ഒരിടത്തൊരു ഫയല്‍വാന്റെ മകന്‍

ഒരു ഫയല്‍വാന്റെ വിധിയാണ് ഗോദയില്‍ തോല്‍പിക്കപ്പെടുക എന്നത്. മുലായംസിങ് യാദവിനും അത്രയേ സംഭവിച്ചിട്ടുള്ളൂ. നാല്‍പത്തിനാല് വര്‍ഷം മുമ്പ് മകന് അഖിലേഷ് എന്ന് പേര് നല്‍കുമ്പോള്‍ ഇത്തരത്തില്‍ അത് അന്വര്‍ഥമാക്കുമെന്ന് മുലായം പ്രതീക്ഷിച്ചിരിക്കില്ല. തമ്മിലടിച്ചും ജീര്‍ണതയില്‍ മുങ്ങിയും അന്യം നിന്നു പോയ യാദവ കുലത്തിന്റെ ചരിത്രം മുന്നിലിരിക്കെയാണ് ഇന്ത്യന്‍ രാഷ്ട്രീയ ഹൃദയഭൂമിയില്‍ യുവത്വത്തിന്റെ പ്രസരിപ്പുമായി അഖിലേഷ് ചരിത്രം കുറിക്കുന്നത്. കുറച്ചുകാലമായി യു.പി. ആര്‍ക്കും തുടര്‍ച്ചയായ അവസരം നല്‍കിയിട്ടില്ല.

 

അതുകൊണ്ടുതന്നെ രണ്ടാമൂഴം എളുപ്പമല്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ ‘പ്രതിഛായ’യില്‍ യു.പി.തൂത്തുവാരിയ ബി.ജെ.പി.ക്ക് ഈ മത്സരം ജയിച്ചേ പറ്റൂ എന്ന സ്ഥിതിയുമുണ്ട്. മായാവതിയെയും തള്ളിക്കളയാന്‍ വയ്യ. സമാജ്‌വാദി പാര്‍ട്ടി ലക്ഷ്യമിടുന്ന വിഭാഗങ്ങളിലേക്ക് രാഹുല്‍ കടന്നു കയറിയതും കാണാതിരുന്നുകൂടാ. ചതുഷ്‌കോണ മത്സരം ഗുണം ചെയ്യുക ബി.ജെ.പി.ക്കായിരിക്കുമെന്ന് ബോധ്യമായതുകൊണ്ടു തന്നെയാവണം മധ്യവയസിലേക്ക് കാലെടുത്തുവെക്കുന്നവരെങ്കിലും രാഹുലും അഖിലേഷും സൈക്കിളില്‍ യൗവനത്തിന്റേതായ ഒരു ഡബിളിന് ഇറങ്ങാന്‍ ശ്രമിച്ചത്.

 

അതിനിടയില്‍ ആദ്യം പാഠം പഠിപ്പിക്കേണ്ടിവന്നത് രാഷ്ട്രീയത്തിന്റെ ബാലപാഠം ഓതിതന്ന സ്വന്തം അച്ഛനെയാണെന്നത് ഒട്ടും യാദൃശ്ചികമല്ല. അധികാര ലബ്ധിക്കും സംരക്ഷണത്തിനും പിതാവിനെ ജയിലിലയക്കേണ്ടിവന്ന സുല്‍ത്താന്‍മാരുടെ രംഗഭൂമിയാണല്ലോ അത്. അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ ചിലപ്പോഴെങ്കിലും കാല്‍ വഴുതിപ്പോയ ആളാണ് പിതാജി. അദ്ദേഹത്തിന്റെ പഴയ അടവുകള്‍ പോരാ പുതിയ ഗോദയിലെന്ന് മകന്‍ തിരിച്ചറിയുന്നു. ഏതൊരു ഫയല്‍വാനെയും പോലെ തോറ്റുകൊടുക്കാന്‍ സമ്മതമല്ലായിരുന്നു. പക്ഷെ പതുക്കെ താന്‍ മാര്‍ഗദര്‍ശിയാണെന്ന് മുലായം തിരിച്ചറിയുന്നതോടെ കെട്ടുപിണഞ്ഞ യാദവകുടുംബപ്പോരിനും അറുതിയാവുകയാണ്.

ഏറ്റവും ഒടുവിലത്തെ ചിത്രം മുലായത്തിന്റെ ഇഷ്ടക്കാരനും സഹോദരനുമായ ശിവ്പാല്‍ യാദവിനെ കൂടി ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ഥിപ്പട്ടിക അഖിലേഷ് അംഗീകരിച്ചതോടെ കുലപ്പോര് കാത്തിരുന്നവര്‍ക്ക് നിരാശ തന്നെ. ഇതിനിടയില്‍ മുലായം കയ്പ്പുറ്റതെങ്കിലും ചിലത് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. തന്നേക്കാള്‍ മകന്‍ വലുതായിട്ടുണ്ടെന്നത്. സ്ഥാപകനെങ്കിലും പാര്‍ട്ടിയുടെ അലകും പിടിയും മകന്റെ കൈകളിലാണെന്നത്. അവനാരുടെ മോനാ എന്ന് അഭിമാനിക്കുകയേ ഇനി വഴിയുള്ളൂ.

 

അച്ചടക്കം നന്നായി പഠിച്ചോട്ടേ എന്നു കരുതിയാവണം മുലായം മകനെ മിലിട്ടറി സ്‌കൂളില്‍ ചേര്‍ത്തത്. രാജസ്ഥാനിലെ ധോല്‍പൂര്‍ മിലിട്ടറി സ്‌കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിസ്ഥിതി എന്‍ജിനീയറിങായിരുന്നു അഖിലേഷിന്റെ വിഷയം. മൈസൂര്‍ സര്‍വകലാശാലക്ക് പുറമെ സിഡ്‌നി സര്‍വകലാശാലയില്‍നിന്നും ഈ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം നേടി രാഷ്ട്രീയത്തിലേക്കിറങ്ങിയ മകന്‍ യാദവിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. വെല്ലുവിളി നിറഞ്ഞതായിരുന്നുതാനും.

 

കൊടുങ്കാറ്റ് കണക്കെയാണ് മായാവതി 2007ല്‍ യു.പി.യില്‍ അധികാരത്തിലേക്ക് വന്നത്. തൊട്ടുമുമ്പ് അധികാരത്തിലുണ്ടായിരുന്ന സമാജ് വാദി പാര്‍ട്ടിയെ തൂത്തുവാരിയ വിജയമായിരുന്നു മായാവതിയുടേത്. തലമുറ മാറ്റം പാര്‍ട്ടിയില്‍ വേണമെന്ന് മുലായത്തെ ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പു ഫലമായിരുന്നു അത്. അപ്പോള്‍ അഖിലേഷ് കനൗജില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച മുലായം കനൗജ് ഒഴിഞ്ഞപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിലായിരുന്നു അഖിലേഷ്

 

പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നത്. 2012ല്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ കനൗജില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അഖിലേഷ്. രാജിവെച്ചൊഴിഞ്ഞ കനൗജ് സീറ്റില്‍ ഭാര്യക്ക് വിജയം അനായാസമായിരുന്നെങ്കിലും 2009ല്‍ അഖിലേഷ് ഒഴിഞ്ഞ ഫിറോസാബാദില്‍ ഭാര്യ ഡിംപിള്‍ യാദവിന് അങ്ങനെയായിരുന്നില്ല. കോണ്‍ഗ്രസിലെ രാജ് ബബ്ബാറിനോട് തോല്‍ക്കാനായിരുന്നു വിധി. പൂനക്കാരി ഡിംപിള്‍ 1999ല്‍ അഖിലേഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ദീര്‍ഘകാലത്തെ പ്രണയത്തിന്റെ സാഫല്യമെന്ന നിലയിലാണ്.

 

ജനകീയ മുഖ്യമന്ത്രിയെന്ന പദവിയിലേക്ക് അതിവേഗം മാറിയ അഖിലേഷ് പുതിയ തലമുറയെ കൈയിലെടുക്കുന്ന ചില ജനപ്രിയ തന്ത്രങ്ങളും – വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് , ടാബ്‌ലറ്റ് നല്‍കുക, ദര്‍ബാറുകള്‍ വിളിച്ചുകൂട്ടി പരാതികള്‍ കേള്‍ക്കുക- പയറ്റി. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയുടെ കറ പുരണ്ട കല്യാണ്‍സിങിനേയും സാക്ഷി മഹാരാജിനെയുമെല്ലാം സ്വീകരിക്കേണ്ടത്ര തകര്‍ന്നുപോയ സമാജ്‌വാദി പാര്‍ട്ടിയെ പുതിയ ശൈലിയിലാണ് അഖിലേഷ് പരുവപ്പെടുത്തിയത്. ബി.ജെ.പി.ക്കെതിരെ ബീഹാറില്‍ വിജയം കണ്ടത് മഹാസഖ്യമായിരുന്നു.

 

2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേടിയ വിജയമാണ് ബദ്ധ വൈരികളായിരുന്ന നിതീഷ്‌കുമാറിനെയും ലാലുവിനെയും കോണ്‍ഗ്രസിനെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നതെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ഇത്തരം ഒരു സഖ്യത്തിനുള്ള ശ്രമം പാളിയിരിക്കുകയാണ്. അത് യു.പിയുടെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതാണ് ഇനി ഉറ്റുനോക്കാനുള്ളത്.

SHARE