉദ്യോഗസ്ഥനും സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള തത്ത്വമയി ടി.വിയുടെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ രാജേഷ് ജി പിള്ള, അവരെ ഒരുമിപ്പിച്ചത് ആരാണ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ മോഹനന്‍ മാസ്റ്റര്‍ വ്യാഖ്യാനം എഴുതുന്നുണ്ട്. ലേഖനം പറയുന്നു: ഒരുകാര്യം വളരെ വ്യക്തമാണ്. അലനെയും താഹയെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ പൊലീസ് പറയാത്ത കാര്യമാണ് ഈ നഗര മാവോയിസ്റ്റുകളുടെ ജിഹാദി ബന്ധം. അതാണ് പി. മോഹനന്‍ പറഞ്ഞത്. സി.പി.എം കേഡര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കുവേണ്ടി ചാവേറാകാന്‍ തയാറായിട്ടുള്ളത് ആകെ ഈ രണ്ടു പേര്‍ മാത്രമാണെന്ന് വിശ്വസിക്കാനാകില്ല. ഈ സാഹചര്യത്തില്‍, വിവാദങ്ങള്‍ക്കും പ്രസ്താവന യുദ്ധങ്ങള്‍ക്കുമപ്പുറം ദേശീയ പ്രസ്ഥാനങ്ങള്‍ കരുതലോടെ നോക്കിക്കാണേണ്ട ഒന്നാണ് ജിഹാദികളും കമ്യൂണിസ്റ്റ് ഭീകരവാദികളും തമ്മിലുള്ള ഈ ബന്ധം. ഈ രണ്ടു യുവാക്കളുടെ അറസ്റ്റിലൂടെ കണ്ടത് വലിയ മഞ്ഞുമലയുടെ അറ്റം മാത്രമാണ്… ഈയൊരു സര്‍ട്ടിഫിക്കറ്റിനാണ് കമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ഏറെ കൊതിക്കുന്നത്.
ശബരിമലയില്‍ യുവതികളെ വേഷംമാറ്റി പൊലീസ് അകമ്പടിയോടെ ഒളിച്ചുകയറ്റിയവര്‍ നാലു വോട്ടിനുവേണ്ടി നിലപാട് മാറ്റില്ലെന്ന് ആണയിട്ടതുപോലെ ഒരു തന്ത്രമാണ് ഇപ്പോള്‍ മല ചവിട്ടാനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ ചുവന്ന മുളകിന്റെ സ്‌പ്രേ ചീറ്റുമ്പോള്‍ പൊലീസ് കാഴ്ചക്കാരായിനിന്ന് കാവിയെ തലോടുന്നതും. ഇന്നലെ ദേശാഭിമാനി ഒന്നാം പേജില്‍ മുഖത്ത് കുരുമുളക് സ്‌പ്രേയടിച്ച ശ്രീനാഥ് പത്മനാഭനെ ബിന്ദു അമ്മിണി പൊലീസിന് കാണിച്ചു കൊടുക്കുന്നു എന്ന അടിക്കുറിപ്പോടെതന്നെ അതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, അപ്പോള്‍ തൊടാന്‍ അറച്ച പൊലീസ് പിന്നീട് പ്രതിഷേധം കനപ്പെട്ടപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍കൂട്ടി അറിയിച്ചെത്തിയ ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായിക്കൊപ്പം മല ചവിട്ടാനാണ് ബിന്ദു അമ്മിണി കെട്ടുനിറച്ചത്. നിയമ മന്ത്രി എ.കെ ബാലന്റെ ഓഫീസിലെത്തി വിവരം പറഞ്ഞ ശേഷമാണെന്നതാണ് ഒടുവിലെ വിവരം.
തൃപ്തിദേശായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ജനം ടി.വി മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും മറ്റ് ചാനലുകളും സംസ്ഥാന ഇന്റലിജന്‍സും അറിയാത്ത കാര്യം ജനം ടി.വി എങ്ങനെ അറിഞ്ഞുവെന്നുമാണ് മുന്‍ ആഭ്യന്തര മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ന്റെ മകന്‍ ബിനീഷ് കോടിയേരി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചത്. കേരളം ഭരിക്കുന്നത് പിണറായി വിജയനോ എ. കെ.ജി സെന്ററോ അല്ലെന്നും അമിത്ഷായും തേക്കുംമൂട് റോഡിലെ ബി.ജെ.പി ഓഫീസുമാണെന്നും വിശ്വസിക്കാതിരിക്കാന്‍ വരട്ടുവാദത്തേക്കാള്‍ കടുത്ത സംഘിവാതം പിടികൂടിയവര്‍ക്കേ വൈമനസ്യം കാണൂ. ബാബാ രാംദേവിന്റെ പതഞ്ജലി മുരളകുപൊടിയുടെ മേന്മ പറയുന്ന മന്ത്രി എം.എം മണി ”സംഘ്പരിവാര്‍, ജനം നാടകം’തൃപ്തി 2019′, എന്ത് നല്ല തിരക്കഥ! കണ്ണിനും മനസ്സിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്‌പ്രേ!” എന്ന് ഊറ്റം കൊള്ളുമ്പോള്‍ നവോത്ഥാന മതിലും നവോത്ഥാന സമിതി ബ്രാണ്ടിയമ്പാസിഡറും എത്ര മഹത്തരമാണെന്ന് ബോധ്യപ്പെടും. അമിത്ഷായെ ഗുജറാത്ത് വംശഹത്യയില്‍ രക്ഷിച്ചെടുത്ത സംഘത്തിലെ ബഹ്‌റയെ എല്ലാ സീനിയോറിറ്റിയും മറികടന്ന് കേരള പൊലീസ് തലപ്പത്ത് പ്രതിഷ്ഠിച്ചപ്പോള്‍ തുടങ്ങിയതാണ് ഈ കണ്‍കുളിര്‍മ. കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സി.പി.എം മാവോയിസ്റ്റുകളെ അര്‍ബന്‍ നക്‌സലുകളാണെന്ന് പൊലീസ് പറയുന്നത് ഇടതു ചിന്തകര്‍ക്കെതിരെ അമിത്ഷാ പ്രയോഗിച്ച പദം കടമെടുത്താണെന്ന് മണിയാശാന് അറിയാതെ തരമില്ല. അമിത് ഷായും പിണറായി വിജയനും പിന്തുടരുന്നത് ഒരേ നയങ്ങളാവുമ്പോള്‍, നിയമ സഭയില്‍ വി.ടി ബല്‍റാം എം.എല്‍.എ ഉദ്ധരിച്ച സോഷ്യല്‍ മീഡിയ സംശയം പ്രസക്തമാണ്. മുഖ്യമന്ത്രി പിണറായിയും ഡി.ജി.പി ബെഹ്‌റയും തമ്മില്‍ കാണുമ്പോള്‍ ആരു ആരെയാണ് സല്യൂട്ട് ചെയ്യുന്നത്.

SHARE