രാജ്യസഭയിലെ മുസ്‌ലിംലീഗും ഇരുന്നൂറ്റമ്പതാം സമ്മേളനവും


എന്‍. അബു

രാജ്യസഭ 250-ാം സമ്മേളനത്തിലേക്കു പ്രവേശിച്ചപ്പോള്‍ അഞ്ച് രൂപയുടെ പുതിയ തപാല്‍സ്റ്റാമ്പ് ഇറങ്ങുന്നു. 250 രൂപയുടെ വെള്ളി നാണയവും പുറത്തിറക്കി. എന്നാല്‍ കേരളത്തില്‍ രാജ്യസഭയുടെ ഓര്‍മ്മക്കുറിപ്പ് പോലെ കോഴിക്കോട് ഒരു വീട്ടില്‍ തൂങ്ങിക്കിടക്കുന്ന ഒരു ചിത്രമുണ്ട്. ഈ കൊച്ചു സംസ്ഥാനത്ത്‌നിന്ന് ഏറ്റവും അധികകാലം ഈ ഉപരിസഭയില്‍ അംഗമായിരുന്ന ബി.വി. അബ്ദുല്ലക്കോയ, പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ആദരിക്കപ്പെട്ട ചടങ്ങിന്റെ പടം.
2003 ഡിസംമ്പര്‍ 11നു അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍കലാം ആ സുവര്‍ണ്ണ മുദ്ര അര്‍പ്പിക്കുമ്പോള്‍, അവാര്‍ഡിന് അര്‍ഹനായ മുസ്‌ലിംലീഗ് നേതാവ് അബ്ദുല്ലക്കോയ സ്വര്‍ഗ ലോകത്തിരുന്നാണ് അത് വീക്ഷിച്ചത്. 30 വര്‍ഷം തുടര്‍ച്ചയായി കേരളത്തില്‍നിന്നു രാജ്യസഭാംഗമായ അദ്ദേഹം 120 സമ്മേളനങ്ങളില്‍ പങ്കെടുത്തശേഷമാണ് ആദര ചടങ്ങിനും അഞ്ച് വര്‍ഷം മുമ്പ് 84-ാം വയസില്‍ മരണപ്പെട്ടത്.
പ്രധാനമന്ത്രി എ.ബി വാജ്‌പേയ് ഉപരാഷ്ട്രപതി ഭൈറോണ്‍സിങ് ശെഖാവത്ത്, രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുല്ല എന്നിവരുടെ സാന്നിധ്യത്തില്‍ മകന്‍ കെ. അബൂബക്കറാണ് ഈ സ്മാരകോപഹാരം സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മന്‍മോഹന്‍സിങ്, എ.കെ ആന്റണി, രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് നേതാക്കളായ ഇ. അഹമ്മദ്, അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ സാക്ഷികളായിരുന്നു.
100 സമ്മേളനങ്ങളില്‍ പങ്കെടുത്ത ആറു പേരാണ് അന്ന് ആദരിക്കപ്പെട്ടത്. അബ്ദുല്ലക്കോയയെപ്പോലെ സി.പി.ഐ നേതാവ് ഭൂപേശ് ഗുപ്തക്കും കോണ്‍ഗ്രസ് നേതാവ് സീതാറാം കേസരിക്കും വേണ്ടി കുടുംബാംഗങ്ങള്‍ സമ്മാനം ഏറ്റുവാങ്ങുകയായിരുന്നു. നേരിട്ടെത്തി സ്വീകരിച്ചവര്‍ പ്രണബ് മുഖര്‍ജിയും മുന്‍ അംഗങ്ങളായ സരോജ് ഖര്‍പാഡെ, മുല്‍ക്കാ ഗോവിന്ദറെഡ്ഡി എന്നിവരുമായിരുന്നു. എല്ലാവരും കോണ്‍ഗ്രസ് അംഗങ്ങള്‍.
അബ്ദുല്ലക്കോയയുടെ (1914-1998) വിശേഷം, 1967 മുതല്‍ 1997 വരെ എം.പി ആയിരിക്കേ ഏറ്റവുമധികം സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു എന്നതാണ്. തൊട്ടടുത്ത് പ്രണബ് മുഖര്‍ജി ഉണ്ടായിരുന്നെങ്കിലും അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആ റെക്കോര്‍ഡ് ഭേദിക്കാന്‍ അദ്ദേഹത്തിനു കഴിയാതെപോയി. എന്നാല്‍ പില്‍ക്കാലത്ത് നജ്മാ ഹെപ്ത്തുല്ല 36 വര്‍ഷങ്ങളുടെ റെക്കോര്‍ഡ് സൃഷ്ടിക്കുകയുണ്ടായി. രാജ്യസഭാംഗമായിരിക്കെ പാര്‍ലിമെന്റിന്റെ ബോഫോഴ്‌സ് അന്വേഷണ സമിതിയില്‍ അംഗമായിരുന്ന അബ്ദുല്ലക്കോയയെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന സമിതിയിലും മെമ്പറാക്കിയിരുന്നു.
നേരത്തെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നറിയപ്പെട്ടിരുന്ന രാജ്യസഭയില്‍ 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയാണ് പതിവ്. ബാക്കി സീറ്റുകള്‍ ജനസംഖ്യാനുപാതത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയവയും. ഈ സഭയിലേക്ക് സര്‍ദാര്‍ കെ.എം പണിക്കര്‍ (1959), മഹാകവി ജി. ശങ്കരക്കുറുപ്പ് (1968), ഡോ. ജി. രാമചന്ദ്രന്‍ (1964) കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം (1972), ഡോ. കെ. കസ്തൂരി രംഗന്‍ (2003), ഡോ. എം.എസ് സ്വാമിനാഥന്‍ (2007), ചലച്ചിത്ര നടന്‍ സുരേഷ്‌ഗോപി (2015) എന്നിവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കേരളീയരാണ്. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ മുസ്‌ലിംലീംഗ് അംഗമായി ഇന്ന് കേരളത്തില്‍ നിന്നുള്ള പി.വി അബ്ദുല്‍ വഹാബ് മാത്രമെ ഉള്ളുവെന്നത് നേര്. എന്നാല്‍ 1952 മുതല്‍ തന്നെ ഈ ഉപരിസഭയില്‍ പാര്‍ട്ടി ശ്രദ്ധേയ സാന്നിധ്യമുണ്ട്. അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ആണ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിയ ആദ്യ മുസ്‌ലിംലീഗ് അംഗം.
1960ല്‍ കോണ്‍ഗ്രസ്-പി.എസ്.പി-മുസ്‌ലിംലീഗ് സഖ്യം 126 അംഗ കേരള നിയമസഭയില്‍ 94 സീറ്റ് നേടി ജയിച്ചപ്പോള്‍ രാജ്യസഭയിലേക്ക് കടന്നുവന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് തുടര്‍ന്നു കോഴിക്കോട്ടും മഞ്ചേരിയുമടക്കം വിവിധ മണ്ഡലങ്ങളില്‍ നിന്നായി ലോക്‌സഭയിലേക്കാണ് മല്‍സരിച്ച് ജയിച്ചത്. ഹമീദലി ഷംനാട്, എം.പി അബ്ദുസ്സമദ് സമദാനി ഇപ്പോഴും സഭയില്‍ അംഗമായിരിക്കുന്ന പി.വി അബ്ദുല്‍വഹാബ് എന്നിവരും കേരളത്തില്‍ നിന്നുള്ള മുസ്‌ലിംലീഗിന്റെ രാജ്യസഭാംഗങ്ങളായിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് ഇസ്മാഈല്‍ സാഹിബിന്റെ പിന്നാലെ എ.കെ.എ അബ്ദുസമദ്, എസ്.എ ഖാജാമുഹിയുദ്ദീന്‍, എ.കെ രിഫായി എന്നിവരും മുസ്‌ലിംലീഗ് ടിക്കറ്റില്‍ ഉപരിസഭയില്‍ എത്തിയവരാണ്.
ഇന്നിപ്പോള്‍ രാജ്യസഭ 250ലേക്ക് കടക്കുമ്പോള്‍ പഴയകാല അംഗങ്ങളില്‍ പലരും ജീവിച്ചിരിപ്പില്ല. അതേസമയം സഭയുടെതെന്നപോലെ, നേതാക്കളുടേയും ചരിത്രം തങ്കലിപികളില്‍ തന്നെ രേഖപ്പെട്ടു കിടക്കുന്നു. 1952 മെയ് 13നു പിറന്നതാണ് രാജ്യസഭ. ഒമ്പത് തവണയെങ്കിലും അര്‍ധരാത്രി കഴിഞ്ഞും സമ്മേളിച്ച ചരിത്രം ഈ സഭക്ക് ഓര്‍മിക്കാനുണ്ട്. പണിമുടക്കുകള്‍കൊണ്ട് ജനജീവിതം സ്തംഭിപ്പിക്കുന്നതിനെതിരായ എസ്മാബില്‍ ചര്‍ച്ച അവസാനിച്ചത് പുലര്‍ച്ചെ മൂന്നരമണിക്കായിരുന്നു. കെ.ആര്‍. നാരായണന്‍ എന്ന പില്‍ക്കാല രാഷ്ട്രപതി ഈ സഭയില്‍ അധ്യക്ഷ പദവി അലങ്കരിക്കുകയും എം.എം ജേക്കബിനെയും പി.ജെ കുര്യനേയുംപോലുള്ള കേരളീയര്‍ ഉപാധ്യക്ഷപദവിയിലിരിക്കുകയും ചെയ്ത സഭയില്‍ 30 വര്‍ഷം തികച്ച അംഗമായി ബി.വി അബ്ദുള്ളക്കോയയും 24 വര്‍ഷം പൂര്‍ത്തിയാക്കിയ മെമ്പറായി എ.കെ ആന്റണിയും ചരിത്രത്തെ ധന്യമാക്കുന്നു.

SHARE