മഹാകവി ‘ജി’യും പൂതനസാഹിത്യവും!


ജലീല്‍ കെ. പരപ്പന

മഹാത്മജി, ഇന്ദിരാജി, കരുണാകര്‍ജി, ശങ്കര്‍ജി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇവരാരും ഒരുവിധ സാഹിത്യത്തറവാട്ടിലും ഉണ്ടുറങ്ങിയവരല്ല. കോണ്‍ഗ്രസ് സാഹിത്യമെന്നോ ജനതാദള്‍ സാഹിത്യമെന്നോ ഒന്നും നിലവിലില്ലതാനും. എന്നാല്‍ ഗാന്ധിയന്‍ സാഹിത്യവും മാര്‍ക്‌സിയന്‍ സാഹിത്യവുമൊക്കെ ക്രമേണ സ്വതന്ത്ര ഇന്ത്യയില്‍ രൂപപ്പെട്ടത് ചരിത്രം. ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍ എന്നിവരായിരുന്നു മഹാകവിത്രയങ്ങള്‍. വയലാര്‍ രാമവര്‍മ, ഇടശേരി ഗോവിന്ദന്‍നായര്‍, വി.ടി ഭട്ടതിരിപ്പാട്, തോപ്പില്‍ ഭാസി, ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്… ഇത്യാദി സാഹിത്യ പുംഗവന്മാരാണ് മാര്‍ക്‌സിയന്‍ സാഹിത്യത്തെ ഇന്നത്തെ ഉത്തുംഗതയിലേക്ക് പൊക്കിയുയര്‍ത്തിയതത്രെ. എന്നിട്ടും അവരാരും മഹാകവികളായില്ല. ജി. ശങ്കരക്കുറുപ്പും ഇതിലുള്‍പ്പെട്ടിരുന്നില്ല. എന്നാലിതാ മാവേലിക്കരക്കാരന്‍ പരേതനായ ഗോപാലക്കുറുപ്പിന്റെ പുത്രന്‍ ആ കുറവ് നികത്താന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. മഹാകാവ്യമൊന്നും രചിക്കാതിരുന്നിട്ടും (കഴിവില്ലാഞ്ഞിട്ടെന്ന് പാര്‍ട്ടി ശത്രുക്കള്‍) ഉത്തരാധുനിക മലയാള സാഹിത്യത്തില്‍ മറ്റൊരു ‘ജ’ി’ ഉദയം കൊണ്ടിരിക്കുന്നു- സുധാകര്‍ജി.
അധികാര കേന്ദ്രങ്ങളെ ഉപദേശിച്ചും പരിഹസിച്ചും വിമര്‍ശിച്ചുമാണ് സാഹിത്യവും കലയും പച്ചപിടിച്ചുനില്‍ക്കുന്നതെങ്കിലും ഇവിടെ കവി സാക്ഷാല്‍ അധികാരിയാണ്. അധികാരത്തോട് കൊതിയുണ്ടായിട്ടൊന്നുമല്ല. മോദി കാലത്ത് അധികാര വിമര്‍ശനത്തിനൊന്നും സ്‌കോപ്പില്ലാത്തതിനാലാവാം മഹാകവി ‘ജി’ ദ്ദേം പൂതനക്കവിത രചിക്കുന്നത്. മന്ത്രിക്കസേരയിലിരിക്കുമ്പോള്‍ പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കാന്‍ പറ്റില്ലല്ലോ. കേരളത്തിലെ കുണ്ടും കുഴിയിലൂടെ ജനങ്ങളുടെവക കാറിലിരുന്നോടുമ്പോള്‍ തോന്നുന്ന അസ്‌ക്യതയുടെ പേരാണ് ഈ ‘ജി’ക്ക് സാഹിത്യമെന്നുവെച്ചാല്‍. ഉദ്യോഗസ്ഥരെയും എതിരാളികളെയും വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയും, ചിലത് കുറിച്ചിടും. പൂതന സാഹിത്യത്തെ പിന്നീട് എ.കെ.ജി ഭവനില്‍നിന്ന് ഉത്കൃഷ്ട സാഹിത്യമായി മഹാകവി ബാലകൃഷ്ണന്‍ജി പ്രഖ്യാപിക്കും. പട്ടും വളയും നല്‍കും. പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല അരൂരെന്നാണ് ജി യുടെ പുതിയ കവിവാക്യം. ഈ ഉത്തമ സാഹിത്യത്തെ വനിതാഅധിക്ഷേപമെന്നൊക്കെ പറയുന്നത് ഷാനിമോള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും സാഹിത്യത്തെക്കുറിച്ച് ഒരു ചുണ്ണാമ്പുമറിയാഞ്ഞിട്ടാ.
പാലക്കാട് ഗവ. വിക്ടോറിയ കോളജ് മുറ്റത്തും ഇതുപോലൊരു കലാവിഷ്‌കാരം മുമ്പ് മാര്‍ക്‌സിസ്റ്റ് കുട്ടിക്കലാകാരന്മാര്‍ നടത്തിയിരുന്നു. ജീവിച്ചിരിക്കുന്ന വനിതാപ്രിന്‍സിപ്പലിന്റെ ചിതയുടെ രൂപത്തിലായിരുന്നു ഇത്. പൊളിറ്റ്ബ്യൂറോയിലെ മഹാകവിയാണ് അന്നതിനെ കലാവിഷ്‌കാരമായി (ആര്‍ട്ടിസ്റ്റിക് ഇന്‍സ്റ്റലേഷന്‍) സാഹിത്യവിമര്‍ശനം നടത്തി പാര്‍ട്ടിയെ രക്ഷപ്പെടുത്തിയത്.
അങ്ങനെ എത്രയെത്ര കലാകാരന്മാരും സാഹിത്യപുംഗവന്മാരുമാണ് മാര്‍ക്‌സിയന്‍ സാഹിത്യത്തിലെന്നോ. പാര്‍ട്ടി ശത്രുക്കളെ ഒന്നൊന്നായി കൊന്നുതള്ളി കൊലക്കേസില്‍ സി.ബി.ഐ പിടികൂടിയപ്പോള്‍ ഹൃദയവേദന അ(ഭിനയ)നുഭവിച്ചയാള്‍, സ്വന്തം അപദാനങ്ങള്‍ കവിതയാക്കി പാടിച്ചയാള്‍, ജഡിജിയെ ശുംഭന്‍ എന്നുവിളിച്ചതിന് കല്‍തുറുങ്കില്‍ കിടക്കേണ്ടിവന്ന കവി. ആലത്തൂരിലെ സ്ത്രീ സ്ഥാനാര്‍ഥിയുടെ കാര്യമോര്‍ത്ത് വേവലാതിപ്പെട്ട കണ്‍വീനര്‍ കവി, തോട്ടം തൊഴിലാളികളെ മറ്റേ പണിയെന്ന് വിശേഷിപ്പിച്ച വാമൊഴിക്കവി, മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ ഒരുത്തി എന്ന് വിളിച്ച മഹാകവി അച്യുതാനന്ദാശാന്‍.. ഏതായാലും അടുത്ത കാലത്തൊന്നും മാര്‍ക്‌സിയന്‍ സാഹിത്യത്തിന് ക്ഷാമമൊട്ടും വരുമെന്ന് ശ്ശി നിരീക്കവയ്യ !

SHARE