ഫാസിസത്തെ പ്രതിരോധിക്കാനുള്ള വഴി


സുഫ്‌യാന്‍ അബ്ദുസ്സലാം

‘പണ്ടേ ദുര്‍ബ്ബല; ഇപ്പോള്‍ ഗര്‍ഭിണിയും’ എന്ന അവസ്ഥയിലേക്ക് രാജ്യത്തെ മുഖ്യ മതേതര പ്രസ്ഥാനങ്ങള്‍ വഴി മാറുന്നതിന്റെ അത്യന്തം ആപത്കരമായ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശശി തരൂരിന്റെയും ജയറാം രമേശിന്റേയും അഭിഷേക് സിംഗ്‌വിയുടെയും മോദി പ്രസ്താവനകളുടെ പേരില്‍ കോണ്‍ഗ്രസിനകത്ത് സംഭവിച്ച കോലാഹലങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അപഗ്രഥിച്ചും ജനങ്ങള്‍ക്കിടയില്‍ അതിനെ അവതരിപ്പിച്ചും രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്തേണ്ടതിനുപകരം വ്യക്തികളെ ഇകഴ്ത്തുന്നതിലും പുകഴ്ത്തുന്നതിലും ചുരുങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം പരിവര്‍ത്തിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ട കൊലകളും നോട്ടുനിരോധനവും ഫാസിസത്തിന്റെ തേര്‍വാഴ്ചകളും ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കുന്നതുമായ ഒട്ടേറെ ഏകാധിപത്യ പ്രവണതകളും കൊണ്ട് ഇന്ത്യാരാജ്യം ശ്വാസംമുട്ടുമ്പോള്‍ അതില്‍നിന്നും രാജ്യത്തെ കരകയറ്റാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം ഏകോപിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല. പകരം പരസ്പരം പഴിചാരിയും വിഴുപ്പലക്കിയും കാലം കഴിക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍പോലും സാധ്യമല്ലാത്ത ഫാസിസ്റ്റ് ഭരണത്തിന്റെ ബൂട്ടുകളില്‍ ഞെരിഞ്ഞമരാനായിരിക്കും ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ തലയിലെഴുത്ത്.
ഫാസിസത്തിന് ഊടും പാവും നല്‍കി രാജ്യത്തെ ജനങ്ങളെ മുഴുവന്‍ നിശബ്ദരാക്കി അടക്കി വാണുകൊണ്ടിരിക്കുന്ന നരേന്ദ്ര ദാമോദര്‍ദാസ് മോദി ഊതിവീര്‍പ്പിക്കപ്പെട്ട ഒരു ബലൂണ്‍ മാത്രമാണെന്ന് അദ്ദേഹത്തെ അംഗീകരിക്കുന്നവര്‍ക്ക് പോലുമറിയാം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അന്താരാഷ്ട്ര നയതന്ത്ര പാടവമോ ഇന്ദിരാഗാന്ധിയുടെ ദീര്‍ഘദൃഷ്ടിയോ മന്‍മോഹന്‍സിങിന്റെ സാമ്പത്തിക അവഗാഹമോ ഒന്നുമില്ലാത്ത മോദി രാജ്യത്തെ ജനങ്ങളില്‍ ഭയപ്പാടുകള്‍ വിതറിയും അവരെ ഭിന്നിപ്പിച്ചും വലിയ മോഹങ്ങള്‍ സമ്മാനിച്ചുമാണ് ഭാരതത്തിന്റെ ചെങ്കോലും കിരീടവും പിടിച്ചടക്കിയത്. മോദിയുടെ മുമ്പോട്ടുള്ള ഗമനത്തെ പിടിച്ചുകെട്ടാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒന്നിച്ചണിനിരക്കാന്‍ പോലും സാധിച്ചില്ല.
ആഗോള തലത്തില്‍ ഭീകരതയെ നയിച്ചുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ ആശയങ്ങളെ ഇന്ത്യന്‍ അച്ചില്‍ വാര്‍ത്തെടുക്കാനാണ് സംഘ്പരിവാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ ഇതിന്റെ ഉപകരണമാക്കി മാറ്റുകയാണ് അവര്‍ ചെയ്തത്. ഹിന്ദുത്വ ആശയങ്ങള്‍ എന്ന എല്ലിന്‍ കഷ്ണങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ മുമ്പിലേക്കെറിഞ്ഞുകൊടുത്ത് അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത്, അപരന്മാരെ സൃഷ്ടിച്ച്, കൊല്ലും കൊലയും നടത്താന്‍ അവര്‍ പാമര ജനങ്ങളെ സജ്ജരാക്കുന്നു. തിരശീലക്ക് പിറകിലിരുന്ന് തീവ്ര വലതുപക്ഷ ആശയങ്ങളുടെ ഭാഗമായി ലോക രാഷ്ട്രീയത്തിന്റെ അച്ചുതണ്ടിലേക്ക് കയറിപ്പറ്റാനാണ് സംഘ്പരിവാര്‍ പ്രഭൃതികള്‍ ആഗ്രഹിക്കുന്നത്. ഫാസിസത്തിന്റെ ഈറ്റില്ലമായ ഇസ്രാഈലിന്റെ ശ്രേണിയിലേക്ക് ഭാരതത്തെ കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളും അവര്‍ നടത്തിവരുന്നു. പൗരത്വ ബില്ലും കശ്മീരുമെല്ലാം ഈ അജണ്ടകളുടെ ഭാഗം കൂടിയാണ്.
ഫാസിസത്തെ പ്രതിരോധിക്കാന്‍ മസിലു പെരിപ്പിച്ചുള്ള പ്രസ്താവനകള്‍ പോരാ എന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍പോലും ആസ്വദിക്കുന്നവരാണ് ഫാസിസ്റ്റുകള്‍ എന്ന് മറന്നുപോകരുത്. ബുദ്ധിപരവും രചനാത്മകവുമായ ശൈലികളിലൂടെ സാമൂഹിക സാമുദായിക സമവായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ധൈഷണിക വിപ്ലവമാണ് ഫാസിസത്തെ നേരിടാനുള്ള വഴി. ഫാസിസം വേരുറച്ചത് മനസ്സുകളില്‍നിന്നും മനസ്സുകളിലേക്കാണ്. അവയെ അലിയിപ്പിച്ചെടുക്കാന്‍ ഭൂരിപക്ഷ സമുദായത്തിന്റെ മഹദ്ഗ്രന്ഥങ്ങള്‍ക്കും താതികാചാര്യന്മാര്‍ക്കും സാധിക്കും. രാമഭക്തനായിരുന്ന മഹാത്മജിയുടെ സാമൂഹിക വീക്ഷണമാണ് ഇന്ത്യയിലെ മത ഭൂരിപക്ഷത്തിന്റേതെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഗോള്‍വാള്‍ക്കറും സവര്‍ക്കറും ഉയര്‍ത്തിപ്പിടിച്ച വീക്ഷണം ഹൈന്ദവ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. ഇവിടെയാണ് ശശി തരൂരിന്റെ സേവനങ്ങളെ മാതൃകാനുസാരമായി കാണേണ്ടത്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന നയതന്ത്രജ്ഞന്‍, കോണ്‍ഗ്രസ് നേതാവ്, ഇന്ത്യന്‍ പാര്‍ലമെന്റിലെ ശക്തനായ വാക്‌പോരാളി എന്നീ നിലക്കെല്ലാം പ്രശസ്തനായ അദ്ദേഹം രചിച്ചിട്ടുള്ള സാഹിത്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഫാസിസത്തിന്റെ പിടിമുറുക്കങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ പര്യാപ്തമാണ്.
‘വൈ ഐ ആം എ ഹിന്ദു’ (എന്തുകൊണ്ട് ഞാനൊരു ഹിന്ദുവായി) എന്ന തന്റെ പുസ്തകത്തില്‍, ആദിശങ്കരന്‍, പതഞ്ജലി, രാമാനുജന്‍, സ്വാമി വിവേകാനന്ദന്‍, രാമകൃഷ്ണ പരമഹംസന്‍ എന്നിവര്‍ പഠിപ്പിച്ച സാമൂഹിക വീക്ഷണത്തെ അനാവരണം ചെയ്തുകൊണ്ട് സാംസ്‌കാരിക വൈവിധ്യത്തിലൂന്നിയ ഹിന്ദു മതത്തിന്റെ അന്തഃസത്തയുടെ പ്രൗഢി അദ്ദേഹം വിളിച്ചോതി. പുറത്തിറങ്ങാനിരിക്കുന്ന ‘ദ ഹിന്ദു വേ ആന്‍ ഇന്‍ട്രഡക്ഷന്‍ ടു ഹിന്ദുയിസം’ (ഹിന്ദു മാര്‍ഗം ഹൈന്ദവതക്കൊരു മുഖവുര) എന്ന പുസ്തകം കുറച്ചുകൂടി ഹൈന്ദവ ആശയങ്ങളെ രാഷ്ട്രീയത്തിനതീതമായി വിശദീകരിക്കുന്നതാണെന്ന് പ്രസാധകര്‍ അവകാശപ്പെടുന്നു. പൊതുജീവിതത്തില്‍ ഇന്ന് കാണപ്പെടുന്ന ഹിംസാത്മക ഹിന്ദുത്വമല്ല യഥാര്‍ത്ഥ ഹിന്ദുത്വമെന്നും എല്ലാ മതങ്ങളില്‍നിന്നും അകലം പാലിക്കുന്ന നിഘണ്ടുവിലെ മതേതരത്വമല്ല മറിച്ച് എല്ലാ മതങ്ങളും പരസ്പരം സഹവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്യുന്ന മതേതരത്വമാണ് ഹിന്ദു വീക്ഷണമെന്നും അതാണ് ഇന്ത്യയുടെ വീക്ഷണമെന്നും അദ്ദേഹം പുസ്തകങ്ങളിലൂടെ സമര്‍ത്ഥിക്കുന്നു. താന്‍ ജനിച്ചുവളര്‍ന്ന ഹിന്ദുമതം ആര്‍.എസ്.എസ്സും ബി.ജെ.പിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വമല്ലെന്ന് അദ്ദേഹം പുസ്തകത്തില്‍ ധൈര്യപൂര്‍വം പ്രഖ്യാപിക്കുന്നുണ്ട്. 2018 ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് സമാപിച്ച മുസ്‌ലിം യൂത്ത്‌ലീഗിന്റെ യുവജനയാത്രയുടെ സമാപന സമ്മേളനത്തില്‍ ശശി തരൂര്‍ ഹൈന്ദവ ജനതയുടെ മുഴുവന്‍ വികാരം ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിച്ചത് ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. ഹിന്ദുത്വ എന്ന ആശയം ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്നും മറിച്ച് അതൊരു രാഷ്ട്രീയ വര്‍ഗീയത മാത്രമാണെന്നും തിരുവനന്തപുരത്തെ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി തുറന്നുപറയാനുള്ള ധൈര്യം അദ്ദേഹം കാണിച്ചു. പിന്നീട് അതേ തിരുവനന്തപുരത്ത്തന്നെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു മഹാഭൂരിപക്ഷത്തോടെ പാര്‍ലമെന്റില്‍ എത്തുകയും ചെയ്തു.
സംഘ്പരിവാര്‍ ഉയര്‍ത്തിവിട്ട മസ്തിഷ്‌ക പ്രക്ഷാളനത്തെ കേവല പ്രസ്താവനകള്‍കൊണ്ടോ മതേതര ഗിരിപ്രഭാഷണങ്ങള്‍ കൊണ്ടോ തടുത്തുനിര്‍ത്താന്‍ സാധ്യമല്ലെന്ന തിരിച്ചറിവ് ഹൈന്ദവ സമൂഹത്തിലെ മതേതര സമൂഹത്തിന് വിശിഷ്യാ കോണ്‍ഗ്രസിലെ പണ്ഡിതന്മാര്‍ക്കുണ്ടാവേണ്ടതുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന നല്ലവരായ ഹൈന്ദവ ജനതയെ ലോക രാഷ്ട്രീയത്തിലെ തീവ്രവലതുപക്ഷ വിഭാഗത്തിന്റെ ആലയില്‍ കെട്ടി നീതിയും നിലപാടുമില്ലാത്ത വഞ്ചനയുടെയും കാപട്യത്തിന്റെയും രാഷ്ട്രീയ രാക്ഷസന്മാര്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ മോദിയും കൂട്ടരും കച്ചകെട്ടിയിറങ്ങുമ്പോള്‍ തെറ്റിദ്ധാരണകളുടെയോ വലിപ്പച്ചെറുപ്പ ഈഗോയുടെയോ പേരില്‍ പോരുകള്‍ നടത്തി ശത്രുവിന്റെ മാര്‍ഗം സുഗമമാക്കുകയല്ല വേണ്ടത്.
രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഫാസിസത്തിന്റ കരാള ഹസ്തങ്ങളില്‍ പിടയുമ്പോള്‍ രാജ്യത്തിനു പുറത്ത് സഞ്ചരിച്ചും മെഴുകു പ്രതിമകള്‍ സ്ഥാപിച്ചും സ്വയം വികസിക്കാന്‍ ശ്രമിക്കുന്ന മോദിയുടെ പൊള്ളത്തരങ്ങളെ തുറന്നുകാണിച്ചുകൊണ്ട് ‘പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ബൃഹത്തായ പുസ്തകം ശശി തരൂര്‍ രചിച്ചപ്പോള്‍ അത് കേവലമൊരു വിമര്‍ശനമായി ആര്‍ക്കും അനുഭവപ്പെട്ടില്ല. വ്യംഗാത്മകമായും ഹാസ്യാത്മകമായും ഊതിവീര്‍പ്പിക്കപ്പെട്ട പ്രധാനമന്ത്രിയെ അദ്ദേഹം അവതരിപ്പിക്കുക മാത്രമല്ല, കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹം ചെയ്ത ബുദ്ധിശൂന്യമായ പ്രവര്‍ത്തനങ്ങളെ അനുവാചകരുടെ മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുകകൂടി ചെയ്തു. നരേന്ദ്ര മോദിയുടെ വാക്കിലും പ്രവൃത്തിയിലുമുള്ള വൈരുധ്യങ്ങള്‍ തുറന്നുകാണിക്കുന്ന അമ്പത് അധ്യായങ്ങളിലായി പരന്നുകിടക്കുന്ന പുസ്തകം കോണ്‍ഗ്രസ് നേതാക്കളായ ഡോ. മന്മോഹന്‍സിങും പി ചിദംബരവും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. കോണ്‍ഗ്രസ് മോദിക്കെതിരെ ചെയ്ത രചനാത്മക വിപ്ലവങ്ങളില്‍ എടുത്തുപറയാവുന്നതും ഇത് മാത്രമായിരുന്നു.
വ്യക്തിപരമായ ആക്രമണങ്ങള്‍ക്കപ്പുറം ചിന്താപരമായ വിപ്ലവവും രാഷ്ട്രീയ വിഷയങ്ങളിലൂന്നി കൊണ്ടുള്ള സമരങ്ങളും നടത്തി രാജ്യത്തെ മനസ്സുകളെ ഫാസിസത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് സന്ദേശമാണ് ശശി തരൂര്‍, ജയറാം രമേശ്, അഭിഷേക് സിംഗ്‌വി തുടങ്ങിയ നേതാക്കളില്‍ നിന്നും ഉണ്ടായതെന്ന് നിരീക്ഷിച്ചുകൊണ്ട് വ്യത്യസ്താഭിപ്രായങ്ങളെ സ്വാഗതം ചെയ്തു മതേതര പ്രതിപക്ഷ കക്ഷികളിലും പാര്‍ട്ടികള്‍ക്കുള്ളിലും സമവായത്തിന്റെ അവസ്ഥകള്‍ സൃഷ്ടിക്കാനാണ് ഉത്തരവാദിത്തമുള്ളവര്‍ ശ്രമിക്കേണ്ടത്. അഭിപ്രായങ്ങള്‍ സമന്വയിപ്പിക്കുന്നതിന്പകരം അത് പ്രകടിപ്പിക്കുന്നവരെ മുഴുവന്‍ അകറ്റാന്‍ ശ്രമിച്ചാല്‍ മതേതര പ്രസ്ഥാനങ്ങള്‍ ഉപ്പുവെച്ച കലം പോലെയായിത്തീരും.

SHARE