മണ്ണ് നഷ്ടമായാല്‍ എവിടെ കാലുറപ്പിക്കും


എം. ജോണ്‍സണ്‍ റോച്ച്

സംസ്ഥാനം നേരിട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ രണ്ടു പ്രളയദുരന്തങ്ങളാണ് കടന്നുപോയത്. ഇതില്‍ ആയിരക്കണക്കിന് വീടുകളും നിരവധി പേര്‍ക്ക് തൊഴിലും ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും നഷ്ടമായി. വ്യാപാര സ്ഥാപനങ്ങളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയി. ഉടുതുണിക്ക് മറുതുണിയില്ലാതെ 12 ലക്ഷത്തോളം ജനങ്ങള്‍ അഭയാര്‍ത്ഥികളായി. 650 ഓളം പേരുടെ വിലപ്പെട്ട ജീവനും പൊലിഞ്ഞു. അനേകം പേര്‍ മാനസികാഘാതത്തില്‍ പെട്ട് ഉഴലുന്നു. പരിസ്ഥിതി മറന്നുള്ള വികസനങ്ങളുടെ തിരിച്ചടിയാണ് രണ്ടു പ്രളയങ്ങളിലൂടെ നേരിട്ടത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റേയോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റേയോ അടിസ്ഥാനത്തില്‍ ഇനിയെങ്കിലും മുന്നോട്ടുപോകാനായില്ലെങ്കില്‍ കവളപ്പാറകളും പുത്തുമലകളും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഏറ്റവും നല്ല പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് ഗാഡ്ഗില്‍ തന്നെയാണെങ്കിലും ആ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്ക് ഒട്ടും ദഹിച്ചില്ല. അതിനാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെങ്കിലും അഗീകരിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ വീക്ഷണവും അത് നടപ്പിലാക്കാതിരിക്കാന്‍ കേരളത്തിലുണ്ടായ കൊലാഹലങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.
രണ്ടു റിപ്പോര്‍ട്ടുകളില്‍ ഏതെങ്കിലും ഒന്ന് അംഗീകരിച്ച് അതില്‍ അടിയുറച്ച് മുന്നോട്ടുപോകാതെ പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ ഒരു കഥയുമില്ല. രാഷ്ട്രീയ പാര്‍ട്ടികളും മതനേതാക്കളും കൈയ്യേറ്റക്കാരും റിയല്‍എസ്റ്റേറ്റ് മാഫിയകളുമായി കൂട്ടിചേര്‍ന്ന് നടത്തിയ കൊള്ളയാണ് പശ്ചിമഘട്ട മലനിരകളെയും കുട്ടനാടന്‍ പ്രദേശങ്ങളെയും മഹാപ്രളയമാക്കിതീര്‍ത്തത്. 1977-നു ശേഷമുള്ള അനധികൃത കുടിയേറ്റങ്ങളെയും, കയ്യേറ്റങ്ങളെയും ഭൂ-പാറഖനി-മണല്‍ഖനി-ടൂറിസ്റ്റ് മാഫിയകളെയും സംരക്ഷിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പകല്‍ പോലെ വ്യക്തമായ സ്ഥിതിക്ക്, റിപ്പോര്‍ട്ടുകളില്‍ ഏതെങ്കിലുംഒന്ന് അംഗീകരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് പറയുന്നതല്ലാതെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയും പ്രകൃതിസംരക്ഷണമെന്ന വീമ്പിളക്കലുകള്‍ തട്ടിപ്പാണ്.
മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലായി 1496 കിലോമീറ്റര്‍ ദൂരമുള്ള 129037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലനിരയാണ് പശ്ചിമഘട്ടം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഇതിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഋടദ1 (ഋരീഹീഴശരമഹഹ്യ ലെിശെശേ്‌ല ദീില) ഋടദ2, ഋടദ3 ഇതില്‍ കേരളത്തിലെ ഋടദ1ല്‍ പെടുന്ന 13108 കിലോമീറ്റര്‍ വിസ്തീര്‍ണത്തിന്റെ പേരിലാണ് ഇവിടെ സമരങ്ങള്‍ അരങ്ങേറിയിരുന്നത്. (9998.7 ചതുരശ്ര കിലോമീറ്ററായി കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുറച്ചു) ഈ പ്രദേശങ്ങളില്‍ വികസനവും പ്രകൃതിസംരക്ഷണവും എങ്ങനെ സംയോജിപ്പിച്ചു കൊണ്ടുപോകാനാവുമെന്നു ചൂണ്ടിക്കാണിക്കുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പൊതുസമൂഹത്തില്‍ ചര്‍ച്ചക്കുപോലും വിധേയമാക്കാന്‍ സമ്മതിക്കാതെ കൊലവിളി നടത്തിയതിനെതുടര്‍ന്ന് പശ്ചിമഘട്ടം എങ്ങനെ സംരക്ഷിക്കാമെന്നു കണ്ടെത്താന്‍ പ്രൊഫ. കസ്തൂരിരംഗന്‍ അധ്യക്ഷനായുള്ള സമിതിയെ നിയോഗിച്ചു.
മലകളിടിച്ച് നിരപ്പാക്കിയും കരിങ്കല്‍ ഖനനം വര്‍ധിപ്പിച്ചും ക്രമാതീതമായി മണല്‍വാരല്‍ നടത്തിയും ടൂറിസത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിച്ചും ഒരു ദാക്ഷിണ്യവുമില്ലാതെ രാസവള പ്രയോഗം നടത്തിയും പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതായും പശ്ചിമഘട്ടം മരണമടഞ്ഞുകൊണ്ടിരിക്കുന്നതായും കണ്ടെത്തിയ ഗാഡ്ഗിലിന്റെ അഭിപ്രായത്തോടു പ്രൊഫ. കസ്തൂരി രംഗനും യോജിക്കുന്നു. എന്നാല്‍ 123 വില്ലേജുകളുടെ സംരക്ഷണത്തിനാണ് കസ്തൂരിരംഗന്‍ പ്രാധാന്യം നല്‍കുന്നത്. കേരളത്തിലെ ഋടദ1 -ലെ 123 വില്ലേജുകളിലെ കര്‍ഷകരെയും സ്ഥലവാസികളെയും അവരുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണ് അദ്ദേഹം സമര്‍പ്പിച്ചത്. പ്രത്യേകിച്ചും അവിടെ ജീവിക്കുന്ന കൃഷിക്കാരുടെ അടുത്ത തലമുറയെ നിലനിര്‍ത്താനുള്ള റിപ്പോര്‍ട്ടു കൂടിയാണത്. റിപ്പോര്‍ട്ടിനെതിരെ ക്വാറി- മണല്‍- ടൂറിസം- മാഫിയകള്‍ക്കുവേണ്ടി പല കോണില്‍നിന്നും അബദ്ധധാരണകള്‍ പ്രഘോഷിക്കുകയും ലേഖനങ്ങള്‍ ഇറക്കുകയും നോട്ടീസ് വിതരണം ചെയ്യുകയും മാത്രമല്ല ചെയ്തത്. വിശ്വാസികളെ നയിച്ചുകൊണ്ട് തെരുവിലിറങ്ങി നിയമലംഘനങ്ങള്‍ നടത്തി. ഫോറസ്റ്റ് ആഫീസും സര്‍ക്കാര്‍ വാഹനങ്ങളും കത്തിച്ചു. ജീരകപ്പാറ വനംകൊള്ള സംബന്ധിച്ച് കേസ് ഫയലുകളും ആ കേസിലെ തൊണ്ടി മുതലുകളും നശിപ്പിച്ചു. കേരളം കശ്മീരാക്കുമെന്നും ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ എന്തു വീക്ഷണമാണ് നല്‍കുന്നതെന്നു നോക്കാതെ, എന്താണു പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാതെയാണ് ഹര്‍ത്താലുകളും വിവിധതരം സമരങ്ങളും പൊടിപൊടിച്ചത്. ഇന്നത്തെ ഭ്രാന്തുപിടിച്ച വികസനത്തിന് എതിരെയുള്ള പ്രതിരോധ റിപ്പോര്‍ട്ടു മാത്രമാണ് കസ്തൂരിരംഗന്‍ നല്‍കിയത്. നമ്മുടെ മണ്ണും വെളിച്ചവും ജീവവായുവും പശ്ചിമഘട്ടത്തില്‍ ജീവിക്കുന്ന കര്‍ഷകരെയും സംരക്ഷിക്കണമെന്ന് കസ്തൂരിരംഗന്‍ പറഞ്ഞാല്‍ അതു കുടിയിറക്കാനാണെന്നു വ്യാഖ്യാനിക്കപ്പെടുന്നവരാണ് ഇന്നത്തെ പ്രളയത്തിനു ഒരു പ്രധാന കാരണം. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വനഭൂമി വനേതര ആവശ്യങ്ങള്‍ക്കോ, കൃഷിഭൂമി കൃഷിയിതര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നെ പറഞ്ഞിട്ടുള്ളൂ. ഇനി കൃഷി ചെയ്യാനാവില്ലെന്ന പ്രചാരണം കുപ്രചാരണം മാത്രമായിരുന്നു. കൃഷി സുസ്ഥിരമാക്കുകയും പരിരക്ഷിക്കുകയും ചെയ്യുകയെന്നതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കാതലായ അടിസ്ഥാനഘടകം. എന്നാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ പശ്ചിമഘട്ടപ്രദേശമാകെ കീടനാശിനികള്‍ ഒഴിവാക്കി ജൈവകൃഷിയിലേക്ക് മടങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.
അടുത്ത നുണ പ്രചരണം പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഋടദ1 (ഋരീഹീഴശരമഹഹ്യ ലെിശെശേ്‌ല ദീില) ഇനി വീടുപണിയാന്‍ കഴിയില്ലായെന്നായിരുന്നു. എന്നാല്‍ ഋടദ1-ല്‍ പരിസ്ഥിതി സൗഹൃദയമായ വീടുകളാണ് പണിയേണ്ടതെന്ന് കസ്തൂരിരംഗന്‍ നിര്‍ദ്ദേശിക്കുന്നു. നാടിന്റെ വികസനത്തിനായി പുതിയ വൈദ്യുതി പദ്ധതികള്‍ തുടങ്ങാനാവില്ലെന്നായിരുന്നു മറ്റൊരു പരാതി. നിലവിലെ വൈദ്യുതി പദ്ധതികള്‍ അതിന്റെ പൂര്‍ണ്ണതോതില്‍ നിലനിര്‍ത്തണമെന്നും അതിനായി ആയുസ്സറ്റ ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നതിനോടൊപ്പം ഋടദ1-ല്‍ ചെറുകിട വൈദ്യുതി പദ്ധതികള്‍ക്ക് മുന്‍ഗണന കൊടുത്തുതുടങ്ങണമെന്നും ചൂണ്ടിക്കാണിക്കുന്നു. ടൂറിസം വികസനം അസാധ്യമാകുമെന്നാണ് ഇനിയുമൊരു പരാതി, ടൂറിസം വികസിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. അതതു സ്ഥലത്തെ പരിസ്ഥിതിക്കു സൗഹൃദമായ ടൂറിസം വികസനം വളര്‍ത്തിയെടുക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. ഇതിനായി ഇക്കോ ടൂറിസത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നത് അതതു പ്രദേശത്തെ സാഹചര്യങ്ങള്‍ പരിശോധിച്ച് എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗ്രാമസഭകളായിരിക്കണമെന്നാണ്. ഓരോ പദ്ധതിയെയും സംബന്ധിച്ച് അന്തിമതീരുമാനം ഗ്രാമസഭക്ക് നല്‍കിയിരിക്കുന്നതിലൂടെ സുതാര്യമായൊരു ജനാധിപത്യ പ്രക്രിയയാണ് വിഭാവന ചെയ്യുന്നത്. സോഷ്യല്‍ ഓഡിറ്റാണ് മറ്റൊരു സവിശേഷത. ഓരോ മേഖലയിലെയും പദ്ധതി നടപ്പിലാക്കാന്‍ ആ മേഖലയിലെ പൊതു സമൂഹത്തിന്റെ പരിശോധനയും ഇടപെടലും നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. പ്രൊഫ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും നല്‍കിയ മുന്നറിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തം ഇത്രയും അധികം വര്‍ധിക്കാന്‍ കാരണമായത്. പരിസ്ഥിതി ദുര്‍ബ്ബല മേഖലകള്‍ എന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയ പശ്ചിമഘട്ടത്തിലെ ക്വാറികളും റിസോര്‍ട്ടുകളും കുന്നിടിക്കലും വനനശീകരണവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമാണ് ഇത്രയധികം ഉരുള്‍പ്പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കാരണമായത്. തണ്ണീര്‍തടങ്ങളും കുളങ്ങളും നികത്തിയതുകാരണം സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. പാടങ്ങളും തണ്ണീര്‍തടങ്ങളും എവിടെയൊക്കെ നശിപ്പിക്കപ്പെട്ട അവിടെയെല്ലാം ദുരന്തം വിതച്ചു. നദികളിലേക്ക് വെള്ളം ഒഴുകിയെത്തിയ തോടുകളും കൈവഴികളും ജലനിര്‍ഗമനചാലുകളും അനിയന്ത്രിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാരണം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത്യാദികാരണങ്ങളാല്‍ പശ്ചിമഘട്ടത്തിന്റെയും താളം തെറ്റിയിരിക്കുന്നു. അതിനാല്‍ കൂടുതല്‍ ആഘാതം ഏല്‍ക്കുന്നത് അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്കായിരിക്കും. കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്നവര്‍ക്കും വിദ്യാഭ്യാസ വ്യവസായികള്‍ക്കും മണല്‍-ഖനന -മാഫിയകള്‍ക്കും ജീവനോ, വെള്ളമോ, വായുവോ, മണ്ണോ, പരിസ്ഥിതിയോ തിരിച്ച് തരാനോ, നിര്‍മ്മിച്ചുതരാനോ ആവില്ല. വെള്ളവും വെളിച്ചവും പച്ചപ്പും മണ്ണും മഴയും മഞ്ഞും കാറ്റും നഷ്ടപ്പെട്ടാല്‍ എങ്ങനെ ഇവിടെ നിലനില്‍ക്കും? നിലനില്‍പ്പിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ നടപ്പിലാക്കുകയാണ് വേണ്ടത്. അതില്‍ ഊന്നി നിന്നുകൊണ്ട് വേണം മുന്നോട്ട്‌പോകേണ്ടത്.

SHARE