ചെന്നൈ സംഭവത്തില്‍ പഠിക്കാനുള്ളത്

പി ടി ഫിറോസ്‌ചെന്നൈ ഐ.ഐ.ടിയിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ പഠിച്ചിരുന്ന മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന സാഹചര്യത്തിലാണീ ഈ കുറിപ്പ് തയ്യാറാക്കുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമല്ല വിദ്യഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത് എന്നതില്‍ സംശയമില്ലല്ലോ? ഈ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റത്തില്‍ പങ്കുള്ള മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നിലെത്തിക്കണം എന്ന കാര്യത്തില്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്താനാവണം. കേന്ദ്ര, സംസ്ഥാന ഭരണകൂടത്തിന്റെയും സ്ഥാപന മേധാവികളുടെയും ഭാഗത്ത് നിന്നുള്ള കര്‍ശന നടപടികള്‍ക്ക് വേണ്ട നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ നടത്തി ഫലപ്രദമായ അന്വേഷണവും കുറ്റക്കാരെ നിയമത്തിനു മാതൃകാ പരമായ ശിക്ഷ ഉറപ്പു വരുത്തുകയും വേണം.
ഇത് ചെന്നൈ ഐഐ ടിയെ മാത്രം ബാധിക്കുന്ന ഒരു സംഭവമായി ലളിതവത്ക്കരിക്കാനാവില്ല. കേരളത്തിനകത്തും പുറത്തുമുള്ള പല സ്ഥാപങ്ങളിലും അധ്യാപകരുടെയും അധികൃതരുടെയും ക്രൂരതയും പീഡനവും വിലയിരുത്തപ്പെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. തങ്ങളുടെ ദുഷ്ട ചിന്തയും മാനസിക വൈകൃതവും മൂലം വിദ്യാര്‍ഥികളുടെ ഭാവിയെത്തന്നെ അപകടത്തിലാക്കുന്ന പ്രവണത അത്യന്തം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ? ജാതി, മത, ലിംഗ, വര്‍ഗ ദേശ ചിന്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനം കാണിക്കുന്ന ക്രൂര മനോഭാവത്തിന്റെ പാവം ബലിയാടുകളുടെ അനുഭവ കഥകള്‍ നമ്മുടെ ക്യാംസുകളില്‍ നിന്ന് പലപ്പോഴും പുറത്ത് വരാറുള്ളത് രഹസ്യമല്ല. മാനഹാനിയും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും കാരണം ഇരകള്‍ പലരും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാറില്ലെന്നതാണ് സത്യം. സൃഷ്ടിക്കപ്പെടുന്ന അപമാനം മൂലം ഉണ്ടാവുന്ന മാനസിക സമ്മര്‍ദങ്ങളുടെ തീഷ്ണാനുഭവും വിശദീകരിക്കുന്നത് തീവ്രമായ ഹൃദയ വേദനയോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കാറില്ല
നമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നടന്നു കൊണ്ടിരിക്കുന്ന സമാനമായ എല്ലാ സംഭവങ്ങള്‍ക്കും ഇതോടു കൂടി അറുതി വരുത്താനുള്ള ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെയും കോളേജ് അധികൃതരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ഉറപ്പ് വരുത്താനാവണം. തങ്ങളുടെ ദുഷ്ട ചിന്തയും മാനസിക വൈകൃതവും തീര്‍ക്കാന്‍ പാവപ്പെട്ട കുട്ടികളെ കരുവാക്കുന്ന ക്രൂര മനസ്സാക്ഷിയുടെ സാന്നിധ്യം നമ്മുടെ ക്യാംപസുകളില്‍ നിന്ന് ഇനിയും തുടച്ചു നീക്കാനായില്ലെങ്കില്‍ വിദ്യാഭ്യാസ മേഖലയില്‍ നേടിയ പുരോഗതിയെയും ഔന്നത്യത്തേയും കുറിച്ച് നമുക്ക് ഒട്ടും അഭിമാനിക്കാന്‍ പറ്റാത്ത സാഹചര്യമായിരിക്കും സംജാതമാവുക. വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ നാം നേടി എന്ന് പറയുന്ന മികവ് വെറും പാഴ് വാക്കാണെന്ന് സമ്മതിക്കേണ്ടിയും വരും
മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളില്‍ നിന്നും നല്ലതല്ലാത്ത വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നതെങ്കില്‍ അത് പല രീതിയിലും നമ്മുടെ സമൂഹത്തെ പ്രതികൂലമായി ബാധിക്കും. അക്കാദമികമായി മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളിലെ പഠനാവസരം സ്വപ്‌നം കണ്ട് രാപകല്‍ അദ്ധ്വാനിക്കുന്ന നൂറു കണക്കിന് വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മനസ്സില്‍ തീ കോരിയിടുന്ന അനുഭവമാണ് സൃഷ്ടിക്കപ്പെടുക. കുട്ടികള്‍ക്ക് യഥാര്‍ഥ രീതിയില്‍ ദിശാബോധം നല്‍കുകയും മികച്ച സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി ബോധവത്ക്കരണം നല്‍കുകയും ചെയ്യുന്ന അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും മുന്നില്‍ ഉയരുന്ന വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വരും.
ഇതിന്റെയൊക്കെ ഒരു മറുവശം കൂടിയുണ്ട്. നമ്മുടെ വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാവിയെക്കുറിച്ചും സമൂഹത്തിന്റെ നില നില്‍പിനെക്കുറിച്ചും ചിന്തിക്കുന്ന ഏതൊരാള്‍ക്കും അവഗണിക്കാന്‍ ആവാത്ത ചില വസ്തുതകള്‍ കൂടി ആണിത്. അക്കാദമികമായ മികവിനും ഉയര്‍ച്ചക്കുമപ്പുറം പ്രായോഗിക ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്നുണ്ട് എന്ന ആശങ്ക എല്ലാവരുടെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ്. അക്കാദമികമായ മികവും മാര്‍ക്കും ഗ്രെയ്ഡും റാങ്കും ലക്ഷ്യമാക്കി കുട്ടികളെ നിരന്തര പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ നേരിടാനുള്ള ഊര്‍ജ്ജവും കരുത്തും പകര്‍ന്ന് കൊടുക്കാനുള്ള സംവിധാനവും സ്‌കൂള്‍ തലം തൊട്ട് തന്നെ ഒരുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും അധ്യാപന രീതിക്കും സാധിക്കുന്നില്ല എന്നതൊരു പരാജയം തന്നെയാണ്.ജീവിത യാത്രയിലെ പ്രതിസന്ധികളെ വിവേകപൂര്‍വ്വം നേരിടാനും ആ പ്രതിസന്ധികളെ അവസരമാക്കി മാറ്റിയെടുക്കാനും വേണ്ട പ്രായോഗിക പരിശീലനം അനിവാര്യമായും നല്‍കാനാവണം. കൂട്ടു കുടുംബത്തില്‍ നിന്ന് മാറി അണുകുടുംബത്തി ലേക്കും അതിശീഘ്രനഗരവത്ക്കരണത്തിലേക്കും പ്രവേശിച്ചതിന്റെ ഫലമായി നഷ്ടപ്പെട്ട ചില നല്ല ഗുണങ്ങള്‍ തിരിച്ചു പിടിക്കാന്‍ പകരം സംവിധാനം ഉണ്ടായില്ലെങ്കില്‍ ഒരു തലമുറയുടെ തന്നെ നിത്യനാശത്തിനായിരിക്കും നാം സാക്ഷിയാവേണ്ടി വരിക.
മത്സരപരീക്ഷളില്‍ മികവാര്‍ന്ന വിജയം നേടുക എന്നതാണ് തന്റെ ജീവിതലക്ഷ്യം എന്ന് പറഞ്ഞും പഠിപ്പിച്ചും പരിശീലിപ്പിച്ചും മുന്നോട്ട് നീങ്ങുന്നതിനിടിയില്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ പാഠം പകര്‍ന്ന് നല്‍കാന്‍ നാം മറന്നു പോകുന്നു എന്ന പറയേണ്ടി വരും. പരിധിയില്ലാത്ത പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും ഭാണ്ഡം പേറി മത്സരയോട്ടത്തിനു വിധേയമാകുമ്പോള്‍ വിജയമല്ലാത്ത ഒന്നും അവര്‍ക്ക് സ്വീകാര്യമല്ലാതെ വരുമ്പോള്‍ നഷ്ടപ്പെടുന്നത് അവരുടെ മാനസിക സ്വാസ്ഥ്യം കൂടി ആണെന്നുള്ളത് നമുക്ക് തിരിച്ചറിയാനാവണം. ജീവിതം ആസ്വദിക്കാനും ഫലപ്രദമായി അതിനെ മുന്നോട്ട് കൊണ്ട് പോകാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അക്കാദമിക പാഠങ്ങള്‍ക്കൊപ്പം ജീവിത നൈപുണ്യങ്ങള്‍ (ലൈഫ് സ്‌കില്‍) കുട്ടികളെ പരിശീലിപ്പിക്കണെമന്നാണ് വിദ്യാഭ്യാസ വിചക്ഷണര്‍ അഭിപ്രായപ്പെടുന്നത്. പ്രായോഗിക ജീവിതത്തത്തിലെ വെല്ലുവിളികളും ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്ന ഗുണവിശേഷങ്ങള്‍ എന്നാണു ലോകാരോഗ്യ സംഘടന ജീവിത നൈപുണ്യങ്ങളെ നിര്‍വചിച്ചിട്ടുള്ളത്. ഈ ലൈഫ് സ്‌കില്ലുകള്‍ കുട്ടികള്‍ക്ക് ആവശ്യാനുസരണം പകര്‍ന്നു നല്‍കാന്‍ അധ്യാപക സമൂഹത്തിനും രക്ഷിതാക്കള്‍ക്കും ചെറുതല്ലാത്ത ബാധ്യതയുണ്ട്. ഉത്തമ പൗരനായി ഇരു വിദ്യാര്‍ത്ഥിയെ വളര്‍ത്തുക എന്നതോടൊപ്പം വ്യക്തി എന്ന നിലയില്‍ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും ഫലപ്രദമായും പ്രയാസരഹിതമായും നേരിടാനും ഈ നൈപുണ്യങ്ങള്‍ സഹായിക്കാതിരിക്കില്ല

SHARE