ഹരേ ഷഹന്‍ഷാ… ആപ്പ് നംഗാ ഹേ അല്ലയോ രാജാവേ… താങ്കള്‍ നഗ്‌നനാണ്


പി.കെ അബ്ദുറബ്ബ്

ആത്യന്തികമായി ആരും ഒരു ഭാഷക്കും എതിരല്ല. ഭാഷകള്‍ ആശയവിനിമയത്തിന് എന്നതിലുപരി ഒരു സംസ്‌കാരത്തിന്റെ പ്രാതിനിധ്യം കൂടിയാണ്. ഓരോ ഭാഷയും അതിന്റെതായ സംഭാവനകള്‍ സമൂഹത്തിന് നല്‍കിയിട്ടുമുണ്ട്. ഇതര ഭാഷാവിരോധം എന്നത് സങ്കുചിത മനസ്സുകളുടെ മൂലഭാവമാണെന്നത് വര്‍ത്തമാനകാല മ്ലേച്ഛതയെന്നു പറയാതെ വയ്യ.
മാതൃഭാഷയെ പെറ്റമ്മയെ പോലെ മാറോടണക്കി പിടിക്കുന്നത് മര്‍ത്ത്യന്റെ ജന്മവാസനയാണെന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടക്കുന്നത് സ്വത്വത്തോട് ചെയ്യുന്ന അക്രമം തന്നെയാണ്. അതോടൊപ്പം ഇതര ഭാഷകളില്‍ പ്രാവീണ്യം നേടുകയെന്നാല്‍ അത് അംഗീകരിക്കപ്പെടേണ്ട കഴിവു തന്നെയാണെന്ന് മറച്ചുവെക്കപ്പെടേണ്ടതുമല്ല. എങ്കിലും തന്റെ ഭാഷ മറ്റുള്ളവന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ത്വരയും തന്റേതു മാത്രമാണ് മഹത്വരമെന്ന തോന്നലും ഫാസിസം എന്നും പുലര്‍ത്തിപോന്ന ചിന്താഗതിയായിരുന്നു എന്നതിന് ചരിത്രം സാക്ഷി. ഒരു രാജ്യത്തിന്റെയും തലമുറകളുടെയും നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ അബദ്ധങ്ങളുടെ പെരുമഴ തന്നെ ഭരണകൂട ധാര്‍ഷ്ട്യം കാരണം രാജ്യത്ത് ചുടല നൃത്തം ചെയ്യുന്നതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ബോധപൂര്‍വമുള്ള ശ്രമമായി വേണം ഇപ്പോള്‍ നടക്കുന്ന ഹിന്ദി വിവാദത്തെ കാണാന്‍. വിഭാഗീയതയും താന്‍പോരിമയും ഇതര ചിന്താധാരകളോടുള്ള വിദ്വേഷവും കപട രാജ്യസ്‌നേഹവും കൈമുതലായുള്ള ഭരണാധികാരികള്‍ ഒരേ രീതിയില്‍ പെരുമാറുമെന്നത് ചരിത്രം പഠിപ്പിക്കുന്ന പാഠം.
‘നാനാത്വത്തില്‍ ഏകത്വം’ എന്ന ഇന്ത്യയുടെ അടിസ്ഥാനശില ഇളക്കാന്‍ ബംഗാളി ഭാഷയിലെഴുതിയ ദേശീയ ഗാനത്തെ നാഡീ സ്പന്ദനമായി മുറുകെപിടിക്കുന്ന അവസാന ഭാരതീയനും ജീവിച്ചിരിക്കുവോളം ഒരു സുല്‍ത്താനും കഴിയില്ല എന്ന സത്യം ഇന്ത്യയുടെ ചരിത്രം (എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലെ ചരിത്രമല്ല) ഒരു വട്ടമെങ്കിലും പഠിച്ചവര്‍ക്ക് മനസ്സിലാകും. ഇതറിയാതെയാവില്ല ഇന്നത്തെ ഹിന്ദി സ്‌നേഹം. മറിച്ച് സ്വ ധാര്‍ഷ്ട്യത്തില്‍നിന്നും ഉടലെടുത്ത വീഴ്ച്ചക്ക് മൂടുപടമിടുക എന്നത് മാത്രമാണ് ഉദ്ദേശം.
ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നപ്പോഴും കരുത്തോടെ ഈ രാജ്യത്തെ പിടിച്ചുനിര്‍ത്തിയ മഹത് വ്യക്തികളെയും രാഷ്ട്രനിര്‍മിതിക്കായി ജീവിതകാലം മുഴുക്കെ ചിലവഴിച്ച മണ്മറഞ്ഞ മഹത്തുക്കളെയും അപകീര്‍ത്തി പ്പെടുത്തി, താനാണ് മഹാന്‍, താന്‍ മാത്രമാണ് മഹാന്‍ എന്ന ഉത്തര ഗൗളീ ചിന്തയില്‍ ഉന്മാദ താളം ചവിട്ടുന്ന ഒരാളുടെ വങ്കത്തങ്ങളില്‍ രാഷ്ട്രം വിറങ്ങലിച്ച് നില്‍ക്കുന്ന കാഴ്ച്ച ഇനിയും കാണാതിരുന്നാല്‍ അത് വരും തലമുറകളോട് ചെയ്യുന്ന മഹാ പാതകമായിരിക്കും. അഭിപ്രായ വ്യത്യാസങ്ങളെ തുറുങ്കിലടക്കുകയും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്ത ഭരണാധികാരികള്‍ക്ക് ചരിത്രം അതിന്റെ കണക്കു പുസ്തകത്തില്‍ കരുതിവെച്ചിരുന്നത് ധാര്‍ഷ്ട്യത്തിന്റെ അപ്പോസ്തലന്മാര്‍ ഓര്‍ക്കുന്നത് അവര്‍ക്കുതന്നെ നന്മ വരുത്താന്‍ ഉപകരിക്കും.
ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഈ രാജ്യത്തിന്റെ കരുത്താണ്. അതുള്‍ക്കൊള്ളണമെങ്കില്‍ രാജ്യത്തിന്റെ മണ്ണിനെ മാത്രമല്ല അതിലെ മനുഷ്യനെയും സ്‌നേഹിക്കണം. പ്രജയുടെ മനസ്സറിയാത്ത ഭരണാധികാരി മൂഢ സ്വര്‍ഗത്തില്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയരുത്. ജനാധിപത്യത്തിന്റെ ആണിക്കല്ലുകളെ ഒന്നൊന്നായി ഇളക്കി മാറ്റുമ്പോള്‍ നിങ്ങളറിയണം നിങ്ങള്‍ തകര്‍ക്കുന്നത് ഈ മഹത്തായ രാജ്യത്തെ തന്നെയാണെന്ന്. രാജ്യം ഇന്ന് നേരിടുന്ന തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും വ്യവസായ മുരടിപ്പും പാകിസ്താനിനും ബംഗ്ലാദേശിനും പുറകില്‍ ആയ വളര്‍ച്ചാനിരക്കും മറച്ചുപിടിക്കാന്‍ ഒരു എല്ലിന്‍ കഷ്ണം പോലെ ജനങ്ങള്‍ക്കിട്ടു കൊടുത്ത ഹിന്ദി സ്‌നേഹം മതിയാവില്ല. പൂര്‍വികര്‍ നിര്‍മ്മിച്ചതിന്റെ പേരു മാറ്റി വേഷം കെട്ടലല്ല രാജ്യ ഭരണം, രാജ്യത്തെ ജനങ്ങളുടെ വിഷമങ്ങള്‍ മനസ്സിലാക്കി അത് ദുരീകരിക്കുന്നതായിരിക്കണം ഭരണം.
മന്ത്രിമാരുടെ വിഡ്ഢിത്തങ്ങള്‍ മുതല്‍ കാര്‍ഷിക പ്രതിസന്ധി തൊട്ട് സാമ്പത്തിക മാന്ദ്യവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെ മറച്ചുപിടിക്കാന്‍ കശ്മീരും മുത്തലാഖും ഹിന്ദിയും ഒന്നും മതിയാകാതെ വരും. കാരണം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് രാജ്യത്തിന്റെ ഭരണാധികാരിയെ സഹന സമരത്തിലൂടെ കെട്ടു കെട്ടിച്ച അര്‍ധ നഗ്‌നനായ ഫകീറിന്റെ ചോരയും വിയര്‍പ്പും അലിഞ്ഞു ചേര്‍ന്ന മണ്ണാണിത്. നെഹ്റുവിന്റെയും മുഹമ്മദലി ജൗഹറിന്റെയും നേതാജിയുടെയും അബുല്‍ കലാം ആസാദിന്റെയും എല്ലാം വിയര്‍പ്പിന്റെ ഗന്ധമുള്ള മണ്ണ്. ഒരു ഭാഷാ കോടാലി കൊണ്ട് ഈ മണ്ണിനെയും മനസ്സിനെയും വെട്ടി മുറിക്കാമെന്ന മൂഢ ധാരണ പേറുന്ന രാജാവേ… ‘താങ്കള്‍ നഗ്‌നനാണ്’. ‘ഹരേ ഷഹന്‍ഷാ… ആപ്പ് നംഗാ ഹേ’

SHARE